ആവർത്തിക്കുന്ന അപകടങ്ങൾ; പെരിയ^-മാവുങ്കാൽ ദേശീയപാതയിൽ യാത്ര ആശങ്കയോടെ

ആവർത്തിക്കുന്ന അപകടങ്ങൾ; പെരിയ-മാവുങ്കാൽ ദേശീയപാതയിൽ യാത്ര ആശങ്കയോടെ പെരിയ: പെരിയ-മാവുങ്കാൽ ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നു. അശാസ്ത്രീയമായ വളവുകളും അപകടകരമായ ഇറക്കങ്ങളും ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുകയാണ്. പെരിയ ബസാർ മുതൽ ചാലിങ്കാൽവരെയുള്ള വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്. പെരിയക്കും ചാലിങ്കാലിനുമിടയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഉണ്ടായ അപകടങ്ങളുടെ കാരണം ഒന്നുകിൽ അമിതവേഗതയോ അല്ലെങ്കിൽ, നിലവാരമില്ലാത്ത നിരത്തോ ആണ്. പെരിയക്കും കേന്ദ്ര സർവകലാശാലക്കുമിടയിൽ ഒരു സ്പീഡ് ബ്രേക്കർ അനിവാര്യമാണെന്നാണ് ഏറ്റവുമൊടുവിൽ നടന്ന വാഹനാപകടവും ഓർമപ്പെടുത്തുന്നത്. ചാലിങ്കാലിലെ വളവും വളവുകളോടുകൂടിയ ഇറക്കവുമാണ് ഈ മേഖലയെ അപകടങ്ങളുടെ തുടർക്കഥയാക്കുന്നത്. മംഗളൂരു ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ഭാരംകയറ്റിയ ലോറികൾ പെരിയ -മാവുങ്കാൽ ദേശീയപാതയിൽ മറിയുന്നത് സാധാരണയാണ്. വളവുകളുടെ പാർശ്വഭാഗത്തെ അശാസ്ത്രീയചെരിവാണ് വാഹനം ഒരുവശത്തേക്ക് മറിയാനിടയാക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. അതേസമയം, കൃത്യമായ ഡിവൈഡറുകൾ, സ്പീസ് ബ്രേക്കറുകൾ എന്നിവയുടെ അഭാവം വാഹനങ്ങളുടെ അമിതവേഗതക്ക് കാരണമാണ്. കഴിഞ്ഞദിവസം പെരിയയിൽ ഉണ്ടായ വാഹനാപകടം നേർക്കുനേരെയുള്ള കൂട്ടിയിടി നിമിത്തമായിരുന്നു. പൂർണമായും തകർന്ന വാനിൽനിന്ന് നിരത്തിൽ വീണൊഴുകിയ രക്തം ഫയർഫോഴ്സ് എത്തിയശേഷമാണ് കഴുകിക്കളഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.