പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസ്​ തകർച്ച ഭീഷണിയിൽ

കല്യാശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസ് തകർച്ച ഭീഷണിയിലായി. എത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം. കെട്ടിടത്തിനുള്ളിൽ മഴവെള്ളം കയറാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകളിട്ടിരിക്കുകയാണ്. 2012 -ലാണ് പാപ്പിനിശ്ശേരി ചുങ്കത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച കെട്ടിടം കല്യാശ്ശേരിയിലെ പഴയ പഞ്ചായത്ത് ഒാഫിസ് പ്രവർത്തിച്ച കെട്ടിടത്തിലേക്ക് മാറ്റിയത്. ഓഫിസ് മാറ്റുമ്പോൾ തന്നെ കെട്ടിടം ജീർണാവസ്ഥയിലായിരുന്നു. അറ്റകുറ്റപണി നടത്തി സുരക്ഷിതമാക്കുമെന്ന വാഗ്ദാനത്തി​െൻറ അടിസ്ഥാനത്തിലാണ് ഓഫിസ് മാറ്റിയത്. എന്നാൽ, അറ്റകുറ്റപ്പണി നടത്തിയില്ല. മേൽക്കൂരയും ചുമരുകളും ജീർണിച്ചതിനാൽ മഴവെള്ളം വീണ് എല്ലാ ചുമരുകളും പായൽ നിറഞ്ഞ അവസ്ഥയാണ്. പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയിൽ കെട്ടിയിട്ടുണ്ടെങ്കിലും മഴയിൽ ഓഫിസി​െൻറ പല ഭാഗത്തും ചോർച്ചയാണ്. ഈർപ്പം ചുമരുകളിൽ നിറഞ്ഞതിനാൽ പലപ്പോഴും വൈദ്യുതി വിതരണത്തെയും ബാധിക്കുന്നു. ഇതുകാരണം ഓഫിസിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്. അധ്യാപകരുടെ സർവിസ് ബുക്കുകളടക്കം സുപ്രധാന രേഖകൾ സൂക്ഷിക്കുന്ന ഓഫിസ് ഉടൻ മാറ്റണമെന്ന ആവശ്യം ശക്തമാണ്. 2002-ൽ അന്നത്തെ കണ്ണൂർ എം.പിയുടെ വികസന ഫണ്ടിൽ നിന്നും പുതിയ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് നിർമാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ അന്നത്തെ പാപ്പിനിശ്ശേരി പഞ്ചായത്ത് ഭരണസമിതി ജാഗ്രത കാണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.