അയിത്തത്തിനെതിരെ എ.കെ.ജി സെന്‍ററിന് മുന്നില്‍ സമരം നടത്തേണ്ട അവസ്ഥ –കുമ്മനം

കണ്ണൂര്‍: അയിത്താചരണത്തിനെതിരെ എ.കെ.ജി സെന്‍ററിന് മുന്നില്‍ സമരംനടത്തേണ്ട സാഹചര്യമാണ് കേരളത്തിലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ ദലിതര്‍ക്ക് അയിത്തമാചരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ രാഷ്ട്രീയസഭയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടക്കുന്ന നിരാഹാര സത്യഗ്രഹത്തിന് പിന്തുണപ്രഖ്യാപിച്ച് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയിത്താചരണത്തെ കുറിച്ച് നാം പറയാറുണ്ടെങ്കിലും അത് ഇന്നും നിലനില്‍ക്കുന്നത് വേദനജനകമാണ്. ശ്രീനാരായണഗുരു സ്വാമികളും ചട്ടമ്പിസ്വാമികളുമുള്‍പ്പെടെയുള്ള മഹാത്മാക്കള്‍ ശ്രമിച്ചത് അയിത്തം ഇല്ലാതാക്കാനാണ്. നമ്മുടെ നാട്ടില്‍ സാമൂഹികപരിഷ്കരണത്തിനുവേണ്ടി നടന്ന സമരങ്ങളിലൊന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി പങ്കാളിയല്ല. എ.കെ. ഗോപാലന്‍ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാകുന്നതിന് മുമ്പാണ്. അതേ എ.കെ.ജിയുടെ മണ്ണിലാണ് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ഉത്സവംനടത്തുന്ന ക്ഷേത്രത്തില്‍ നഗ്നമായ അയിത്താചരണം നടക്കുന്നത്. കേരളത്തില്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ ദലിതര്‍ക്കെതിരായ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. ദലിത് ആക്രമണത്തിന്‍െറ പേരില്‍ ഏകദേശം നാനൂറോളം കേസാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ കെ. രഞ്ജിത്ത്, ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍, എ.പി. ഗംഗാധരന്‍, എ. ദാമോദരന്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് വി.വി. രാജേന്ദ്രന്‍, നാഷനലിസറ്റ് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ റജി പുത്തലത്ത്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് പന്ന്യാമാക്കന്‍, പ്രസിഡന്‍റ് വര്‍ക്കി വട്ടപ്പാറ, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി സതീഷ്ചന്ദ്രന്‍ മാസ്റ്റര്‍, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ബി.ഡി. ബിന്‍േറാ, ജെ.എസ്.എസ് ജില്ല സെക്രട്ടറി ദാസന്‍ പായപ്പള്ളി, എല്‍.ജെ.പി നേതാവ് മോഹനന്‍ കുഞ്ഞിമംഗലം, എന്‍.ഡി.എ ജില്ല സമിതിയംഗം രാജന്‍ കൂടാളി, ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറിമാരായ ഇ. മനീഷ്, സജീവന്‍ പാനൂര്‍, പി.എസ്.പി ജില്ല സെക്രട്ടറി കൊറ്റ്യാല്‍ കൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്‍റ് കെ.ജി. ബാബു, പ്രേമന്‍ കൊല്ലംപറ്റ, തീയ്യ മഹാസഭ ജില്ല സെക്രട്ടറി റിലേഷ് ബാബു, ജോയന്‍റ് സെക്രട്ടറി രാജീവന്‍ പള്ളിക്കണ്ടി, എം.കെ. സുശീല്‍കുമാര്‍, പ്രദീപ് ശ്രീലകം, ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ എം.കെ. രഞ്ജിത്ത്, എന്‍. ഭാസ്കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.