വിമാനത്താവള ഓഫിസിലേക്ക് സി.പി.എം മാര്‍ച്ച്

മട്ടന്നൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവള ഓഫിസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു, ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. വിലനിര്‍ണയിച്ചിട്ടും ഏറ്റെടുക്കാത്ത 113 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കുക, ലേബര്‍ ക്യാമ്പുകളില്‍നിന്ന് മലിനജലം ഒഴുക്കുന്നത് പരിഹരിക്കുക, നശിപ്പിക്കപ്പെട്ട ജലസ്രോതസ്സുകള്‍ക്ക് പകരം കൈത്തോടുകള്‍ നിര്‍മിക്കുക, മലിനീകരണം തടയുന്നതിന് ശാസ്ത്രീയ മാര്‍ഗം അവലംബിക്കുക, നാലാംഘട്ട ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരരംഗത്തുള്ളവരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തി ആശങ്ക ദൂരീകരിക്കുക, സ്ഥലം നല്‍കിയവര്‍ക്ക് പ്രഖ്യാപിച്ച തൊഴില്‍ പാക്കേജ് നടപ്പാക്കുക, കേടുപാടു സംഭവിച്ച വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കുടിവെള്ള പദ്ധതി നടപ്പാക്കുക, തെരുവു വിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങി പ്രദേശവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. ഈ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, മന്ത്രി കെ. ബാബു, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കിയാല്‍ മാനേജിങ് ഡയറക്ടര്‍ ജി. ചന്ദ്രമൗലി, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, എം.പിമാരായ പി.കെ. ശ്രീമതി ടീച്ചര്‍, കെ.കെ. രാഗേഷ്, ഇ.പി. ജയരാജന്‍ എം.എല്‍.എ എന്നിവര്‍ക്ക് നിവേദനവും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.