വന്യജീവി ശല്യം: ആറളം ഫാമില്‍ വേലി നിര്‍മാണത്തിന് പദ്ധതി

കേളകം: വന്യജീവി ആക്രമണത്തില്‍നിന്ന് ആറളം ഫാം ആദിവാസി പുനരധിവാസമേഖല സംരക്ഷിക്കാന്‍ വേലി നിര്‍മാണത്തിന് സര്‍ക്കാര്‍ പദ്ധതി. പുനരധിവാസ മേഖലയിലെ കുടുംബങ്ങളുടെ വീടിനും പറമ്പിനും ചുറ്റും സംരക്ഷിത കമ്പിവേലി സ്ഥാപിക്കാനുള്ള എട്ട് കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോക്ക് നല്‍കി. 50 വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയപ്പോള്‍ ഫലപ്രദമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് പുനരധിവാസ മേഖല മുഴുവന്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു കുടുംബത്തിനുള്ള വേലി നിര്‍മാണത്തിന് ഏകദേശം ഒരുലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഒരു കുടംബത്തിന് ഒരേക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഫാമില്‍ ഇപ്പോള്‍ സ്ഥിരതാമസക്കാരായ 800ഓളം കുടുംബങ്ങള്‍ക്ക് വേലി നിര്‍മിക്കാനാണ് തീരുമാനം. പുനരധിവാസ മേഖലയില്‍ 3500ഓളം ആദിവാസികള്‍ക്കാണ് ഒരേക്കര്‍ ഭൂമി വീതം നല്‍കിയിരിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം നിരവധി കുടുംബങ്ങള്‍ പുനരധിവാസ മേഖലയില്‍ താമസിക്കാനോ കൃഷിയിറക്കാനോ തയാറാകുന്നില്ല. കശുവണ്ടി സീസണില്‍ മാത്രമാണ് പലരും തങ്ങളുടെ പറമ്പുകളിലേക്ക് പ്രവേശിക്കുന്നത്. ഈ സീസണ്‍ കഴിയുന്നതോടെ കൈവശഭൂമി കാടുകയറി കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമാകുന്നു. വനാതിര്‍ത്തിയില്‍ കാട്ടാനശല്യം തടയാന്‍ ആനമതില്‍, റെയില്‍ ഫെന്‍സിങ് എന്നിവക്കും സര്‍ക്കാര്‍ കോടികളുടെ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഭൂമി ലഭിച്ചവരെയെല്ലാം ആറളം ഫാമില്‍തന്നെ സ്ഥിരതാമസക്കാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നബാര്‍ഡിന്‍െറ സഹായത്തോടെ പുതിയ പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണത്തിനും സാംസ്കാരിക നിലയങ്ങള്‍ക്കും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.