യൂനിറ്റി സെന്‍റര്‍ പുതുവര്‍ഷത്തില്‍ നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍: ജനസേവന, ജീവകാരുണ്യ മേഖലയില്‍ വര്‍ഷങ്ങളായി സജീവമായ കണ്ണൂര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് താവക്കരയില്‍ നിര്‍മിച്ച യൂനിറ്റി സെന്‍റര്‍ പുതുവര്‍ഷ ദിനത്തില്‍ നാടിന് സമര്‍പ്പിക്കും. ജനുവരി ഒന്നിന് വൈകീട്ട് മൂന്നുമണിക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് സലീം സെന്‍ററിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ പ്രാദേശിക തലങ്ങളിലുള്ള സകാത്ത് കമ്മിറ്റികള്‍, വിദ്യാഭ്യാസ, ചികിത്സാ, ഭവന നിര്‍മാണ സഹായ സംരംഭങ്ങള്‍, സൗഹൃദ കൂട്ടായ്മകള്‍ എന്നിവയുടെ ആസ്ഥാനമാണ് യൂനിറ്റി സെന്‍റര്‍. ഡയലോഗ് സെന്‍റര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍, റഫറന്‍സ് ലൈബ്രറി എന്നിവയും ജമാഅത്തെ ഇസ്ലാമിയുടെയും പോഷക സംഘടനകളുടെയും ജില്ലാ ആസ്ഥാനങ്ങളും സെന്‍ററിലാണ് പ്രവര്‍ത്തിക്കുക. ഉദ്ഘാടന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനം ഗ്രാമവികസന മന്ത്രി കെ.സി. ജോസഫും ഡയലോഗ് സെന്‍റര്‍ ഉദ്ഘാടനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടും ലൈബ്രറി ഉദ്ഘാടനം വാണിദാസ് എളയാവൂരും ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം ഹാഫിള് അനസ് മൗലവിയും നിര്‍വഹിക്കും. ട്രസ്റ്റിന്‍െറ സേവന പദ്ധതികളുടെ പ്രഖ്യാപനം കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീറും ലോഗോ പ്രകാശനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസും നിര്‍വഹിക്കും. വിവിധ ഓഫിസുകളുടെ ഉദ്ഘാടനം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് സഫിയ അലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ വേളം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന അധ്യക്ഷ പി. റുക്സാന എന്നിവര്‍ നിര്‍വഹിക്കും. ജനുവരി രണ്ടിന് രാവിലെ പത്തുമണിക്ക് നടക്കുന്ന വനിതാ സമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്യും. ബാലസമ്മേളനം കണ്ണൂര്‍ ആകാശവാണി ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടുമണിക്ക് പ്രവാസി സംഗമം കണ്ണൂര്‍ എ.ഡി.എം ഒ. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നാലുമണിക്ക് നടക്കുന്ന സാഹിത്യ ചര്‍ച്ച എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. കെ.സി. ഉമേഷ്ബാബു, കരുണാകരന്‍ പുതുശ്ശേരി, താഹ മാടായി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, മാധവന്‍ പുറച്ചേരി, കെ.ടി. ബാബുരാജ്, ഹംസക്കുട്ടി, പി.കെ. സുരേശന്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ സംവദിക്കും. ജനുവരി മൂന്നിന് രാവിലെ 7.30ന് നടക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സംഗമത്തില്‍ ബഷീര്‍ മുഹ്യുദ്ദീന്‍ പ്രഭാഷണം നടത്തും. രാവിലെ പത്തുമണിക്ക് മുതിര്‍ന്ന പ്രബോധകരുടെ സംഗമം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലുമണിക്ക് സാംസ്കാരിക സമ്മേളനം. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി. മുജീബുറഹ്മാന്‍ സമാപന പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി.പി. ഹാരിസ്, ജന. കണ്‍വീനര്‍ ടി.കെ. മുഹമ്മദലി, മീഡിയ ചെയര്‍മാന്‍ എ.ടി. അബ്ദുസലാം, പ്രോഗ്രാം കണ്‍വീനര്‍ കെ.എം. മഖ്ബൂല്‍, ടി.പി. ഇല്യാസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.