മാരിയമ്മ ലോഡ്ജ്

പഴനിയിൽനിന്ന് ജീപ്പ് മുന്നോട്ടെടുക്കുമ്പോൾ കാതിൽ, കുപ്പുസ്വാമിയുടെ കരച്ചിലിൽ കുതിർന്ന ശബ്ദം മാത്രം. ‘‘അണ്ണാ! കാപ്പാത്തുങ്കോ...’’ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കോവിൽനിന്നും താഴേക്ക് പറന്നിറങ്ങുംപോലെ മുരുക ഗാനങ്ങളുടെ മിശ്രിതം കേൾക്കുന്നുണ്ട്. കാറ്റിന് വിയർപ്പിൽ പൊതിഞ്ഞ ഭസ്മത്തിന്റെയും വിഴുപ്പുകളുടെയും ചൂര്. അണ്ണാദുരെ ബീഡി കത്തിച്ച് പങ്കെനിക്ക് നീട്ടി. ‘‘ഇങ്കെ മുരുകനിരിക്കുമ്പോത് തമ്പിയെ എതുക്കണ്ണാ, അന്ത മലയിലേ തങ്ങവച്ചത്?’’ സ്നേഹംകൊണ്ടുള്ളയാ പരാതി എനിക്ക് മനസ്സിലാവും. ഞാനൊന്നും പറഞ്ഞില്ല. ആറടി പൊക്കത്തിൽ ചുരുണ്ട കരിക്കട്ട രോമങ്ങളുള്ള അണ്ണാദുരെ പുറത്തേക്ക് നോക്കിയിരുന്നു....

പഴനിയിൽനിന്ന് ജീപ്പ് മുന്നോട്ടെടുക്കുമ്പോൾ കാതിൽ, കുപ്പുസ്വാമിയുടെ കരച്ചിലിൽ കുതിർന്ന ശബ്ദം മാത്രം.

‘‘അണ്ണാ! കാപ്പാത്തുങ്കോ...’’

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കോവിൽനിന്നും താഴേക്ക് പറന്നിറങ്ങുംപോലെ മുരുക ഗാനങ്ങളുടെ മിശ്രിതം കേൾക്കുന്നുണ്ട്. കാറ്റിന് വിയർപ്പിൽ പൊതിഞ്ഞ ഭസ്മത്തിന്റെയും വിഴുപ്പുകളുടെയും ചൂര്. അണ്ണാദുരെ ബീഡി കത്തിച്ച് പങ്കെനിക്ക് നീട്ടി.

‘‘ഇങ്കെ മുരുകനിരിക്കുമ്പോത് തമ്പിയെ എതുക്കണ്ണാ, അന്ത മലയിലേ തങ്ങവച്ചത്?’’ സ്നേഹംകൊണ്ടുള്ളയാ പരാതി എനിക്ക് മനസ്സിലാവും. ഞാനൊന്നും പറഞ്ഞില്ല. ആറടി പൊക്കത്തിൽ ചുരുണ്ട കരിക്കട്ട രോമങ്ങളുള്ള അണ്ണാദുരെ പുറത്തേക്ക് നോക്കിയിരുന്നു. എന്തോ, ഏറെനേരം വാക്കുകൾ ഞങ്ങളിൽനിന്ന് അകന്നപോലെ.

ആറുമാസം മുമ്പാണ്. പഴനിയിൽനിന്ന് കുടുംബം പടവിറങ്ങി വരികയായിരുന്നു. ഭാര്യയും ഭർത്താവും കൂടെയൊരു പെൺകുട്ടിയും. മുണ്ഡനം ചെയ്ത അവരുടെ തലകളിൽ മഞ്ഞക്കുഴമ്പ് പുരട്ടിയിട്ടുണ്ട്. കയ്യിലെ മഞ്ഞ സഞ്ചിയിൽ തൂങ്ങിയാടുന്നു, പ്രസാദം. മലയിറക്കത്തിനൊടുവിൽ ഭർത്താവിന് ദേഹം തളരുന്നപോലെ തോന്നി. അയാൾ വെട്ടിവിയർത്തു. വിളിപ്പുറത്ത് കിട്ടിയത് എന്നെയാണ്.

ആശുപത്രിയിലേക്കെത്താൻ നിന്നില്ല. നീണ്ട ഞരക്കത്തോടെ അയാൾക്കുള്ളിലെ അവയവനഗരം എന്നേക്കുമായി നിലച്ചിരിക്കുന്നു. ഇനി അയാൾക്ക് രാത്രിയെയും പകലിനെയും ഭയക്കണ്ട, ജോലിക്ക് പോവണമല്ലോ എന്നോർത്ത് ഉറക്കത്തിൽനിന്ന് കുതറിയെണീക്കണ്ടാ, പരിചയക്കാരാരെങ്കിലും കാണുമോയെന്ന് ഭയന്ന്, ബാറിരുട്ടിൽ ഈ അമ്പതിലും മുഖം കൈകൊണ്ട് പൊത്തി ഒറ്റവിഴുങ്ങലിൽ നെഞ്ചു തടവേണ്ട...

മരിച്ചാലുമില്ലെങ്കിലും ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് ആർക്കാണ് അറിയാത്തത്. പഴനി ജനറൽ ആശുപത്രിയിലേക്ക് മിന്നിച്ച് വിട്ടു. ജീപ്പിന്റെ വരവുകണ്ടാ ആരും ഇത്തിരി വഴി തന്നുപോവും.

ഒരാള് ചത്തോ ജീവിച്ചിരിപ്പുണ്ടോന്നൊക്കെ ഞങ്ങള് വണ്ടിപ്പണിക്കാർക്ക് എളുപ്പം തിരിയും. അതിനൊരു സ്റ്റെതസ്കോപ്പും കോപ്പും വേണ്ട. കാഷ്വാലിറ്റിയിലെ ഡ്യൂട്ടി ഡോക്ടറും പറഞ്ഞത് ആള് തീർന്നെന്നുതന്നെ.

‘‘ബോഡി നാട്ടിലെത്തിക്കണം.’’ അറ്റൻഡർ ഒട്ടും വൈകാരികതയില്ലാതെ പറഞ്ഞു. വിധവ ആശുപത്രിയിലെ അഴുക്കു പുരണ്ട തൂണിൽ കൈ ചുറ്റി, പ്രിയപ്പെട്ടതെന്തോ അടുത്തുകണ്ടപോലെ കരഞ്ഞു. അവരാകെ ഭയന്നിരുന്നു.

മേഘങ്ങൾ മാറിമറഞ്ഞ് ആകാശമതിന്റെ രംഗപശ്ചാത്തലം മാറ്റുംപോലെ എത്ര പെ​െട്ടന്നാണ് അയാളുടെ ഭാര്യ വിധവയായത്?

കാര്യമത്രയ്ക്കായപ്പോൾ എനിക്ക് പേടിയായി. കൈ ചെറുതായി വിറക്കാനും തുടങ്ങി. അങ്ങനെയാണ് കൂട്ടിന് കുപ്പുസ്വാമിയെ വിളിക്കുന്നത്.

കുപ്പുസ്വാമിയൊരു കറുത്ത തോൾബാഗുമായാണ് വന്നത്, നിറചിരിയോടെ. സന്ദർഭത്തിന് അതൊട്ടും ചേരില്ലെങ്കിലും. ആ ഒരൊറ്റയാത്രയുടെ പരിണിതഫലമാണല്ലോ അവനിന്ന് കരഞ്ഞനുഭവിക്കുന്നത്.

അത്ര നിഷ്കളങ്കനായ ഒരുത്തനെയും ഞാനീ പഴനിയിൽ കണ്ടിട്ടില്ല. കുറ്റിപ്പുറത്തുനിന്ന് കുറ്റീം പറിച്ച് പോന്നവനാണ് ഞാൻ. എനിക്കിവിടെയൊരു വിലാസം തന്നത് കുപ്പുസ്വാമിയുടെ അപ്പൻ മുരുകണ്ണയാണ്. അത് ചത്താലും മറക്കില്ല.

സേലത്തേക്കായിരുന്നു ബോഡി എത്തിക്കേണ്ടിയിരുന്നത്. ആശുപത്രിയിൽനിന്ന് ബോഡി ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാൻ ഡ്യൂട്ടി ഡോക്ടർ പറഞ്ഞുവെങ്കിലും ആ സ്ത്രീക്കെന്തോ എന്നെയായിരുന്നു വിശ്വാസം. നേരം ഇരുട്ടുകയും ചെയ്തിരുന്നു.

ജീപ്പിന്റെ പിറകിലെ സീറ്റിലിട്ട് ജഡത്തെ കെട്ടി. തൊട്ടരികിലായി അതിനേക്കാൾ വിറങ്ങലിച്ച് ആ സ്ത്രീയും പെൺകുട്ടിയും.

പഴനിമലയുടെ മുകളിൽ ആകാശം തേരു നിരത്തുന്നത് കണ്ടു. അധികം താമസിയാതെ മഴ പെരുത്തു. ജീപ്പിന്റെ വൈപ്പർ കേടായിട്ട് കുറച്ചായി. ആ പണി തേരുരുൾ കാക്കുംപോലെ ചെയ്തത് കുപ്പുസ്വാമിയാണ്.

സേലത്തെത്തുമ്പോൾ രാത്രി കനത്തിരുന്നു. ഉൾഗ്രാമത്തിലാണ് വണ്ടി ചെന്നുനിന്നത്. സേലംവരെ വഴിയാരും പറഞ്ഞുതരേണ്ട ആവശ്യമില്ല, മനഃപാഠമാണ്. ശേഷം പെൺകുട്ടി വഴി പറഞ്ഞുതന്നു.

കൊക്കയിൽനിന്ന് ഉയർന്നുപൊന്തുന്ന ഒച്ചപോലെ നിലവിളിച്ചാണ് തെരുവ് ഞങ്ങളെ എതിരേറ്റത്. കുപ്പായമിടാത്ത നെഞ്ചിൽനിന്നും കയ്യിലേക്ക് ഊർന്നുവീണ കള്ളിത്തോർത്തുമായി ആളുകൾ ജീപ്പിനെ പൊതിഞ്ഞപ്പോൾ ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നത് പഴനിയിൽത്തന്നെയാണോ എന്ന് തോന്നിപ്പോയി.

ബോഡിയിറക്കി മടങ്ങുമ്പൊ കുപ്പുസ്വാമിയുടെ മുഖത്തെ എല്ലാ പ്രസാദവും വിയർപ്പിനൊപ്പം ഒലിച്ചുപോയിരുന്നു. വഴിയരികിലെ കടയിൽനിന്ന് ചുടുചായ മൊത്താൻനേരം അവനെന്നോട് കെഞ്ചിച്ചോദിച്ചു: ‘‘ഒരു വേല വാങ്ങി കൊടുപ്പീങ്കലാ...’’

കുപ്പുസ്വാമിയുടെ സ്വരമെന്നെ കൊത്തി. മുരുകണ്ണ പോയതിനു ശേഷം അവനാകെ കഷ്ടത്തിലാണ്. വല്ലപ്പോഴും ഞാൻ കൂടെക്കൂട്ടുന്നതല്ലാതെ വലിയ പണിയൊന്നും ഒത്തിട്ടില്ല.

ഓരോ ട്രിപ്പ് തനിയേ പോയി വരുമ്പോഴും നല്ല തള്ള് ഞാൻ നടത്താറുണ്ട്. കൊടൈക്കനാലിനെ പറ്റിയും പറഞ്ഞിട്ടുണ്ട്. ഉള്ളതും ഇല്ലാത്തതും ചേർന്നതാണല്ലോ കഥ! അവൻ അതൊക്കെ വിശ്വസിച്ചു കാണുമോ?

ജീപ്പ് ചാരിനിന്ന് ബീഡി വലിക്കുമ്പൊ ഞാൻ ചോദിച്ചു: ‘‘എങ്കെ?’’

ഒട്ടും ആലോചിക്കാതെ മറുപടി വന്നു: ‘‘കൊടൈക്കനാൽ!’’

പഴനിയിൽതന്നെ പോരേന്ന് തർക്കിക്കാൻ നിന്നില്ല. അവനേതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു. കടക്കാരെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാഞ്ഞിട്ടാണ് അവനെന്റെ മുന്നിൽ യാചിക്കുന്നത്. മുരുകണ്ണയുടെ മകന് എന്നോട് ആജ്ഞാപിക്കുകയാവാം. അവനതു ചെയ്തില്ല.

എല്ലാറ്റിനും ഒരേയൊരു കാരണം, മുരുകണ്ണൻ. എരണ്ടുപോയി. അല്ല, ചോദിച്ചു വാങ്ങി. വർക്ക്​ഷോപ്പിലെ പണികഴിഞ്ഞിറങ്ങിയാൽ നേരെ തട്ടുകടപോലെ പ്രവർത്തിക്കുന്ന തട്ടുകടക്ക് മുന്നിൽ പ്രത്യക്ഷപ്പെടും. പ്ലാസ്റ്റിക് കവറിന്റെ അറ്റം ഇടപ്പല്ലുകൊണ്ട് വലിച്ചുകീറി ഗ്ലാസിലെ ഇളം ചോപ്പിലേക്ക് വെള്ളം ചീറ്റിക്കും. നിന്ന നിൽപിൽ നാലെണ്ണം അകത്താക്കി ഇഴഞ്ഞിഴഞ്ഞ് വീട് പിടിക്കും.

ഒടുവിലേതോ ഒരുത്തന്റെ പിച്ചാത്തിക്ക് പള്ള കാട്ടിക്കൊടുത്തു. അടക്കിന്റന്ന് കുപ്പുസ്വാമിയുടെ കണ്ണിലെ ദൈന്യത കണ്ടപ്പോൾ മാത്രം എന്റെ പിടിവിട്ടു. പഴനിയിൽ വന്നിട്ട് ഒരേയൊരു കരച്ചിൽ, അതും മുരുകണ്ണനെ വിചാരിച്ച്. അവനെ കണ്ടപ്പോൾ മുരുകണ്ണക്ക് മുന്നിൽ അന്ന് നിന്ന എന്നെ ഓർത്തുവെന്നത് നേരാണ്. അല്ലേലുമീ ഓർമകളൊക്കെ എന്തൊരു അപകടം പിടിച്ച ഏർപ്പാടാണാല്ലേ?

സേലം യാത്ര കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടുകാണണം. എനിക്കൊരു കൊടൈക്കനാൽ ട്രിപ്പ് തരപ്പെട്ടു. മാരിയമ്മയുടെ ലോഡ്ജിലാണ് അവിടെ ചെല്ലുമ്പോഴൊക്കെ തങ്ങാറ്. ഒന്നോർത്താൽ അവർക്കുവേണ്ടിയാണല്ലോ പുകയുന്ന ഉരുപ്പടിയുമായി ചുരം കയറുന്നതും, ഇറങ്ങുന്നതും. അപകടം പിടിച്ച ഏർപ്പാടാണെന്ന് അറിയാഞ്ഞിട്ടല്ല, ഇരുപതിനായിരം കയ്യിലിരിക്കും.

ലോഡ്ജിന്റെ പിറകിൽ ബാറാണ്. അതിനും പിറകിൽ നിരത്തുകടന്നാൽ ദേവദാസികളുടെ കുടുസ്സു മുറികളും. അങ്ങനൊരിടത്ത് നിനക്ക് പറ്റുമോന്ന് കുപ്പുവിനോട് തിരക്കി.

‘‘എതുക്ക് സന്ദേഹപ്പെടറേൻ? അത് പോതുമണ്ണാ. വേല നെജമാ കെടയ്ക്കുമാ?’’ അവൻ ചോദിച്ചു.

ചതുപ്പു പാടത്ത് വഴിയറിയാതെ പെട്ടപോലാണ് മാരിയമ്മാ ലോഡ്ജെന്ന് അവിടെ പോയിട്ടുള്ളവർക്ക് അറിയാം. പല തടസ്സങ്ങളും അവനു മുന്നിൽ നിരത്തി. ജീവിതപ്രശ്നങ്ങൾ ചേർത്ത് അവന്റെ നിരാശ കലർന്ന കരുനീക്കമെത്തി. ഒടുവിലത്‌ അങ്ങനെതന്നെയായി.

‘‘കാപ്പാത്തുങ്കോ...’’ പെട്ടെന്നൊരു വണ്ടി വിലങ്ങു ചാടിയപ്പോൾ സഡൻ ​േബ്രക്കോടെ ഞാൻ ഓർമകളിൽനിന്ന് ഉണർന്നു.

‘‘ടീ ശാപ്പിടലാമേ...’’ അണ്ണാദുരെ സിഗ്നലിൽ പച്ച കാത്തുകിടക്കുന്നതിനിടെ ചോദിച്ചു. എനിക്ക് ദേഷ്യം വന്നു. ഉള്ളിലപ്പഴും കുപ്പുസ്വാമിയുടെ കരച്ചിലാണ്. അതൊരു കഥകളി പദത്തിന്റെ ക്രൗര്യസങ്കടത്തോടെ എന്നിൽ കത്തിവേഷമാടുകയാണ്.

അണ്ണാദുരെ കുപ്പുവിന്റെ അമ്മാവന്റെ മകനാണ്. എന്നിട്ടും അവനീ ഉള്ളുഷ്ണത്തിൽ ദാഹിക്കുന്നു, വിശക്കുന്നു. വണ്ടിയൊതുക്കി, അരിശത്തോടെ തന്നെ.

‘‘എതുവേണേൽ ശാപ്പിട്. കലസിയെല്ലാം കുപ്പുവേ തിരിച്ചുകിട്ടിയിട്ട്.’’ തമിഴുകലർന്ന മലയാളത്തിൽ അവനോട് പറഞ്ഞു. അവന്റെ വിശപ്പും ദാഹവും ഒടുങ്ങിയപ്പോൾ എന്റെ ദേഷ്യവും ശമിച്ചു. ഒന്നും കഴിച്ചിട്ടുണ്ടാവില്ല പാവം.

കാലിച്ചായ കുടിച്ചതിന്റെ ഉണർവുണ്ടായിരുന്നു ബീഡി കത്തിച്ച് വണ്ടി ചീറ്റിക്കുമ്പോൾ. അടിവാരത്തേക്ക് കോടയിറങ്ങിയിട്ടുണ്ട്. ഫോഗ് ലാമ്പിന്റെ മഞ്ഞവെളിച്ചം വഴി തേടിക്കൊണ്ടിരുന്നു.

ഒന്നും പറയാതെ ചെക്ക്പോസ്റ്റിലെ പൊലീസുകാരൻ വഴികടത്തിവിട്ടു. അതിനാകെ, ‘‘മാരിയമ്മയെ പാക്കത്ക്ക്’’ എന്ന് പറയേണ്ടിവന്നു. അയാൾക്കുള്ള മാസപ്പടി മുറതെറ്റാതെ കിട്ടുന്നുണ്ടാവണം, അല്ലെങ്കിൽ അവരെ ഭയന്നിട്ട്.

കുതിരകൾ ചുരവഴിയുടെ അരികിൽ നിൽപുണ്ട്. ഏതുനേരത്തും അവയെ നിരത്തിൽ കാണാം. കടകളിൽ ചിലത് തുറന്നു​െവച്ചിട്ടുണ്ട്. ചുരത്തിന്റെ വശങ്ങളിൽ തെരുവ് വിളക്കുകളുടെ പ്രകാശം കാഴ്ചയെ വെല്ലുവിളിക്കുന്നുണ്ട്. ചുരമിറങ്ങി വരുന്ന വാഹനങ്ങളുടെ വെളിച്ചം കൂടിയാവുമ്പോൾ വേഗത പിന്നെയും കുറക്കേണ്ടിവരുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വെള്ളച്ചാട്ടങ്ങൾക്ക് ഓരംപറ്റി പാർക്കിങ് ലൈറ്റ് ഇട്ട് കിടപ്പുണ്ട്.

മഞ്ഞും മഴയും ചേർന്ന കുഴമ്പ് പെയ്യാൻ തുടങ്ങി. മഴകൊണ്ടുപോയ നിരത്തിന്റെ മുറിവുകളിൽ വാഹനം പതിക്കുകയും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അല്ലെങ്കിൽ ഓരോ കുഴിയും ശ്രദ്ധിക്കാറുള്ളതാണ്. ഇന്നതിന് സാധിക്കുന്നില്ല.

ഫോൺ ശബ്ദിച്ചു. അണ്ണാദു​െരയോട് എടുക്കാൻ ആംഗ്യം കാണിച്ച് ബീഡി കത്തിച്ചു. ഗിയറു താഴ്ത്തി കൊടും ചരിവ് തിരിച്ച് ഗിയർ മേലോട്ടാക്കി. "സത്ത് പോയിടുവേൻ അണ്ണാ! ഇത് വന്ത് സുടലശാപ്പാട്.’’ അണ്ണാദുരെ കുപ്പു പറഞ്ഞത് വള്ളിപുള്ളി വിടാതെ എന്നോട് പറഞ്ഞു.

‘‘അരമണി നേരം ന്ന് സൊല്ലടാ...’’ ഞാൻ അണ്ണാദു​െരയോട് ഒച്ചവെച്ച് ആക്സിലറേറ്ററിലേക്ക് കാലമർത്തി, അതിലുമാഴത്തിൽ വേഗത കൂട്ടാനില്ലെന്നതുപോലെ.

ചുരത്തിന്റെ ഒമ്പതാം വളവിൽ കർണാടക ബസ് പഞ്ചറായി കിടപ്പുണ്ട്. യാത്രക്കാരൊക്കെ പുറത്തിറങ്ങി ബസിന്‌ ചുറ്റും തടിച്ചുകൂടിയിരിക്കുകയാണ്. പലരുടെയും ചന്തിയും കാലും റോഡിലാണ്. ഹോണടിച്ച് ജീപ്പ് മുന്നോട്ടെടുത്തു.

രണ്ടു വർഷം മുമ്പാണ്; അല്ലേലും എങ്ങനെ മറക്കാനാണ്. പതിവുപോലെ മരുന്നുമായി കൊടൈക്കനാലിലേക്ക് പുറപ്പെട്ടു. എത്തിക്കാൻ പോവുന്ന സാധനത്തിന് ലക്ഷങ്ങളുടെ വിലയുണ്ടെന്ന് അറിയാം. പക്ഷേ, കള്ളക്കടത്തിൽ കണ്ണിചേർന്നാലൊരു ലോഹമൂർച്ച കഴുത്തിനു പിന്നിലെപ്പോഴും പ്രതീക്ഷിക്കണം. മഞ്ഞുതുള്ളി വന്നുവീണാലും ഉള്ളൊന്ന് കിടുങ്ങും. ശ്രദ്ധിച്ചും കണ്ടും നിന്നാൽ അവനവന് കൊള്ളാം. ഇല്ലെങ്കി കുടുംബക്കാർക്ക് വായ്ക്കരിയിടാൻ ഒരാളുകൂടിയായി.

വെള്ളിയാഴ്ച വൈകീട്ട് പതിവുപോലെ പഴനി സ്വാമിക്കൊരു തൊഴലും കൊടുത്താണ് പുറപ്പെട്ടത്. അതിനും ഒരു മണിക്കൂർ മുമ്പാണ് മാരിയമ്മയുടെ ശിങ്കടി പഴനിയിൽ എന്നെത്തേടി വന്നത്. ആൾക്കൂട്ടത്തിൽ മറവുണ്ടാക്കി അവൻ ചുരുങ്ങിയ വാക്കിൽ വിവരം കൈമാറി തിരക്കിൽ മറഞ്ഞു.

കൊടൈക്കനാൽ എത്തുമ്പോഴേക്കും പുലർച്ചെ രണ്ടുമണിയായി. എനിക്കാണെങ്കിൽ ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു. ചൂടൊക്കെ സഹിക്കാം, തണുപ്പോളം ശാപം പിടിച്ചൊരു പാതാളസ്ഥിതി വേറെയില്ല. സീസണായതുകൊണ്ട് ലോഡ്ജ് ഫുൾ. ജീപ്പിനകത്ത് കിടന്നാൽ ചോര കല്ലച്ച് എരണ്ടുപോവും.

മാരിയമ്മയ്ക്ക് നാല് ദ്വാരപാലകന്മാരുണ്ട്. കാട്ടുപോത്താണ് അതിലും ഭേദം, ലൈറ്റായ വേദമൊക്കെ അതിനടുത്ത് ചെലവായേക്കും. ഞാൻ അവർക്കിടയിലെ പാലമായതുകൊണ്ട് മാരിയമ്മയെ കാണണമെന്ന് പറഞ്ഞപ്പോൾ അകത്തേക്ക് വന്നോളാൻ ദ്വാരപാലകരിലൊരാൾ കൈ കാണിച്ചു.

മാരിയമ്മാ ലോഡ്ജിന്റെയാ വശം ആളുകൾക്ക് അപരിചിതവും നിഗൂഢവുമായ ഇടമാണെന്ന് എനിക്ക് മനസ്സിലാവാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. പുറംകാഴ്ചയിൽ ലോഡ്ജിന് അങ്ങനൊരു ഭാഗംകൂടി ഉണ്ടെന്ന് തോന്നുകയില്ല. അത്തരത്തിലാണ് കെട്ടിടം പണിഞ്ഞവൻ ചെയ്തു​െവച്ചിരിക്കുന്നത്.

ലോഡ്ജിൽനിന്ന് വേർപെടുത്തുന്ന പ്രധാന വാതിൽ തുറന്നപ്പോൾതന്നെ വേണ്ടായിരുന്നു എന്നൊരു തോന്നൽ എനിക്കുണ്ടായി. പഴയ സിനിമകളിലൊക്കെ ഉള്ളതുപോലെ കിളികളുടെ ചിറകടിയൊച്ച കേട്ടു. കടന്നുപോവുന്ന ഇടവഴിയിൽ ധാരാളം വെളിച്ചമുണ്ടായിരുന്നു. ചുമരുകളിൽ നിറയെ മ്യൂറൽ പെയിന്റിങ്ങുകൾ. അകത്തേക്ക് പ്രവേശിക്കുംതോറും ധൂമഗന്ധത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. എന്നാൽ അതൊട്ടും അലോസരമായിരുന്നില്ല, അൽപം വശ്യത ആ ഗന്ധത്തിന് ഉണ്ടെന്നുപറഞ്ഞാലും തെറ്റില്ല. വെളിച്ചത്തിന്റെ നിറം പതിയെ മറ്റൊന്നായി മാറി.

മാരിയമ്മ ഇരിക്കുന്ന മുറിയിലേക്ക് കടന്നപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. പെയിന്റിങ്ങുകൾക്ക് പകരം ചുമർ നിറയെ മര അലമാരകൾ. അലമാരകളിൽ നിറയെ പുസ്തകങ്ങൾ. തിരുക്കുറളും മറ്റു ചില പുസ്തകങ്ങളും എനിക്കതിൽനിന്നും തിരിച്ചറിയാനായി. മേശപ്പുറത്ത് തിടമ്പേറ്റിയ ആനപോലെ എഴുന്നു നിൽക്കുന്ന ഗ്രാമഫോണിൽനിന്നും കർണാടിക് ക്ലാസിക് പാടുന്നത് ബോംബെ സിസ്റ്റേഴ്സുതന്നെ. മൂക്ക് ചേർത്ത സ്ത്രീശബ്ദം! അലിഞ്ഞൊറ്റ ശബ്ദമായിത്തീർന്ന സ്വരത്തെ ആസ്വദിച്ച് അൽപമാത്ര നിന്നു.

എന്നെ കണ്ടതും അവർ ജംഗമം അന്വേഷിച്ചു. വന്ന വഴിയൊക്കെ സ്കെച്ചിട്ടുണ്ടാവുമെന്ന് ഉറപ്പല്ലേ. ജീപ്പിലുണ്ടന്ന് പറഞ്ഞു, തങ്ങാൻ ഇടം കിട്ടാത്ത കാര്യവും ഒരു ധൈര്യത്തിന് സൂചിപ്പിച്ചു.

അവരതിനൊന്ന് മൂളി. ശേഷം ബെല്ലിൽ വിരലമർത്തി. കരടിയെന്ന് ഞങ്ങൾ ഡ്രൈവർമാർ രഹസ്യമായി സൂചിപ്പിക്കാറുള്ള അഴകനാണ് വന്നത്. പേരിൽ മാത്രമേ അഴകുള്ളൂ, പരമ ദുഷ്ടനാണ്.

ഇടപാട് തീർത്ത് ഗോഡൗണിലേക്ക് എന്നെയെത്തിച്ച് അഴകൻ പോയി, ഒരിറ്റ് സൗഹൃദത്തിന് ഇടനൽകാതെ. വെളിച്ചം കെടുത്തി, ആ വിശാലമായ കോട്ടയിൽ ചുമരരികിൽ കിടന്നു. ഉറക്കം എന്നിൽനിന്നും അകന്നപോലെ. ക്ഷീണമുണ്ടായിട്ടും ഉറങ്ങാൻ പറ്റാത്തൊരു രാത്രി എത്ര ഭീകരമാണ്.

ചെറിയൊരു കിളിജനാലയുണ്ട്. അപ്പുറമെന്തെന്നറിയാൻ പതിയെ ജനാലയിലൂടെ നോക്കി. കുറച്ച് ബൾബുകൾ താൽപര്യമില്ലാതെ കത്തുന്നത് കണ്ടു. അതിനപ്പുറം ഇരുട്ട്. ഇരുട്ടുകൊണ്ട് പൊട്ടുകുത്തിയ കൊടൈക്കനാൽ! ഞാനൊരു കവിയായിരുന്നെങ്കിൽ അങ്ങനെയൊക്കെ വർണിച്ച് വെറുപ്പിച്ചേനെ. ഭാഗ്യംകൊണ്ട് അതായില്ല.

 

കാത് കൂർപ്പിച്ചപ്പോൾ സ്ത്രീയുടെ അമർച്ചചെയ്യപ്പെട്ട നിലവിളി കേട്ടു. ഇരുട്ട് കൂടുതൽ പരിചിതമായി തുടങ്ങിയിരുന്നു, കണ്ണുകൾക്ക്. ദേവദാസിയായിരിക്കണം, അല്ലാതെ തരമില്ല.

രണ്ടടി ഉയരത്തിൽ സ്ഥാപിച്ച വിളക്കുവെട്ടത്തിൽ അതൊരു കൊച്ചു പൂന്തോട്ടമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പ്രകൃതിയോട് ഇണങ്ങിയുള്ള ലൈംഗികതയാവാമെന്ന് എന്റെ വികലവും പരിമിതവുമായ ഭാവന.

തിളക്കമുള്ള എന്തോ ഒന്ന് മിന്നുന്നതും സ്ത്രീ താഴേക്ക് പതിക്കുന്നതും കണ്ടു. രണ്ടാളുകൾ അരങ്ങിലേക്ക് വന്നു. ശരീര ഭാഗങ്ങളിലേക്ക് എന്തോ വിതറി. ശേഷം തീ കത്തിച്ചു.

ഹോമകുണ്ഡം ജ്വലിക്കുംപോലെ തീ പടർന്നു. അതിന്റെ സ്ഫോടനാത്മകമായ വെളിച്ചത്തിൽ മാരിയമ്മയും അഴകപ്പനും ചിരിയോടെ മടങ്ങുന്നത് എനിക്ക് ദൃശ്യമായി. മാരിയമ്മയുടെ അരപ്പട്ട തിളങ്ങി. വിഷക്രീഡ കഴിഞ്ഞതിന്റെ ഉന്മാദം അവരിൽ. ഞാൻ പൊടുന്നനെ കണ്ണുകളെ പിൻവലിച്ചു, തലവഴി പുതച്ച് കിടന്നു.

പിറ്റേന്ന് സന്ധ്യയോടെയാണ് ഞാനുണർന്നത്. ചുട്ടുപൊള്ളുന്ന പനിയും വിറയലും. അഴകപ്പൻ തന്നിട്ടുപോയ കരിമ്പടപ്പുതപ്പ് പൊത്തി പുറത്തേക്കിറങ്ങി.

തലേന്ന് കണ്ടത് ഭ്രമാത്മകമായ സ്വപ്നമാണോ അതോ യാഥാർഥ്യമോ? പനി ചിലപ്പോൾ ചില വിഭ്രാന്തികളൊക്കെ തന്ന് അനുഗ്രഹിക്കുമല്ലോ...

പനിയോടെ ലോഡ്ജിൽനിന്നും ഇറങ്ങി. ജീപ്പ് നിൽക്കുന്നിടംവരെ നടക്കാനാണ് പ്രയാസം. ജീപ്പിലേക്ക് കയറിയാപ്പിന്നെ, നേർത്ത ഒരനക്കംകൊണ്ട് അതിനെ നിയന്ത്രിക്കാനാവും. എന്നിട്ടും ആ രാത്രിയിലും എനിക്ക് ചുരമിറങ്ങാൻ സാധിച്ചില്ല.

പക്ഷേ, പനിയൊന്ന് കുറഞ്ഞപ്പോൾ മനസ്സ് കനത്തു, തലേന്നത്തെ പെൺചോരയും അഗ്നിയും എന്തിന്റെ പേരിലായിരുന്നു?

കൊടൈക്കനാലിലേക്കുള്ള വരത്തുപോക്കുകളുടെ തുടക്കകാലത്ത്, ഏതാണ്ട് എട്ടുവർഷം മുമ്പ്, ഞാനാ ദേവദാസി പുരയിലാണ് അന്തിയുറങ്ങിയിരുന്നത്. ഒരേയൊരാളെ കാണാൻ വേണ്ടി മാത്രം. വല്ലകി! കണ്ടപ്പോൾ ആ രാത്രി അവളോടൊപ്പം തങ്ങണമെന്ന് മനസ്സ് തുടിച്ചു, കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന് അവളോട് പറയണമെന്നും.

തടാകക്കരയിൽവെച്ച് അവളെ വീണ്ടും കണ്ടു. തോഴിമാരോടൊപ്പമായിരുന്നു അവൾ. എന്നെ കണ്ടതും അർധവൃത്തമാർന്ന ഭാഗത്തുനിന്നും കൂട്ടുകാരുടെ കണ്ണുവെട്ടിച്ച് അവൾ വന്നു. രഹസ്യമറിയാനെന്നോണം ആൽമരത്തിന്റെ മറവിലേക്ക് ചേർത്തുനിർത്തി അവളോട് കണ്ടത് പറഞ്ഞു. അവളുടെ വിരലുകൾ എന്റെ വായ പൊത്തി, അറിയേണ്ടത് ആരായും മുന്നെ.

ഒറ്റിന് ഒരു മരുന്നേ മാരിയമ്മയുടെ കയ്യിലുള്ളുവെന്ന് അവൾ സൂചിപ്പിച്ചു. പനിയാണെന്ന് അവൾ അറിഞ്ഞിരിക്കുന്നു.

‘‘ചൂട് കുറഞ്ഞല്ലോ?’’ വല്ലകി ചിരിച്ചു. അന്നേരം മനസ്സിൽ നിറയെ അവളുടെ ചുണ്ടിന്റെ രുചിയായിരുന്നു, അതിനപ്പുറം മരണത്തിന്റെ കയ്പും.

ഉള്ളിൽ നടുക്കമായിരുന്നെങ്കിലും ഞാനും ചിരിച്ചു. ദേവദാസികൾക്ക് നിധിയായി കിട്ടുന്നതിനെ ചിരിയെന്നു വിളിക്കാനാണ് എനിക്കിഷ്ടം. മറ്റൊന്നും അവരെ ആനന്ദിപ്പിക്കുകയില്ല. ഭംഗിയുള്ള വളയോ മാലയോ കമ്മലോ പൊട്ടോ അവരെ സന്തോഷിപ്പിച്ചേക്കാം. സന്തോഷമല്ലല്ലോ ആനന്ദം!

ചുരം തീർന്നു. സ്വെറ്റർ ഇട്ടിട്ടും തണുപ്പ് ഇരച്ചുകയറുന്നു. ഞാനൊരു ബീഡി തിരഞ്ഞു. ദൈവമേ, അതേ മാരിയമ്മയുടെ കയ്യിലാണ് അവൻ ചെന്ന് പെട്ടിരിക്കുന്നത്.

‘‘രക്ഷപ്പെടുത്തിയേ ഒക്കൂ.’’ പരിഭ്രമം കൂടിയാൽ എനിക്ക് മലയാളമേ നാവിൽ വരൂ

‘ഒരിലനേരം’ കളയാനില്ല. കൊടൈക്കനാൽ തടാകം കടന്ന് ഇടതു റോഡിലേക്ക് കയറി.

അഴകൻ ലോഡ്ജിന് മുന്നിൽത്തന്നെ നിൽപുണ്ടായിരുന്നു. വണ്ടി ലോഡ്ജിന്റെ മുറ്റത്തേക്ക് ഒതുക്കി. ശക്തികൊണ്ട് ആ കോട്ടയിലേക്ക് കടക്കുകയെന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്ന ഏർപ്പാടല്ലെന്ന് എനിക്കറിയാം. അണ്ണാദുരെയോട് ജീപ്പിനരികിൽതന്നെ ഉണ്ടാവണമെന്ന് പറഞ്ഞ് അഴകന് അരികിലേക്ക് നടന്നു. നടക്കുമ്പോൾ ഓർത്തു, ഒറ്റബുദ്ധിയാണ്, വാക്കോരോന്നും ശ്രദ്ധയോടെ വേണം.

‘‘മാരിയമ്മയെ പാക്കണം.’’ ഞാൻ ചിരിക്കാൻ ശ്രമിച്ചു.

മ്യൂറൽ പെയിന്റിങ്ങുള്ള ആ വരാന്തയിലൂടെ അഴകനെ പിന്തുടർന്നു. മരണത്തിന്റെ തണുപ്പും ചൂരും പ്രാകൃതമായ ഒരു ഗാനത്തിന്റെ അടരും അവിടെ പടർന്ന് കിടപ്പുണ്ടായിരുന്നു.

മാരിയമ്മയുടെ മുറിയിലേക്കല്ല ഞങ്ങൾ തിരിഞ്ഞത്. തളത്തിൽനിന്നും ഗോഡൗണിലേക്ക് ഒരു വഴി ചെന്നെത്തുന്നുണ്ട്. ഗോഡൗണിലാവും കുപ്പുവിനെ പാർപ്പിച്ചിരിക്കുകയെന്ന് ഞാൻ ഉറപ്പിച്ചു. എന്നാൽ, ഗോഡൗൺ പിന്നിട്ടും അഴകൻ നടക്കുകയാണുണ്ടായത്.

പണ്ട് മാധുരിയെ കത്തിച്ച അതേ ഇടത്തിൽ ബദാം മരത്തിൽ അവനെ കെട്ടിയിട്ടിരിക്കുന്നു. സ്വെറ്ററിട്ട രണ്ട് തമിഴന്മാർ അവനരികിൽ നിൽപുണ്ട്. കോടയാൽ വ്യക്തമാവാതിരുന്ന അവരുടെ കയ്യിലെ ചങ്ങല നീങ്ങുന്നത് രണ്ട് നായകളിലേക്കാണ്.

കുപ്പു ചെയ്ത തപ്പെന്തെന്ന് ഞാൻ ചോദിച്ചു. കർണാടകയിൽനിന്ന് ഒരു പെൺകുട്ടി കുറച്ചു മാസം മുമ്പ് അവിടെ എത്തിയിരുന്നു. വഴിതെറ്റി വന്ന അവളെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചു, പിടിക്കപ്പെട്ടു. നാല് പാലകരും രണ്ട് നായ്ക്കളുമടങ്ങി, മാരിയമ്മ വന്നപ്പോൾ.

‘‘ഇവനിക്കിട്ടെ നാൻ താൻ ഉന്നൈ കൂപ്പിട സൊന്നേൻ. ഇന്ത നായെ ഇങ്കെ തങ്കവച്ചത് നീ താനേ.’’ മാരിയമ്മ എന്റെ വാക്കുകൾക്ക് കടിഞ്ഞാണിട്ട് കഴിഞ്ഞു. ‘‘ചതിക്കെത് ശിക്ഷെ?’’ മാരിയമ്മ ചോദിച്ചു.

ഞാനൊന്നും പറഞ്ഞില്ല. തിരിച്ചുനടക്കുമ്പോൾ കുപ്പു എന്നെ നിരാശയോടെ നോക്കുന്നുണ്ടായിരുന്നു. നേരിട്ട് നോട്ടമെത്താത്ത പിന്നാമ്പുറ മതിലിനപ്പുറം ഇരുട്ടിന്റെ പൊത്തിൽ ഞങ്ങൾ നിന്നു, നിരീക്ഷകരുടെ ജാഗ്രതയിൽനിന്ന് കുപ്പു മുക്തനാവുന്നതും നോക്കി. തണുപ്പിലും തണുക്കാതെയുള്ള നിൽപ്. സമയമായെന്ന് മനസ്സിലായപ്പൊ ഞാനും അണ്ണാദുരെയും ലോഡ്ജിന്റെ പിറകിലെ മതില് ചാടി.

തിന്നാനിട്ടു കൊടുത്ത് നായകൾക്ക് പായ വിരിച്ചു, പുലർച്ചെ മൂന്നുമണിവരെ സമയമുണ്ട് പാലകർക്ക്. അവർ സ്വെറ്ററിനു മുകളിൽ കമ്പിളി പുതച്ച് കസാരയിൽ ഇരുന്നുറങ്ങുകയാണ്. അപ്പോഴും ചങ്ങലയിൽനിന്ന് പിടിവിട്ടിട്ടില്ല.

കുപ്പുവിനെയായിരുന്നു എനിക്ക് ഭയം. ചിലപ്പോൾ കരഞ്ഞെന്ന് വരും. ഒരു കുഴിയുണ്ടെങ്കിൽ അതിലൊന്ന് ചാടി വരിക എന്നത് അവന്റെ ശീലമാണ്. കുപ്പുവിന്റെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു. കണ്ണിനു ചുറ്റും തുണിചുറ്റി. കാലും കയ്യും മാരിയമ്മയുടെ ആളുകൾതന്നെ കെട്ടിയിട്ടുണ്ട്. അരമണിക്കൂർ കഴിഞ്ഞാൽ മാരിയമ്മയും കൂട്ടരും അങ്ങോട്ടെത്തും. അണ്ണാദുരെ അവനെ തോളിലേറ്റി നടന്നു, ചുറ്റുപാടിനെ നിരീക്ഷിച്ചുകൊണ്ട് പിറകിൽ ഞാനും. മതില് വീണ്ടും ചാടിയപ്പോൾ കാലൊന്ന് തെന്നി. സാരമില്ല. തോർത്തുമുണ്ട് വലിച്ച് കെട്ടി.

 

ചാവാറായ കുതിരകളെ ചുരമിറക്കിവിടുന്നൊരു ഏർപ്പാടുണ്ട് കൊടൈക്കനാലിൽ. അവ തങ്ങളുടെ പ്രതാപകാലമോർത്ത്, വീണ്ടും അവിടേക്ക് എത്തിപ്പെടാമെന്ന് ആലോചിച്ച് ചുരത്തിലും അരികിലെ കാട്ടുപൊന്തകളിലും വഴി തിരഞ്ഞുകൊണ്ടിരിക്കും.

കുപ്പുവിനെ ജീപ്പിലേക്ക് കയറ്റി വണ്ടിയെടുക്കുമ്പൊ വഴിയരികിൽ രണ്ടു സ്ത്രീകൾ പ്രത്യക്ഷപ്പെട്ടു. അവരെക്കൂടി ജീപ്പിലേക്ക് കയറ്റി തിരിഞ്ഞുനോക്കുമ്പോൾ ക്ലച്ചിന് മുകളിൽ കാല് ചെണ്ടകൊട്ടുകയാണ്.

മാരിയമ്മാ ലോഡ്ജിലെ വിളക്കുകൾ പൊടുന്നനെ തെളിഞ്ഞു. അത്രയും വെളിച്ചവുമായാണ് ആ കെട്ടിടം ഇരുട്ടിൽ നിന്നിരുന്നതെന്ന് ഓർത്തപ്പോൾ ഉള്ള് കിടുങ്ങി. അഴകനും സംഘവും പിറകെയുണ്ട്. വഴി പിണയുന്നു, ഭയമഞ്ഞ് നിരത്തിനെ മായ്ച്ചു കളഞ്ഞു. കെട്ടുപിണഞ്ഞുകിടക്കുന്ന മരങ്ങളത്രയും മാരിയമ്മയും അഴകനുമാണെന്ന് തീ മണത്തു.

ഇരുട്ടിൽനിന്നും കുതിരകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പൈന്മരക്കാടുകൾ കടന്ന് ഒരിക്കലുമവസാനിക്കാത്ത ചുരമിറങ്ങുമ്പോൾ പിറകിലെ വാഹനങ്ങളിലൊക്കെയും ഞാൻ മാരിയമ്മയെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു.

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 05:30 GMT
access_time 2025-12-01 03:45 GMT
access_time 2025-11-24 04:30 GMT
access_time 2025-11-17 04:30 GMT
access_time 2025-11-10 05:15 GMT
access_time 2025-11-03 03:30 GMT
access_time 2025-10-27 03:00 GMT
access_time 2025-10-20 04:30 GMT