റേഷൻ മുൻഗണന വിഭാഗത്തിൽ നിന്നും ഒഴിവാകാൻ ഇരിട്ടിയിൽ തിരക്കേറുന്നു

ഇരിട്ടി: റേഷൻ മുൻഗണന വിഭാഗത്തിൽ നിന്നും ഒഴിവാക്കാനായി വിടുതൽ അപേക്ഷയുമായി ഒരാഴ്ചക്കകം ഇരിട്ടി സപ്ലൈ ഓഫിസിൽ എത്തിയത് 677ഓളം പേർ. സർക്കാർ ജീവനക്കാരുടെ റേഷൻകാർഡ് ശമ്പളം വാങ്ങുമ്പോൾ പരിശോധനക്ക് വിധേയമാക്കുമെന്നും മറ്റു സ്ഥിതിവിവര കണക്കുകൾ ബന്ധപ്പെട്ട വകുപ്പിൽനിന്ന് ശേഖരിക്കുമെന്നുമുള്ള സർക്കാർ അറിയിപ്പ് വന്നതോടെ സപ്ലൈ ഓഫിസിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇരിട്ടിയിൽ എ.എ.വൈ-മുൻഗണന വിഭാഗത്തിൽ നിന്നും 491 ആളുകൾ പൊതുവിഭാഗത്തിലേക്ക് മാറാനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 124 അപേക്ഷകർ സർക്കാർ ജീവനക്കാരാണ്. പൊതുവിഭാഗം (സബ്സിഡി-നീലകാർഡ്) വിഭാഗത്തിൽ നിന്നും പൊതുവിഭാഗത്തിലേക്ക് മാറാനായി 186 പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ 20 പേർ സർക്കാർ ജീവനക്കാരാണ്. പല സർക്കാർ ജീവനക്കാരും ഗൃഹഭരണമെന്നും സ്ഥിരജോലിയില്ലെന്നുമുള്ള തെറ്റായ വിവരം നൽകിയാണ് റേഷൻ സൗജന്യം നേടിയെടുത്തത്. മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട അനർഹർക്ക് സ്വമേധയ ഒഴിവാകാനുള്ള സമയപരിധി ഈ മാസം പത്ത് വരെ ദീർഘിപ്പിച്ചിട്ടുണ്ട്. അതിനുശേഷം ശക്തമായ നടപടിയുമായി മുന്നോട്ടുപോവാനാണ് സർക്കാർ തീരുമാനം. നാലുചക്ര വാഹനമുള്ളവരുടെയും 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടുള്ളവരുടെയും കൂടുതൽ സ്ഥലമുള്ളവരുടെയും വിവരങ്ങൾ മോട്ടോർ വാഹന വകുപ്പി​െൻറയും തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പി​െൻറയും സഹായത്തോടെ ലഭ്യമാക്കി പരിശോധന നടത്തി അയോഗ്യരെ കണ്ടെത്തും. അതേസമയം, പൊതുവിഭാഗത്തിലായ അർഹരായവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് തീരുമാനമൊന്നുമായില്ലെങ്കിലും ദിനംപ്രതി നൂറുകണക്കിന് അപേക്ഷകൾ ഒാഫിസിൽ എത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.