വായനയുടെ വഴിയിൽ വ്യത്യസ്ഥതതേടി വിദ്യാർഥികൾ

പയ്യന്നൂർ: വായനയുടെ വഴിയിൽ വ്യത്യസ്ഥതതേടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് എൻ.എസ്.എസ് വളൻറിയർമാരായ ഒരുകൂട്ടം വിദ്യാർഥികൾ. സ്വന്തം നാട്ടിലും സ്കൂളിലും 'വായനക്കൂട്ടം' രൂപവത്കരിച്ച് ഒരുവർഷം നീളുന്ന പ്രവർത്തനങ്ങൾക്കാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ നേതൃത്വം നൽകുന്നത്. വായനാദിനത്തിൽ തുടക്കമിട്ട പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ വിദ്യാർഥികൾ. മുഴുവൻ വളൻറിയർമാരും തങ്ങളുടെ പ്രദേശത്തെ ഗ്രന്ഥാലയത്തിൽപോയി അംഗത്വമെടുത്ത് പുസ്തകങ്ങൾ വായിക്കുകയും വായിച്ച പുസ്തകത്തെക്കുറിച്ച് സ്കൂളിൽ ചർച്ച സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. നാട്ടിലെ കുട്ടികളേയും സ്ത്രീകളേയും ഗ്രന്ഥാലയവുമായി ബന്ധപ്പെടുത്തി നല്ല വായനക്കാരാക്കി മാറ്റുക എന്ന ദൗത്യവുമായാണ് വിദ്യാർഥികൾ മുന്നേറുന്നത്. നാട്ടുകാരെ വായനശാലകളിലെത്തിച്ച്‌ പുസ്തകചർച്ചകളും ക്യാമ്പുകളും സംഘടിപ്പിക്കുക എന്നതാണ് അടുത്ത ഘട്ടം. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൈരളി ഗ്രന്ഥാലയത്തിൽ എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. രാജൻ നിർവഹിച്ചു. വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.എം. ജയകൃഷ്ണൻ ശ്രീധരൻ കൈതപ്രം കെ.സി. ഇന്ദുലേഖ, കെ. ആദിത്യ എന്നിവർ സംസാരിച്ചു. പി.ആർ. സവിജിത്ത് സ്വാഗതവും ശ്രീലക്ഷ്മി ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.