പ്രവാസിക്ഷേമ പെൻഷൻ: 60 കഴിഞ്ഞവരെയും ​ അംഗമാക്കുന്നത്​ പരിഗണനയിൽ ​

കോഴിക്കോട്: പ്രവാസിക്ഷേമ പെൻഷൻ ഏകീകൃത നിരക്കിൽ 2000 രൂപയാക്കിയതിനു പിന്നാലെ കൂടുതൽ ആളുകൾക്ക് പെൻഷൻ ലഭ്യമാക്കാനുള്ള നടപടിയും പരിഗണനയിൽ. വിവിധ കാരണങ്ങളാൽ പദ്ധതിയിൽ ചേരാൻ കഴിയാത്ത 60 വയസ്സു കഴിഞ്ഞവരെ പത്തു വർഷത്തെ അംശാദായം ഒരുമിച്ച് വാങ്ങി പെൻഷന് അർഹരാക്കുന്നതുൾപ്പെടെ നടപടികളാണ് ആലോചനയിലുള്ളത്. ക്ഷേമബോർഡ് അംഗീകരിച്ച ആവശ്യം അനുമതിക്കായി സർക്കാറിന് സമർപ്പിച്ചിരിക്കുകയാണെന്ന് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു. അനുമതി ലഭിച്ചാൽ ആയിരക്കണക്കിനാളുകൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും. മാത്രമല്ല, പെൻഷൻ തുക ഇരട്ടിയിലധികം കൂട്ടിയതിനാൽ വിദേശങ്ങളിൽ വീട്ടുജോലിയും മറ്റും ചെയ്ത് തിരിച്ചെത്തിയ നിർധന സ്ത്രീകൾക്കുൾപ്പെടെ വലിയ ആശ്വാസമാണ് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളിൽനിന്ന് അഞ്ചു ലക്ഷത്തിൽ കുറയാത്ത തുക നിക്ഷേപമായി സ്വീകരിച്ച് മൂന്നു വർഷത്തിനുശേഷം നിശ്ചിത രൂപ എല്ലാമാസവും ഡിവിഡൻറായി നൽകുന്ന പദ്ധതിയും പ്രവാസിക്ഷേമ ബോർഡ് സർക്കാർ മുമ്പാകെ അനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. ആറു തവണകളായോ ഒരുമിച്ചോ തുക സ്വീകരിച്ചാണ് മൂന്നു വർഷത്തിനുശേഷം ഡിവിഡൻറ് അനുവദിക്കുക. ബന്ധപ്പെട്ട വ്യക്തിക്ക് മരണംവരെയും അതിനുശേഷം ഭാര്യക്കുമാണ് ഡിവിഡൻറ് അനുവദിക്കുക. ഭാര്യയും മരിച്ചാൽ നിക്ഷേപമായി സ്വീകരിച്ച തുക നോമിനികളായ മക്കൾക്ക് കൈമാറും. പ്രതിമാസം 5000 രൂപയെങ്കിലും ആനുകൂല്യമായി ലഭിക്കുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. സർക്കാറിന് പ്രത്യേകിച്ച് സാമ്പത്തിക നഷ്ടമൊന്നുമുണ്ടാവാത്ത പദ്ധതിയുടെ ഫയൽ മുഖ്യമന്ത്രിയുടെ ഒാഫിസ് ധനവകുപ്പിന് അയച്ചതായാണ് വിവരം. പ്രവാസിക്ഷേമ ഫണ്ടിൽ ആകെ പ്രവാസികളുെട പത്തു ശതമാനംപോലും നിലവിൽ അംഗങ്ങളല്ല. പത്തു ലക്ഷം പേരെ അംഗങ്ങളാക്കുന്നതിനായി ജനകീയ കാമ്പയിനും ബോർഡ് ഉടൻ ആരംഭിക്കും. 60 വയസ്സുവരെ കേവലം അഞ്ചു വർഷം മാത്രം അംശാദായം അടക്കുന്നവർക്ക് 2000 രൂപയും വളരെ മുേമ്പ പദ്ധതിയിൽ ചേർന്ന് അംശാദായം അടച്ചവർക്ക് ആനുപാതികമായ തോതിൽ വർധിപ്പിച്ച പെൻഷനുമാണ് ലഭിക്കുക. അംശാദായം അടക്കുന്നതുമായി ബന്ധപ്പെട്ട് നേരേത്ത നിലനിന്നിരുന്ന അവ്യക്തതകൾക്ക് ഇതിനകം ബോർഡ്പരിഹാരമുണ്ടാക്കിയിട്ടുണ്ട്. അവ്യക്തതകളും മറ്റും കാരണം നേരേത്ത ഭൂരിഭാഗം പ്രവാസികളും പദ്ധതിയോട് പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു ചെയ്തിരുന്നത്. 60 വയസ്സ് കഴിഞ്ഞവർക്ക് വാർധക്യ പെൻഷന് അർഹതയുണ്ടായിരിക്കെ വർഷങ്ങളോളം അംശാദായം അടച്ച് പദ്ധതിയിൽ എന്തിന് ചേരണം എന്നതായിരുന്നു പ്രവാസികളുടെ ചോദ്യം. പെൻഷൻ 2000 രൂപയാക്കിയതോടെ ഇൗ വാദഗതികൾ ഇല്ലാതായിട്ടുണ്ട്. 300 രൂപ അംശാദായം അടക്കുന്നവർക്ക് 1000 രൂപയും 100 രൂപ അടക്കുന്നവർക്ക് 500 രൂപയുമായിരുന്നു നേരേത്ത പെൻഷൻ കിട്ടിയിരുന്നത്. –കെ.ടി. വിബീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.