വിദ്യാർഥിരാഷ്​ട്രീയം അക്രമമുക്തമാകണം ^ടി. പത്മനാഭൻ

വിദ്യാർഥിരാഷ്ട്രീയം അക്രമമുക്തമാകണം -ടി. പത്മനാഭൻ പയ്യന്നൂർ: വിദ്യാർഥിരാഷ്ട്രീയത്തിൽനിന്ന് അക്രമം ഒഴിവാക്കണമെന്നും സൃഷ്ടിപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും കഥാകൃത്ത് ടി. പത്മനാഭൻ. ഇന്ന് ഹൈസ്കൂളുകളിൽപോലും ശവം വീഴുകയാണ്. അത് നല്ല കാര്യമല്ല. പ്രിൻസിപ്പലിനെ ആക്രമിക്കുകയും അദ്ദേഹത്തി​െൻറ കസേരക്ക് തീ കൊടുക്കുകയുംചെയ്യുന്ന രാഷ്ട്രീയം അവസാനിപ്പിക്കാൻ വിദ്യാർഥി സംഘടനകൾ തയാറാകണം. പയ്യന്നൂർ കോളജിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച അനുമോദനസദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് വിദ്യാർഥിരാഷ്ട്രീയത്തിൽ അക്രമം ഉണ്ടായിരുന്നില്ല. അന്ന് വിദ്യാർഥിയായിരിക്കുമ്പോൾ പ്രസംഗിച്ചുനടക്കുകയും സജീവരാഷ്ട്രീയത്തിൽ ഉണ്ടാവുകയുംചെയ്ത ആളാണ് താൻ. ഈ തിരക്കുകൾക്കിടയിലും ഞാനൊരു നല്ല വിദ്യാർഥിയായിരുന്നു. എല്ലാ ക്ലാസിലും ഒന്നാമനുമായിരുന്നു. അന്ന് വിദ്യാർഥി കോൺഗ്രസും സ്റ്റുഡൻറ്സ് ഫെഡറേഷനുമാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷമുണ്ടായിരുന്നത് വിദ്യാർഥി കോൺഗ്രസായിരുന്നു. ആ കാലത്ത് ശണ്ഠയോ അടിപിടിയോ മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമമോ ഉണ്ടായിരുന്നില്ല. ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു. 1945-ൽ മോറാഴ അഞ്ചാംപീടികയിൽ വിദ്യാർഥി കോൺഗ്രസി​െൻറ പൊതുയോഗം നടത്താൻ എല്ലാ സൗകര്യവും ചെയ്തുതന്നത് അവിടത്തെ സഖാക്കളായിരുന്നുവെന്നുള്ളത് ടി. പത്മനാഭൻ ഒാർത്തെടുത്തു. അന്ന് കമ്യൂണിസ്റ്റുകൾക്കെതിരെ പ്രസംഗിച്ചപ്പോൾ അവർ ചിരിച്ചുകൊണ്ട് കേട്ടുനിന്നു. ഇന്നത്തെ ആളുകൾക്ക് വിശ്വസിക്കാൻകൂടി പറ്റാത്ത അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. ആ കാലം തിരിച്ചുവരണം. പഴയ കാലത്തെ വിദ്യാർഥിനേതാക്കന്മാർ നല്ല വായനക്കാരായിരുന്നു. ഇന്ന് ആർക്കും വായനയില്ലെന്നും ടി. പത്മനാഭൻ പറഞ്ഞു. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് അശ്വിൻ അശോക് അധ്യക്ഷതവഹിച്ചു. പയ്യന്നൂർ കുഞ്ഞിരാമൻ, പ്രിൻസിപ്പൽ കെ.ടി. രവീന്ദ്രൻ, എ. നിശാന്ത്, പി. സോന, കെ. മനുരാജ്, എം.വി. ജിതിൻ, ആദർശ് സുരേഷ്, ആര്യ വിശ്വനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.