തലശ്ശേരി കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി

തലശ്ശേരി: തലശ്ശേരിയില്‍ മുടങ്ങിക്കിടക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ പുനരാരംഭിക്കാനും തലശ്ശേരിയോടുള്ള കെ.എസ്.ആര്‍.ടി.സിയുടെ അവഗണന ഇല്ലാതാക്കുന്നതിനും അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. ഇതിന്‍െറ ഭാഗമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ കണ്ണൂര്‍, തലശ്ശേരി, വടകര ഡിപ്പോകളിലെ ഉദ്യോഗസ്ഥരുടെ യോഗം തലശ്ശേരിയില്‍ വിളിച്ചുചേര്‍ത്തു. തലശ്ശേരിയില്‍നിന്നുള്ള മുടങ്ങിക്കിടക്കുന്ന പ്രാദേശിക സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് 10 ഓര്‍ഡിനറി ബസുകള്‍ ലഭ്യമാക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. രണ്ട് ജനറം ബസ് ഉള്‍പ്പെടെ 64 ഷെഡ്യൂളുകളാണ് തലശ്ശേരി ഡിപ്പോയില്‍ നിന്ന് ഓപറേറ്റ് ചെയ്യേണ്ടത്. എന്നാല്‍, ബസുകളുടെ ക്ഷാമം കാരണം 55 ഷെഡ്യൂളുകള്‍ മാത്രമാണ് ഒരുദിവസം ഓപറേറ്റ് ചെയ്യുന്നത്. പലകാരണങ്ങളാല്‍ ഒമ്പത് ഷെഡ്യൂളുകള്‍ ദിവസവും മുടങ്ങുന്നുണ്ട്. ഇത് തലശ്ശേരിയില്‍ നിന്ന് ഉള്‍ഭാഗങ്ങളിലേക്കുള്ള സര്‍വിസുകള്‍ മുടങ്ങാനിടയാക്കുന്നുണ്ട്. കൂടുതലായി 10 ബസുകള്‍ കിട്ടുന്നതോടെ സര്‍വിസുകള്‍ മുടങ്ങുന്നതിന് പരിഹാരം കാണാനാകുമെന്ന് യോഗം വിലയിരുത്തി. കണ്ണൂരില്‍ നിന്ന് തലശ്ശേരി വഴി പോകുന്ന സ്കാനിയ ബസുകള്‍ക്ക് തലശ്ശേരി ഡിപ്പോയില്‍ സ്റ്റോപ് അനുവദിക്കാനും യോഗത്തില്‍ ധാരണയായി. കെ.എസ്.ആര്‍.ടി.സി ഉന്നതരുടെ അംഗീകാരം കൂടി കിട്ടുന്നതോടെ ഇത് പ്രാവര്‍ത്തികമാകും. കണ്ണൂരില്‍ നിന്ന് തലശ്ശേരി വഴി നെടുമ്പാശ്ശേരിക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കാനും ധാരണയായിട്ടുണ്ട്. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്‍ററിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും തലശ്ശേരി ഡിപ്പോയുടെ ശോച്യാവസ്ഥയും ഷംസീര്‍ എം.എല്‍.എ ഫോണിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍െറ ശ്രദ്ധയില്‍പെടുത്തി. തലശ്ശേരിയിലെ യാത്രാ ക്ളേശം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ ഇടപെടല്‍ സാധ്യത തേടിയാണ് എം.എല്‍.എ യോഗം വിളിച്ചു ചേര്‍ത്തത്. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, കെ.എസ്.ആര്‍.ടി.സി കോഴിക്കോട് സോണല്‍ ഓഫിസര്‍ മുഹമ്മദ് സഫറുല്ല, കണ്ണൂര്‍ ഡിപ്പോ എ.ടി.ഒ കെ. യൂസഫ്, തലശ്ശേരി എ.ടി.ഒ കെ. പ്രദീപ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.