വലിയവെളിച്ചം റോഡിൽ വാഹനയാത്ര ദുഷ്കരം

കൂത്തുപറമ്പ്: വലിയവെളിച്ചം-ചെറുവാഞ്ചേരി റോഡിൽ വാഹനയാത്ര ദുഷ്കരമായി. കനത്തമഴയെ തുടർന്ന് പൂർണമായും തകർന്ന റോഡിലൂടെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. റോഡ് നവീകരണത്തിന് പദ്ധതികൾ തയാറാക്കിയിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. ജില്ലയിലെ പ്രധാന വ്യവസായ കേന്ദ്രത്തിലൂടെ പോകുന്ന റോഡാണ് തകർന്നത്. പാലത്തുങ്കര ജങ്ഷൻ മുതൽ ചെറുവാഞ്ചേരി വരെയുള്ള ഭാഗം പൂർണമായും തകർന്ന നിലയിലാണ്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹനയാത്ര അസാധ്യമായി. ഭാരവാഹനങ്ങൾ പോകുന്ന റോഡിൽ ഓവുചാലുകളില്ലാത്തതാണ് തകർച്ചക്ക് കാരണം. ബൈക്ക്, ഓട്ടോറിക്ഷ അടക്കമുള്ള ചെറിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. വിമാനത്താവള അനുബന്ധ റോഡുകളിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പാതകളിൽ കുന്നോത്ത്പറമ്പ്-ചെറുവാഞ്ചേരി--വലിയ വെളിച്ചം റോഡും ഉൾപ്പെടുത്തിയിരുന്നു. വ്യവസായ വികസന കേന്ദ്രത്തെയും വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡി​െൻറ നവീകരണത്തിനുവേണ്ടി വൻ തുകയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. എന്നാൽ, നിർമാണ പ്രവൃത്തി ഇതുവരെയായിട്ടും ആരംഭിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. റോഡിലെ വലിയ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കാനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.