ഡി.സി.സി ഓഫിസില്‍ നടന്ന ചര്‍ച്ച പരാജയം: പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് സമരം തുടരുന്നു

പയ്യന്നൂര്‍: ജീവനക്കാരെ നിയമിക്കുന്നതില്‍ അപാകതയാരോപിച്ച് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ കോഓപറേറ്റിവ് ടൗണ്‍ ബാങ്കിനുമുന്നില്‍ നടത്തിവരുന്ന സമരം വ്യാഴാഴ്ചയും തുടര്‍ന്നു. സമരം അവസാനിപ്പിക്കാന്‍ ഇന്നലെ വൈകീട്ട് ഡി.സി.സി ഓഫിസില്‍ നടന്ന സമരം പരാജയപ്പെട്ടതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ബുധനാഴ്ച സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ബാങ്കിനു മുന്നില്‍ കുത്തിയിരുന്നവരെ ഒരുവിഭാഗം അടിച്ചോടിക്കുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ചയും സമരം തുടരുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് എം. വിജേഷ് കുമാറിന്‍െറയും മണ്ഡലം പ്രസിഡന്‍റ് രജീഷ് കണ്ണോത്തിന്‍െറയും നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി മുതിര്‍ന്ന നേതാക്കളത്തെി. വ്യാഴാഴ്ച സമരം ഉദ്ഘാടനം ചെയ്തത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എന്‍. കണ്ണോത്തായിരുന്നു. മറ്റുചില നേതാക്കളും പിന്തുണയുമായി എത്തിയിരുന്നു. അതേസമയം, സമരം അവസാനിപ്പിക്കണമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ ഡി.സി.സി ഓഫിസില്‍ നടന്ന ചര്‍ച്ച വിജയംകണ്ടില്ല. പ്രശ്നം 28ന് ചര്‍ച്ച ചെയ്യാമെന്നും അതുവരെ സമരം നിര്‍ത്തി വെക്കണമെന്ന് നേതാക്കള്‍ പറഞ്ഞുവെങ്കിലും സമരക്കാര്‍ അനുകൂലിച്ചില്ല. ബാങ്ക് നിയമനം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനിന്നതായാണ് വിവരം. ഡി.സി.സി പ്രസിഡന്‍റിന് പുറമേ വി.എ. നാരായണന്‍, ബാങ്ക് ചെയര്‍മാന്‍ വി. കൃഷ്ണന്‍ മാസ്റ്റര്‍, ഡയറക്ടര്‍ അഡ്വ. കെ. ബ്രിജേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. രാത്രി വൈകി കെ. സുധാകരനും സമരാനുകൂലികളുമായി ചര്‍ച്ച നടത്തി. ഇന്ന് ബാങ്കിന്‍െറ സ്ഥാപകചെയര്‍മാന്‍ കെ.പി. നൂറുദ്ദീന്‍െറ ഫോട്ടോ അനാച്ഛാദനത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാങ്കിലത്തെുന്നുണ്ട്. ഈസമയത്ത് ബാങ്കിനു മുന്നിലെ സമരം ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതുകൂടി കണക്കിലെടുത്താണ് സമരം തീര്‍ക്കാന്‍ തിരക്കിട്ടശ്രമം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.