ഇൗ തുറമുഖംകൊണ്ട്​ എന്ത്​ പ്രയോജനം

കാസർകോട്: കോടികൾ ചെലവഴിച്ച കാസർകോട് മത്സ്യബന്ധന തുറമുഖം വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നുകൊടുക്കാനായില്ല. അശാസ്ത്രീയനിർമാണം കാരണം ബോട്ടുകൾ പ്രവേശിക്കുന്നഭാഗത്ത് പുലിമുട്ടുകൾക്കിടയിൽ അടിഞ്ഞുകൂടുന്ന മണൽ നീക്കാനാവാത്തതാണ് 26.07 കോടി രൂപ ചെലവഴിച്ച് നിർമിച്ച തുറമുഖം ഉപയോഗപ്പെടുത്താനാവാത്തതിന് കാരണം. തുറമുഖത്ത് പ്രവേശിക്കാൻ കഴിയാത്തതിനാൽ കാസർകോട്, കീഴൂർ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ വൻ തുക ചെലവഴിച്ച് വള്ളങ്ങൾ ലോറികളിൽ കയറ്റി നീലേശ്വരം, ചെറുവത്തൂർ തീരങ്ങളിലേക്ക് േപാകേണ്ടിവരുന്നു. കിട്ടുന്ന വരുമാനത്തി​െൻറ നല്ലൊരുഭാഗം യാത്രച്ചെലവിന് വേണ്ടിവരുന്നു. മണൽ നീക്കുന്നതിന് ഒരുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും ചീഫ് എൻജിനീയറുടെ സാേങ്കതികാനുമതി കാത്തിരിക്കുകയാണ്. നേരത്തെ പുലിമുട്ടിനിടയിലെ മണല്‍നീക്കാൻ തയാറാക്കിയ 49 ലക്ഷം രൂപയുടെ പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് കരാറുകാരൻ പിന്മാറിയത് രണ്ടു മാസം മുമ്പാണ്. തുറമുഖ നിർമാണത്തിലെ പിഴവുകാരണം പണിതീർന്നതായി കണക്കാക്കിയിട്ടും വീണ്ടും ലക്ഷങ്ങൾ കടലിൽ കലങ്ങുന്ന സ്ഥിതിയാണ്. പുലിമുട്ടുകൾക്കിടയിൽ ആവശ്യത്തിന് അകലമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 80 മീറ്ററാണ് പുലിമുട്ടുകൾക്കിടയിലുള്ള ചാലി​െൻറ വീതി. 150 മീറ്ററെങ്കിലും ഉണ്ടായാൽ മാത്രമേ മത്സ്യബന്ധന യാനങ്ങൾക്ക് സുഗമമായി തുറമുഖത്ത് പ്രവേശിക്കാൻ കഴിയുകയുള്ളൂവെന്നാണ് അഭിപ്രായം. പുലിമുട്ടി​െൻറ വശത്തുകൂടി വള്ളങ്ങൾ കടന്നുപോകുന്ന വഴിയടച്ച് പുലിമുട്ടുകൾക്കിടയിലെ ഒഴുക്ക് ശക്തിപ്പെടുത്തി മണൽ അടിഞ്ഞുകൂടുന്നത് തടയാനാകുെമന്നാണ് തുറമുഖവകുപ്പ് അധികൃതർ കരുതുന്നത്. ഇതിനായി നടപ്പാക്കിയ പദ്ധതിയാണ് ഫലത്തിലെത്താതെ പാതിവഴിയിൽ നിർത്തേണ്ടിവന്നത്. തറുമുഖനിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാതെ വീണ്ടും മണൽനീക്കൽ മാത്രം നടത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകാനിടയില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. കഴിഞ്ഞവർഷം നടത്താൻ നിശ്ചയിച്ചിരുന്ന ഉദ്ഘാടനപരിപാടി തൊഴിലാളികളുടെ എതിർപ്പ് കാരണം മാറ്റിവെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.