കാലവർഷം: നാശം നേരിട്ടവർക്ക് അടിയന്തര നഷ്​ടപരിഹാരം നൽകണം ^താലൂക്ക്സഭ

കാലവർഷം: നാശം നേരിട്ടവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണം -താലൂക്ക്സഭ ഇരിട്ടി: കാലവർഷത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഇരിട്ടി താലൂക്ക് സഭായോഗത്തിൽ സണ്ണിജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് മലയോര മേഖലയിലെ പല പഞ്ചായത്തുകളിലും മഴയും കാറ്റും മൂലം നാശം സംഭവിച്ചവർക്ക് ഇനിയും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും കാലതാമസം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും എം.എൽ.എ പറഞ്ഞു. അടുത്ത താലൂക്ക് സഭായോഗത്തിനു മുമ്പായി നഷ്ടപരിഹാരം സംബന്ധിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് തഹസിൽദാർ കെ.കെ. ദിവാകരൻ യോഗത്തെ അറിയിച്ചു. കാലവർഷത്തിൽ വീട്ടുമതിൽ തകർന്നവർക്കും മിന്നലിൽ വീട്ടുപകരണങ്ങൾ നശിച്ചവർക്കും നഷ്ടപരിഹാരം നൽകാൻ നിയമപരമായി കഴിയില്ലെന്നും ഈ കാര്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും തഹസിൽദാർ പറഞ്ഞു. കോളിത്തട്ടിൽ സ്ഫോടക നിർമാണശാല തുടങ്ങാൻ ആലോചിക്കുന്നതായുള്ള വാർത്ത ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ് ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇതേക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് തഹസിൽദാർ പറഞ്ഞു. കാലവർഷം കണക്കിലെടുത്ത് ക്വാറികൾക്ക് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെന്നും ക്വാറികൾ പരിശോധിക്കാൻ ജിയോളജി--റവന്യൂ-പൊലീസ് സംയുക്ത പരിശോധന ആരംഭിക്കുമെന്നും തഹസിൽദാർ പറഞ്ഞു. എന്നാൽ, പരിശോധന പീഡനമാകരുതെന്നും നിർമാണ മേഖലയിലെ അനിശ്ചിതാവസ്ഥ ഗൗരവമായെടുക്കണമെന്നും സി.പി.എം പ്രതിനിധി പി. പുരുഷോത്തമൻ ആവശ്യപ്പെട്ടു. തുണ്ടിയിൽ പാലം നിർമാണം പൂർത്തീകരിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് പേരാവൂർ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. പ്രസന്ന ആവശ്യപ്പെട്ടു. യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫിസർ പങ്കെടുക്കാത്തതിനെ മുഴുവൻ ജനപ്രതിനിധികളും വിമർശിച്ചു. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി. സുഭാഷ്, ഷിജി നടുപറമ്പിൽ, ഷീജ സെബാസ്റ്റ്യൻ, ബാബു ജോസഫ്, കെ. ശ്രീജ, ഇന്ദീര ശ്രീധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ശ്രീധരൻ, കെ.പി. രമേശൻ, പായം ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.