സംഗീതനാളമായി സഹോദരിമാർ; തുരീയംവേദിയിൽ നിലയ്ക്കാത്ത നാദധാര

പയ്യന്നൂർ: തലമുറകളിലൂടെ കാലംകാച്ചി മിനുക്കിയെടുത്ത കർണാടക സംഗീതസമ്പ്രദായത്തി​െൻറ സാരസത്തുക്കൾ ശബ്ദഗാംഭീര്യത്തി​െൻറ മേമ്പൊടിചേർത്ത് കർണപുടത്തിലേക്കൊഴുകിയെത്തിയപ്പോൾ തുരീയം വേദിക്ക് അനുപമചാരുത. വായ്പാട്ടിലും വയലിനിലും അദ്വിതീയരായ അക്കരൈ സഹോദരിമാരായ എസ്. സുബ്ബലക്ഷ്മിയും എസ്. സ്വർണലതയും ചേർന്നൊരുക്കിയ സംഗീതവിരുന്നാണ് തുരീയം സംഗീതോത്സവത്തി​െൻറ ഒമ്പതാംദിനത്തെ അവിസ്മരണീയമാക്കിയത്. പൂർവികരെല്ലാം പാട്ടി​െൻറ പാതയിലായിരുന്നു. അതുകൊണ്ടുതന്നെ തലമുറകളിലൂടെ കൈമാറിയ സംഗീതം തിരികെടാതെ, ഒളിമങ്ങാതെ സൂര്യശോഭ പകരുന്ന അപൂർവ നിമിഷത്തിന് സാക്ഷിയാവുകയായിരുന്നു അയോധ്യയിലെ ആസ്വാദകർ. തോടി രാഗത്തിൽ വർണം പാടിയാണ് തുടങ്ങിയത്. പിന്നീട് മായാമാളവഗൗള രാഗത്തിൽ കീർത്തനം. തുടർന്ന് ശ്യാമയിൽ പ്രശസ്തമായ അന്നപൂർേണ വിശാലാക്ഷി എന്ന കൃതി പാടിയ സഹോദരിമാർ തുരീയത്തെക്കുറിച്ച് രാഗമാലികയിൽ ഗാനമാലപിച്ച് സദസ്സി​െൻറ കൈയടി ഏറ്റുവാങ്ങി. പാട്ടി​െൻറ നൂലിഴമുറിയാതെ സേഹാദരിമാർ പാടിത്തിമിർത്തപ്പോൾ വയലിനിൽ തനിയാവർത്തനവും താളവും തീർത്തത് കപേന കിഷോർ ആയിരുന്നു. ജയചന്ദ്ര റാവു ബംഗളൂരുവി​െൻറ മൃദംഗവാദനവും സഹോദരിമാരുടെ പാട്ടിന് തണൽ വിരിച്ചു. ഗിരിധർ ഉഡുപ്പയുടെ ഘട വാദനമാണ് മറ്റൊരു സവിശേഷത. ഇന്നലെ ഷാജൻ സി. മാത്യു മുഖ്യാതിഥിയായി. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ 14ാമത് തുരീയം സംഗീതോത്സവത്തി​െൻറ 10ാം ദിനമായ ഇന്ന് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ കച്ചേരിയാണ്. രാകേഷ് ചൗരസ്യ സഹായിയാകും. വിജയ് ഘാട്ടെ തബല വായിക്കും. ദിനേന്ദ്ര കശ്യപ് മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.