അപ്രഖ്യാപിത ബസ് പണിമുടക്ക് തടയാന്‍ നടപടിയില്ല

ആലപ്പുഴ: യാത്രാ ക്ളേശം ഏറെയുള്ള ആലപ്പുഴ നഗരത്തില്‍ അടിക്കടി സ്വകാര്യ ജീവനക്കാരുടെ അപ്രഖ്യാപിത പണിമുടക്ക് പതിവാകുന്നു. ഇക്കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് നിയന്ത്രണം ഉണ്ടാകുന്നില്ല. ഓരോ പ്രശ്നത്തിന്‍െറയും പേരില്‍ പ്രതിഷേധിക്കാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് മുന്നറിയിപ്പില്ലാതെ സര്‍വിസ് നിര്‍ത്തുക എന്നത്. രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകള്‍ പ്രതീക്ഷിച്ച് യാത്രക്കിറങ്ങുന്ന പൊതുജനങ്ങളും വിദ്യാര്‍ഥികളുമെല്ലാം ബസ് സ്റ്റോപ്പില്‍ എത്തുമ്പോഴാണ് വിവരം അറിയുന്നത്. ആലപ്പുഴയില്‍ പൊതുവേ സ്വകാര്യ ബസുകള്‍ ഏറെയുള്ള നിരവധി റൂട്ടുകളുണ്ട്. കലവൂര്‍ മുതല്‍ ഇട്ടകുളങ്ങരവരെയും തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരിവരെയും സ്വകാര്യ ബസുകള്‍ കൂടുതല്‍ സര്‍വിസ് നടത്തുന്നു. ജീവനക്കാരെ കൈയേറ്റം ചെയ്യുകയോ ആക്രമിക്കുകയോ ചെയ്താല്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള അവകാശമുണ്ട്. തിരിച്ചാണെങ്കിലും അങ്ങനെതന്നെ. എന്നാല്‍, ഇവിടെ തൊഴിലാളികളെ ആക്രമിച്ചാല്‍ ഫാക്ടറി സ്തംഭിപ്പിക്കുന്നതുപോലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നിന്നാല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന സ്ഥിതി ജനങ്ങളോടുള്ള വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാര്‍ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലെ പ്രശ്നങ്ങള്‍ പലപ്പോഴും പലയിടങ്ങളിലും ഉണ്ടാകാറുണ്ട്. അതിന്‍െറ ന്യായാന്യായങ്ങള്‍ പല രീതിയിലാണ്. സ്കൂള്‍ കുട്ടികളെയും കോളജ് വിദ്യാര്‍ഥികളെയും ബസില്‍ കയറ്റാതെപോകുന്ന പതിവ് പല റൂട്ടുകളിലും ഉണ്ടാകാറുണ്ടെന്ന് പരാതിയുണ്ട്. ബുധനാഴ്ചയും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിനത്തെുടര്‍ന്നുള്ള തര്‍ക്കമായിരുന്നു പ്രശ്നങ്ങള്‍ക്ക് ആധാരം. കുറച്ചുപേര്‍ ബസിന്‍െറ താക്കോല്‍ ഊരിയെടുത്തത്രേ. നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും അത് ജീവനക്കാരുടെ പ്രതിഷേധത്തില്‍ എത്തുകയും ചെയ്തു. അതോടെ രാവിലെ 11 മണി മുതല്‍ ജീവനക്കാര്‍ നിരത്തില്‍നിന്ന് ബസുകള്‍ പിന്‍വലിച്ചു. വൈകുന്നേരം വീട്ടിലേക്ക് മടങ്ങാന്‍ സ്റ്റോപ്പുകളില്‍ എത്തിയ വിദ്യാര്‍ഥികള്‍ ഏറെ കാത്തുനിന്ന ശേഷമാണ് വീട്ടിലത്തെിയത്. അതുപോലെ നഗരത്തിലത്തെിയ വീട്ടമ്മമാരും ഉദ്യോഗസ്ഥരുമെല്ലാം ഈ പ്രതിഷേധത്തിന്‍െറ ദുരിതം അനുഭവിച്ചു. പൊലീസിന്‍െറയും ആര്‍.ടി.ഒയുടെയും സാന്നിധ്യത്തില്‍ കലക്ടര്‍ പലപ്പോഴായി സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടന പ്രതിനികളുമായി ചര്‍ച്ചനടത്തി ഇത്തരത്തിലുള്ള പ്രതിഷേധം ഉണ്ടാകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തതാണ്. എന്നാല്‍, എല്ലാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചാണ് അപ്രഖ്യാപിതമെന്ന പേരില്‍ പണിമുടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.