മഞ്ചേശ്വരം വഴിയുള്ള ചരക്കുവരവിൽ 60 ശതമാനത്തി​െൻറ കുറവ്​

രവീന്ദ്രൻ രാവണേശ്വരം കാസർകോട്: ജി.എസ്.ടി നിലവിൽവന്നശേഷം മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴിയുള്ള ചരക്കുഗതാഗതത്തിൽ 60 ശതമാനം കുറവ്. സംസ്ഥാനത്ത് എല്ലാ ചെക്ക്പോസ്റ്റുകളിലെയും സ്ഥിതി ഇതുതന്നെ. ശരാശരി 1500 ചരക്കുലോറികളാണ് മഞ്ചേശ്വരംവഴി പ്രതിദിനം വന്നിരുന്നത്. ഇത് പകുതിയിൽ താഴെയായി മാറിയെന്ന് വാണിജ്യനികുതി വകുപ്പ് 'മാധ്യമ'ത്തോട് പറഞ്ഞു. ജി.എസ്.ടി നിലവിൽവന്ന ജൂലൈ ഒന്നു മുതൽ ഇന്നലെവരെ സ്റ്റോക്ക് വരവിലുണ്ടായ കുറവ് വ്യാപാരമേഖലയിൽ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ജി.എസ്.ടിയുടെ ആഘാതം ജൂൺ 20 മുതൽ ആരംഭിച്ചതായും 20നുശേഷം സ്റ്റോക്ക് വരവുണ്ടായിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു. വൻകിട ചരക്കുൽപാദകർവരെ ജി.എസ്.ടി.യിൽ കടന്നുവന്നിട്ടില്ലാത്തതിനാലാണ് ചരക്ക് എത്താത്തത്. കാഡ്ബറി, പാർലെ, ബ്രിട്ടാണിയ, െഎ.ടി.സി, ഇൗസ്റ്റേൺ, ഡബിൾ ഹോഴ്സ്, നിറപറ, പവിഴം തുടങ്ങിയ കമ്പനികളുടെ സ്റ്റോക്ക് ജൂലൈ ഒന്നിനുശേഷം വന്നിട്ടില്ലെന്ന് ബിഗ് ബസാർ പർച്ചേസ് മാനേജർ ദിക്ഷിത് 'മാധ്യമ'ത്തോട് പറഞ്ഞു. ഇഞ്ചി, വെളുത്തുള്ളി എന്നിവയും ജി.എസ്.ടിയിൽ കുടുങ്ങിയതിനാൽ ജി.എസ്.ടി രജിസ്റ്റർ ചെയ്യാത്ത ഉൽപാദകർക്ക് വിൽപനനടത്താൻ കഴിയുന്നില്ല. ജി.എസ്.ടിയിൽ രജിസ്ട്രേഷൻ താമസിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിൽ ചരക്കുലഭ്യത കുറഞ്ഞുവരുകയാണെന്ന് വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡൻറ് കെ. അഹമ്മദ് ശരീഫ് പറഞ്ഞു. സ്ഥിരം വിതരണക്കാരിൽനിന്ന് സാധനങ്ങൾ ലഭിക്കുന്നില്ല. ഇത് കച്ചവടത്തെ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. 6000 രൂപയിൽ താഴെ വ്യാപാരം നടക്കുന്ന സ്ഥാപനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ല. എന്നാൽ, അവർക്ക് വിൽക്കാൻ സാധനങ്ങൾ കിട്ടുന്നില്ല എന്നാണ് പരാതി. സംസ്ഥാന സർക്കാറിന് ഇപ്പോൾ കടുംപിടിത്തമില്ല, യഥാർഥപ്രശ്നം ധനമന്ത്രിക്ക് മനസ്സിലായിട്ടുണ്ട്. സർക്കാറും വ്യാപാരികളും ഒരുമയോടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.