മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം നാളെ: 2813 പരാതികള്‍

കണ്ണൂര്‍: ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തിങ്കളാഴ്ച കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കും. ലഭിക്കുന്ന പരാതികളില്‍ എല്ലാ വകുപ്പുകളിലെയും ജില്ല മേധാവികള്‍ പങ്കെടുത്ത് തീര്‍പ്പാക്കുന്ന രീതിയിലാണ് ജനസമ്പര്‍ക്കം സംഘടിപ്പിച്ചിട്ടുള്ളത്. ജനുവരി 10 മുതല്‍ 30 വരെയായി അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ സ്വീകരിച്ചത്. ജില്ലയില്‍ 2813 അപേക്ഷയാണ് ലഭിച്ചത്. ഇതില്‍ 2009ഉം ചികിത്സാ ധനസഹായത്തിനുള്ളതാണ്. ഭവനനിര്‍മാണം 338, സാമൂഹികനീതി വകുപ്പുമായി ബന്ധപ്പെട്ടവ 58, റേഷന്‍ കാര്‍ഡ് 42, കോര്‍പറേഷന്‍ പരിധിയിലെ താമസക്കാരായവരുടെ വീടിനുള്ള പ്രത്യേക അപേക്ഷ 109 എന്നിങ്ങനെയാണ് മറ്റ് അപേക്ഷകള്‍. ജനസമ്പര്‍ക്ക വേളയില്‍ പുതിയ അപേക്ഷകളും സ്വീകരിക്കും. ഓരോ താലൂക്കിനും ഒന്ന് എന്ന നിലയില്‍ നാല് കൗണ്ടറുകളുണ്ടാകും. 50 അപേക്ഷകളില്‍ കൂടുതല്‍ വന്ന വകുപ്പുകള്‍ക്ക് പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും. ആകെ 15 കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുക. കൗണ്ടറുകളില്‍നിന്ന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ളെങ്കില്‍ ജില്ല കലക്ടറെ നേരില്‍കണ്ട് പരാതി അറിയിക്കാം. പുതിയ അപേക്ഷകളില്‍ അടിയന്തര പ്രാധാന്യമുള്ളവയുണ്ടെങ്കില്‍ അവയും അപ്പോള്‍തന്നെ പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. ആവശ്യമെങ്കില്‍ ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയും ഇടപെടലും ഇത്തരം പരാതികളിലുണ്ടാകും. നേരത്തേ അനുവദിച്ച ചികിത്സാസഹായവും തിങ്കളാഴ്ച ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണംചെയ്യും. പൊടിക്കുണ്ട് സ്ഫോടനത്തില്‍ 80 പേര്‍ക്കായി ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഈ തുകയും ജനസമ്പര്‍ക്കത്തില്‍ കൈമാറും. നിലവിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി, ആര്‍ഭാടരഹിതമായാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് പരമാവധി വേഗത്തില്‍ നടപടികളും അപേക്ഷകളില്‍ തീര്‍പ്പുമുണ്ടാക്കുകയെന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. കിടപ്പുരോഗികള്‍ നേരിട്ടുവരേണ്ടതില്ളെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.