പോരാട്ട സ്മൃതികളുറങ്ങാത്ത ഉപ്പുപാടം

പയ്യന്നൂർ: 1930ൽ ഗാന്ധിജി ഉപ്പുകുറുക്കാൻ ദണ്ഡിയിലേക്ക് യാത്ര ചെയ്തപ്പോൾ കേരള ഗാന്ധി കേളപ്പ​െൻറ നേതൃത്വത്തിൽ കേരളത്തിലെ പോരാളികൾ നടന്നത് പയ്യന്നൂരിലേക്കായിരുന്നു. 1928ൽ ജവഹർലാൽ നെഹ്റുവി​െൻറ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തി​െൻറ ഊർജമുൾക്കൊണ്ടാണ് നിയമലംഘനത്തിന് പയ്യന്നൂർ രംഗവേദിയായത്. ദിവസങ്ങൾനീണ്ട യാത്രക്കൊടുവിലാണ് പി. കൃഷ്ണപിള്ള, സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, മൊയാരത്ത് ശങ്കരൻ, ടി. സുബ്രമണ്യൻ തിരുമുമ്പ്, പി.സി.കെ. അടിയോടി, മാക്കുനി ശങ്കരൻ നമ്പ്യാർ, ലക്ഷ്മണ ഷേണായി തുടങ്ങിയവരടങ്ങുന്ന സംഘം പയ്യന്നൂരിലെത്തിയത്. ഉളിയത്തുകടവിലും രാമന്തളിയിലും കുഞ്ഞിമംഗലത്തും പ്രവർത്തകർ ഉപ്പുകുറുക്കി. പൊലീസ് വരുന്നതിനനുസരിച്ച് പാടം മാറ്റുകയായിരുന്നു. എന്നാൽ, ഉളിയത്തുകടവായിരുന്നു പ്രധാന കേന്ദ്രം. കുറുക്കിയ ഉപ്പ് പയ്യന്നൂർ പൊലീസ് സ്റ്റേഷനുമുന്നിലുള്ള ഉളിയത്തുകടവിനടുത്ത വായനശാല തറയിൽ ലേലം ചെയ്തു വിൽക്കാനായിരുന്നു പദ്ധതി. എന്നാൽ, കുറുക്കുന്നതിനിടയിൽ തന്നെ റിസർവ് പൊലീസെത്തി ഇതിനുപയോഗിച്ച മൺപാത്രങ്ങൾ തച്ചുടച്ചു. വളൻറിയർമാരെ അറസ്റ്റുചെയ്യുകയും ചെയ്തു. ഉളിയത്തുകടവിലെ ഉപ്പു കുറുക്കിയ നിയമലംഘന സമരത്തെ ഓർമിക്കാൻ നഗരസഭ സർക്കാർ സ്മൃതി മണ്ഡപം നിർമിച്ചുവെങ്കിലും ഇത് സംരക്ഷണമില്ലാത്ത സ്ഥിതിയിലാണ്. സ്വകാര്യ ട്രസ്റ്റി​െൻറ പ്രവൃത്തിയും പാതിവഴിയിലായി. നീണ്ടുകിടന്ന ഉപ്പുപാടങ്ങളും ഓർമകളിൽ മാത്രമായി. ഭൂമാഫിയ മണ്ണിട്ടുനികത്തി പറമ്പാക്കി മാറ്റി. പയ്യന്നൂരി​െൻറ അധിനിവേശവിരുദ്ധ പോരാട്ടത്തിനു കരുത്തുപകർന്ന ഉപ്പുസത്യഗ്രഹത്തിന് അർഹിക്കുന്ന സ്മാരകമിനിയും ഉണ്ടായിട്ടില്ലെന്ന് സ്വാതന്ത്ര്യസമര സേനാനികൾ പറയുന്നു. കെ. മാധവനുൾപ്പെടെയുള്ള പോരാളികൾക്ക് ശക്തിപകർന്ന ഇടമായിരുന്നു പയ്യന്നൂർ. പയ്യന്നൂരി​െൻറ പോരാട്ട വീര്യമാണ് രണ്ടാം ബർദോളി എന്ന പേരിനുതന്നെ കാരണമായത്. ക്വിറ്റിന്ത്യ സമരം, കെ.പി.സി.സി സമ്മേളനം, ഉപ്പുസത്യഗ്രഹം, കർഷക പോരാട്ടം, അന്നൂർ വെള്ളാരങ്ങര സമരം തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ തിളങ്ങുന്ന അധ്യായങ്ങളാണ് പയ്യന്നൂരും എഴുതിച്ചേർത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.