തുലാം

ലൈബ്രറി ഒരു തേനീച്ചക്കൂടുപോലെ– അടഞ്ഞുകിടക്കുന്ന ലൈബ്രറിയുടെ വരാന്തയിലിരിക്കവെ ആഞ്ഞുപെയ്യുന്ന രാത്രിമഴയുടെ ഇരമ്പലിനെ ശ്രദ്ധിച്ചുകൊണ്ട് സേതുമാധവൻ സങ്കൽപിച്ചു. നിരവധി അറകളിൽ നിരവധി ഗ്രന്ഥങ്ങൾ ശേഖരിച്ചു​െവച്ചിരിക്കുന്ന ഒരു വലിയ തേനീച്ചക്കൂട്.എന്തൊരു മഴ– സേതുമാധവൻ കൂട്ടത്തിൽ പിറുപിറുത്തു. വീട്ടിൽനിന്നിറങ്ങുമ്പോൾ ൈ​കയിൽ ഒരു കുട കരുതാത്തത് തികഞ്ഞ നിരുത്തരവാദമായിപ്പോയെന്ന് അടുത്തനിമിഷം അയാൾ പശ്ചാത്തപിച്ചു.കാറ്റത്തും മഴയത്തും വിദ്യുച്ഛക്തിബന്ധം നിലച്ചുപോയതിനാൽ തെളിയാത്ത വഴിവിളക്കിനെ നോക്കി മഴക്കാലത്ത് രാത്രിയുടെ ഇരുട്ടിന് നല്ല കട്ടിപ്പാണെന്ന് അയാൾക്ക്...

ലൈബ്രറി ഒരു തേനീച്ചക്കൂടുപോലെ–

അടഞ്ഞുകിടക്കുന്ന ലൈബ്രറിയുടെ വരാന്തയിലിരിക്കവെ ആഞ്ഞുപെയ്യുന്ന രാത്രിമഴയുടെ ഇരമ്പലിനെ ശ്രദ്ധിച്ചുകൊണ്ട് സേതുമാധവൻ സങ്കൽപിച്ചു. നിരവധി അറകളിൽ നിരവധി ഗ്രന്ഥങ്ങൾ ശേഖരിച്ചു​െവച്ചിരിക്കുന്ന ഒരു വലിയ തേനീച്ചക്കൂട്.

എന്തൊരു മഴ– സേതുമാധവൻ കൂട്ടത്തിൽ പിറുപിറുത്തു. വീട്ടിൽനിന്നിറങ്ങുമ്പോൾ ൈ​കയിൽ ഒരു കുട കരുതാത്തത് തികഞ്ഞ നിരുത്തരവാദമായിപ്പോയെന്ന് അടുത്തനിമിഷം അയാൾ പശ്ചാത്തപിച്ചു.

കാറ്റത്തും മഴയത്തും വിദ്യുച്ഛക്തിബന്ധം നിലച്ചുപോയതിനാൽ തെളിയാത്ത വഴിവിളക്കിനെ നോക്കി മഴക്കാലത്ത് രാത്രിയുടെ ഇരുട്ടിന് നല്ല കട്ടിപ്പാണെന്ന് അയാൾക്ക് പറയേണ്ടതായിവന്നു. ശക്തിയായ ഇടിവെട്ടിൽ മഴയിൽ കുതിർന്ന ആകാശം ഇടിഞ്ഞു താഴേക്കു വീഴുകയാണെന്ന തോന്നലും കൂട്ടത്തിലുണ്ടായി. മഴയുടെ പരന്നുപിടിച്ച ശബ്ദത്തിനും ഇടക്കിടെയുള്ള ഇടിവെട്ടി​​ന്റെ താഴേക്ക് കുത്തനെയുള്ള ശബ്ദത്തിനുമിടയിലൂടെ അണിയറപ്രവർത്തനങ്ങൾപോലെ, താഴ്ന്ന ശബ്ദത്തിൽ ആരോ സംസാരിക്കുന്നുണ്ടോയെന്ന് സേതുമാധവൻ സംശയിച്ചു. അതി​​ന്റെ അർഥതലങ്ങൾക്കുവേണ്ടി ചെവികൂർപ്പിക്കുന്നതിനോടൊപ്പംതന്നെ ഇരുളിലൂടെ ആ രൂപത്തിനുവേണ്ടി ദൃഷ്​ടികൾ പരതി.

അത് വീണ്ടും കേൾക്കുന്നുണ്ട്. ആരുടെയോ ആത്മഗതങ്ങൾപോലുള്ളത്. അധികംനേരം അയാൾക്ക് അതിനെ കാത്തിരിക്കേണ്ടതായി വന്നില്ല.മിന്നലി​​ന്റെ നൈമിഷികപ്രഭയിൽ വരാന്തയുടെ അങ്ങേത്തലയ്ക്കൽ ഒരാൾ ത​​ന്റെ ആത്മഗതങ്ങളോട് സാദൃശ്യം പുലർത്തിക്കൊണ്ടുതന്നെ കൂനിക്കൂടിയിരിക്കുന്നത് തെളിഞ്ഞു കണ്ടു. ഒരുപക്ഷേ അയാളും തന്നേപ്പോലെ അപ്രതീക്ഷിതമായി മഴയത്ത് പെട്ടുപോയതായിരിക്കാം. ഒറ്റനോട്ടത്തി​​ന്റെ പരിമിതിക്കുള്ളിൽപോലും അയാൾ ഒരുപാട് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നതുപോലെ തോന്നിപ്പിച്ചു. അതോ അതൊക്കെ ത​​ന്റെ ഭാവനകൾ മാത്രമോ? അയാൾ തന്നെ കണ്ടുവോ?ഇല്ലായെന്നാണ് തോന്നുന്നത്.

താൻ അയാളെപ്പോലെ മറ്റുള്ളവർ കേൾക്കുമാറ് ഉച്ചത്തിൽ ആത്മഗതങ്ങൾ ഉരുവിടുന്നില്ല. മഴക്കും അന്ധകാരത്തിനുമൊപ്പം തികഞ്ഞ നിശ്ശബ്ദത പുലർത്തുന്ന ചിന്തകൾ മാത്രമാണ് തന്നിലൂടെ ഇപ്പോൾ ഒഴുകുന്നത്. മഴയുടെ ഈർപ്പം മുറ്റിയ നിമിഷങ്ങൾ പിന്നെയും കടന്നുപോകവെ ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരിക്കുന്ന രവീന്ദ്രൻ ത​​ന്റെ പോക്കറ്റിൽനിന്നും സിഗരറ്റെടുത്ത് അതി​​ന്റെ ഉടവുകൾ ശ്രദ്ധാപൂർവം നിവർത്തിയെടുക്കുവാൻ ശ്രമിച്ചു. ‘‘നാശം, ആകപ്പാടെ നനഞ്ഞുപോയല്ലോ.’’

കൈവിരലുകൾക്കിടയിൽ സിഗരറ്റിനെ തിരുപിടിപ്പിച്ചുകൊണ്ട് മഴച്ചാറ്റൽ അടിച്ചുകയറിയ വരാന്തയിലൂടെ തന്നേപ്പോലെതന്നെ തോർച്ച കാത്തുനിൽക്കുന്ന വേറൊരു മനുഷ്യ​​ന്റെ അടുത്തേക്ക് കുറച്ചു മുന്നെ അകത്താക്കിയ മദ്യത്തി​​ന്റെ ലഹരിത്തരിപ്പിൽ രവീന്ദ്രൻ നടന്നടുത്തു. ‘‘തീപ്പെട്ടിയുണ്ടോ?’’

സേതുമാധവ​​ന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാലും താൻ പറഞ്ഞത് മഴയുടെ ഇരമ്പലിൽ കേൾക്കാതെപോയോ എന്നുള്ള സംശയത്താലും രവീന്ദ്രന് ത​​ന്റെ ചോദ്യം ഉച്ചത്തിൽ ആവർത്തിക്കേണ്ടിവന്നു.

‘‘ഇല്ല.’’

ദുരൂഹമായ ആ ഉത്തരം ഒരിടവേളക്കുശേഷം കടന്നുവന്നപ്പോൾ രവീന്ദ്രന് നിരാശയായി.

‘‘എന്താ, ഇല്ലാന്നോ?’’

‘‘അതെ, ഞാൻ സിഗരറ്റ് വലിക്കാറില്ല.’’ സേതുമാധവൻ ഉറപ്പിച്ചു പറഞ്ഞു.

കുത്തിയൊലിക്കുന്ന മഴവെള്ളത്തിനിടയിലൂടെ തീയും ചൂടും തിരഞ്ഞുനടക്കുന്നതി​​ന്റെ വ്യർഥതയോർത്തുകൊണ്ട് നിരാശയോടെ തിരികെ വരുമ്പോൾ തീപ്പെട്ടിയുരച്ച് വെളിച്ചത്തി​​ന്റെ ചെറിയൊരു ചുറ്റളവ് സൃഷ്​ടിച്ചുകൊണ്ട് നനഞ്ഞു കുതിർന്ന സിഗരറ്റ് കത്തിക്കുന്ന രംഗത്തെ രവീന്ദ്രൻ സങ്കൽപിച്ചെടുത്തു.

സമയം പോകപ്പോകെ രവീന്ദ്രനിൽ അമർഷം നുരഞ്ഞുപൊന്തി. ഒരുപക്ഷേ അയാളുടെ കൈയിൽ സിഗരറ്റ് ലാമ്പോ തീപ്പെട്ടിയോ ഇല്ലായിരിക്കാം. സത്യമായിരിക്കാം പറയുന്നത്. കൈവശമുണ്ടെങ്കിൽ തരാതിരിക്കില്ല.

താനിപ്പോൾ അകപ്പെട്ടിരിക്കുന്ന അവസ്​ഥയെ പലതുകൊണ്ടും ന്യായീകരിക്കുവാൻ ശ്രമിച്ചുവെങ്കിലും രവീന്ദ്രൻ ഇരിപ്പുറയ്ക്കാത്തവനെപ്പോലെ തികച്ചും അസ്വസ്​ഥനായി. കത്തിക്കാത്ത ഒടിഞ്ഞുമടങ്ങിയ സിഗരറ്റും കൈയിൽ തിരുകി മഴയുടെ ജലാവസ്​ഥയിൽ താൻ എങ്ങനെ തുലനംചെയ്തുനിൽക്കുമെന്നാലോചിച്ച് അയാൾ തൂണിന്മേൽ ചാരി നിന്നു. പിന്നീട് ഇങ്ങനെ നിന്നാൽ മതിയോ എന്ന ചിന്തയാൽ മഴയത്ത് ലൈബ്രറി വരാന്തയിലേക്ക് കയറിക്കൂടിയ അപരിചിതനോട് കുശലംപറയാമെന്ന് കണക്കുകൂട്ടി.

‘‘എവിടെയാ വീട്?’’

‘‘ഇവിടെയടുത്തുതന്നെ.’’

‘‘എന്തൊരു മഴയ​േല്ല.’’

‘‘അതെ, വല്ലാത്തൊരു മഴ.’’

‘‘എന്താ പണി?’’

‘‘അധ്യാപകനാണ്.’’

‘‘സ്​കൂളിലോ കോളേജിലോ?’’

‘‘കോളേജിലാണ്.’’

സിഗരറ്റ് കത്തിക്കാൻ ആദ്യം തീപ്പെട്ടി ചോദിച്ചു. അതില്ലായെന്ന് പറഞ്ഞപ്പോൾ പിന്നെ ഓരോരോ കുശലങ്ങൾ. ഈ പുകവലിക്കാരൻ തന്നെ ശല്യപ്പെടുത്തുവാൻ ഉദ്ദേശിച്ചുതന്നെയാണെന്ന് സേതുമാധവന് തോന്നി. പോക്കറ്റിൽ കിടക്കുന്ന മൊബൈൽ ഫോണും പഴ്സും നനഞ്ഞുകുതിരുമെന്ന ആശങ്കയിൽ സേതുമാധവൻ മഴയത്തേക്കിറങ്ങി നടക്കുവാൻ മുതിർന്നില്ല.

കുറച്ചുനേരം ചോദ്യങ്ങളൊന്നും ആ ഭാഗത്തുനിന്ന് ഉയർന്നുവരാത്തതുകൊണ്ട് പുകവലിക്കാരൻ ഇറങ്ങിപ്പോയോയെന്ന് സേതുമാധവൻ സംശയിച്ചുവെങ്കിലും അടുത്ത നിമിഷത്തിലുണ്ടായ മിന്നൽപ്പിണറിൽ അയാൾ പൂർവാധികം ആലോചനയിൽ മുഴുകി തൂണു ചാരി നിൽക്കുന്നത് ദൃഷ്​ടിയിൽപെട്ടു.

‘‘പേരെന്താണ്?’’

രവീന്ദ്രൻ തുടർച്ചയെന്നോണം ചോദിച്ചു.

ത​​ന്റെ പ്രതീക്ഷകൾ വീണ്ടും അസ്​ഥാനത്തായല്ലോയെന്ന അസ്വസ്​ഥതയോടെ സേതുമാധവൻ പറഞ്ഞു:

‘‘സേതുമാധവൻ.’’

‘‘സേതുമാധവൻ എന്ന പേരിൽ ഒരു എഴുത്തുകാരനുണ്ടല്ലോ, അത് നിങ്ങൾതന്നെയോ?’’

‘‘അതെ, ഞാൻതന്നെ.’’

‘‘എനിക്കിപ്പോൾ സന്തോഷമായി. ഞാൻ കുറെ നാളുകളായി നിങ്ങളെ തപ്പി നടക്കുന്നു. ഒരിക്കൽ ഈ പട്ടണത്തിലുള്ള നിങ്ങളുടെ വീട്ടിലേക്ക് വരണമെന്ന് തന്നെ ഞാൻ പദ്ധതിയിട്ടിരുന്നു. പക്ഷേ, എന്തുകൊണ്ടോ പിന്നീടത് വേണ്ടായെന്നു​െവച്ചു.’’

വളരെയേറെ കാലത്തിനുശേഷം ഒരു എഴുത്തുകാരനെ മുഖാമുഖം കാണേണ്ടിവന്നതി​​ന്റെ യാദൃച്ഛികതയിൽ രവീന്ദ്രൻ പറഞ്ഞു.

‘‘പക്ഷേ, ഈ ഇരുട്ടിൽ നമ്മൾക്ക് പരസ്​പരം കാണുവാൻപോലും കഴിയുന്നില്ലല്ലോ.’’

രവീന്ദ്രൻ നിന്ന ഭാഗത്തേക്ക് കുറച്ചുകൂടി അടുത്തുകൊണ്ട് സേതുമാധവൻ പറഞ്ഞു.

‘‘അതെ, കാണാതിരിക്കുന്നതാ ഒരുവിധത്തിൽ നല്ലത്.’’

‘‘എന്തുകൊണ്ട്?’’

‘‘നിങ്ങളൊരു എഴുത്തുകാരനല്ലെ. അതുകൊണ്ടുതന്നെ.’’

രവീന്ദ്ര​​ന്റെ വർത്തമാനം അങ്ങു ദൂരെനിന്ന് കേൾക്കുന്നതുപോലെ നേർത്തതായി സേതുമാധവന് തോന്നിച്ചു.

‘‘കുറച്ചു നേരത്തെ നിങ്ങൾ പറഞ്ഞത് എന്നെ തേടി എ​​ന്റെ വീട്ടിലേക്കു വരുവാൻ ഒരുമ്പെട്ടു എന്നല്ലെ? എന്നിട്ടിപ്പോൾ പരസ്​പരം കാണണ്ടായെന്നും?’’

‘‘അത്തരമൊരു തീരുമാനം എടുത്തത് കുറെനാൾ മുന്നെയായിരുന്നു. പിന്നീട് എ​​ന്റെ കാഴ്ചപ്പാടുകൾ മാറിമറിഞ്ഞു. വേണ്ടായെന്ന് ​െവച്ചു.’’

‘‘എന്തിനാണ് അങ്ങനെയൊക്കെയുള്ള ചിന്തകൾ?’’

‘‘എഴുത്തുകാരെ കാണാതിരിക്കുന്നതാണ് നല്ലത്.’’

‘‘അതെന്തുകൊണ്ട്?’’

ഒരു മിന്നലിനെ അനുഗമിച്ച് വീണ്ടുമൊരു ഇടിവെട്ടുകൂടി കടന്നുവന്നു. ഇപ്പോൾ വർത്തമാനംതന്നെ കേൾക്കുവാൻ പറ്റാത്തത്രവിധത്തിൽ അത് ഘോരമായി. ത​​ന്റെ ചോദ്യത്തിന് പുകവലിക്കാരൻ എന്തോ ഒരു ഉത്തരം പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വ്യക്തമായി കേൾക്കുവാൻ സാധിച്ചില്ല. എന്താണ് പറഞ്ഞതെന്ന് തിരിച്ച് ചോദിക്കുവാനും കഴിയുന്നില്ല. എന്തായാലും അത്ര രസകരമല്ലാത്ത ഉത്തരമായിരിക്കും അത്.

ഉള്ളിൽനിന്ന് അലയടിച്ചുവരുന്ന ലഹരിയുടെ കുതിപ്പിനാൽ രവീന്ദ്രൻ കെട്ടിയിട്ട കുതിരയുടെ അവസ്​ഥയിലായിരുന്നു. തണുപ്പുള്ള അന്തരീക്ഷത്തിൽ ഒരു സിഗരറ്റ് വലിക്കുവാനുള്ള ത്വര ഒന്നുകൂടി കലശലായി. ബാറിൽനിന്നിറങ്ങിയപ്പോൾ സിഗരറ്റിനോടൊപ്പം തീപ്പെട്ടിയും താൻ വാങ്ങാതിരുന്നത് വളരെ കഷ്​ടമായിപ്പോയല്ലോയെന്ന് അയാൾ പരിതപിച്ചു. കുറച്ചു മുന്നെ തീപ്പെട്ടി ചോദിച്ചു ചെന്ന വ്യക്തി എഴുത്തുകാരൻ സേതുമാധവനാണെന്ന് വ്യക്തമായിക്കഴിഞ്ഞു. എങ്കിൽ ആ വിഷയത്തിന്മേൽത്തന്നെ മഴ തീരുന്നതുവരെയും തനിക്ക് അയാളുമായി സംസാരം തുടർന്നുകൊണ്ട് പോകുവാൻ കഴിയും. പക്ഷേ സേതുമാധവന് താനുമായി സംസാരിക്കുവാൻ തീരെ താൽപര്യമില്ലെങ്കിലോ?

വേറൊരു രീതിയിൽ ചിന്തിച്ചാൽ അങ്ങനെയൊന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. താൻ എഴുത്തിന്മേൽ കയറിപ്പിടിച്ചാൽ സേതുമാധവന് പിന്നെ മൗനം പാലിക്കുവാൻ സാധിക്കില്ല. സ്വാഭാവികമായും അയാൾ വാചാലനാകും. അതനുസരിച്ച് തനിക്ക് മുന്നേറുകയും ചെയ്യാം.

‘‘നിങ്ങളെഴുതിയ പുസ്​തകങ്ങളെല്ലാംതന്നെ ഞാൻ വായിച്ചിട്ടുണ്ട്.’’

‘‘സന്തോഷം.’’

താൻ എഴുതിയ പുസ്​തകങ്ങളുൾ​െപ്പടെ അനേകായിരം പുസ്​തകങ്ങൾ അടക്കംചെയ്തിരിക്കുന്ന ലൈബ്രറിയിലേക്കൊന്ന് തിരിഞ്ഞുനോക്കിക്കൊണ്ട് സേതുമാധവൻ പറഞ്ഞു. താൻ എഴുത്ത് തുടങ്ങും മുന്നെ, കൗമാരകാലം മുതൽ ഒരു അനാഥവായനക്കാരനെന്നപോലെ വർഷങ്ങളോളം കയറിയിറങ്ങിയ ആ പഴക്കമേറിയ കെട്ടിട​േത്താട് സേതുമാധവന് വല്ലാത്ത അടുപ്പം തോന്നി.

ഒന്നുമെഴുതുവാൻ കഴിയാത്ത ഒരു എഴുത്തുകാര​​ന്റെ പണിശാലപോലെയായിരുന്നു അന്നൊക്കെ താൻ കഴിച്ചുകൂട്ടിയ ഈ ലൈബ്രറി. വായനയിലൂടെ തെണ്ടിനടന്ന് എഴുത്തിലേക്ക് കയറിപ്പോയ ഒരുവനാണ് താനെന്ന് അയാൾ സ്വയം വിലയിരുത്തി. എന്നാണ് താൻ ജനിച്ചുവളർന്ന ഈ പട്ടണത്തിലെ ലൈബ്രറിയിലേക്ക് അവസാനമായി കടന്നുവന്നത്?

കുറെയധികം വർഷങ്ങൾക്കു മുന്നെ. ഇരുപതോ ഇരുപത്തിയഞ്ചോ വർഷങ്ങൾക്കു മുന്നെ. കൃത്യമായി ഓർത്തെടുക്കുവാൻ പറ്റുന്നില്ല. എഴുത്തു തുടങ്ങിയതിൽപിന്നെ അധികം സന്ദർശനം നടത്തിയിട്ടില്ലായെന്ന ചിന്ത ഒരുതരം കുറ്റബോധത്തോളം ചെന്നെത്തി. പക്ഷേ, ഇന്ന് വളരെ അപ്രതീക്ഷിതമായി ഇങ്ങോട്ടേക്ക് വരേണ്ടതായ ഒരു സന്ദർഭം ഉടലെടുത്തു. ത​​ന്റെ ഓർമകൾ ഇപ്പോഴും അലമാരകളിലെ പുസ്​തക അടുക്കുകൾക്കൊപ്പം ചേർന്നിരിക്കുന്നുണ്ടെന്നും പഴക്കമേറിയ മരഗോവണികളുടെ തേയ്മാനത്തിൽ വർഷങ്ങളോളം ചവിട്ടിക്കയറിയ തനിക്കും പങ്കുണ്ടെന്നും ആ നിൽപിൽതന്നെ തിരിച്ചറിഞ്ഞപ്പോൾ ഈ സമയത്തുള്ള കടന്നുവരവ് ഒരുതരത്തിൽ അനിവാര്യമായതുതന്നെയെന്ന് സേതുമാധവന് തോന്നി.

ലൈബ്രറിയുടെ പൊതുവെയുള്ള ഉദാസീനതകളെ അന്നൊക്കെ താൻ ചടുലതയാർന്ന വായനകൾകൊണ്ട് മറികടന്നിരുന്നു. നിശ്ശബ്ദത തളംകെട്ടിയ വായനാമുറിയിലിരുന്നുകൊണ്ട് പുറത്തെ വെയിൽനാളങ്ങളെയും കോരിച്ചൊരിയുന്ന മഴയെയും നോക്കിയിരുന്ന് തള്ളിനീക്കിയ വർഷങ്ങളുടെ നൈരന്തര്യവും ഓർമകളുടെ രൂപത്തിൽ അയാളുടെ മുന്നിലേക്ക് അപ്പോൾ കടന്നുവന്നു.

‘‘നിങ്ങൾ നല്ലൊരു എഴുത്തുകാരനാണ്.’’

കത്തിക്കാത്ത സിഗരറ്റ് പോക്കറ്റിൽ തിരുകിക്കൊണ്ട് രവീന്ദ്രൻ പറഞ്ഞു.

‘‘നിങ്ങൾ എ​​ന്റെ പുസ്​തകങ്ങൾ വായിച്ചിട്ടുണ്ടോ?’’

‘‘എല്ലാംതന്നെ വായിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ നോവലുൾപ്പെടെ’’, ഒരിടവേളക്കുശേഷം ഒരു അനുബന്ധംപോലെ രവീന്ദ്രൻ പറഞ്ഞു. ‘‘പക്ഷേ ചില പ്രശ്നങ്ങളുണ്ട്.’’

‘‘എവിടെ?’’

‘‘എഴുത്തിലല്ല. ഒരിക്കലും നിങ്ങളുടെ എഴുത്തിൽ അവതരണപിശക് ഞാൻ കണ്ടെത്തിയിട്ടില്ല.’’

‘‘പിന്നെ?’’

‘‘എഴുത്തിന് പുറത്ത്.’’

‘‘നിങ്ങളുടെ പേരെന്താണ്?’’

സേതുമാധവൻ ആകാംക്ഷയോടെ ചോദിച്ചു.

‘‘രവീന്ദ്രൻ.’’

‘‘കാര്യങ്ങൾ തെളിച്ച് പറയൂ.’’

‘‘നിങ്ങൾ പുലർത്തുന്ന അതിവാചാലതകൾ. സാഹിത്യരചനകളുടെ പുറത്തുള്ള കാര്യങ്ങളാണ് ഞാൻ പറഞ്ഞുവരുന്നത്. സ്വന്തം കൃതികളെപ്പറ്റിയുള്ള അതിരുകടന്ന അവകാശവാദങ്ങൾ. തെറ്റായ ചരിത്രനിഗമനങ്ങൾ. എഴുത്തുകാരനെപ്പോലെതന്നെ നിങ്ങൾ നല്ലൊരു പ്രാസംഗികൻ കൂടിയാണ്.’’

‘‘അതുകൊണ്ടെന്താണ്?’’

‘‘എഴുത്ത് ജീവിതത്തെ ഉൾക്കൊള്ളുന്നു. അതു​േപാലെ തിരിച്ച് ജീവിതം എഴുത്തിനെ ഉൾക്കൊള്ളുന്നുണ്ടോ?’’

‘‘അങ്ങനെയൊരു പ്രശ്നം എനിക്കുണ്ടോ?’’

ദൂരെയെവിടെയോ അദൃശ്യനായിരിക്കുന്ന ഒരു വായനക്കാരൻ എന്ന നാമരൂപം ഇപ്പോൾ ത​​ന്റെ മുന്നിൽ ഒരു ക്രിയാവിശേഷണമായി അവതരിച്ച് തന്നിലുള്ള സന്ദിഗ്ധതകളെയും ആത്മസംഘർഷങ്ങളെയും ഒന്നുകൂടി സങ്കീർണമാക്കുകയാണെന്ന അന്ധാളിപ്പോടെ സേതുമാധവൻ ചോദിച്ചു.

‘‘സദസ്സിന് മുന്നിൽനിന്ന് നിങ്ങൾ പ്രസംഗിക്കുകയായിരുന്നില്ല. യഥാർഥത്തിൽ അഭിനയിക്കുകതന്നെയായിരുന്നു. ഞങ്ങൾ േശ്രാതാക്കൾ കാണികളും.’’

പുസ്​തകങ്ങൾ വായിച്ച് വായിച്ച് കുഴിഞ്ഞുപോയ കണ്ണുകളോടെ രവീന്ദ്രൻ സേതുമാധവനെ ഇരുളിലൂടെ സൂക്ഷിച്ചുനോക്കിക്കൊണ്ട് തുടർന്നു.

‘‘പ്രസംഗപീഠത്തിനു പുറകിൽ നിന്നുകൊണ്ട് നിങ്ങൾ നല്ലകാര്യങ്ങൾ മാത്രം പറയുവാൻ ശീലിക്കപ്പെട്ടു. വെറും വാചാടോപം. വെറും സാങ്കേതികത്വം. ഒരുവേള അത് എല്ലാത്തരം അതിർവരമ്പുകളെയും ലംഘിച്ചു​െകാണ്ട് ഉപദേശങ്ങളിൽവരെ എത്തിച്ചേർന്നു. നിങ്ങൾ പറഞ്ഞുനടക്കുന്ന ആദർശാത്മകതകൾ. അതെല്ലാംതന്നെ തികഞ്ഞ അസംബന്ധങ്ങളും നാട്യങ്ങളുമാണെന്ന് നിങ്ങൾക്ക് നല്ലപോലെ അറിയാമായിരുന്നു. സ്വന്തം ജീവിതത്തിൽ ഒരിക്കലും ​െവച്ചുപൊറുപ്പിക്കുവാനാകാത്ത സന്മാർഗങ്ങളെക്കുറിച്ചാണ് നിങ്ങൾ അധികസമയവും വാചാലനായത്. മനുഷ്യപ്പറ്റ് വെറും കടലാസ്​ പറ്റുകളാണെന്ന തിരിച്ചറിവോടെ തന്നെ. എഴുത്തി​​ന്റെ യഥാർഥ ധർമമെന്തെന്നുള്ള കാര്യം മറന്ന് നിങ്ങൾ അധികപ്രസംഗങ്ങളിൽ മുഴുകുകയായിരുന്നു.’’ ‘‘സിദ്ധാന്തങ്ങൾക്കു പുറകെ ആരുടെയും ജീവിതങ്ങൾ പോകുന്നില്ല.’’

താൻ ഇതുവരെയും നേരിടേണ്ടതായി വരാത്ത തീവ്രതയേറിയ വിമർശനത്തിനു മുന്നിൽ ഒന്ന് പതറി​േപ്പായെങ്കിലും പുറമേക്ക് നിഷ്കളങ്കമായി തോന്നിപ്പിക്കുന്ന സാഹിത്യത്തി​​ന്റെ ആധികാരികഭാവത്തിൽ സേതുമാധവൻ പ്രസ്​താവിച്ചു.

പുകവലിക്കുവാൻ പറ്റാത്തതുകൊണ്ടുള്ള ഓരോരോ അസ്വസ്​ഥതകളാണിതൊക്കെ. എഴുത്തും വായനയും എന്നൊക്കെ പറഞ്ഞ് രവീന്ദ്രൻ മുരളുന്നത് അതുകൊണ്ടുതന്നെയാണ്. കുറച്ചു മുന്നെ തന്നോട് തീപ്പെട്ടി ചോദിച്ചുവന്നപ്പോൾ ത​​ന്റെ കൈയിൽ യഥാവിധി അതുണ്ടായിരുന്നുവെങ്കിൽ ഇത്തരം തർക്കങ്ങളൊന്നുംതന്നെ ഉണ്ടാകുമായിരുന്നില്ല. സിഗരറ്റും പുകച്ചുകൊണ്ട് ഈ തണുപ്പത്ത് ലൈബ്രറിവരാന്തയിലെവിടെയെങ്കിലും രവീന്ദ്രൻ ഇരുട്ടിൽ ചുരുണ്ടുകൂടിയിരുന്നേനെ. ഇനി എല്ലാ സമയവും ഒരു ലൈറ്ററോ തീപ്പെട്ടി​േയാ കൂടെക്കൊണ്ടു നടക്കേണ്ടിയിരിക്കുന്നു. വായനക്കാരൻ എപ്പോഴാണ് തന്നെ കൈകാണിച്ച് നിറുത്തുന്നതെന്നും ഭേദ്യം ചെയ്യുന്നതെന്നും മുൻകൂട്ടി അറിയുവാൻ പറ്റാത്ത സ്​ഥിതിക്ക് പ്രത്യേകിച്ചും ഇത്തരം കരുതൽ തന്നെ വേണം.

‘‘അങ്ങനെയെങ്കിൽ നിങ്ങളുടെ എഴുത്തും പ്രസംഗങ്ങളുമെല്ലാം വെറും സിദ്ധാന്തങ്ങൾ മാത്രമാണെന്നോ? ഒരിക്കലും ജീവിതത്തിലേക്കിറങ്ങിവരാത്ത ഭാഷാപരമായ നിലനിൽപു മാത്രമേ അതിനുള്ളൂവെന്നോ?’’

‘‘നിങ്ങൾ പറയുന്ന കുറ്റവും കുറവുമൊക്കെ എഴുത്തുകാര​​ന്റെ മാത്രം പ്രശ്നമല്ല. നിങ്ങൾ വായനക്കാരുടേതുമാണ്. ഒരുപക്ഷേ നമ്മൾ എല്ലാവരുടേയുമാണ്. സ്​നേഹം, കാരുണ്യം, നന്മ ഇതൊക്കെ എത്രമാത്രം തിങ്ങിഞെരുങ്ങിയാണ് ജീവിതത്തിലൂടെ കടന്നുപോകുന്നതെന്ന് പറയാതെതന്നെ അറിയാമല്ലോ.’’

ദൈനംദിന ജീവിതഘടനയോട് പരമാവധി ചേർന്നുനിന്നുകൊണ്ട് സേതുമാധവൻ പറഞ്ഞു. ‘‘ഓഹോ, നിങ്ങൾ ഇങ്ങിനെയൊക്കെ പറഞ്ഞ് രക്ഷപ്പെടുവാൻ നോക്കുകയാണല്ലേ?’’ രവീന്ദ്രൻ ത​​ന്റെ ശബ്ദം കടുപ്പിച്ചു.

രവീന്ദ്രൻ വായനക്കാരിലെ ഒറ്റയാൻതന്നെയെന്ന് സേതുമാധവൻ വിലയിരുത്തി. താൻ വളരെയേറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. രൂക്ഷതയേറിയ മുഖഭാവം കുറച്ചു മുന്നെയുള്ള മിന്നലിൽ താൻ ഒരുമാത്ര ദർശിച്ചതാണ്. എതിരാളിയെ ഏതു നിമിഷവും ആക്രമിക്കുവാൻ ഒരുമ്പെടുന്ന ഭാവം. അസ്വസ്​ഥതകളേറിയ ശരീരഭാഷ. അല്ലെങ്കിൽതന്നെ ശക്തമായ കാറ്റത്തും മഴയത്തും രവീന്ദ്രൻ തന്നെ ഇങ്ങനെ ഉന്നംവെക്കുന്നതെന്തിന്?

‘‘നിങ്ങളുടെ ജോലി എന്താണ്?’’

ദീർഘമായ ഒരു സംഭാഷണത്തിനുള്ള മുൻകരുതലെന്നപോലെ സേതുമാധവൻ ചോദിച്ചു.

‘‘എ​​ന്റെ തൊഴിലോ? അതെന്തെങ്കിലുമാകട്ടെ.’’

‘‘ലക്ഷണം കണ്ടിട്ട് നിങ്ങളൊരു ആക്ടിവിസ്റ്റാണെന്ന് തോന്നുന്നു.’’

‘‘അതിന് നിങ്ങളെന്നെ ശരിക്കും കണ്ടുവോ?’’

തനിക്കെതിരെ ഇരുളിൽ പതുങ്ങിയിരിക്കുന്ന എതിരാളി കൂടുതൽ ക്രുദ്ധനാകുന്നത് സേതുമാധവൻ തിരിച്ചറിഞ്ഞു. ‘‘നിങ്ങൾ കരുതുന്നതുപോലെ ഞാനൊരു ആക്ടിവിസ്റ്റൊന്നുമല്ല. പക്ഷേ, ആക്ടിവിസ്റ്റുകളെക്കൊണ്ടു മാത്രമേ ഇന്നത്തെക്കാലത്ത് നാടിനൊരു ഗുണമുള്ളൂവെന്ന് എനിക്കറിയാം. വെറുതെ എഴുതിയും പ്രസംഗിച്ചും നടന്നിട്ട് എന്ത് പ്രയോജനം? നിങ്ങളെപ്പോലുള്ളവർ എഴുതുന്നതെല്ലാം കൃത്യതയോടുകൂടിത്തന്നെ ഞങ്ങളെ​േപ്പാലുള്ളവർ വായിക്കുന്നുണ്ട്. വേണമെങ്കിൽ എ​​ന്റെ തൊഴിൽ വായനയാണെന്ന് കൂട്ടിക്കൊള്ളൂ. ഒരു വായനാ തൊഴിലാളി. എഴുത്തുകാരെ സാഹിത്യത്തൊഴിലാളി എന്ന് കേസരി ബാലകൃഷ്ണപിള്ള വിളിച്ചതുപോലെ.’’

കുറച്ചുനേരത്തെ ഇടവേളക്കുശേഷം രവീന്ദ്രൻ അത്രയും പറഞ്ഞു നിർത്തിയപ്പോൾ, പുച്ഛരസം കലർത്തി ഇരുട്ടിലൂടെതന്നെ നോക്കി നിശ്ശബ്ദം ചിരിക്കുകകൂടി ചെയ്യുന്നുണ്ടെന്ന് സേതുമാധവന് തോന്നി. ഒരു വായനക്കാരൻ ഇത്രക്ക് അഹങ്കരിക്കേണ്ടതുണ്ടോ? ഒരുപക്ഷേ മദ്യത്തി​​ന്റെ പുറത്തുള്ള കളികളായിരിക്കാം ഇതൊക്കെത്തന്നെ. ഒരു വായനക്കാരൻ എന്ന ഉറച്ച നിലപാടിൽനിന്നുകൊണ്ടുള്ള രവീന്ദ്ര​​ന്റെ വിമർശനങ്ങൾക്ക് ഒരു എഴുത്തുകാരൻ എന്ന നിലയിൽ വീറോടെതന്നെ തനിക്ക് മറുപടി പറയേണ്ടതുണ്ട്. ‘നിങ്ങൾ വിചാരിക്കുംപോലെ ഇതൊരു വലിയ കാര്യമൊന്നുമല്ല. ഞങ്ങളെപ്പോലുള്ളവർ എന്തെങ്കിലുമൊക്കെ എഴുതും. അത് കുറച്ചുപേർ വായിക്കും. അത്രതന്നെ.’’

‘‘അതെ, വളരെക്കുറച്ചുപേർ തന്നെ. സാഹിത്യം സമൂഹത്തെ അത്രകണ്ട് ബാധിക്കുന്ന കാര്യമൊന്നുമല്ലല്ലോ. അല്ലെങ്കിൽതന്നെ നോക്കൂ. നമ്മുടെ നാട്ടിലെ കോടിക്കണക്കിന് മനുഷ്യന്മാർക്കിടയിൽ എത്രപേർ സാഹിത്യകൃതികൾ വായിക്കുന്നുണ്ടാകും? ആലോചിച്ച് നോക്കിയിട്ടുണ്ടോ? ഒരു ശതമാനംപോലും വരില്ല. കൂടിവന്നാൽ ഒന്നോ രണ്ടോ ലക്ഷം പേർ. ഇല്ല. അത്രയുംതന്നെ ഉണ്ടാവില്ല. അതിലും കുറച്ചേ വരൂ. അവരിൽത്തന്നെ എല്ലാവരും എല്ലാം വായിക്കണമെന്നില്ല.’’

ത​​ന്റെ വായനചിന്തകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതുതന്നെയെന്നുറപ്പിച്ചു​െകാണ്ട് രവീന്ദ്രൻ പറഞ്ഞു.‘അതെ, വളരെ തുച്ഛമായ വായനകൾ. നിങ്ങൾ വായനക്കാരുടെ ശതമാനക്കണക്ക് പറഞ്ഞത് നന്നായി. അത് കാര്യങ്ങളെ ഒന്നുകൂടി വ്യക്തമാക്കി.’’

തനിക്ക് ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തോടെ സേതുമാധവൻ പറഞ്ഞു. ‘‘എങ്ങനെ?’’

‘‘സാഹിത്യം സമൂഹത്തെ ബാധിക്കാത്ത കാര്യമാണെങ്കിൽ പിന്നെന്താണ് പ്രശ്നം? പണ്ടും ഇപ്പോഴും സാഹിത്യം ചെറിയൊരു ന്യൂനപക്ഷത്തിന്റേതു മാത്രമായ കാര്യമാണല്ലോ. എഴുത്തിനേയും എഴുത്തുകാരനേയും നിങ്ങൾ ഇങ്ങനെ കൂലങ്കഷമായി വിമർശിക്കുന്നത് എന്തിനാണ്?’’

‘‘എന്നാലും ഞാൻ നിങ്ങളെ വെറുതെ വിടുകയില്ല. ആ ന്യൂനപക്ഷത്തിൽ എന്നെപ്പോലുള്ളവരും പെടും.’’

‘‘നിങ്ങൾ വീണ്ടും എന്നെ പ്രതിക്കൂട്ടിൽ നിറുത്തുന്നു. എന്തിനുവേണ്ടിയാണെന്നെനിക്കറിയില്ല.’’

‘‘എന്തിനുവേണ്ടിയെന്നോ? സമൂഹമനസ്സി​​ന്റെ ചെറിയൊരു കോണിൽ സാഹിത്യം അപ്പോഴും കിടന്ന് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ.’’

‘‘പക്ഷേ നിങ്ങൾ അവതരിപ്പിച്ച സാഹിത്യ കണക്കുകൾ ​െവച്ചുകൊണ്ട് അതൊന്നും അത്ര കാര്യമാക്കേണ്ടതില്ലല്ലോ.’’

‘‘പക്ഷേ അതെനിക്ക് പ്രശ്നമാണ്. എന്നെപ്പോലെ വായനയെ വളരെ ഗൗരവമായെടുക്കുന്ന ഒരാൾക്ക്...’’

‘‘നിങ്ങൾ കാര്യങ്ങളെ ആവശ്യമില്ലാതെ സങ്കീർണമാക്കുകയാണ്.’’

‘‘അല്ല, ഞാൻ എഴുത്തിന്റെയും വായനയുടെയും പ്രായോഗികതലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.’’

‘‘നമ്മൾ ഇതുപോലുള്ള വാഗ്വാദത്തിലേർപ്പെട്ട് വെറുതെ സമയം കളയുകയാണ്. വായനക്കാരൻ എഴുത്തുകാര​​ന്റെ എതിരാളിയാകേണ്ട കാര്യമൊന്നുമില്ല.’’

‘‘നിങ്ങൾ സാഹിത്യത്തെ വല്ലാത്ത രീതിയിൽ ഉദാത്തവൽക്കരിക്കുന്നു. അതിന് കേമത്തം കൽപിക്കുന്നു. അതാണ് എ​​ന്റെ പ്രശ്നം.’’

കത്തിക്കാൻ പറ്റാതിരുന്ന സിഗരറ്റിനെ പോക്കറ്റിൽനിന്ന് വീണ്ടും പുറത്തെടുത്തുകൊണ്ട് രവീന്ദ്രൻ മുറുമുറുത്തു.

‘‘അതിന് മനുഷ്യജീവിതത്തി​​ന്റെ അത്രയും നിലവാരമുണ്ട്.’’

‘‘ജീവിതത്തിന് എന്തെങ്കിലും മഹിമയുണ്ടോ?’’

‘‘ഇത്തരം വർത്തമാനങ്ങൾ നിറുത്തൂ രവീന്ദ്രൻ. സാഹിത്യത്തിന് ആനന്ദത്തിന്റേതായ ഒരു സ്​ഥാനമെങ്കിലും കൊടുക്കൂ.’’ ക്ഷമകെട്ടവനെപ്പോലെ സേതുമാധവൻ ശബ്ദമുയർത്തി.

വളരെ രോഷത്തോടെയാണ് മഴപെയ്യുന്നതെന്ന് സേതുമാധവന് തോന്നി. കുത്തി​െയാലിക്കുന്ന വെള്ളച്ചാലുകൾ. ആകാശം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഭീതിജനകങ്ങളായ ഇടിവെട്ടുകൾ. കിഴക്കുനിന്ന് പടിഞ്ഞാട്ട് ശക്തിയോടുകൂടി വീശുന്ന കാറ്റിൽപ്പെട്ടുടലെടുക്കുന്ന അന്ധകാരച്ചുഴികൾ. വാക് തർക്കത്തിന് നൽകിയ ഒരിടവേളപോലെ രവീന്ദ്രൻ പുലർത്തുന്ന അവിശ്വസനീയമായ നിശ്ശബ്ദതക്ക് കാരണമെന്തെന്ന് സേതുമാധവ​​ന്റെ കണ്ണുകൾ തിരഞ്ഞു.

തുറന്നു​െവച്ച ഒരു പുസ്​തകം കണക്കെ രവീന്ദ്രൻ വരാന്തയിൽ മലർന്നടിച്ച് കിടക്കുന്നത് അപ്രതീക്ഷിതമായി കടന്നുവന്ന മിന്നൽക്ഷണികതയിൽ തെളിഞ്ഞുകണ്ടു. ഒരുപക്ഷേ രവീന്ദ്രന് ത​​ന്റെ ബോധംതന്നെ നഷ്​ടപ്പെട്ടിരിക്കാം. അത്രമാത്രം അയാൾ കുടിച്ചിട്ടുണ്ടാകും.സേതുമാധവ​​ന്റെ അനുമാനം തികച്ചും ശരിയായിരുന്നു. രവീന്ദ്രൻ നല്ലപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു. അയാൾ കിടന്നകിടപ്പിൽ കണ്ണുകളടച്ചുകൊണ്ട് ആവർത്തനംപോലെ ആലോചിച്ചതും ആരോടെന്നില്ലാതെ പറയുവാൻ ആരംഭിച്ചതും കുറച്ചുമുന്നെ തന്നിലൂടെ കടന്നുപോയ ആ സായാഹ്നത്തെക്കുറിച്ചുതന്നെയായിരുന്നു.

‘‘തിരക്കില്ലാത്ത ആ ബാറിലേക്ക് ഞാൻ കയറിച്ചെന്നു. ശീതീകരിച്ച ക്യാബിനിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ ഒറ്റക്കിരുന്ന് മദ്യപിക്കുവാൻ തുടങ്ങി. ക്രമേണ ആ ചെറിയ ക്യാബിൻ ഇരുളടഞ്ഞ ഒരു ഗുഹയെ​േപ്പാലെയായി. മദ്യപാനത്തിനുശേഷമുള്ള ഭക്ഷണവേളയിൽ മാംസം കടിച്ചുവലിച്ചു തിന്നുന്ന ഒരു പ്രാചീന മനുഷ്യനായി താൻ രൂപാന്തരം പ്രാപിക്കുന്നുവോയെന്ന സംശയം എന്നെ ബാധിച്ചു. പിന്നീട് അലയടിച്ചുയർന്നുവരുന്ന ആദിമജന്മവാസനകളോടുകൂടിത്തന്നെ തെരുവിലേക്കിറങ്ങി.

രണ്ട് മണിക്കൂറുകൾക്കു മുന്നെ ബാറിലേക്ക് കയറിക്കൂടിയ നേരത്ത് പ്രകാശത്തി​​ന്റെ ദിഗംബരാവസ്​ഥയിൽ മലർന്നുകിടന്നിരുന്ന തെരുവ് ഒരു വൈരുധ്യംപോലെ ഇരുളിൽ പുതച്ചുമൂടിക്കിടക്കുന്നതു കണ്ടപ്പോൾ യഥാർഥത്തിൽ ഞാൻ ആശ്ചര്യപ്പെടുകതന്നെ ചെയ്തു. പകലിന്റെയും രാത്രിയുടെയും ഖണ്ഡശ്ശകൾക്കിടയിലൂടെയാണല്ലോ ബാറിൽ ചിലവഴിച്ച സമയമത്രയും കടന്നുപോയതെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ഞാൻ ഇപ്പോഴും നല്ലപോലെ ഓർക്കുന്നു. തെരുവുവിളക്കുകൾ കെട്ടുപോയ അന്ധകാരത്തിൽ ദിശാബോധം നഷ്​ടപ്പെട്ടവനെപ്പോലെ അലഞ്ഞുതിരിയുമ്പോഴായിരുന്നു ശക്തമായ ഇടിവെട്ടോടുകൂടി ജലത്തി​​ന്റെ അരാജകത്വം സൃഷ്​ടിച്ചുകൊണ്ട് മഴ അതിക്രമിച്ചു കയറിവന്നത്. തെരുവിനിരുവശവും തഴച്ചുവളർന്നുനിൽക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ ഇരുളിൽ വനദുർഗങ്ങളെപ്പോലെ നിലയുറപ്പിച്ചു.

എതിരെ വരുന്ന ഏതെങ്കിലും വന്യമൃഗം എന്റെ മേൽ ചാടിവീഴുമെന്ന് ഭയപ്പാടുണ്ടായിരുന്നുവെങ്കിലും ലഹരിയുടെ ആധികാരികതയിൽ മഴ നനഞ്ഞുതന്നെ മുന്നേറി. മുനിസിപ്പൽ കവലയിൽ എത്തിയപ്പോൾ പാർക്കിനു പിറകിൽ ഒറ്റപ്പെട്ടു കുത്തനെ നിൽക്കുന്ന വായനാത്തഴക്കമേറിയ ലൈബ്രറിയുടെ വരാന്തയിലേക്ക് മഴയെ പിറകിലേക്ക് തള്ളിമാറ്റിക്കൊണ്ട് ഞാൻ എങ്ങനെയോ കയറിക്കൂടി. അപ്പോഴേക്കും മഴ ഒന്നുകൂടി കനത്തു. അത്രയും തീവ്രതയേറിയ പ്രകാശത്തിന് ഇത്രയും വലുപ്പമേറിയ ശബ്ദപ്പെരുക്കം എന്ന കണക്കിൽ തുടരത്തുടരെ മിന്നലും ഇടിവെട്ടും വന്ന് പതിക്കുവാൻ തുടങ്ങി. വരാന്തയിൽ കൂനിക്കൂടിയിരുന്ന് തലങ്ങും വിലങ്ങും ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിന് ആനുപാതികമായി ഞാൻ ആത്മഗതങ്ങളിലേർപ്പെടാനും തുടങ്ങി.

 

അതിനിടെ കുനിച്ചുപിടിച്ച തലയുയർത്തിപ്പിടിച്ച് അന്ധകാരം ബാധിച്ചപോലെ ചുറ്റിനും പരതുവാൻ തുടങ്ങിയവേളയിലാണ് വരാന്തയുടെ അങ്ങേത്തലയ്ക്കൽ നിൽക്കുന്ന ഒരു മനുഷ്യരൂപത്തെ എനിക്ക് കണ്ടെത്തുവാൻ കഴിഞ്ഞത്. മൊത്തത്തിൽ നനഞ്ഞു കുതിർന്ന അവസ്​ഥയിൽ പോക്കറ്റിൽ കിടക്കുന്ന സിഗരറ്റെടുത്ത് ആഞ്ഞുവലിക്കുവാനായിരുന്നു പിന്നീട് എ​​ന്റെ ശ്രമം. ഒടുവിൽ തീ അന്വേഷിച്ച് അലയുന്ന ഒരു ഗുഹാമനുഷ്യ​​ന്റെ രൂപഭാവാദികളോടെ ഞാൻ ഒറ്റപ്പെട്ട് നിൽക്കുന്ന ആ മനുഷ്യന്റെ അടുത്തേക്ക് തെന്നിവീഴാതെ ഒരുവിധം നടന്നടുത്തു. ഞാൻ തീപ്പെട്ടി ചോദിച്ചു ചെന്ന ആ ഇരുകാലി ഒരു എഴുത്തുകാരനാണെന്ന് തിരിച്ചറിഞ്ഞതോടുകൂടി കാര്യങ്ങൾ മൊത്തത്തിൽ അട്ടിമറിക്കപ്പെട്ടു.’’

ആലോചനകളെയും ആത്മഭാഷണങ്ങളെയും തൽക്കാലം മാറ്റി​െവച്ച് കണ്ണുകൾ പരമാവധി തുറന്നുപിടിച്ച് കുറച്ചുമുന്നെ നിലച്ചുപോയ സേതുമാധവനുമായുള്ള ത​​ന്റെ വാദപ്രതിവാദങ്ങളെ വീണ്ടെടുത്തുകൊണ്ട് രവീന്ദ്രൻ തുടർന്നു.

‘‘ഞാൻ എ​​ന്റെ ജീവിതകാലത്തി​​ന്റെ മുക്കാൽപങ്കും വായനക്കുവേണ്ടി ചിലവഴിച്ചവനാണ്. കുട്ടിക്കാലം മുതൽക്കേ തുടങ്ങിയതാണ് ആ ശീലം. പിന്നീട് അതെന്നെ വിടാതെ പിടികൂടി, ഒരുതരം ബാധപോലെ. ചുരുക്കിപ്പറഞ്ഞാൽ പുസ്​തകം വായിച്ച് ജീവിതം തുലഞ്ഞുപോയവനാണ് ഞാൻ. ഇപ്പോഴും ഒരു ഭാഷാസഞ്ചാരിയെപ്പോലെ ഞാൻ വായിച്ചുകൊണ്ടേയിരിക്കുന്നു. അഭയാർഥിയെപ്പോലെ അലഞ്ഞുതിരിയുന്നു. ആ ദുശ്ശീലം എനിക്ക് നിറുത്തുവാൻ കഴിയുമെന്ന് തോന്നുന്നില്ല. അതെ​​ന്റെ മരണം വരേക്കും തുടരുമെന്നാണ് തോന്നുന്നത്.’’

തൽക്കാലം തന്നോടുള്ള എതിരിടൽ നിറുത്തി​െവച്ച് രവീന്ദ്രൻ ഒരുതരം ആത്മവിമർശനം നടത്തുകയാണല്ലോ എന്ന ആശ്വാസത്തിൽ സേതുമാധവൻ അയാൾ കിടക്കുന്ന ദിക്കിലേക്ക് തിരിഞ്ഞുനിന്നു.

രവീന്ദ്രനെപ്പോലെ താനും ഇന്നത്തെ അർധസായാഹ്നത്തിൽ മഴയുടെ കുളിർമയിൽ ബാറിൽ കയറി കുറച്ച് മദ്യപിച്ചിരുന്നുവെങ്കിൽ നന്നായിരുന്നേനെ. ഈ വായനക്കാരനെ കുറച്ചുകൂടി രൂക്ഷതയോടെ എതിരിടാമായിരുന്നു. എഴുത്തിനെക്കുറിച്ച് കുറച്ചുകൂടി വാചാലത പുലർത്താമായിരുന്നു.

‘‘ഒരു വിദേശ എഴുത്തുകാരനുണ്ടായിരുന്നുവല്ലോ? അയാളുടെ പേര് ഞാൻ മറന്നുപോയി.’’ രവീന്ദ്രൻ ഇരുട്ടിലേക്ക് നോക്കി പുലമ്പുവാൻ തുടങ്ങി. ‘‘ആ എഴുത്തുകാരൻ ത​​ന്റെ എഴുത്തുമുറിയിൽ​െവച്ചുണ്ടായ ഒരപകടത്തിൽപെട്ട് മരണമടഞ്ഞു. എങ്ങനെയെന്ന​േല്ല? ഞാൻ പറയാം.’’ രവീന്ദ്രൻ മലർന്നുകിടന്നുകൊണ്ട് ത​​ന്റെ കൈകൾ എന്തിനെന്നില്ലാതെ ഉയർത്തിപ്പിടിച്ചുകൊണ്ട് തുടർന്നു.

‘‘ആ എഴുത്തുകാരന് വലിയൊരു ഗ്രന്ഥശേഖരമുണ്ടായിരുന്നു. ഏകദേശം ഒരു ലൈബ്രറിയോളംതന്നെ വലിപ്പമേറിയത്. ഒരുദിവസം ധൃതിപ്പെട്ട് ഒരു പുസ്​തകം തിരയുകയായിരുന്നു അയാൾ. അയാൾക്ക് ഉടൻതന്നെ ആ പുസ്​തകം കിട്ടിയേ തീരൂ. വളരെ അത്യാവശ്യമുള്ള ഒരു വിവരം അതിൽനിന്ന് അയാൾക്ക് കണ്ടെടുക്കേണ്ടതായിട്ടുണ്ടായിരുന്നു. ആ എഴുത്തുകാരൻ ത​​ന്റെ ലൈബ്രറിയിൽ ഉപയോഗിക്കുന്ന ഏണിയിന്മേൽ വലിഞ്ഞുകയറി. ഉയരം കൂടിയ അലമാരയുടെ മുകൾത്തട്ടിൽനിന്ന് പുസ്​തകം വലിച്ചെടുക്കുന്നതിനിടയിൽ താഴേക്ക് വഴുതി തലയടിച്ചു വീണ് ഗുരുതരമായ പരിക്ക് പറ്റി. പിന്നീട് ആശുപത്രിയിൽ ​െവച്ച് അദ്ദേഹം മരണമടഞ്ഞു.’’

രവീന്ദ്രൻ ഉയർത്തിപ്പിടിച്ച കൈകൾ നാടകീയമായി താഴേക്കിട്ടു. പിന്നീട് മരിച്ചപോലെ അനങ്ങാതെ കുറച്ചുനേരം കിടന്നു. ‘‘യഥാർഥത്തിൽ ആ എഴുത്തുകാരൻ വായിക്കുവാൻ ഒരുമ്പെടുന്നവേളയിലായിരുന്നു അപകടത്തിൽപ്പെട്ട് മരിച്ചത്. അതും ത​​ന്റെ സ്വകാര്യമുറിയിൽ ​െവച്ച്.’’ രവീന്ദ്രൻ വീണ്ടും നിശ്ശബ്ദത പുലർത്തി.

‘‘പറയുമ്പോൾ വളരെ എളുപ്പം കഴിഞ്ഞു. പക്ഷേ മരണമടഞ്ഞ ആ എഴുത്തുകാര​​ന്റെ സുഹൃത്തായ വേ​െറാരു എഴുത്തുകാരൻ ആ സംഭവത്തെ ആസ്​പദമാക്കി വലിയൊരു നോവൽതന്നെ രചിച്ചു. അതും ഞാൻ വായിച്ചിട്ടുണ്ട്.’’

വായനയെക്കുറിച്ച്, എഴുത്തിനെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്... അത്രയും പറഞ്ഞുകൊണ്ട് രവീന്ദ്രൻ വീണ്ടും നിശ്ചലനായി.

രവീന്ദ്രൻ ആരെ ഉദ്ദേശിച്ചാണ് ഈ കഥ ഇപ്പോൾ പറഞ്ഞത്? സേതുമാധവൻ സംശയിച്ചു.

തന്നെ ഉദ്ദേശിച്ചോ?

അങ്ങനെയെങ്കിൽ അയാൾക്ക് അതുകൊണ്ട് എന്ത് പ്രയോജനം?

‘‘യഥാർഥത്തിൽ ലൈബ്രറി എന്നുപറഞ്ഞാൽ എന്താണ്?’’

കിടന്നുകൊണ്ടുതന്നെ ത​​ന്റെയുള്ളിലെ ലഹരിയിൽ വീണ്ടും ഒരു കുതിച്ചുചാട്ടം നടത്തിക്കൊണ്ട് രവീന്ദ്രൻ ചോദിച്ചു.

‘‘എഴുത്തുകാരൻ അദൃശ്യനായും വായനക്കാരൻ പ്രത്യക്ഷനായും സമ്മേളിക്കുന്ന ഒരു വേദി, അല്ലേ?’’രവീന്ദ്രൻ തന്നെ ആ ചോദ്യത്തിന് ഉത്തരവും പറഞ്ഞു.

ലൈബ്രറിക്കുള്ളിലെ ഘനപ്പെട്ട ഗ്രന്ഥശേഖരത്തിനും മുറ്റത്ത് ആർത്തലച്ചുപെയ്യുന്ന മഴക്കുമിടയിൽ, ഈ വരാന്തയിൽ ഇരുട്ടത്ത് നിർദയനായ ഒരു വായനക്കാര​​ന്റെ മുന്നിൽ താൻ സാഹിത്യവിചാരണ നേരിടുകയാണെന്ന് സേതുമാധവന് തോന്നി. പൊതുവെ സാഹിത്യം സംസാരിക്കുമ്പോൾ മുന്നിൽ നിരന്നിരിക്കുന്ന സൗഹാർദഭാവം പ്രകടിപ്പിക്കുന്ന സദസ്യർക്ക് പകരം ത​​ന്റെ മേൽ എപ്പോൾ വേണമെങ്കിലും ചാടിവീണേക്കാവുന്ന ക്രൗര്യംനിറഞ്ഞ ഒരു വായനക്കാരൻ. അയാൾ ത​​ന്റെ വായനക്ക് കണക്കു ചോദിക്കുകയാണ്.

‘‘അതിബൃഹത്തായ ജീവിതത്തെ എങ്ങനെ ലക്ഷ്യംവെക്കുന്നു എന്നുള്ളതാണ് പ്രശ്നം.’’

രവീന്ദ്രൻ ചരിഞ്ഞുകിടന്നുകൊണ്ട് ത​​ന്റെ പ്രസ്​താവനകൾ തുടർന്നു. ‘‘മുന്നിട്ട് നിൽക്കുന്നത് ക്ലേശങ്ങൾ മാത്രമാണ്. ഭൂമിയിൽ ഇഴഞ്ഞുനടക്കുന്ന ക്ലേശങ്ങൾ മാത്രം.’’

‘‘ഭാഷയിൽ പണിയെടുക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് വേറെന്ത് ചെയ്യുവാൻ കഴിയും? വാക്കുകളുടെ വിത്തുകൾ വിതയ്ക്കുകയല്ലാതെ?’’

സേതുമാധവൻ ആരോടെന്നില്ലാത്തമട്ടിൽ ഉരുവിട്ടു.

‘‘വാക്കുകൾ വിതച്ച് സങ്കൽപങ്ങളും കെട്ടുകഥകളും നിങ്ങൾ കൊയ്തെടുക്കുന്നു.’’ രവീന്ദ്രൻ ഒരു സിനിക്കിനെപ്പോലെ പ്രതികരിച്ചു.

‘‘പക്ഷേ, ആ കെട്ടുകഥകളെല്ലാം സാമൂഹ്യയാഥാർഥ്യങ്ങൾ തന്നെയല്ലെ?’’

‘‘ആണോ?’’

‘‘സംശയമെന്ത്? മതങ്ങളെല്ലാം ഇത്തരം കെട്ടുകഥകളിൽതന്നെയല്ലെ ഉറപ്പിച്ചുനിറുത്തിയിരിക്കുന്നത്? അത് തന്നെ വലിയൊരു ഉദാഹരണമല്ലെ?’’

‘‘നിങ്ങൾ പറയുന്ന ഈ സിദ്ധാന്തങ്ങളെല്ലാം സാഹിത്യസെമിനാറുകളിൽ അവതരിപ്പിക്കുവാൻ കൊള്ളാം. ദുരിതങ്ങൾ നിറഞ്ഞ ദൈനംദിന ജീവിതത്തിൽ ഇത്തരം ലാവണ്യസിദ്ധാന്തങ്ങൾ ആർക്ക് വേണം?’’ രവീന്ദ്രൻ കുറ്റപ്പെടുത്തുന്നതുപോലെ പറഞ്ഞു.

‘‘ഇങ്ങനെയെല്ലാം പറയുന്നത് യഥാർഥ സാഹിത്യമെന്തെന്ന് നിങ്ങൾ ശരിയാംവണ്ണം അറിയുവാൻ ശ്രമിക്കാത്തതുകൊണ്ടാണ്. നിങ്ങൾ സാഹിത്യത്തെ ഒരുതരം നേരമ്പോക്കായെടുക്കുന്നു. അവിടെയാണ് പ്രശ്നം.’’അടഞ്ഞുകിടക്കുന്ന ലൈബ്രറിക്കുള്ളിലെ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾക്കിടയിൽ നിന്നുയർന്നുവരുന്ന മർമരങ്ങൾക്ക്് കാതോർത്തുകൊണ്ട് സേതുമാധവൻ പ്രതികരിച്ചു.

‘‘അങ്ങനെയെങ്കിൽ എന്താണ് യഥാർഥ സാഹിത്യം?’’

‘‘അക്കാര്യം നിങ്ങളെപ്പറഞ്ഞ് ബോധ്യപ്പെടുത്തുവാനുള്ള നിർവചനങ്ങളൊന്നും എ​​ന്റെ കയ്യിലില്ല. വായനയിലൂടെ സ്വയം അനുഭവിച്ചറിയേണ്ട കാര്യമാണത്. പൊതുവെ പറഞ്ഞാൽ എഴുത്തിന് ജീവിതവുമായി ബന്ധമുണ്ടായിരിക്കണം. അത്രതന്നെ.’’

‘‘ഒരുപക്ഷേ നിങ്ങളെപ്പോലുള്ളവർ ഒന്നും എഴുതിയില്ലെങ്കിൽ എന്താണ് പ്രശ്നം?’’

‘‘പിന്നെന്ത് നിങ്ങൾ വായിക്കും?’’

‘‘വായിച്ചിട്ടെന്ത് കാര്യം?’’

‘‘അപ്പോൾ നിങ്ങൾ ഒരു വായനക്കാരനല്ലെ?’’

‘‘യഥാർഥത്തിൽ ഞാനൊരു വായനക്കാരനല്ല.’’

‘‘അപ്പോൾ കുറച്ചു മുന്നെ നിങ്ങൾ പറഞ്ഞത് നിങ്ങൾ വലിയൊരു വായനക്കാരനാണെന്നാണല്ലോ?’’

‘‘വേണമെങ്കിൽ അങ്ങിനേയും പറയാം. വായിക്കുക എ​​ന്റെയൊരു വിധി തന്നെയാണ്. അതിൽനിന്ന് എനിക്കൊരു രക്ഷയുമില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞുവല്ലോ.’’

‘‘എന്തൊരു വിധിയാണത്?’’

വീശിയടിച്ച കാറ്റിൽ ചലിച്ചുകൊണ്ടിരിക്കുന്ന അന്ധകാരത്തെ നോക്കി സേതുമാധവൻ പറഞ്ഞു.

‘‘അതെ, വല്ലാത്തൊരവസ്​ഥ തന്നെ. മറ്റുള്ളവരോട് പറഞ്ഞാൽ മനസ്സിലാവില്ല. നിങ്ങൾ നേരത്തെ സാഹിത്യത്തെക്കുറിച്ച് പറഞ്ഞതുപോലെ തന്നെ.’’ അപ്പോൾമാത്രം തന്നിലുടലെടുത്ത ഒരു പുതിയ ചിന്താപദ്ധതിയിലേക്ക് കടക്കവെ വായനക്കാരൻ പറഞ്ഞത് ശരിതന്നെയെന്ന് സേതുമാധവന് തോന്നി. താനും യഥാർഥത്തിൽ എഴുത്തുകാരനൊന്നുമല്ല. വിധിവശാൽ പലതും എഴുതിക്കൂട്ടുന്നുവെന്നുമാത്രം. ജീവിതസാഹചര്യങ്ങൾ തന്നെക്കൊണ്ട് അങ്ങനെ​െയാക്കെ എഴുതിപ്പിക്കുകയാണ്. അല്ലെങ്കിൽ ജീവിതംതന്നെ നിലച്ചുപോകുമെന്ന അവസ്​ഥയിൽ.

‘‘ശക്തമായ മഴയാണ് നമ്മളെ ഇവിടെ ഈ ലൈബ്രറി വരാന്തയിൽ കൂട്ടിമുട്ടിച്ചത്.’’

കുറച്ചു നേരമായി രവീന്ദ്രൻ പുലർത്തിയ അശാന്തമായ നിശ്ശബ്ദതയെ ഖണ്ഡിച്ചുകൊണ്ട് സേതുമാധവൻ പറഞ്ഞു.‘‘തുലാം മാസം നിമിത്തമാണെന്നാണ് ഞാൻ പറയുക.’’

സൗഹൃദാന്തരീക്ഷം ഉടലെടുത്തപോലെ രവീന്ദ്രൻ ആദ്യമായി ഉച്ചത്തിലൊന്ന് ചിരിച്ചു. എഴുത്തിന്റെയും വായനയുടെയും ആന്തരികതകളിൽപെട്ട് പരസ്​പരം തിരിച്ചറിഞ്ഞ അസുലഭ സന്ദർഭത്തി​​ന്റെ അടിസ്​ഥാനത്തിൽ രവീന്ദ്രൻ തുടർന്നു.

‘‘അങ്ങനെയെങ്കിൽ എനിക്ക് ഇനിയുമുണ്ട് ചില കാര്യങ്ങൾ പറയുവാൻ.’’

അത്രയും നേരം മലർന്നുകിടന്നിരുന്ന രവീന്ദ്രൻ പ്രത്യേകരീതിയിലുള്ള ഭാഷാശബ്ദം പുറപ്പെടുവിച്ചുകൊണ്ട് എഴുന്നേറ്റിരുന്ന് പുറകിലേക്ക് കൈകുത്തി.

‘‘ഒരുപക്ഷേ നമ്മൾ കുറച്ചുസമയം കൂടി ഇവിടെ നിന്നെന്ന് വരും. അതുകഴിഞ്ഞ് പരസ്​പരം പിരിഞ്ഞുപോകും.’’ പരിസമാപ്തിയിലെത്തിയ മട്ടിൽ സേതുമാധവൻ അഭിപ്രായപ്പെട്ടു.

‘‘അപ്പോൾ ഇതൊക്കെ വെറും കാലാവസ്​ഥയുടെ പ്രശ്നമായിരുന്നുവോ?’’ രവീന്ദ്രൻ ത​​ന്റെ ഇരിപ്പിൽനിന്നെഴുന്നേറ്റുനിന്നു. ‘‘ചില നേരങ്ങളിൽ കാലാവസ്​ഥക്കാണ് പ്രാധാന്യം.’’

‘‘ഇതാ, മഴയുടെ ശക്തി കുറഞ്ഞുവരുന്നുണ്ട്. ഇനി നമ്മൾ തമ്മിൽ എവിടെയെങ്കിലും ​െവച്ച് കണ്ടുമുട്ടുമോ എന്നുതന്നെ അറിയില്ല. ഇനി അഥവാ കണ്ടാൽതന്നെ നിങ്ങൾ എന്നെ തിരിച്ചറിയുമോ?’’ വരാന്തയിൽനിന്ന് മുറ്റത്തേക്കിറങ്ങുവാൻ സേതുമാധവൻ ഒരുമ്പെടുകയാണെന്ന തോന്നലിൽ രവീന്ദ്രൻ ചോദിച്ചു.

‘‘തീർച്ചയായും. ഞാൻ എങ്ങനെയാണ് നിങ്ങളെ മറക്കുക.’’

‘‘എനിക്ക് നിങ്ങളോട് ഒരു കാര്യം പറയുവാനുണ്ട്. നമ്മൾ തമ്മിലുള്ള അപ്രതീക്ഷിതമായ കണ്ടുമുട്ടലും ഈ വർത്തമാനവുമെല്ലാം ഒരു കഥയുടെ രൂപത്തിലെഴുതുക. അത് ഏതെങ്കിലും മാഗസിനിൽ അച്ചടിച്ചുവരുമ്പോൾ അല്ലെങ്കിൽ പുസ്​തകരൂപത്തിൽ പുറത്തിറങ്ങു​േമ്പാൾ എന്നെങ്കിലും എവിടെയെങ്കിലുമിരുന്ന് സൗകര്യംപോലെ ഞാൻ വായിച്ചുകൊള്ളാം. അപ്പോഴും ഞാൻ വായനക്കാരനും നിങ്ങൾ എഴുത്തുകാരനുമായി സമദൂരത്തിൽ നിലയുറപ്പിച്ചുകൊണ്ടുതന്നെ.

പക്ഷേ ഒരു കാര്യം എനിക്കുറപ്പ് തരണം. എഴുതപ്പെടുവാൻ പോകുന്ന കഥയിൽ നിങ്ങൾ ഒട്ടുംതന്നെ ഭാവന കലർത്തരുത്. ഇന്ന്, ഇപ്പോൾ എന്തൊക്കെ സംഭവിച്ചുവോ അത് അതേപടി പകർത്തി​െവക്കണം. തനി റിയലിസ്റ്റ് കഥ. അന്ന് ആ കഥ വായിക്കുന്ന വേളയിൽ ഞാൻ ഇന്നത്തെ ഈ സംഭവത്തെക്കുറിച്ച് ഒന്നുകൂടി വിശദമായി ഓർത്തെടുക്കും. ഈ ഇരുട്ടും മഴയും കാറ്റും മിന്നലും ഇടിവെട്ടും ലൈബ്രറി വരാന്തയും എഴുത്തും വായനയുമെല്ലാം എ​​ന്റെ മനസ്സിലൂടെ അപ്പോൾ കടന്നുപോകും.’’

‘‘ഞാൻ എഴുതുവാൻ ശ്രമിക്കാം.’’ രവീന്ദ്രൻ മുന്നോട്ടേക്കു​െവച്ച ആ നിർദേശത്തിൽ സേതുമാധവൻ സന്ദിഗ്ധത കൂട്ടിച്ചേർത്തു. ഇല്ല. ഈ സംഭവം എനിക്ക് ഒരു കഥയായി എഴുതുവാൻ കഴിയില്ല. കുറച്ചു നേരത്തെ ഇടവേളക്കുശേഷം തങ്ങൾക്കിടയിലെ ഇരുളിൽ ഇപ്പോഴും പതുങ്ങിയിരിക്കുന്ന പലവിധ നിർവചനങ്ങളെ ബാക്കി​െവച്ചുകൊണ്ട് സേതുമാധവൻ ആത്മഗതംചെയ്തു.

(ചിത്രീകരണം: സജീവ്​ കീഴരിയൂർ)

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.