നോട്ട് മാറ്റം: ബാങ്കുകളില്‍ വന്‍ തിരക്ക്

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ 500,1000 എന്നിവയുടെ കറന്‍സികള്‍ പിന്‍വലിച്ചതിനത്തെുടര്‍ന്ന് അത് മാറ്റി പുതിയ നോട്ടുകള്‍ വാങ്ങുന്നതിന് വ്യാഴാഴ്ച ജനങ്ങളുടെ വലിയ തിരക്കാണ് ബാങ്കുകളില്‍ അനുഭവപ്പെട്ടത്. ബാങ്കുകളില്‍ പുതിയ കറന്‍സി എത്തിയതോടെയാണ് നോട്ടുകളുടെ വിതരണം തുടങ്ങിയത്. കൈയിലെ പഴയ കറന്‍സികള്‍ മാറ്റുന്നതിന് ജനം ദേശസാത്കൃത-സ്വകാര്യ ബാങ്കുകളിലേക്ക് ഒഴുകി. പഴയ നോട്ടുകള്‍ പിന്‍വലിച്ചതിനത്തെുടര്‍ന്ന് അടച്ച ബാങ്കുകള്‍ വ്യാഴാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന വിവരം അറിഞ്ഞതോടെ രാവിലെ ഒമ്പതുമുതല്‍തന്നെ ബാങ്കുകളുടെ ശാഖകള്‍ക്ക് മുന്നിലും നീണ്ടനിരയായിരുന്നു. നോട്ട് മാറുന്നത് സംബന്ധിച്ച് ബാങ്കില്‍ എത്തിയവര്‍ക്ക് നിരവധി സംശയങ്ങളായിരുന്നു. എത്ര രൂപ വരെ പിന്‍വലിക്കാന്‍ കഴിയും, ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമാണോ നോട്ട് മാറിയെടുക്കാന്‍ കഴിയുക തുടങ്ങിയവായിരുന്നു സംശയങ്ങള്‍. ഉപഭോക്താക്കളെ സഹായിക്കാന്‍ എല്ലാ ബാങ്കിലും പ്രത്യേക കസ്റ്റമര്‍ കെയര്‍ സംവിധാനങ്ങളും ഒരുക്കി. രാവിലെ ഓഫിസ് സമയം ആരംഭിക്കുന്നതിനുമുമ്പ് സെക്യൂരിറ്റി ജീവനക്കാര്‍ കറന്‍സി മാറ്റി നല്‍കാനുള്ള ഫോറമുകളും മറ്റ് ഇടപാടിന് ആവശ്യമായ സ്ളിപ്പുകളും വിതരണം ചെയ്തുതുടങ്ങി. സാധാരണ മൂന്ന് മുതല്‍ അഞ്ച് കൗണ്ടര്‍ വരെ ഉള്ള ബാങ്കുകളില്‍ കൗണ്ടര്‍ എണ്ണം വര്‍ധിപ്പിച്ചാണ് നോട്ട് വിതരണം നടത്തുന്നത്. തിരക്ക് പരിഗണിച്ച് ഈ സംവിധാനം വരുംദിവസങ്ങളിലും തുടരുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.എന്നാല്‍, ബാങ്കുകള്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും എ.ടി.എമ്മിന്‍െറ പ്രവര്‍ത്തനം സാധാരണഗതിയിലായിട്ടില്ല. എ.ടി.എമ്മുകളില്‍നിന്നും പണം എടുക്കണമെങ്കില്‍ ശനിയാഴ്ചവരെ കാത്തിരിക്കണം. 4000രൂപ വരെയുള്ള കറന്‍സികളാണ് വ്യാഴാഴ്ച മുതല്‍ ലഭിച്ചുതുടങ്ങിയത്. കുടുംബസമേതമായി പണം പിന്‍വലിക്കാന്‍ നിരവധിപേരാണ് ബാങ്കുകളില്‍ എത്തിയത്. ഇതിന് ഓഫിസില്‍നിന്ന് അവധിയെടുത്ത് എത്തിയവരും നിരവധിയാണ്. ഒരാള്‍ക്ക് 4000 രൂപ മാത്രമേ മാറ്റിയെടുക്കാനാകൂവെന്നതിനെ തുടര്‍ന്നാണ് പലരും കുടുംബസമേതം പണം പിന്‍വലിക്കാന്‍ എത്തിയത്. എന്നാല്‍, ചില ബാങ്കുകളില്‍ പണം എത്താന്‍ വൈകിയത് ജനങ്ങളെ വലച്ചു. ഇതേതുടര്‍ന്ന് പലയിടത്തും ബാങ്കിന്‍െറ പ്രവര്‍ത്തനം വൈകുന്നേരം ആറുവരെ നീണ്ടു. ഇക്കാരണത്താല്‍ പലര്‍ക്കും നോട്ടുകള്‍ മാറ്റാന്‍ സാധിച്ചിട്ടില്ല. ഇതിന് പരിഹാരമായി ശനി, ഞായര്‍ ദിവസങ്ങളില്‍കൂടി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അതിനിടെ, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സാധാരണക്കാര്‍ക്ക് നോട്ട് മാറാന്‍ സാധിക്കാതിരുന്നത് പ്രശ്നമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.