കാ​ട്ടാ​മ്പ​ള്ളി–പു​ഴാ​തി മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാമം രൂക്ഷം

പുതിയതെരു: ചിറക്കൽ പഞ്ചായത്തിൽ കാട്ടാമ്പള്ളി പുഴാതിമേഖലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചതോടെ ജലദൗർലഭ്യം രൂക്ഷമായി. പ്രദേശത്ത് കുടിവെള്ളവിതരണം നിലച്ചിട്ട് ഒരുമാസമായി. കാട്ടാമ്പള്ളി മേഖലയിലെ രാഘവനഗർ പട്ടികജാതി കോളനി, ബാലൻകിണർ പട്ടികജാതി സങ്കേതം, വള്ളുവൻ കടവ്, പരപ്പിൽ പ്രദേശങ്ങളിലും പുഴാതിമേഖലയിലെ കോട്ടക്കുന്ന്, എ.കെ.ജി റോഡ്, കീരിയാട് ഏരുമ്മൽ വയൽ പ്രദേശങ്ങളിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. 500ലധികം വീടുകളിലായി താമസിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുന്നത്. രാഘവനഗർ പട്ടികജാതി കോളനിയിൽ 48ഓളം വീടുകളിലായി 300ലധികം പേരും ബാലൻകിണർ ചക്കസൂപ്പിക്കടവ് പട്ടികജാതി സങ്കേതത്തിൽ 15ഓളം വീടുകളിലായി നൂറോളം പേരും താമസിക്കുന്നുണ്ട്. രാഘവനഗറിൽ പൊതുകിണറായി ഉപയോഗിക്കുന്ന മൂന്നുകിണറും വറ്റിയനിലയിലാണ്. ആകെയുള്ള ആശ്രയം വാട്ടർ അതോറിറ്റി വിതരണംചെയ്യുന്ന കുടിവെള്ളം മാത്രമായിരുന്നു. ഇതാണ് നിലച്ചിട്ട് മാസങ്ങളായത്. കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് കലക്ടറുടെ വരൾച്ച ദുരിതാശ്വാസ പദ്ധതിയനുസരിച്ച് കണ്ണൂർ താലൂക്ക് മുഖേന റവന്യൂ അധികൃതർ ഏഴുദിവസം മുമ്പ് സ്ഥാപിച്ച വാട്ടർടാങ്കിൽ ഇനിയും വെള്ളമെത്തിയില്ല. ലോറിയിൽ വെള്ളമെത്തിച്ച് വിതരണംചെയ്യുന്നതിനാണ് ടാങ്ക് സ്ഥാപിച്ചത്. ടാങ്ക് കോളനിക്ക് പരിസരത്തെത്തിച്ച് ഒരുമാസം പിന്നിട്ടെങ്കിലും ഒരാഴ്ച മുമ്പാണ് സ്ഥാപിച്ചത്. ചക്കസൂപ്പിക്കടവ് പട്ടികജാതിസങ്കേതം വളപട്ടണം പുഴയുടെ തീരത്തായതിനാൽ വാട്ടർ അതോറിറ്റി വിതരണംചെയ്യുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെയുള്ള കുടുംബങ്ങൾ കഴിയുന്നത്. കുടിവെള്ളവിതരണം നിലച്ചതുകാരണം സ്ത്രീകൾ വളരെ ദൂരത്തുള്ള കിണറുകളിൽ കാൽനടയായി പോയി തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. വള്ളുവൻകടവ് മേഖലയിൽ 200ലധികം വീടുകളിലെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. പല കുടുംബങ്ങളും ബന്ധുവീട്ടിലേക്കും മറ്റും താമസംമാറ്റേണ്ട ഗതികേടിലാണ്. കിണറിലെ വെള്ളം വറ്റിയാൽ കുടിവെള്ളം മുട്ടാതിരിക്കാൻ വാട്ടർ അതോറിറ്റിയുടെ ഗാർഹിക കണക്ഷനെടുത്തവരാണ് പുഴാതി എ.കെ.ജി റോഡ് കീരിയാട് എരുമ്മൽ വയൽമേഖലയിലുള്ളവർ. എന്നാൽ, കിണറിലെ വെള്ളം പൂർണമായും വറ്റിയ വീട്ടുകാർ വാട്ടർ അതോറിറ്റിയുടെ വെള്ളവും കിട്ടാതായതോടെ വെട്ടിലായി. കാട്ടാമ്പള്ളി പുഴാതിമേഖലയിൽ വാട്ടർ അതോറിറ്റി കുടിവെള്ള വിതരണ പൈപ്പ്ലൈനിന് സമീപത്തുകൂടി സ്വകാര്യ കമ്പനിയുടെ കേബിളുകൾ സ്ഥാപിച്ചിരുന്നു. ഇതിനുശേഷമാണ് കുടിവെള്ളവിതരണം നിലച്ചതെന്ന് സമീപവാസികൾ വ്യക്തമാക്കി. വാട്ടർ അതോറിറ്റി അധികൃതരോടും ജനപ്രതിനിധികളോടും പരാതിപ്പെെട്ടങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.