മരണസംഖ്യ ഉയരുന്നു; ഇന്നലെ മാത്രം രണ്ടു പേർ

-രോഗ ബാധിതർ ആയിരത്തോട് അടുക്കുന്നു -പുതുതായി 28പേർക്ക് േരാഗം സ്ഥിരീകരിച്ചു ബംഗളൂരു: സംസ്ഥാനത്ത് കോവിഡ്19 ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. ദക്ഷിണ കന്നടയിലെ 80കാരിയും ബംഗളൂരുവിൽ ചികിത്സയിലായിരുന്ന അനന്ത്പുർ സ്വദേശിയായ 60കാരനുമാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ മരണസംഖ്യ 35 ആയി ഉയർന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലുപേരാണ് രോഗം ബാധിച്ച് മരിച്ചത്. പക്ഷാഘാതത്തെതുടർന്നാണ് ദക്ഷിണ കന്നട സ്വദേശിനിയായ 80കാരിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കോവിഡ് പോസിറ്റിവ് ആയതോടെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച മരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുർ സ്വദേശിയായ 60കാരൻ ശ്വാസ തടസ്സത്തെ തുടർന്നാണ് ബംഗളൂരുവിൽ ചികിത്സ തേടിയത്. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പുതുതായി 28 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 987 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1000 ത്തോട് അടുക്കുന്നതും ആശങ്ക ഉയർത്തുകയാണ്. ബംഗളൂരുവിലെ നിയന്ത്രിത മേഖലയായ പദരായനപുര വാർഡിൽ ഏപ്രിൽ 30ന് രോഗം സ്ഥീരികരിച്ച രണ്ടുപേരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന അഞ്ചുപേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. മാണ്ഡ്യയിൽ മുംബൈയിൽനിന്നെത്തിയ നാലുപേർക്ക് ഉൾപ്പെടെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഗദഗിൽ രോഗം സ്ഥിരീകരിച്ച നാലുപേരും അഹമ്മദാബാദിൽനിന്നെത്തിയവരാണ്. മുംബൈയിൽനിന്നും ബെളഗാവിയിലെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ബിദറിൽ മുംബൈയിൽ നിന്നെത്തിയ ഒരാൾ ഉൾപ്പെടെ ഏഴുപേർക്കും രോഗം സ്ഥിരീകരിച്ചു. ദാവൻഗരെയിൽ മൂന്നുപേർക്കും കലബുറഗിയിൽ രണ്ടുപേർക്കും ബഗൽകോട്ടിൽ ഒരാൾക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഒമ്പതു പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 460 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ 491പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. അതിനിടെ, കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരു വിക്ടോറിയ ആശുപത്രിയിലെ നഴ്സുമാരെ ഉൾപ്പെടെ നിരീക്ഷണത്തിലാക്കി. വിക്ടോറിയ ആശുപത്രിയിലെ എമർജൻസി ആൻഡ് ട്രോമാ കെയറിൽ രോഗികളെ ചികിത്സിച്ച 37കാരിക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഴ്സിൻെറ സമ്പർക്ക പട്ടികയിലുള്ള നഴ്സുമാരെ ഉൾപ്പെടെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. നഴ്സുമായി സമ്പർക്കത്തിലേർപ്പെട്ട ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, നിരീക്ഷണത്തിലുള്ള ഇവരെ എല്ലാവരെയും ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധനക്ക് വിധേയമാക്കണമെന്ന് നഴ്സിങ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്സിന് എങ്ങനെ വൈറസ് ബാധയുണ്ടായെന്ന് അന്വേഷിക്കണമെന്നും നിലവിൽ ആശുപത്രികളിൽ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റുകൾ നിലവാരം കൂടിയതാണെന്നും എൻ.95 മാസ്ക്കുകൾ തന്നെയാണ് നഴ്സ് ധരിച്ചിരുന്നതെന്നും മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.