അമൃതവർഷം പെയ്ത രാഗസന്ധ്യ

പയ്യന്നൂർ: സംഗീതപരമാചാര്യന്മാർ തെളിച്ച പാതയിൽ നിന്നു വ്യതിചലിക്കാതെ കറതീർന്ന ആലാപനത്തോടെ പ്രശസ്ത സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യം സദസ്സിനു നൽകിയത് അനുപമ രാഗസന്ധ്യ. മോഹിപ്പിക്കുകയായിരുന്നു സഞ്ജയ് രാഗങ്ങളിലൂടെ, ലളിതസുന്ദര ആലാപനത്തിലൂടെ. കൃതികളുടെയും രാഗങ്ങളുടെയും തെരഞ്ഞെടുപ്പിൽ ശ്രദ്ധ പുലർത്തിയ സഞ്ജയ് വായ്പാട്ടി​െൻറ തരുണസൗന്ദര്യം വിടർന്നുല്ലസിച്ച സായാഹ്നമാണ് അയോധ്യ ഓഡിറ്റോറിയത്തിലെ പ്രേക്ഷകർക്കു സമ്മാനിച്ചത്. തലേദിവസത്തെ പ്രവചനാതീത പ്രകടനത്തിൽനിന്ന് വിഭിന്നമായി സാമ്പ്രദായിക ശൈലിയിലൂന്നിയായിരുന്നു സ്വരസഞ്ചാരം. ശഹാന രാഗത്തിൽ വർണം പാടി തുടക്കം. തുടർന്ന് ഷോബില്ലു സപ്തസ്വര എന്ന കീർത്തനം ജഗൻ മോഹിനി രാഗത്തിൽ ആലപിച്ചു. ഹരി കാംബോജി, ചലനാട്ട, മുഖാരി തുടങ്ങിയ രാഗങ്ങളിലൂടെ കടന്നുപോയ കച്ചേരി അക്ഷരാർഥത്തിൽ ആസ്വാദകരെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു. യുവഗായകന് വഴിവിളക്കായി മുതിർന്ന കലാകാരന്മാരായ എസ്. വരദരാജൻ (വയലിൻ), നെയ്വേലി വെങ്കിടേഷ് (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) വേദിയിൽ പ്രകാശം ചൊരിഞ്ഞ് മുന്നേറിയപ്പോൾ കച്ചേരിയാകെ ഭാവസമ്പന്നം. അഞ്ചാം ദിനം വിജിലൻസ് സ്പെഷൽ ജഡ്ജി ബൈജുനാഥ്, സി. കൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. തുരീയം സംഗീതോത്സവത്തി​െൻറ ആറാം ദിനമായ ഇന്ന് സാക്സഫോൺ മാന്ത്രികൻ കദരി ഗോപാൽനാഥാണ് വേദിയിൽ. വി.വി.രവി (തബല), ട്രീപ്ലിക്കൻ ശേഖർ (തവിൽ), രാജേന്ദ്ര നാക്കോട് (തബല), ബാംഗ്ലൂർ രാജശേഖരൻ (മുഖർശംഖ് ) എന്നിവർ പക്കമേളമൊരുക്കും. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.