പോരാട്ടസ്മരണകളെ വീണ്ടെടുത്ത് തകർന്ന തടവറ ഇവിടെ പുനർജനിക്കുന്നു

പയ്യന്നൂർ: അധിനിവേശവിരുദ്ധ പോരാളികളെ അറസ്റ്റ് ചെയ്ത് ജയിലിലയക്കുന്നതിനുമുമ്പ് പാർപ്പിക്കാൻ ഇടത്താവളമായി ഉപയോഗിച്ച കണ്ടോന്താറിലെ തടവറക്ക് പുനർജനി. തകർന്നുവീണ തടവറ പഴയരീതിയിൽ പുനർജനിക്കുകയാണിവിടെ. തടവറയുടെ പുനർജനി നാടി​െൻറ ദീപ്തമായ പോരാട്ടസ്മൃതിയെ കൂടിയാണ് വീണ്ടെടുക്കുന്നത്. കേണ്ടാന്താർ ഇടമന യു.പി സ്കൂളിനു പിന്നിൽ സബ് രജിസ്ട്രാർ ഓഫിസ് വളപ്പിലാണ് പോരാളികളെ പാർപ്പിച്ച ലോക്കപ്പുമുറിയുള്ള കെട്ടിടമുള്ളത്. രജിസ്ട്രാർ ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുമ്പോൾ ഇത് പൊളിച്ചുമാറ്റാൻ ശ്രമംനടന്നെങ്കിലും ചരിത്രസ്നേഹികളുടെ എതിർപ്പുമൂലം നിലനിർത്തി. എന്നാൽ, ഓടും മരവും മുഴുവൻ തകർന്ന് ചുമരുകൾകൂടി വീഴാൻതുടങ്ങി. ഇത് സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടായില്ല. നാട്ടുകാരൻകൂടിയായ രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തു പുരാരേഖാവകുപ്പ് മന്ത്രിയായതോടെയാണ് ഈ പഴയ ജയിലറക്ക് ശാപമോക്ഷമാകുന്നത്. കഴിഞ്ഞ േമയിൽ ശിലയിട്ട കെട്ടിടത്തി​െൻറ പഴയരീതിയിൽതന്നെയുള്ള ചുമർനിർമാണം പൂർത്തിയായി. ഇനി മരപ്പണിയും ഓടുപണിയും മാത്രമാണ് ബാക്കിയുള്ളത്. കെട്ടിടത്തിൽ ഒരു ലോക്കപ്പുമുറി മാത്രമാണുള്ളത്. ഇതി​െൻറ ഇരുമ്പുകമ്പികൊണ്ടുള്ള വാതിലും ചുമരിൽ വാതിൽ പൂട്ടാനുള്ള സംവിധാനവും കേടുകൂടാതെ നിലനിൽക്കുന്നു. പുതുക്കിനിർമിക്കുമ്പോഴും ഇത് നിലനിർത്തും. പഴയകാലത്ത് പോരാളികളെ പയ്യന്നൂരിൽ എത്തിച്ച് ലോക്കപ്പിലിട്ട് പിന്നീട് കണ്ണൂരിലെ ജയിലിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. പയ്യന്നൂരിൽ ഒരേസമയം കൂടുതൽപേരെ എത്തിക്കാനുള്ള ബുദ്ധിമുട്ടുകാരണമാണ് കണ്ടോന്താറിൽ ഇടത്താവളം നിർമിച്ചത്. ഇടുങ്ങിയ ലോക്കപ്പുമുറിയിൽ നിരവധിപേരെ കൊണ്ടുതള്ളി പീഡിപ്പിച്ചതായി പഴയ തലമുറക്കാർ പറയുന്നു. നിരവധി കമ്യൂണിസ്റ്റ്-കർഷകപ്പോരാളികളുടെവരെ രക്തംവീണ കഥകൾ പറയാനുള്ള ഈ കൽച്ചുവരുകളുടെ പുനർജനി ചരിത്രത്തി​െൻറ വീണ്ടെടുപ്പാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.