ജാതിവിവേചനം നടത്തി പീഡിപ്പിക്കുന്നുവെന്ന്

കണ്ണൂര്‍: ദലിത്-ആദിവാസികള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുപകരം ജാതിവിവേചനം നടത്തി റവന്യൂ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ദലിത്-ആദിവാസി പൗരാവകാശസമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുമൂലം നിരവധി വിദ്യാര്‍ഥികള്‍ക്കാണ് പഠനം ഉപേക്ഷിക്കേണ്ടിവന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അധികാരം റവന്യൂവകുപ്പില്‍നിന്ന് എടുത്തുമാറ്റണമെന്ന ആവശ്യം ദലിത് സംഘടനകള്‍ സംസ്ഥാനതലത്തില്‍ ഉന്നയിക്കും. വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് നേടി സര്‍വിസില്‍ തുടരുന്ന നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തവരാണ് ജാതിസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലു വര്‍ഷമായി ജാതിയുടെ പേരില്‍ അതിക്രമം സഹിക്കുന്ന ദലിത് യുവതിയും കുടുംബവും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു. തങ്ങളെ ദ്രോഹിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കണ്ണൂര്‍ കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥന്‍, എച്ച് സെക്ഷന്‍ സൂപ്രണ്ട് കെ.കെ. ദിവാകരന്‍, കണ്ണൂര്‍ തഹസില്‍ദാര്‍ കെ. സജീവന്‍, കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിര്‍താഡ്സിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും മന്ത്രി എ.കെ. ബാലന്‍െറ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ എ. മണിഭൂഷണ്‍, നിലവിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ചാര്‍ജുള്ള വി. പ്രദീപ് കുമാര്‍ എന്നിവര്‍ക്കെതിരെ 1989ലെ പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്‍െറ ജാമ്യമില്ലാ വകുപ്പുപയോഗിച്ച് കേസെടുക്കണമെന്നാണ് ചേലോറ സ്വദേശിനി കൊയില്യത്ത് മിനിയുടെ ആവശ്യം. 2012ല്‍ മിനിയുടെ മകളുടെ പ്ളസ് ടു പഠനാവശ്യത്തിനായി ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പറയന്‍സമുദായ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോള്‍ മിശ്രവിവാഹം ചെയ്ത മിനിക്ക് പറയന്‍സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും റവന്യൂ ഉദ്യോഗസ്ഥര്‍ യുവതിയെ അധിക്ഷേപിക്കുകയും സര്‍ട്ടിഫിക്കറ്റ് നിരാകരിക്കുകയും ചെയ്യുകയായിരുന്നുവത്രെ. വിവിധ ഏജന്‍സികള്‍ക്ക് പരാതിനല്‍കിയ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ വസ്തുതകള്‍ പരിശോധിക്കുകയും തഹസില്‍ദാറും കിര്‍താഡ്സും വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി എന്ന് കണ്ടത്തെുകയും ദലിത് യുവതിക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, റിപ്പോര്‍ട്ട് തിരുത്തിയെഴുതാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും മിനിയും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.