ഹരിതാഭം

(എട്ടൊമ്പതു മാസം മുമ്പ് ഒരാളെ നിഷ്കരുണം കൊല്ലുകയോ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയോ ചെയ്യാൻ മടിയില്ലാത്ത ഒരാളായിരുന്നു, അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാനെങ്കിലും ധൈര്യം ഉണ്ടായിരുന്ന ഒരുത്തനായിരുന്നു ഞാൻ. അതിനുവേണ്ടി വഴിവക്കിൽ കാത്തുനിൽക്കുകയും രഹസ്യമായി പിന്തുടരുകയും ചെയ്തിട്ടുണ്ട്. ആ ദിവസങ്ങളിൽ കൊലപാതകത്തെ കുറിച്ചാണ് ഞാനേറ്റവുമധികം ചിന്തിച്ചിരുന്നത്. അപ്പോഴൊക്കെ എന്റെയുള്ളിൽ വെറുക്കപ്പെട്ട ഒരു മനുഷ്യനിരുന്നു കരഞ്ഞിരുന്നു. അപമാനത്തിന്റെ മുറിവിനാൽ സദാ നീറിക്കൊണ്ടിരുന്ന ഒരാൾ.) ലോൺ അപേക്ഷവെച്ച് രണ്ടാഴ്ചക്കുശേഷം മാനേജർ സ്ഥായിയായ തണുത്ത ഭാവത്തോടെ പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ടാണ് ഞാൻ ...

(എട്ടൊമ്പതു മാസം മുമ്പ് ഒരാളെ നിഷ്കരുണം കൊല്ലുകയോ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയോ ചെയ്യാൻ മടിയില്ലാത്ത ഒരാളായിരുന്നു, അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാനെങ്കിലും ധൈര്യം ഉണ്ടായിരുന്ന ഒരുത്തനായിരുന്നു ഞാൻ. അതിനുവേണ്ടി വഴിവക്കിൽ കാത്തുനിൽക്കുകയും രഹസ്യമായി പിന്തുടരുകയും ചെയ്തിട്ടുണ്ട്. ആ ദിവസങ്ങളിൽ കൊലപാതകത്തെ കുറിച്ചാണ് ഞാനേറ്റവുമധികം ചിന്തിച്ചിരുന്നത്. അപ്പോഴൊക്കെ എന്റെയുള്ളിൽ വെറുക്കപ്പെട്ട ഒരു മനുഷ്യനിരുന്നു കരഞ്ഞിരുന്നു. അപമാനത്തിന്റെ മുറിവിനാൽ സദാ നീറിക്കൊണ്ടിരുന്ന ഒരാൾ.)

ലോൺ അപേക്ഷവെച്ച് രണ്ടാഴ്ചക്കുശേഷം മാനേജർ സ്ഥായിയായ തണുത്ത ഭാവത്തോടെ പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ടാണ് ഞാൻ ആധാരവും മുന്നാധാരവും കുടികിട സർട്ടിഫിക്കറ്റും ഓരോന്നായി പരിശോധിച്ച് ഉറപ്പുവരുത്തി ഡോക്യുമെന്റ്സ് അടങ്ങിയ ഫയൽ തിരികെ അലമാരയിലേക്ക് എടുത്തുവെച്ചത്.

മുമ്പ് സമീപിച്ച ബാങ്കുകാർ പറഞ്ഞ അതേ മറുപടി പ്രതീക്ഷിച്ചു നിന്നതുകൊണ്ട് വലിയ നിരാശയൊന്നും അനുഭവപ്പെട്ടിരുന്നില്ല. ഓരോ ബാങ്കിലും അപേക്ഷ സമർപ്പിച്ച് രണ്ടോ മൂന്നോ ആഴ്ചക്കുശേഷമാണ് മറുപടി കിട്ടുകയെന്നതാണ് ക്ലേശകരം. അപ്പോഴേക്കും വീണ്ടും കുടികിട സർട്ടിഫിക്കറ്റും ലൊക്കേഷൻ സ്കെച്ചും പൊസിഷൻ സർട്ടിഫിക്കറ്റുമൊക്കെ പുതിയതായി എടുക്കേണ്ടി വരും. ഓരോ ബാങ്കിനും അവരവരുടേതായ നിയമങ്ങളാണ്. ഒരുമാസം മുമ്പ് എടുത്ത കുടികിട സർട്ടിഫിക്കറ്റാണല്ലോ ഇനി പുതിയത് എടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചതിന് അസിസ്റ്റൻറ് മാനേജർ പെൺകുട്ടി ഒറ്റ ചാട്ടമായിരുന്നു. ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ മകളുടെ പ്രായമുള്ള പെൺകുട്ടിയുടെ മുന്നിൽ നിസ്സഹായതയോടെ നിന്നു.

ബാങ്കിൽനിന്നും ഇറങ്ങി ഓഫിസിലേക്ക് നടക്കുമ്പോൾ മകന്റെ വിളി വന്നു. അവന് സ്കോളർഷിപ് കിട്ടിയിരിക്കുന്നുവെന്ന് ഉത്സാഹത്തോടെ പറഞ്ഞത് കേട്ടപ്പോൾ സന്തോഷിക്കാനുള്ള സിദ്ധി മറന്നുപോയവനെപ്പോലെ നിരത്തിലെ ഉണക്കുവീണു വിളറിയ തണൽമരത്തിന് കീഴിൽ ഏതാനും നിമിഷം ഞാൻ സ്തംഭിച്ചു നിന്നു. പന്ത്രണ്ട് ലക്ഷത്തിന്റെ ഫീസിൽനിന്നും മൂന്നോ നാലോ ലക്ഷം സ്കോളർഷിപ് കിട്ടിയതുകൊണ്ട് ഇളവ് ലഭിക്കുമെന്ന അവന്റെ വാതോരാ വർത്തമാനം കേൾക്കാൻ മാത്രം എന്നിലെ അച്ഛൻ സ്വന്തം ഗതികേടിനു മുന്നിൽ ഉരുകിയൊലിച്ചുകൊണ്ടാണ് നിരത്തിലൂടെ ഇഴഞ്ഞു വലിഞ്ഞു ഓഫിസിലേക്ക് ചെന്നുകയറിയത്.

ബാങ്ക് ലോൺ റെഡിയായില്ലെങ്കിൽ അതവനെ പറഞ്ഞു മനസ്സിലാക്കാമെന്നും അടുത്ത വർഷത്തേക്ക് അഡ്മിഷന് ശ്രമിച്ചാൽ മതിയെന്നു പറയാമെന്നുമുള്ള കണക്കുകൂട്ടലോടെയാണ് രാവിലെ പുറപ്പെട്ടത്. പക്ഷേ സ്‌കോളർഷിപ് കിട്ടിയ സന്തോഷത്തിലിരിക്കുന്ന അവനോട് ഇനിയൊരു ഒഴികഴിവ് പറയുന്നതെങ്ങനെ. സെപ്റ്റംബറിൽ തന്നെ കോളജ് അഡ്മിഷനുള്ള കാര്യങ്ങളൊക്കെ റെഡിയാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് അവൻ ഫോൺ വെച്ചതും. അടുത്തമാസം ആദ്യവാരം നാലര ലക്ഷം രൂപ ഫീസ് അടക്കേണ്ടത് കൈയിലുണ്ട്. പക്ഷേ, ബാക്കി തുകക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. അച്ഛന് വല്ലിയച്ഛനോടോ ചിറ്റയോടോ കുറച്ചു പണം കടമായി വാങ്ങിക്കൂടെയെന്ന് ആദ്യത്തെ ലോൺ അപേക്ഷ റിജക്ട് ആയപ്പോൾ ഇളയമകൻ പറഞ്ഞതാണ്.

പെങ്ങളും ഏട്ടനും നല്ല നിലയിലൊക്കെയാണ് ജീവിക്കുന്നത്. പക്ഷേ, ബാങ്ക് ലോൺ റിജക്ട് ചെയ്ത ഉടനെ കൂടപ്പിറപ്പുകളെ വിളിച്ചപ്പോൾ കിട്ടിയ മറുപടി മകനോട് പറയാൻ എന്റെ ദുരഭിമാനം അനുവദിച്ചില്ല. രാത്രിയിൽ അത്താഴത്തിന് ഇരിക്കുമ്പോൾ മക്കൾ പരസ്പരം ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടുകൊണ്ട് ഞാൻ നിശ്ശബ്ദം ഇരുന്നു മറ്റൊരു വഴിയേ പറ്റി ചിന്തിക്കുകയായിരുന്നു.

ഒരുപക്ഷേ ലോകത്ത് ഒരു പുരുഷനും ഇങ്ങനെയൊരു വഴിയേപ്പറ്റി ചിന്തിച്ചിട്ടുണ്ടാകുമോ എന്നുള്ള ആത്മനിന്ദയോടെ. ഒടുവിൽ ഞാനാ വഴിതന്നെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, മനുഷ്യന്റെ പ്രതീക്ഷകൾക്കു വേണ്ടവിധം തടസ്സങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുകയെന്നതാണ് ജീവിതമെന്ന പ്രതിഭാസത്തിന്റെ പ്രത്യേകതയെന്ന് എനിക്കറിയാം, ഞാനത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുത്തനാണ്. എങ്കിലും, ഒരവസാന ശ്രമമെന്ന നിലയിൽ ഞാനവരെ വീട്ടിൽ ചെന്നു കാണാൻ തീരുമാനിച്ചു.

* * *

രാവിലെ പത്തുമണിക്ക് കൃത്യമായി തന്നെ എത്തുന്ന വിധത്തിലാണ് വീട്ടിൽനിന്നും ഇറങ്ങിയത്. ഇന്നലെ വൈകുന്നേരം ആ കാര്യം അവരെ വിളിച്ചു അറിയിച്ചതുമാണ്. മൂന്നുവർഷം മാത്രം പഴക്കമുള്ള ബൈക്ക് ആയതുകൊണ്ട് എന്തെങ്കിലും വിധത്തിൽ വണ്ടി പണിമുടക്കില്ലെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഉച്ചക്കുമുമ്പേ അവരെ കണ്ടു സംസാരിച്ചു ജോലിക്ക് കയറാമെന്ന് കണക്കുകൂട്ടിയതുകൊണ്ട് ഹാഫ് ഡേ ലീവേ എടുത്തിരുന്നുള്ളൂ. പക്ഷേ, ടൗണിലേക്ക് പ്രവേശിച്ചതും വഴിനീളേ പ്രതിഷേധക്കാരുടെ റാലിയും ബഹളവും. വണ്ടികൾ പൊരിവെയിലത്ത് വരിവരിയായി നിരന്നുകിടക്കുന്നു. റോഡിൽ മുഴുവൻ പൊലീസും ആൾക്കൂട്ടവും തമ്മിലുള്ള കശപിശ മുറുകുന്നു.

എങ്ങനെയോ ഒക്കെ തിക്കിത്തിരക്കി ടൗൺ പിന്നിട്ട് അവരുടെ വീട്ടിലെത്തിയപ്പോൾ സമയം പതിനൊന്നര കഴിഞ്ഞു.

‘‘ടൗണിൽ ആകെ പ്രതിഷേധക്കാർ ഉണ്ടാക്കിയ ബ്ലോക്ക് ആയിരുന്നു.’’

സമയം തെറ്റിച്ച കുറ്റബോധത്തോടെ ഞാൻ പറഞ്ഞു.

‘‘ന്യൂസ് കണ്ടു, നിങ്ങൾ വരാൻ വൈകിയപ്പോൾ ഇന്നിനി വരില്ലെന്നാണ് വിചാരിച്ചത്.’’

‘‘നിലവിലുള്ള ഏതൊരു പ്രസ്ഥാനത്തിനോടും പ്രതിഷേധിക്കുകയെന്നത് നമ്മുടെ നാട്ടിൽ ഒരു കലാപരിപാടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.’’

ഉള്ളിലെ ദേഷ്യം അടക്കാനാവാതെ ഞാൻ പറഞ്ഞു.

‘‘പ്രതിഷേധിക്കാൻ ആളുകൾ ഉണ്ടായാലല്ലേ പ്രസ്ഥാനത്തിന്റെ പൊള്ളത്തരം വെളിവാക്കാൻ സാധിക്കൂ.’’

അവരെന്റെ നേർക്ക് ചിരിയോടെ നോക്കിക്കൊണ്ട് പറഞ്ഞു.

എനിക്കെന്തോ ആ മറുപടി കേട്ടപ്പോൾ ഈർഷ്യ തോന്നി. എങ്കിലും പുറമേ കാണിക്കാതെ അവർ ഇരിക്കൂ എന്ന് പറഞ്ഞപ്പോൾ സെറ്റിയിൽ ഇരിക്കുകയും അവരെ നോക്കി ചിരിക്കാൻ പണിപ്പെടുകയും ചെയ്തു. സെറ്റിയിൽ ഇരുന്നുകൊണ്ട് ആ മുറിയാകെ സൂക്ഷ്മമായി കണ്ണോടിച്ചു. ഇതിനുമുമ്പ് ഈ വീട്ടിൽ വന്നപ്പോൾ അത്രകണ്ട് എന്തെങ്കിലും ശ്രദ്ധിക്കാവുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. വീടൊക്കെ വൃത്തിയാക്കി അടുക്കും ചിട്ടയോടും സൂക്ഷിക്കുന്ന ഒരു സ്ത്രീതന്നെ ആയിരിക്കില്ലേ ഇവർ. ചില പുരുഷൻമാർക്ക് ഭംഗിയായി വീട് സൂക്ഷിക്കാത്ത സ്ത്രീകളോട് മടുപ്പായിരിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്റെ പ്രതീക്ഷക്ക് വിപരീതമായി മനോഹരമായി അലങ്കരിച്ച അതിഥി മുറിയായിരുന്നു അത്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ വേർതിരിച്ചിരുന്ന ഷെൽഫിൽ അടുക്കും ചിട്ടയോടും വെച്ചിരിക്കുന്ന സ്ഫടിക വസ്തുക്കൾ എന്നിൽ കൗതുകമുണർത്തുകയും ചെയ്തു.

‘‘എന്തിനാണ് താങ്കൾ എന്നെ കാണണമെന്ന് പറഞ്ഞത്?’’

ഏതാനും നിമിഷങ്ങളായി ആ മുറിയിൽ ഞങ്ങൾ രണ്ടുപേരും നിശ്ശബ്ദരായി ഇരിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് എനിക്കോർമ വന്നത്. മനുഷ്യരുടെ മുന്നിൽ വാക്കുകളില്ലാതെ ഇരിക്കേണ്ട ഒരവസ്ഥ കുറച്ചുകാലമായി എന്റെ സ്ഥായിയായ ഭാവമായി മാറിയിട്ടുണ്ട്. എന്തെങ്കിലും പറയാനുണ്ടോയെന്ന് അവരും എന്നോടു ചോദിച്ചില്ല. അതിശയകരമായ രീതിയിൽ ഞങ്ങളുടെ രണ്ടു പേരുടെയും മൗനം ഞങ്ങൾ മറന്നുപോയെന്ന് പറയുന്നതാണ് ശരിയെന്ന് എനിക്കപ്പോൾ തോന്നുകയും ചെയ്തു. പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ ബുദ്ധിഭ്രമം പിടിപെട്ടയാളെ പോലെ ഞാനവരെ മിഴിച്ചുനോക്കി.

‘‘ഒരൽപ നേരം നമുക്ക് പുറത്തിറങ്ങി നടന്നാലോ?’’

അനുകമ്പയോടെ അവരെന്നോട് ചോദിച്ചു.

ആ വീട്ടിൽ അവരുടെ മകളും രാകേഷിന്റെ അമ്മയും ഉണ്ടെന്നുള്ളതുകൊണ്ട് തുറന്നു സംസാരിക്കുന്നതിൽ വല്ലാത്തൊരു മനഃപ്രയാസം എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. ഈ പരിതഃസ്ഥിതിയിൽ എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന ആശങ്കയാണ് എന്റെ നിശ്ശബ്ദതക്ക് കാരണമെന്ന് അവർ മനസ്സിലാക്കിയെന്ന് എനിക്ക് തോന്നി.

‘‘വരൂ, ഞങ്ങളുടെ ഈ വീട്ടിൽ കുറച്ചു കൃഷിയൊക്കെ ഉണ്ട്. രാകേഷിന്റെ അച്ഛനായിരുന്നു അതെല്ലാത്തിനും മുൻകൈയെടുത്തിരുന്നത്. മൂപ്പര് മരിച്ചപ്പോൾ കുറെക്കാലം കൃഷിയൊക്കെ നശിച്ചുപോയതാണ്. പിന്നീട് രാകേഷും ഞാനുംകൂടി വീണ്ടുമതൊക്കെ ശരിയാക്കി കൊണ്ടുവരുകയായിരുന്നു. വിളവെടുപ്പിന് സമയമായപ്പോഴാണ് ഓർക്കാപ്പുറത്ത് രാകേഷ് ഇവിടന്നു ഇറങ്ങിപ്പോയത്. ജീവിതത്തിൽ പച്ചപ്പ് നഷ്ടപ്പെട്ടവർക്ക് പ്രപഞ്ചത്തിലെ എല്ലാ നിറങ്ങളും ഒരുമിച്ചു നഷ്ടമാകുന്നതുപോലെ ആ ദിവസങ്ങളിൽ ഞാനശക്തയായതുകൊണ്ട് ഒന്നിനും ശ്രദ്ധകൊടുക്കാൻ സാധിച്ചില്ല. കുറച്ചു മാസം മുമ്പ് ഞാൻ വീണ്ടും വിത്ത് വിതച്ചു. നെല്ലുണ്ട്, പിന്നെ കുറച്ച് പയർ, വെണ്ട, ചേമ്പ്, ചേന അങ്ങനെ അല്ലറച്ചില്ലറ പച്ചക്കറികൾ.’’

അവരുടെ സംസാരം കേട്ടുകൊണ്ട് നടക്കുമ്പോഴും എനിക്ക് പറയാനുള്ള കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കണം എന്നായിരുന്നു ഞാനാശങ്കപ്പെട്ടത്.

 

‘‘എന്തിനാണ് ജോലി രാജിവെച്ചത്, അതും മാനേജരായി സ്ഥാനക്കയറ്റം കിട്ടിയതിനു ശേഷം?’’

കിട്ടാനുള്ളത് തിടുക്കത്തോടെ ചോദിച്ചുവാങ്ങുന്ന കുട്ടിയെപ്പോലെ ഞാൻ ചോദിച്ചു.

‘‘നിങ്ങൾ ഇതൊക്കെ എങ്ങനെയറിഞ്ഞു?’’

അവർ അതിശയത്തോടെ ചോദിച്ചു.

‘‘അറിഞ്ഞു.’’

അത്രയേ ഞാൻ പറഞ്ഞുള്ളൂ.

ഞാനിവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്ന് പറയാൻ ചെറിയൊരു ജാള്യത അപ്പോഴും എന്റെയുള്ളിൽ ബാക്കിയുണ്ടായിരുന്നു.

‘‘ഞാൻ ആത്മഹത്യക്ക് തുനിഞ്ഞിട്ടുണ്ടോ എന്നറിയാനാണോ?’’

‘‘ഹേയ്, അങ്ങനെയൊന്നുമല്ല. ഞാനൊരിക്കൽ നിങ്ങളുടെ ബാങ്കിൽ പോയിരുന്നു.’’

‘‘നിങ്ങൾക്കവിടെ അക്കൗണ്ട് ഇല്ലാഞ്ഞിട്ടും!’’

അവർ ചെറിയ ചിരിയോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

‘‘സത്യം പറയട്ടെ, എനിക്കൊരു ലോണിന്റെ ആവശ്യം വന്നിരുന്നു. അതല്ലാതെ...’’

‘‘എന്നിട്ട് ലോൺ കിട്ടിയോ?’’

‘‘ഇല്ല. സിബിൽ സ്കോർ കുറവായിരുന്നു. ആശക്ക് കാർ വാങ്ങുവാനെടുത്തതും ഹൗസിങ് ലോണും ഒറ്റയടിക്ക് എന്റെ തലയിലേക്ക് വീണപ്പോൾ കുറെ അടവ് മുടങ്ങി. കുറച്ച് സ്ഥലം ഉണ്ടായത് നഷ്ടത്തിന് വിറ്റാണെങ്കിലും ലോൺ ഒരുവിധം അടച്ചുതീർത്തതാണ്. അപ്പോഴാണ് വേറെ ചില പ്രശ്നങ്ങൾ.’’

‘‘കാറിന്റെ ലോൺ ആശ അടച്ചില്ലേ, വണ്ടി അവരുടെ കൈവശം ആണെന്നാണ് ഞാനറിഞ്ഞത്.’’

‘‘നിങ്ങളതെങ്ങനെ അറിഞ്ഞു? കാർ കൊണ്ടുപോയെങ്കിലും ലോൺ അവളല്ല അടച്ചുതീർത്തത്.’’

‘‘രാകേഷ് സ്വന്തം കാർ കൊണ്ടുപോകാതെയാണ് ഇവിടെനിന്ന് പോയത്. ആശയുടെ കാറിലാണ് അവരിപ്പോൾ ജോലിസ്ഥലത്ത് ചെല്ലുന്നതെന്ന് എന്നെ അറിയിക്കാനുള്ള കുറച്ച് ബന്ധങ്ങളൊക്കെ ഈ നാട്ടിൽ എനിക്കുണ്ട്. അത് പോട്ടെ, എന്താണ് ഇപ്പോൾ പെട്ടെന്ന് പണത്തിനു ആവശ്യം?’’

‘‘മകന് കാനഡയിൽ അഡ്മിഷൻ റെഡിയായിട്ടുണ്ട്. സ്ഥലം വിറ്റ വകയിൽ കുറച്ച് പണം കൈയിലുണ്ട്. ബാക്കിയുള്ള തുകക്ക് എജുക്കേഷൻ ലോണിനാണ് ഞാൻ ബാങ്കിൽ വന്നത്. സമീപിച്ച മൂന്ന് ബാങ്കും ലോൺ റിജക്ട് ചെയ്തു. അപ്പോഴാണ് നിങ്ങളുടെ കാര്യം ഓർമ വന്നത്. നിങ്ങൾ വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് പ്രതീക്ഷിച്ചു.’’

‘‘ജോലി ഉണ്ടെങ്കിലും എനിക്കൊന്നും ചെയ്യാൻ സാധിച്ചെന്നു വരില്ലായിരുന്നു. ബാങ്കിന് ചില റൂൾസ് ഒക്കെയുണ്ട്. ലീഗൽ നോക്കുന്നത് ബാങ്കിന്റെ വക്കീലാണ്. ലീഗൽ പാസായാലേ മാനേജർക്ക് ലോൺ തരാൻ പറ്റൂ.’’

‘‘എന്നാലും എന്തിനാണ് അത്രയും നല്ലൊരു പോസ്റ്റ് വേണ്ടെന്നു വെച്ചത്?’’

‘‘അന്നേരം അങ്ങനെ തോന്നി. ഒട്ടും ആലോചിച്ച് എടുത്ത തീരുമാനമായിരുന്നില്ല. അന്നും സാധാരണപോലെ ജോലിക്ക് പോയി. ഉച്ചക്ക് സഹപ്രവർത്തകർക്കൊപ്പം ഊണ് കഴിച്ചു. ബാങ്കിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു. അന്നൊരു ക്ലയന്റ് വന്നു. കാർഷിക ലോണിന് ആയിരുന്നു. ബാങ്കിൽ സ്ഥിരം വരുന്ന ആളാണ്. ഒരു ആർക്കിടെക്ട്. അങ്ങേര് ജോലി ഉപേക്ഷിച്ച് കൃഷി തുടങ്ങാൻ പോകുന്നുവെന്ന് പറഞ്ഞു. മൂന്നു മണി മുതൽ അഞ്ചു മണിക്ക് ബാങ്ക് സമയം കഴിഞ്ഞിട്ടും അയാൾ കൃഷിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു. ആ ദിവസങ്ങളിൽ ആരെയും അത്രനേരം കേൾക്കാൻ ക്ഷമയുണ്ടായിരുന്നില്ല എനിക്ക്.

പക്ഷേ, നമ്മൾ തോറ്റുപോയ വിഷയത്തെക്കുറിച്ച് ഒരാൾ വാചാലനാകുമ്പോൾ അയാളുടെ സ്വപ്നത്തിനൊപ്പം നമ്മുടെ സ്വപ്നവും പൂവണിയാൻ ആരംഭിക്കുകയും ചെയ്യും. പോകാൻ നേരം എന്താണ് ജോലി രാജിവെച്ച് കൃഷിയിലേക്ക് ഇറങ്ങുന്നതെന്ന് ഞാനയാളോട് ചോദിച്ചു.’’

‘‘എന്റെ ഭാര്യ മരിച്ചു. ഇനിയെനിക്ക് വീടുകൾ ഡിസൈൻ ചെയ്യാൻ സാധിക്കില്ല, മാഡം.’’

‘‘അയാളുടെ വാക്കുകൾ കേട്ടപ്പോൾ ഞാനൊന്ന് സ്തംഭിച്ചുപോയി. അയാൾ പോയ ഉടനെ ഞാനും ബാങ്കിൽനിന്ന് ഇറങ്ങി. അന്ന് രാത്രി കൂടുതലൊന്നും ആലോചിക്കാതെ ഞാനെന്റെ ജോലി റിസൈൻ ചെയ്യാനുള്ള മെയിൽ ടൈപ് ചെയ്തു. കുറെനാൾ മുമ്പ് രാകേഷും ഞാനും കൂടി തുടങ്ങിവെച്ച കൃഷിയെക്കുറിച്ച് അതുവരെ മറന്നുപോയിരുന്നതാണ്. അറിയാമല്ലോ രാകേഷിന് ഹരിതാഭം എന്നൊക്കെ കേൾക്കുന്നതേ ഹരമായിരുന്നെന്ന്. ആശയുമായുള്ള രാകേഷിന്റെ സൗഹൃദം തീവ്രമായതും ഹരിതാഭമെന്ന ആശയത്തിൽനിന്നായിരുന്നല്ലോ.

രാകേഷിന്റെ അച്ഛനും കൃഷിയോട് വല്ലാത്തൊരു ഭ്രമമായിരുന്നു. അച്ഛൻ മരിച്ച ദിവസം ചിത എരിഞ്ഞു തീരും മുമ്പ് രാകേഷ് ഒരു മമ്മട്ടിയുമായി പാടത്തേക്ക് ഇറങ്ങിപ്പോയത് ഞങ്ങളുടെ ബന്ധുക്കൾപോലും ഇടക്കിടെ പറയും. ഞാനും രാകേഷും കൂടി അച്ഛന്റെ സ്വപ്നം കൊണ്ടുനടക്കാൻ ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ എന്റെ ഭാഗം പരാജയമായിരുന്നുവെന്ന് വേണം പറയാൻ. ബാങ്കിലെ ജോലിത്തിരക്കിൽ രാകേഷ് പ്രതീക്ഷിച്ച അത്ര പെർഫോമൻസ് എനിക്ക് പ്രകടിപ്പിക്കാൻ സാധിച്ചില്ല. ആദ്യ ഘട്ടത്തിൽ വിതച്ച നെല്ല് പകുതിയും പാഴായി പോയപ്പോൾ അതെന്റെ ഉദാസീനതകൊണ്ടാണെന്ന് സ്ഥാപിക്കാനാണ് രാകേഷ് ശ്രമിച്ചത്. ഓർക്കാപ്പുറത്ത് മഴ കനത്തപ്പോൾ മുൻകരുതൽ എടുക്കാൻമാത്രം അനുഭവമില്ലായ്മ ഞങ്ങളുടെ പോരായ്മയായിരുന്നെന്ന് എനിക്കുമാത്രം മനസ്സിലായി. ആശയുമായുള്ള സൗഹൃദം തുടങ്ങിയപ്പോൾ കൃഷിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ രാകേഷ് ഉത്സാഹം കാണിക്കാൻ തുടങ്ങി. പുതിയൊരു സംരംഭത്തിലേക്ക് ഇറങ്ങും മുമ്പേ അതേക്കുറിച്ച് നന്നായി പഠിച്ചിരുന്നെങ്കിൽ പരാജയപ്പെടില്ലായിരുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.’’

‘‘ആശക്ക് എന്റെ അറിവിൽ കൃഷിയുമായി ഒരു ബന്ധവും ഇല്ലായിരുന്നു. മുറ്റത്തൊരു മുല്ലച്ചെടിപോലും അവൾ നട്ടു ഞാൻ കണ്ടിട്ടില്ല. അവരിപ്പോൾ താമസിക്കുന്നത് ഫ്ലാറ്റിലാണെന്നാണ് ഞാനറിഞ്ഞത്’’,

ഞാൻ ചിരിയോടെ പറഞ്ഞു.

‘‘ആശയുടെ ഇൻസ്റ്റ ഐഡി ഹരിതാഭം എന്നായിരുന്നല്ലോ.’’

‘‘ഇൻസ്റ്റയാണോ ജീവിതം?’’

മുന്നിൽ പൂത്തുലഞ്ഞു നിൽക്കുന്ന മരുത് മരത്തിലെ വയലറ്റ് പൂക്കളെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു. ‘‘ഒരുമിച്ചു സഫലമായ മോഹങ്ങൾപോലെയുണ്ട് ഈ മരം, അല്ലേ?’’

‘‘രാകേഷ് ഇറങ്ങിപ്പോയപ്പോഴാണ് ഹരിതാഭം വല്യ ഒരു സംഗതിയാണെന്ന് ആദ്യമായി എനിക്കും തോന്നിയത്. എന്നിട്ടും ബാങ്കിൽ വന്ന ക്ലയന്റിന്റെ വാക്കുകൾ കേട്ടപ്പോഴാണ് നിങ്ങൾ പറഞ്ഞതുപോലെ ഒരുമിച്ചു സഫലമായ മോഹങ്ങൾപോലെ ചിലതൊക്കെ മനസ്സിൽ വീണ്ടും മുളപൊട്ടി തുടങ്ങിയത്. അതാണ് ആ കാണുന്നത്.’’

വീടിന് പിന്നിലെ ചെറിയ ഗെയ്റ്റ് തുറന്ന് അവർ ചൂണ്ടിക്കാണിച്ചയിടത്തേക്ക് ഞാൻ അതിശയത്തോടെ നോക്കി.

‘‘ഹരിതാഭം!’’

‘‘കൊള്ളാമോ?’’

‘‘ഗംഭീരമായിരിക്കുന്നു.’’

‘‘ജോലി ഉപേക്ഷിച്ചതിൽ ഇനി തെറ്റ് പറയാനുണ്ടോ?’’

‘‘ഇല്ല.’’

അത് പറയുമ്പോൾ അവരെ ആദ്യമായി കണ്ട ദിവസത്തെക്കുറിച്ചാണ് ഞാനോർത്തത്. രാവിലെ ജോലിക്കു പോയ ഭാര്യ വൈകുന്നേരം വീട്ടിൽ മടങ്ങിവരാൻ വൈകുകയും ഫോണിൽ വിളിച്ചാൽ കിട്ടാതാകുകയും ചെയ്യുമ്പോൾ ഏതൊരു സാധാരണ മനുഷ്യനെയുംപോലെ ആദ്യം അവളെ കുറെ ചീത്ത വിളിച്ചുകൊണ്ട് വീടിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉഴറി നടന്നു. നേരം വൈകുന്നതിന് അനുസരിച്ച് പരിചയക്കാരെ ആരെയെല്ലാമോ വിളിച്ചന്വേഷിച്ചു. സമയം കടന്നുപോകുന്തോറും ദേഷ്യം ഉൾഭയമായി മാറി. മകനെയും കൂട്ടി നഗരത്തിൽ ഓരോ ഇടങ്ങളിലും തിരക്കി നടന്നു തളർന്നു വീട്ടിലെ സെറ്റിയിൽ ഇരിക്കുമ്പോഴാണ് അച്ഛാ അമ്മ മെസേജ് വല്ലതും അയച്ചിട്ടുണ്ടോയെന്ന് നോക്കാൻ മകൻ പറയുന്നത്.

വരാൻ വൈകിയാൽ വിളിച്ചുപറയുമെന്ന ഉറപ്പുള്ളതുകൊണ്ട് മെസേജ് നോക്കണമെന്ന് എനിക്കപ്പോഴും തോന്നിയില്ല. അവളങ്ങനെ പറയാതെ എങ്ങോട്ടും പോകില്ല. ഇതെന്തൊ അപകടം പറ്റിയിട്ടുണ്ടെന്ന് തന്നെ ഞാനുറപ്പിച്ചു. എന്നിട്ടും മകൻ പറഞ്ഞപ്പോൾ വെറുതെ നെറ്റ് ഓൺചെയ്തു വാട്സ്ആപ് നോക്കി. ഞാനും അവളും മക്കളുംകൂടി ഒരിക്കൽ ഷോപ്പിങ് ഫെസ്റ്റിന് പോയപ്പോൾ എടുത്ത ഫോട്ടോ ആയിരുന്നു അവളുടെ ഡി.പി. മകൻ പറഞ്ഞത് ശരിയാണല്ലോയെന്ന് ആശ്വാസത്തോടെ ചിന്തിച്ചുകൊണ്ടാണ് മെസേജ് തുറന്നത്. ഉച്ചക്ക് ഒരു മണിക്ക് അവളയച്ച മെസേജ് ആയിരുന്നു അത്.

‘‘ഞാൻ രാകേഷിനൊപ്പം പോകുന്നു. നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടോ നിനക്കെന്തെങ്കിലും പോരായ്മ ഉണ്ടായിട്ടോ അല്ല. നിന്നോട് തോന്നിയതിനേക്കാൾ കുറച്ചു കൂടുതൽ ഇഷ്ടം എന്തുകൊണ്ടോ രാകേഷിനോട് തോന്നിപ്പോയി.

ആശ...’’

ഹൃദയത്തിന്റെ ഒരു ഭാഗം പിളരുകയും മറുഭാഗം സമാധാനത്താൽ തണുക്കുകയും ചെയ്തു. ആ സന്ദേശം വായിച്ചതും തണുത്ത കാലുകളോടെ കട്ടിലിൽ പോയി കിടന്നു. ഞാൻ പൊതുവേ നീണ്ടുനിവർന്നു കിടക്കുന്ന ഒരാളായിരുന്നു. തണുപ്പിലും പുതക്കുന്ന ശീലമില്ല. ആ ദിവസം കാലുകൾ നെഞ്ചുവരെ പിണച്ചാണ് കിടന്നതെന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് മനസ്സിലാക്കിയതുപോലും. തലവഴി പുതച്ചിട്ടും ശരീരം തണുത്തു വിറച്ചിരുന്നു. പക്ഷേ, മനസ്സ് നിർജീവമായിരുന്നു. സങ്കടവും വേദനയുമൊക്കെ തോന്നിയത് പിറ്റേ ദിവസം മുതലാണ്.

വീടും വീടിന്റെ പലഭാഗങ്ങളും ഒരു വീട്ടുകാരിയുടെ അസാന്നിധ്യത്തിന്റെ ശൂന്യത അറിഞ്ഞുതുടങ്ങി. കുറെ ദിവസം ലീവെടുത്തു അകത്തുതന്നെ ചുരുണ്ടുകൂടിയിരുന്നു. അപമാനവും നിരാശയും പകയും കൂടി കലർന്ന ദിവസങ്ങളിൽ ആശയെ കൊല്ലുകയല്ലാതെ മറ്റൊരു പരിഹാരമാർഗവും ഇല്ലെന്നുള്ള തീരുമാനത്തിൽ മനസ്സുറച്ചു. ഒരു കൊല നടത്താനുള്ള പലതരം വഴികളുണ്ട്, അതിലൊന്ന് തിരഞ്ഞെടുക്കേണ്ട കാര്യം മാത്രമേയുള്ളൂ. ആശ ഓഫിസിൽനിന്നും ഇറങ്ങുമ്പോൾ അവളുടെ മുന്നിലേക്ക് ചെന്നു നെഞ്ചിൽ കത്തി കുത്തിയിറക്കാം, മുഖത്ത് ആസിഡ് ഒഴിക്കാം, വണ്ടിയിടിച്ചു കൊല്ലാം.

ഉറക്കമില്ലാത്ത രാവും തലച്ചോറിന് വിശ്രമമില്ലാത്ത പകലുകളും അരക്കിട്ട് ഉറപ്പിച്ച തീരുമാനത്തിൽ പലവട്ടം ആശയെ നേരിടാൻ ഇറങ്ങി പുറപ്പെട്ടു. പക്ഷേ, ആശയെ തനിച്ചൊരിക്കലും കണ്ടുകിട്ടിയില്ല. ദിനവും അവൾ രാകേഷിനൊപ്പം കാറിൽ വരുകയും പോകുകയും ചെയ്യുന്നത് നോക്കി ഞാൻ വെന്തുരുകി നിന്നു. എല്ലാ സൗകര്യവും ഒത്തുവന്ന സന്ദർഭത്തിൽ ഓർമയുടെ പെരുവെള്ളപ്പാച്ചിലിൽപ്പെട്ട് ആടിയുലഞ്ഞു. പങ്കിട്ടുപോയ സ്നേഹത്തിന്റെ ഒരു തരിയോർമയുടെ പിടച്ചിലെങ്കിലും നെഞ്ചിലുള്ള മനുഷ്യർക്ക് ഘാതകരാകാൻ കഴിയി​െല്ലന്ന തിരിച്ചറിവിന്റെ ഉരുക്കം മാത്രം ബാക്കിയായി.

പക്ഷേ, അങ്ങനെ വെന്തുരുകാനുള്ള അവസരം വൈകാതെ ഇല്ലാതാകുകയും ചെയ്തുവെന്നതാണ് നേര്. രണ്ടുപേർ ചേർന്നേറ്റെടുത്ത ബാധ്യത ഒരാളുടെ ചുമലിലേക്ക് മാത്രമായപ്പോൾ അതെങ്ങനെ പരിഹരിക്കണമെന്ന ഓട്ടപ്പാച്ചിലായി മാറി പിന്നീടുള്ള ദിനങ്ങൾ.

അങ്ങനെ ഓടിപ്പാഞ്ഞ ഒരു ദിവസമാണ് ആ സ്ത്രീയെ ഒന്നു കാണണമെന്ന് തോന്നിയത്. രാകേഷിന്റെ ഭാര്യയെ. ആശയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ അവരോട് വല്ലാത്തൊരു ദേഷ്യം തോന്നിയിട്ടുണ്ട്. ആ സ്ത്രീ പിടിപ്പുള്ളവൾ ആയിരുന്നെങ്കിൽ രാകേഷ് ആശയുമായി അടുക്കുമായിരുന്നില്ല എന്നെനിക്ക് തോന്നി. അവരെ കണ്ടു രണ്ടു വാക്ക് കയർത്ത് സംസാരിക്കണമെന്ന ഒറ്റ വിചാരത്തിലാണ് അന്ന് രാകേഷിന്റെ വീട് കണ്ടുപിടിച്ച് ചെന്നത്.

ആശ പോയതോടെ ലോൺ ഒന്നൊന്നായി മുടങ്ങിത്തുടങ്ങി. അവളുടെ സാലറിയിൽനിന്നാണ് കാറിന്റെ ലോൺ അടച്ചിരുന്നത്. കാറിന്റെ ലോണും ഹൗസിങ് ലോണും ഒരേ ബാങ്കിൽനിന്നായിരുന്നു എടുത്തിരുന്നത്. ഹൗസിങ് ലോൺ മാത്രമായി അടച്ചുതീർത്താലും ആധാരം തിരിച്ചെടുക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. പിന്നെ വീട്ടുചെലവും മക്കളുടെ പഠിപ്പും കല്യാണം, വീട് താമസം, കൊച്ചിന് പേരുവിളി അടക്കം ഓരോ മാസവും ആയിരം ആവശ്യങ്ങൾ വേറെയുണ്ട്. ഒറ്റയാളുടെ ശമ്പളത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിൽ പലവട്ടം ആശയെ വിളിച്ച് കൊണ്ടുപോയ കാറിന്റെ ലോൺ അടക്കെടി നാണംകെട്ടവളെ എന്ന് പറയാൻ തോന്നിയിട്ടുണ്ട്. ഉള്ളിൽ ലോകത്തോട് മുഴുവനുമുള്ള പകയോടെയാണ് ആ സ്ത്രീയെ കാണാൻ ചെന്നത്.

 

അവരെ ആദ്യം കാണുമ്പോൾ പർപ്പിൾ കളറിലുള്ള ഒരു ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്. ആ സ്ത്രീയുടെ മുഖത്ത് അന്ന് കണ്ട തെളിഞ്ഞ പുഞ്ചിരി എന്റെയുള്ളിലെ കലാപത്തെ ഒറ്റയടിക്ക് നിർവീര്യമാക്കിക്കളഞ്ഞു. ആ വീട്ടിലോ ഇവരുടെ ജീവിതത്തിലോ എന്തെങ്കിലും അസുഖകരമായി നടന്നതിന്റെ ആകുലതയോ അലോസരഭാവമോ ഇല്ലാതെ അവരന്നു കണ്ടയുടൻ ചോദിച്ചു

‘‘ആശയുടെ ഭർത്താവല്ലേ’’ എന്ന്.

ഞാനന്ന് ഏതോ ദുർഘടാവസ്ഥയിൽപെട്ടതുപോലെ അവരെ അവിശ്വസനീയതയോടെ നോക്കിനിന്നു.

‘‘അകത്തേക്ക് വരൂ.’’

എന്നെ ക്ഷണിച്ചുകൊണ്ട് അവർ മുമ്പേ നടന്നു.

കഠിനമായ ദുഃഖഭാവമുള്ള ഒരുവളെയായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. ആ ദുഃഖം കാണുമ്പോൾ എന്റെ ഉള്ളിലുള്ള പുകച്ചിൽ ഏറുമെന്നും ആ പുകച്ചിലിൽ നീറിക്കൊണ്ട് അവരെയും നീറ്റണമെന്നും ഞാനാഗ്രഹിച്ചിരുന്നു. നിങ്ങളല്ലേ ഇതൊക്കെ വരുത്തിവെച്ചത്, നിങ്ങളുടെ പിടിപ്പുകേട് എന്ന് പറഞ്ഞു അവരെ കരയിക്കണമെന്ന എന്റെ ആഗ്രഹം ചെരുപ്പിനൊപ്പം പൂമുഖത്ത് മറന്നുവെച്ചുകൊണ്ടാണ് ഞാനകത്തേക്ക് കയറിയത്.

അന്നും ഒരുപാട് സമയം അവരും താനും നിശ്ശബ്ദരായി ഇരുന്നു. ഒടുവിൽ അവർ തന്നെയാണ് ആദ്യം ശബ്ദിച്ചത്.

‘‘താങ്കൾ എന്തിനാണ് എന്നെ കാണാൻ വന്നത്?’’

‘‘വെറുതെ, ഒന്ന് കാണണമെന്ന് തോന്നി.’’

കാറ്റത്ത് അപ്പൂപ്പൻതാടി പറക്കുംപോലെ അർഥശൂന്യമായിരുന്നു അന്നേരത്തെ എന്റെ മറുപടി.

ആ സമയത്ത് അവരുടെ മകൾ അകത്തുനിന്നും വന്നു അവളുടെയൊപ്പം സെറ്റിയിൽ കയറിയിരുന്നു. മകളുടെ കൈ എടുത്തു തഴുകിക്കൊണ്ട് കുറെനേരം അവർ മിണ്ടാതെ എന്നെത്തന്നെ നോക്കിയിരിക്കുകയും ചെയ്തു.

‘‘നിങ്ങളെ ഒന്ന് കാണണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. താങ്കളോട് എങ്ങനെ പറയണമെന്ന് അറിയില്ല. എന്റെയും നിങ്ങളുടെയും കുറവുകൾ എന്തായിരുന്നുവെന്നാണ് കുറെ ദിവസങ്ങൾ ഞാനാലോചിച്ചിരുന്നത്. പിന്നെ മനസ്സിലായി അവരുടെ ഇഷ്ടങ്ങൾക്ക് നമ്മുടെ കുറവുകളുമായി ബന്ധമൊന്നുമില്ലെന്ന്. അതൊക്കെ കേവലം ഇഷ്ടങ്ങളുടെ വ്യത്യാസം മാത്രേയുള്ളൂ. അതങ്ങനെ വിട്ടേക്ക്. ഒരുപക്ഷേ ആശ മരിച്ചുപോയിരുന്നെങ്കിലോ, നിങ്ങൾ അതെങ്ങനെ സഹിക്കുമായിരുന്നു. ഒരാളുടെ മരണത്തെക്കാൾ ആശ്വാസകരമാണ് ഒളിച്ചോട്ടമെന്ന് ചിന്തിക്കാൻ മാത്രം നമ്മളവരെ സ്നേഹിച്ചിരുന്നോയെന്ന് തിരിച്ചറിയാനുള്ള അവസരംകൂടിയാണ് ഉപേക്ഷിക്കപ്പെടലുകൾ, ശരിയല്ലേ?’’

എനിക്ക് അന്നേരം അവരുടെ വിരലുകളിൽ ഒന്ന് സ്പർശിക്കണമെന്ന് ആത്മാർഥമായി ആഗ്രഹം തോന്നുകയും അത് മറക്കാനെന്നവണ്ണം ഞാൻ കുഞ്ഞിന്റെ മുഖത്തേക്ക് പാളിനോക്കുകയും ചെയ്തു. ഏതാണ്ട് പത്തു വയസ്സുണ്ടാകും കുഞ്ഞിനെന്നു ഞാനൂഹിച്ചു. അകാരണമായി ഇവരെനിക്ക് പ്രതിയോഗിയായി മാറിയതിന്റെ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. അവരുടെ മുഖത്ത് കണ്ട നിശ്ചയദാർഢ്യമാണ് നഷ്ടപ്പെട്ടുപോയ എന്നിലെ മനുഷ്യത്വത്തെ തിരികെ നൽകിയത് എന്നുമാത്രം മനസ്സിലായി.

‘‘സോറി, കുഞ്ഞിന് ഒരു ചോക്ലറ്റ് പോലും വാങ്ങാതെയാണ് ഞാൻ വന്നത്.’’

അന്നേരം ആ വാക്കുകളാണ് എന്റെ വായിൽനിന്നും വീണത്.

‘‘അവൾ ചോക്ലറ്റ് കഴിക്കാറില്ല. നാച്ചുറൽ ഫുഡ് മാത്രമേ കുഞ്ഞിന് കൊടുക്കാവൂ എന്നത് രാകേഷിന്റെ ശാഠ്യമായിരുന്നു. കുഞ്ഞായിരുന്നപ്പോൾ അവൾ മിഠായിക്കൊക്കെ കരഞ്ഞു ബഹളംവെക്കുമായിരുന്നു. കിട്ടില്ല എന്നായപ്പോൾ പിന്നെ ശീലിച്ചു.’’

അന്ന് മടങ്ങാൻനേരം പെട്ടെന്ന് ഞാൻ ചോദിച്ചു:

‘‘നിങ്ങൾക്ക് ഒരു വിഷമവും ഇല്ലെന്നാണോ?’’

അന്നേരം അവർ ചെറുതായി പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും ഉണ്ടായില്ല.

അന്നത്തെ ആ കണ്ടുമുട്ടൽ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാനും അവരും വേറെ വേറെ ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലായിരുന്നു. മുന്നോട്ടുള്ള ജീവിതത്തിൽ പ്രതിസന്ധികൾ മാത്രമുള്ളവർക്ക് ലഭിക്കുന്ന അത്ഭുതകരമായ ഔഷധമാണ് മറവിയെന്ന് ആലോചിച്ചുകൊണ്ട് ഞാനവരുടെ കൃഷിയിടത്തിലേക്ക് ഇറങ്ങിനടന്നു.

‘‘മകന്റെ അഡ്മിഷന്റെ കാര്യം ആശയെ അറിയിച്ചിരുന്നോ?’’

അവരുടെ ചോദ്യമാണ് എന്നെ ഓർമയിൽനിന്നും ഉണർത്തിയത്.

‘‘ഇല്ല, മക്കൾക്ക് അവളോട് ക്ഷമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിങ്ങളെ കണ്ടാൽ എങ്ങനെയും ലോൺ കിട്ടുമെന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്റെ കാര്യങ്ങളൊക്കെ അറിയാവുന്ന ഒരാളാണല്ലോ. മനപ്പൂർവം ലോൺ അടക്കാതെ ഇരുന്നതായിരുന്നില്ല. എന്നിട്ടും ബാങ്കുകാർ സ്യൂട്ട് ഫയൽചെയ്തു. സിബിൽ സ്കോർ നോക്കുമ്പോൾ ആ ഒറ്റപ്രശ്നം കാരണം റിജക്ട് ആയി പോകുകയാണ്. എന്റെ ഭാര്യ എന്നെ മാത്രമല്ല എന്റെ പരാധീനതകളെക്കൂടിയാണ് ഉപേക്ഷിച്ചു പോയതെന്ന് ബാങ്കുകാരോട് പറയാൻ പറ്റില്ലല്ലോ.

നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, ഇനി മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം. ഉച്ചക്ക് ജോലിക്ക് കയറേണ്ടതാണ്. ഞാൻ പോകട്ടെ.’’

അയാൾ വരമ്പിലൂടെ നടക്കുന്നത് നോക്കിനിൽക്കെ പെട്ടെന്ന് അവർ പിന്നിൽനിന്നും വിളിച്ചു.

‘‘നിൽക്കൂ.’’

അയാൾ നടക്കാൻ തുടങ്ങിയതും അവർ പെട്ടെന്ന് എന്തോ ഓർത്തതുപോലെ പറഞ്ഞു:

‘‘ഞാൻ രാകേഷിനെ ചെന്നു കാണാം. ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥയെപ്പറ്റി പറഞ്ഞു മനസ്സിലാക്കാം. ഞങ്ങളുടെ ഇന്നോവ കാർ ഇവിടെ കിടപ്പുണ്ട്. എനിക്കിപ്പോൾ ഒരു കാറിന്റെ ആവശ്യമില്ല. അവർക്ക് വേണമെങ്കിൽ ഈ കാർ എടുത്തിട്ട് നിങ്ങളുടെ വണ്ടി തിരികെ തരാമല്ലോ. വണ്ടി വിറ്റാൽ ആ പണംകൊണ്ട് നിങ്ങൾക്ക് മകന്റെ അഡ്മിഷന് ഫീസ് അടക്കാൻ പറ്റില്ലേ. കുറച്ചു പൈസ ഞാനും തരാം.’’

ഞാൻ അന്ധാളിപ്പോടെ അവരെ ഉറ്റുനോക്കി നിന്നു. അവരാകട്ടെ എന്റെ മുഖത്ത് നോക്കാതെ കുനിഞ്ഞ് ഒരു നെൽക്കതിർ പൊട്ടിച്ചെടുത്ത് വായിലിട്ട് ചവച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു:

‘‘നല്ല മധുരം.’’

പെട്ടെന്ന് എന്തോ ഉൾപ്രേരണപോലെ ഞാനും ഒരു കതിർ പൊട്ടിച്ച് വായിലിട്ട് ചവച്ചു. പാതിവിളഞ്ഞ നെല്ലിന്റെ പാൽരുചി എന്റെ നാവിൽ നിറഞ്ഞു. ശരിയാണ്... നല്ല മധുരം!

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-05 05:15 GMT
access_time 2026-01-05 04:30 GMT
access_time 2026-01-05 03:30 GMT
access_time 2026-01-05 02:00 GMT
access_time 2026-01-05 01:15 GMT
access_time 2025-12-29 05:30 GMT
access_time 2025-12-29 04:30 GMT
access_time 2025-12-22 06:00 GMT
access_time 2025-12-22 05:30 GMT
access_time 2025-12-15 05:45 GMT