കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കും –വി.വി. രമേശന്‍

കാഞ്ഞങ്ങാട്: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കാഞ്ഞങ്ങാട് നഗരത്തെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കുന്നതിനുള്ള തീവ്ര യജ്ഞമാണ് നഗരസഭയില്‍ നടക്കുന്നതെന്നും അതിനോട് പുറം തിരിഞ്ഞ് വികസനത്തിലും ആഘോഷത്തിലും രാഷ്ട്രീയം കാണിക്കുന്നവരെ ജനം തിരിച്ചറിയണമെന്നും നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍. ടൗണ്‍ ഹാളില്‍ ചേര്‍ന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഓണാഘോഷത്തിന്‍െറയും സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തില്‍ താന്‍ ഒരു രാഷ്ട്രീയവും കാണിച്ചിട്ടില്ല. നഗരസഭ മൊത്തം നന്നാക്കാനുള്ള തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് ചില തീരുമാനങ്ങള്‍ എടുത്തത്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ചില സഹപ്രവര്‍ത്തകര്‍ അതില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. 43 വാര്‍ഡുകളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പൂക്കള മത്സരങ്ങളും ഒരുക്കും. ആഴ്ച ചന്ത, കുടുംബശ്രീ വിപണന മേള, ജൈവ കാര്‍ഷിക മേള എന്നിവയും നടത്തും. ഓണ നാളുകളില്‍ ശക്തമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എല്ലാവര്‍ക്കും പാര്‍ക്കിങ് സൗകര്യവും ലഭ്യമാക്കും. 43 വാര്‍ഡുകളെയും പങ്കെടുപ്പിച്ച് ടൗണ്‍ ഹാള്‍ പരിസരത്ത് പൂക്കളമത്സരം, സാംസ്കാരിക ഘോഷയാത്ര എന്നിവയും സംഘടിപ്പിക്കും. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനുകള്‍ ദിവസങ്ങളോളം നിര്‍ത്തിയിടുമ്പോള്‍ പാളം മുറിച്ചുകടക്കാന്‍ തീരദേശ മേഖലകളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ ആവിക്കരയില്‍ റെയില്‍വേ ഫുട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് ഒന്നേമുക്കാല്‍ കോടി രൂപ കെട്ടിവെക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. ഇതിലേക്കായി നഗരസഭ 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. അവശേഷിക്കുന്ന തുക എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നാട്ടുകാരായ പ്രവാസികളില്‍ നിന്നും സ്വരൂപിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിന്‍െറ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുന്നതിനായി സംഘാടകസമിതിക്കും രൂപം നല്‍കി. നഗരത്തിലെ ഗതാഗതം സുഗമമാക്കാന്‍ കുന്നുമ്മല്‍- ശ്രീകൃഷ്ണ മന്ദിരം റോഡ്, ആലാമിപ്പള്ളി - കൂളിയങ്കാല്‍ റോഡ് എന്നിവ വീതികൂട്ടുന്നതിനുള്ള അനുമതി സ്ഥലമുടമകള്‍ നല്‍കിയ സാഹചര്യത്തില്‍ ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിക്കും യോഗം രൂപം നല്‍കി. ഓണാഘോഷം കെങ്കേമമാക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ നേതൃത്വത്തില്‍ ആറോളം കമ്മിറ്റികളെ തെരഞ്ഞെടുത്തു. നഗരസഭ ഉപാധ്യക്ഷ എല്‍.സുലൈഖ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗംഗ രാധാകൃഷ്ണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍, ടി.വി. ഭാഗീരഥി, സി.കെ. വത്സന്‍, എം. ബല്‍രാജ്, മുന്‍ ചെയര്‍മാന്‍ എം. ഗോപി, ഇലക്ട്രിസിറ്റി എന്‍ജിനീയര്‍, വിവിധ വകുപ്പുകളുടെ തലവന്‍മാര്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി മുറിയനാവി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.