പെട്രോളിയം സംഭരണപദ്ധതി: സമരപ്രഖ്യാപന കൺവെൻഷൻ നാളെ സമര പ്രഖ്യാപന കൺവെൻഷൻ നാളെ

പയ്യന്നൂർ: കണ്ടങ്കാളിയിലെ നിർദിഷ്ട പെട്രോളിയം സംഭരണപദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ഞായറാഴ്ച ഉച്ച രണ്ടുമണിക്ക് ഗാന്ധിപാർക്കിൽ സമരപ്രഖ്യാപന കൺവെൻഷൻ ചേരുമെന്ന് നെൽവയൽ- തണ്ണീർത്തട സംരക്ഷണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ടങ്കാളി - പുഞ്ചക്കാട് റെയിൽവേ ഗേറ്റുമുതൽ കുഞ്ഞിമംഗലം ചങ്കൂരിച്ചാൽ വരെയുള്ള 130 ഏക്കർ സ്ഥലത്താണ് പെട്രോളിയം സംഭരണപദ്ധതി ഉദ്ദേശിക്കുന്നത്. എച്ച്.പി.സി.എൽ, ബി.പി.സി.എൽ കമ്പനികൾ 39 കോടി ലിറ്റർ സംഭരണശേഷിയുള്ള പദ്ധതിയാണ് സ്ഥാപിക്കുന്നത്. നെൽവയലും കണ്ടൽക്കാടും ഉൾപ്പെടുന്നതാണ് വിശാലമായ ഈ പ്രദേശം. പുഴകളും കവ്വായി കായലും കടലും ബന്ധപ്പെട്ടുകിടക്കുന്ന വിശാലമായ തണ്ണീർത്തടം സംരക്ഷിക്കപ്പെടണം. പദ്ധതി കുടിവെള്ളവും മത്സ്യസമ്പത്തും നശിപ്പിക്കുമെന്നും ഏഴിമല നാവിക അക്കാദമിക്കു സമീപം എണ്ണത്തടാകം വരുന്നത് സുരക്ഷിതത്വഭീഷണി ഉയർത്തുമെന്നും സമരസമിതി പറഞ്ഞു. കൺവെൻഷൻ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്. ശങ്കർ ഉദ്ഘാടനംചെയ്യും. അംബികാസുതൻ മാങ്ങാട്, പ്രഫ. കുസുമം ജോസഫ്, പുരുഷൻ ഏലൂർ, വിളയോടി വേണുഗോപാൽ, ജയഘോഷ് പുതുവൈപ്പിൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ നെൽവയൽ--തണ്ണീർത്തട സംരക്ഷണസമിതി ചെയർമാൻ ടി.പി. പത്മനാഭൻ, കൺവീനർ അപ്പുക്കുട്ടൻ കാരയിൽ, കെ. രാമചന്ദ്രൻ, എൻ.കെ. ഭാസ്കരൻ, വിനോദ്കുമാർ രാമന്തളി, പി.പി. ജനാർദനൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.