വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ: മുഖ്യപ്രതികൾക്കായി അന്വേഷണം ഉൗർജിതം

അന്വേഷണപുരോഗതി വിലയിരുത്തി പയ്യന്നൂർ: പരേതനായ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണ​െൻറ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളെ കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കി. ഒളിവിൽ കഴിയുന്ന മുഖ്യപ്രതികളായ പയ്യന്നൂരിലെ അഭിഭാഷക ശൈലജ, ഭർത്താവ് കൃഷ്ണകുമാർ എന്നിവരാണ് ബാലകൃഷ്ണ​െൻറ വ്യാജ വിവാഹ സർട്ടിഫിക്കറ്റും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുമുണ്ടാക്കി കോടികളുടെ സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചത്. ശൈലജയുടെ സഹോദരി ജാനകിയെ ബാലകൃഷ്ണൻ വിവാഹംചെയ്തുവെന്ന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. രാമന്തളിയിലെ വീട്ടിൽ കഴിയുന്ന ജാനകി (83) പൊലീസ് നിരീക്ഷണത്തിലാണ്. മൂന്നാം പ്രതിയായ ഇവരെ മാപ്പുസാക്ഷിയാക്കാനും ആലോചിക്കുന്നുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിൽ നടന്ന അന്വേഷണസംഘത്തി​െൻറ യോഗത്തിലാണ് അന്വേഷണം ഊർജിതമാക്കി പ്രതികളെ ഉടൻ അറസ്റ്റ്ചെയ്യാൻ ധാരണയായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ, പയ്യന്നൂർ സി.ഐ എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീമാണ് അന്വേഷണം നടത്തുന്നത്. അഭിഭാഷകയും ഭർത്താവും കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ സമർഥമായാണ് തിരക്കഥ തയാറാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരാവകാശപ്രവർത്തകനായ പത്മൻ കോഴൂർ കൺവീനറായ ആക്ഷൻ കമ്മിറ്റിയാണ് തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്ന ബാലകൃഷ്ണനെ 2011 സെപ്റ്റംബറിൽ പയ്യന്നൂരിലെത്തിച്ച് സ്വത്ത് എഴുതിവാങ്ങാനായിരുന്നു തീരുമാനം. ഈ യാത്രക്കിടെ കൊടുങ്ങല്ലൂരിൽവെച്ച് ബാലകൃഷ്ണൻ മരിച്ചു. ഇതോടെയാണ് വ്യാജവിവാഹത്തെക്കുറിച്ച് പ്രതികൾ ചിന്തിച്ചത്. വിവാഹ സർട്ടിഫിക്കറ്റും സംഘടിപ്പിച്ച് സ്വത്തുക്കൾ സ്വന്തമാക്കിവരുന്നതിനിടെയാണ് സംഭവം പൊളിയുന്നത്. വിവാഹ സർട്ടിഫിക്കറ്റ് പയ്യന്നൂരിലെ ക്ഷേത്ര കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തി. വിവാഹം കഴിച്ചത് വിശ്വസിപ്പിക്കാൻ തയാറാക്കിയ ക്ഷണക്കത്ത് തട്ടിപ്പി​െൻറ നിർണായകതെളിവായി. 1980ൽ തയാറാക്കിയ കത്ത് ഡി.ടി.പിയിലാണ് ചെയ്തിരിക്കുന്നത്. ഇക്കാലത്ത് ഡി.ടി.പി പ്രിൻറിങ് വന്നിട്ടില്ല. മാത്രമല്ല കത്തിൽ പരേതനായ ഡോ. കുഞ്ഞമ്പുവി​െൻറ മകൻ എന്നാണുള്ളത്. എന്നാൽ, ഡോക്ടർ മരിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്. ക്ഷേത്ര കമ്മിറ്റിയെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചാണ് പരിയാരത്തെ ആറ് ഏക്കർ സ്ഥലം സംഘം കൈക്കലാക്കിയത്. ബാലകൃഷ്ണ​െൻറ സർവിസ് പെൻഷനും ജാനകി കൈപ്പറ്റുന്നുണ്ട്. ഇതിനുപുറമെ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽനിന്ന് വിധവ പെൻഷൻ വാങ്ങുന്നതായും പൊലീസ് കണ്ടെത്തി. ജാനകിയും ബാലകൃഷ്ണനും വിവാഹം കഴിച്ച് പയ്യന്നൂർ തായിനേരിയിൽ താമസിച്ചതായുള്ള വാദവും പൊളിഞ്ഞു. ഇവിടെ പരിസരവാസികളോട് അന്വേഷിച്ചപ്പോൾ താമസിച്ചിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ബാലകൃഷ്ണനും ജാനകിയും തമ്മിലുള്ള വിവാഹഫോട്ടോ കൃത്രിമമായുണ്ടാക്കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജാനകിയെ പൊലീസ് ഒന്നിലേറെതവണ ചോദ്യം ചെയ്തുവെങ്കിലും സഹോദരിയായ അഭിഭാഷകയും ഭർത്താവും പറഞ്ഞു കൊടുത്തതുതന്നെ ആവർത്തിക്കുന്നതായാണ് വിവരം. അതേസമയം, ബാലകൃഷ്ണ​െൻറ മരണം കൊലപാതകമല്ലെന്നാണ് പൊലീസി​െൻറ പ്രാഥമികനിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.