കോവിഡ് മരണം; ചികിത്സ കിട്ടാൻ വൈകുന്നത് തിരിച്ചടിയാകുന്നു

പലരും രോഗം ഗുരുതരമായശേഷമാണ് ആശുപത്രിയിലെത്തുന്നത് ബംഗളൂരു: ചികിത്സ നൽകാൻ വൈകുന്നത് കർണാടകയിലെ കോവിഡ് മരണം കൂടുന്നതിന് കാരണമാകുന്നു. ചികിത്സ തേടി ആളുകൾ എത്താൻ വൈകുന്നതാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കുന്നത്. കര്‍ണാടകത്തിലെ കോവിഡ് മരണങ്ങളില്‍ അധികവും ആശുപത്രികളിലെത്തിക്കാന്‍ വൈകുന്ന മറ്റു അസുഖങ്ങള്‍കൂടിയുള്ളവരെന്നും ഇവർ പറയുന്നു. കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തുമ്പോഴേക്കും േരാഗിയുടെ നില ഗുരുതരമായിട്ടുണ്ടാകും. ഇവരില്‍ പ്രായമായവരും മറ്റു അസുഖങ്ങളുള്ളവരും സുഖംപ്രാപിക്കുന്നതിന് സാധ്യത കുറവാണെന്നും സംസ്ഥാനത്തെ കോവിഡ് -19 വാര്‍ റൂം മേധാവി മുനിഷ് മുദ്ഗില്‍ പറഞ്ഞു. ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം വൈകിയവേളയിലാണ് പലരും ചികിത്സതേടുന്നത്. മരിച്ചവരില്‍ 65 ശതമാനവും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും മറ്റു ഗുരുതര അസുഖങ്ങളുള്ളവരുമാണ്. 40 വയസ്സിനും 60നും ഇടയില്‍ പ്രായമുള്ളവരില്‍ മറ്റു അസുഖങ്ങളുള്ളവരുടെ മരണനിരക്ക് 43 ശതമാനമാണ്. 60 വയസ്സിനു മുകളിലുള്ള രോഗലക്ഷണങ്ങളില്ലാതെ അഡ്മിറ്റാകുന്നവരിലും മരണസാധ്യത കൂടുതലാണ്. പ്രായമായവരും മറ്റു അസുഖങ്ങളുള്ളവരും നിര്‍ബന്ധമായും കോവിഡ് ആശുപത്രികളില്‍ പരിശോധന നടത്തണമെന്നും ഡോ. മുനിഷ് പറഞ്ഞു. രാജ്യസഭാ സീറ്റ്: നാലു സീറ്റിലേക്കും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും ബംഗളൂരു: കർണാടകയിൽനിന്നുള്ള നാലു രാജ്യസഭാ സീറ്റുകളിലേക്കും പത്രിക നൽകിയവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. ജൂൺ 19ന് നടക്കുന്ന തെരഞ്ഞെടുപ്പിൻെറ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ നാലു സീറ്റിലേക്കായി നാലു സ്ഥാനാർഥികൾ മാത്രമാണുള്ളത്. ജെ.ഡി.എസിൽനിന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും കോൺഗ്രസിൽനിന്ന് മല്ലികാർജുൻ ഖാർഗെയും ബി.ജെ.പിയിൽനിന്ന് ഈറണ്ണ കഡാടി, അശോക് ഗാസ്തി എന്നിവരുമാണ് പത്രിക നൽകിയത്. നാലുപേരുടെയും പത്രിക സ്വീകരിച്ചതായി റിട്ടേണിങ് ഒാഫിസർ എം.കെ. വിശാലാക്ഷി അറിയിച്ചു. സ്വതന്ത്രനായി ഒരാൾ പത്രിക നൽകിയിരുന്നെങ്കിലും തള്ളിപോയി. ഒാരോ സീറ്റിലേക്കും ഒരാൾ മാത്രം മത്സരിക്കുന്നതിനാൽതന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. എന്നാൽ, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ജൂൺ 12നുശേഷമായിരിക്കും ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമീഷൻ നടത്തുക. നിയമസഭയിൽ ബി.ജെ.പി-117, കോൺഗ്രസ്-68, ജെ.ഡി.എസ് -34 എന്നിങ്ങനെയാണ് കക്ഷിനില. 44 വോട്ടുകളാണ് ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആവശ്യം. ബി.ജെ.പിക്ക് രണ്ടു സ്ഥാനാർഥികളെയും കോൺഗ്രസിന് ഒരാളെയും വിജയിപ്പിക്കാം. കോൺഗ്രസിൻെറ അധിക വോട്ടിൻെറ പിന്തുണയോടെ ദേവഗൗഡക്ക് വിജയിക്കാനാകും. രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ലാത്തിനാൽ തന്നെ വോട്ടെടുപ്പ് ആവശ്യമില്ല. ഇതോടെയാണ് പത്രിക നൽകിയ നാലുപേരും രാജ്യസഭ‍യിലെത്തുമെന്നുറപ്പായത്. ബി.ജെ.പിയിലെ ഈറണ്ണ കഡാടിയും അശോക് ഗാസ്തിയും ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്. ദേവഗൗഡക്ക് രാജ്യസഭയിൽ രണ്ടാം മൂഴമാണ്. ലോക്സഭ അംഗമായിരുന്ന മല്ലികാർജുൻ ഖാർഗെ ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്. ലോക്ഡൗൺ: സംസ്ഥാനത്തെ വാഹന വിപണിക്കും കനത്ത തിരിച്ചടി ബംഗളൂരു: ലോക്ഡൗണിൽ സംസ്ഥാനത്തെ വാഹന വിപണിക്കും കനത്ത തിരിച്ചടിയായി. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ കുത്തനെ ഇടിഞ്ഞു. ഏപ്രിലില്‍ ഒരുദിവസം ശരാശരി 570 വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാനത്തെ ഗതാഗതവകുപ്പിൻെറ കണക്കുകളിൽ വ്യക്തമാക്കുന്നു. ലോക് ഡൗണില്‍ ഇളവുവന്ന മേയില്‍ രജിസ്‌ട്രേഷന്‍ ദിവസേന 1,200 ആയി ഉയര്‍ന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ തീരെ കുറവാണ്. കഴിഞ്ഞ വര്‍ഷം ഈസമയത്ത് ദിവസേന ശരാശരി 4,400 പുതിയ വാഹനങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഏപ്രിലില്‍ 17,147 പുതിയ വാഹനങ്ങളും മേയില്‍ 37,278 പുതിയ വാഹനങ്ങളുമാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. സാധാരണ രീതിയില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ പകുതിയോളം ബംഗളൂരുവിലാണ് ഉണ്ടാകാറുള്ളത്. എന്നാല്‍, ഇത്തവണ കഴിഞ്ഞ രണ്ടുമാസം കുത്തനെ കുറഞ്ഞു. ലോക്ഡൗണിനു മുമ്പ് ബംഗളൂരുവില്‍ ദിവസേന ശരാശരി 1,400 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ലോക് ഡൗണ്‍ കാലത്ത് ശരാശരി 400 വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം മാര്‍ച്ച് വരെ സംസ്ഥാനത്ത് 2.26 കോടി വാഹനങ്ങളുള്ളതില്‍ 86.42 ലക്ഷവും ബംഗളൂരുവിലാണ്. ലോക് ഡൗണിനുശേഷം കൂടുതല്‍ ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നതിനാല്‍ വാഹന രജിസ്‌ട്രേഷന്‍ കൂടുമെന്നാണ് ഗതാഗതവകുപ്പിൻെറ പ്രതീക്ഷ. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കുറഞ്ഞത് ഗതാഗതവകുപ്പിന് നികുതി വരുമാനം കുറയുന്നതിനിടയാക്കിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7,115 കോടിയുടെ നികുതി വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മാസം ശരാശരി 592 കോടി രൂപ. എന്നാല്‍, ലോക്ഡൗണ്‍ കാരണം ഏപ്രിലില്‍ 148 കോടി രൂപയും മേയില്‍ 185 കോടി രൂപയും മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട വരുമാനത്തിൻെറ 94 ശതമാനം നേടിയിരുന്നു. 7,100 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.