ശബരിമല തീര്‍ഥാടനം: ഫണ്ട് ലഭ്യമായില്ല; ചെങ്ങന്നൂരില്‍ ഒരുക്കം പാതിവഴിയില്‍

ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചെങ്ങന്നൂര്‍ നഗരസഭയില്‍ ഒരുക്കം പാതിവഴിയില്‍. മുന്നൊരുക്കത്തിന് സര്‍ക്കാര്‍ അനുവദിക്കുമെന്ന് പറഞ്ഞ ഫണ്ട് ഇനിയും ലഭിച്ചില്ല. കാലതാമസം നേരിട്ടാല്‍ തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ 21ന് കൂടിയ യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സൗകര്യം ഒരുക്കാനുള്ള ഫണ്ട് തീര്‍ഥാടനത്തിനുമുമ്പ് അനുവദിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഫണ്ട് ലഭ്യമായില്ല. നഗരസഭാ ആരോഗ്യവകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ ശുചീകരണം തുടങ്ങിയില്ല. സാധനസാമഗ്രികള്‍ വാങ്ങാനോ പ്രവര്‍ത്തനം തുടങ്ങാനോ കഴിഞ്ഞില്ല. ഇതിന് വേറെ തുക കണ്ടെത്തേണ്ടതായിവരും. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇന്‍ഫര്‍മേഷന്‍ സെന്‍ററും നഗരത്തിലെ ശുചീകരണ ജോലികളുമാണ് പ്രധാനമായും നഗരസഭ ഏറ്റെടുത്ത് ചെയ്യേണ്ടത്. എന്നാല്‍, ഇത് കാര്യമായി നടപ്പാക്കാന്‍ സാധിക്കുന്നില്ല. നഗരത്തിന്‍െറ പലഭാഗത്തും മാലിന്യം കുന്നുകൂടി. തീര്‍ഥാടകര്‍ ഏറെ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡായ ഷൈനി എബ്രഹാം റോഡിലെ ഓട നന്നാക്കിയിട്ടില്ല. മലിനജലം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ഇവിടെ യാത്ര ദുസ്സഹമാണ്. ശബരിമല തീര്‍ഥാടനകാലം സര്‍ക്കാറിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടിക്കണക്കിന് രൂപയുടെ വരുമാനനേട്ടമാണ് ഉണ്ടാക്കുന്നത്. അതില്‍ ഒരുവിഹിതം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷേ, അത് മിക്കപ്പോഴും സമയത്ത് നല്‍കാറില്ല. സ്വന്തം ഫണ്ട് നാമമാത്രമായ നഗരസഭ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ക്ളേശിക്കുന്നു. അതിനിടെ, തീര്‍ഥാടനകാലത്ത് ചില്ലറപണികള്‍ നടത്തി പിന്നീട് പണം കിട്ടുമ്പോള്‍ നഗരസഭയുടെ ആവശ്യത്തിന് ഉപയോഗിക്കും. ശബരിമലക്ക് അനുവദിക്കുന്ന പണം വകമാറ്റി ചെലവഴിച്ച നിരവധി സംഭവങ്ങളും നഗരസഭയില്‍ ഉണ്ടായിട്ടുണ്ട്. 2012ല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ അനുവദിച്ച 15 ലക്ഷത്തില്‍നിന്ന് പണമെടുത്ത് ശുചീകരണത്തിന് ഫ്രണ്ട് ലോഡ് ട്രാക്ടര്‍ വാങ്ങിയിരുന്നു. അനുവദിക്കുന്ന തുക എങ്ങനെ വകമാറ്റുന്നു എന്നതിന് ഉദാഹരണമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.