വ്ലാദിമിറിന്റെ ജനാല

ആ മുറിയില്‍ രണ്ട് ജനാലകള്‍ ഉണ്ടെങ്കിലും ഒന്ന്‌ മാത്രമാണ് യഥാർഥം. അയഥാർഥമായ മറ്റൊന്ന്‌ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാള്‍ ചുവരില്‍ വരച്ചുചേര്‍ത്തതാണ്‌. അയാളുടെ പേര് വ്ലാദിമിര്‍ എന്നാണെന്നും ഒരു പകലും ഒരു രാത്രിയും മാത്രമേ അയാള്‍ ആ മുറിയില്‍ ജീവിച്ചിട്ടുള്ളൂവെന്നും ഹോട്ടലിന്റെ നടത്തിപ്പുകാരനായ കുല്‍ക്കര്‍ണി എന്നോട്‌ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ചിത്രത്തെ മാനദണ്ഡമാക്കി വ്ലാദിമിര്‍ ഒരു മികച്ച ചിത്രകാരനാണെന്ന്‌ ഞാന്‍ കരുതുന്നില്ല. അതിന് കാരണം ഒറ്റനോട്ടത്തില്‍തന്നെ ആ ചിത്രത്തില്‍ തെളിയുന്ന കലാപരമായ അപാകതകളാണ്. ഇത് പറയുന്ന ഞാന്‍ ഒരു സാഹിത്യകാരനാണെന്ന്‌ നിങ്ങള്‍ക്കറിയുമെങ്കിലും ...

ആ മുറിയില്‍ രണ്ട് ജനാലകള്‍ ഉണ്ടെങ്കിലും ഒന്ന്‌ മാത്രമാണ് യഥാർഥം. അയഥാർഥമായ മറ്റൊന്ന്‌ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാള്‍ ചുവരില്‍ വരച്ചുചേര്‍ത്തതാണ്‌. അയാളുടെ പേര് വ്ലാദിമിര്‍ എന്നാണെന്നും ഒരു പകലും ഒരു രാത്രിയും മാത്രമേ അയാള്‍ ആ മുറിയില്‍ ജീവിച്ചിട്ടുള്ളൂവെന്നും ഹോട്ടലിന്റെ നടത്തിപ്പുകാരനായ കുല്‍ക്കര്‍ണി എന്നോട്‌ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ചിത്രത്തെ മാനദണ്ഡമാക്കി വ്ലാദിമിര്‍ ഒരു മികച്ച ചിത്രകാരനാണെന്ന്‌ ഞാന്‍ കരുതുന്നില്ല.

അതിന് കാരണം ഒറ്റനോട്ടത്തില്‍തന്നെ ആ ചിത്രത്തില്‍ തെളിയുന്ന കലാപരമായ അപാകതകളാണ്. ഇത് പറയുന്ന ഞാന്‍ ഒരു സാഹിത്യകാരനാണെന്ന്‌ നിങ്ങള്‍ക്കറിയുമെങ്കിലും ചിത്രകലയില്‍ എനിക്കുള്ള പ്രാവീണ്യത്തെപ്പറ്റിയുള്ള അജ്ഞതമൂലം (ഒരു ചിത്രംപോലും വരച്ച് ഞാന്‍ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ ചിത്രകലയില്‍ പ്രാവീണ്യമുണ്ടെന്ന്‌ തെളിയിക്കാന്‍ പാകത്തിലുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍) എന്റെ പറച്ചിലിലെ ആധികാരികതയെ പലരും സംശയിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ വ്ലാദിമിറിന്റെ ചിത്രത്തിലെ അപാകതകള്‍ എന്തെന്ന്‌ ചുവടെ വ്യക്തമാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാവുന്നു.

* ചുവരില്‍ വ്ലാദിമിര്‍ വരച്ച ജനാലയുടെ ചിത്രത്തിന് ആ മുറിയിലുണ്ടായിരുന്ന യഥാർഥ ജനാലയുടെ അത്രതന്നെ വലുപ്പം കാണുമെങ്കിലും ആകൃതിയില്‍ അതിന് വികലത്വം ബാധിച്ചിട്ടുണ്ട്. അതായത്, ചതുരാകൃതിയിലുള്ള ജനാലയാണ് വ്ലാദിമിര്‍ വരക്കാന്‍ ശ്രമിച്ചതെങ്കിലും വരച്ചുകഴിഞ്ഞപ്പോള്‍ വശങ്ങള്‍ വളഞ്ഞും തിരിഞ്ഞുമിരുന്ന് ചതുരാകൃതി നഷ്ടപ്പെട്ട ഒന്നായി അത് കാണപ്പെട്ടു. ഈ പ്രപഞ്ചത്തില്‍ പലമാതിരി കെട്ടിടങ്ങളും അവയില്‍ പലമാതിരി ജനാലകളും നിർമിക്കപ്പെടുന്നുണ്ട് എന്ന വസ്തുത ഓർമിച്ച്, വ്ലാദിമിര്‍ വരക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക ചതുരമല്ലാത്ത, മറ്റേതെങ്കിലും ആകൃതിയുള്ള (അയാള്‍ എങ്ങനെയാണോ വരച്ചത് അപ്രകാരം തന്നെയായ) ജനാലയാവും എന്ന് ഒരുപക്ഷേ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും.

നിങ്ങള്‍ക്ക് ആ മുറിയിലേക്ക് പോയി ഈ ചിത്രം കാണാന്‍ സാധിച്ചിരുന്നെങ്കില്‍ (ഇനി നിങ്ങള്‍ക്കതിന് കഴിയില്ല. കാരണം എന്താണെന്ന്‌ വഴിയെ മനസ്സിലാവും) ഒരിക്കലും അങ്ങനെയൊരു വിചാരം നിങ്ങളില്‍ രൂപപ്പെടില്ലെന്ന് തീര്‍ച്ചയാണ്. ചതുരത്തെപ്പറ്റി സാമാന്യബോധമുള്ള ഏതൊരാള്‍ക്കും ആ ചിത്രം കാണുന്നപക്ഷം വ്ലാദിമിര്‍ തന്റെ ജനാലയുടെ ആകൃതി അതിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയും അതിന് കഴിയാതെ, വശങ്ങള്‍ വളഞ്ഞു പുളഞ്ഞ് പോയത് തന്നെയെന്നും ബോധ്യമാവും. അക്ഷരങ്ങള്‍ എഴുതിപ്പഠിക്കുന്ന കുട്ടിയുടെ അക്ഷരങ്ങൾക്ക് ആദ്യനാളുകളില്‍ സംഭവിക്കുന്ന വികലത്വംതന്നെയാണ് ഇവിടെ വ്ലാദിമിറിന്റെ ജനാലക്കും സംഭവിച്ചത്.

* ജനാലയുടെ കട്ടിളകളെ തമ്മില്‍ യോജിപ്പിക്കുന്ന അഴികള്‍ക്ക് ഉണ്ടായ ചെരിവ് ആ ചിത്രത്തില്‍ പ്രകടമായ മറ്റൊരു അപാകതയാവുന്നു. അത് നിലനില്‍ക്കെ തന്നെ അഴികള്‍ വരച്ചപ്പോള്‍ വ്ലാദിമിറിന് പറ്റിയ ഏറ്റവും പ്രധാനപ്പെട്ട പിഴവായി ഞാന്‍ കണ്ടത്‌ ഓരോ അഴികള്‍ക്കും ഇടയിലുള്ള അകലം കണക്കാക്കുന്നതില്‍ വന്ന വീഴ്ചയാണ്. വാതിലും ജനാലയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ഒന്ന് ആലോചിച്ചുനോക്കൂ. ഇവ തമ്മിലുള്ള രൂപപരമായ വ്യത്യാസംപോലും ഉണ്ടാക്കുന്നത് മുഖ്യമായും ഉപയോഗത്തില്‍ ഇവ രണ്ടിനും വ്യത്യസ്ത ആവശ്യങ്ങളാണ് നിറവേറ്റാനുള്ളത് എന്ന തത്ത്വമാണ്.

മുറിയിലേക്ക് പ്രവേശിക്കുക, അവിടെനിന്നും ഇറങ്ങിപ്പോവുക എന്നീ ആവശ്യങ്ങളിലൂന്നി രൂപകൽപന ചെയ്യപ്പെട്ടതാണ് വാതില്‍. ജനാല മുഖ്യമായും മനുഷ്യന് നോക്കാനുള്ളതാണ്. അതിലൂടെ അകത്തേക്ക് കയറുകയോ പുറത്തേക്ക് ഇറങ്ങുകയോ മനുഷ്യന്റെ ആവശ്യമാവുന്നില്ല. സാഹചര്യങ്ങള്‍ക്കനുസൃതമായി പാമ്പ്, പക്ഷി, പൂച്ച മുതലായ വണ്ണം കുറഞ്ഞ ജീവികള്‍ക്ക് ജനാലവഴി അകത്തേക്ക് കയറാന്‍ സാധിക്കുമെങ്കിലും കാറ്റും വെളിച്ചവും മാത്രം അതുവഴി അകത്തേക്ക് വരാനാണ് ജനാല നിർമിക്കുന്നവര്‍ ആഗ്രഹിക്കുക. വ്ലാദിമിറിന്റെ ജനാലയുടെ അഴികള്‍ക്കിടയിലുള്ള വലിയ വിടവ് ചെറിയ ജീവികള്‍ക്ക് മാത്രമല്ല, തടിച്ച മനുഷ്യന്റെ ഉടലിനുപോലും നിഷ്പ്രയാസം അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും പാകത്തിലുള്ളതായിരുന്നു.

* ആ ചിത്രത്തിന്റെ മറ്റൊരു അപാകത കലയുടെ അടിസ്ഥാനപ്രമാണമായി ഞാന്‍ വിശ്വസിക്കുന്ന ഭാവനയുടെ ശൂന്യതയാണ്. ജനാല മനുഷ്യര്‍ക്ക് പ്രധാനമായും നോക്കാനുള്ളതാണ് എന്ന് സൂചിപ്പിച്ചല്ലോ. ഈ നോട്ടത്തിലൂടെ പുറത്തുള്ള ലോകത്തെയാണ് അവര്‍ കാണാന്‍ ഉദ്ദേശിക്കുന്നത്. മുറിക്കകത്ത് നില്‍ക്കുന്ന ഒരാളുടെ ഉള്ളില്‍ വാസ്തവത്തില്‍ പുറംലോകം എന്ന ഒന്ന് ഉണ്ടാവുന്നതുതന്നെ പുറത്ത് സ്ഥിതിചെയ്യുന്ന കാഴ്ചകള്‍ കാരണമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ മുറിയിലെ യഥാർഥ ജനാലയുടെ അടുത്തു നിന്നാല്‍ കാണുക മുഖ്യമായും ഒരു കടലായിരുന്നു.

ഇന്നോളമുള്ള ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍, താമസിച്ചിട്ടുള്ള അനേകമനേകം മുറികളിലെ ജനാലകളിലൂടെ കാടും മലയും നദിയും പട്ടണങ്ങളും തെരുവുകളും ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം അനുഭവപശ്ചാത്തലം ഉള്ളതുകൊണ്ട് തന്നെ പറയട്ടെ. എല്ലാ നല്ല ആർക്കിടെക്റ്റുകളും ആശാരിമാരും മുറികളില്‍ ജനാലകള്‍ക്ക് സ്ഥാനം കണ്ടെത്തുന്നത് ആ ജനാല തുറക്കുമ്പോള്‍ കാണാന്‍ സാധ്യതയുള്ള നല്ല നല്ല കാഴ്ചകള്‍ക്ക് നേരെയാണ്.

വ്ലാദിമിര്‍ തന്റെ ജനാലക്ക് വിജാഗിരികളോ അവയില്‍ ഘടിപ്പിക്കാറുള്ള പാളികളോ വരക്കാത്തതുകൊണ്ടുതന്നെ എപ്പോഴും തുറന്നുകിടക്കുന്ന ഒന്നായാണ് അത് കാണപ്പെടുക. എന്നിട്ടും പുറത്തെ ഒരു കാഴ്ചയെയും ആ ജനാല പ്രദര്‍ശിപ്പിക്കുന്നില്ല. അഴികളുടെ വലിയ വിടവില്‍ നരച്ച ആകാശം (അത് പക്ഷേ വ്ലാദിമിറിന്റെ വരയുടെ മേന്മകൊണ്ട് തോന്നുന്നതല്ല. കാലപ്പഴക്കം ഉണ്ടാക്കിയതാണ്) പോലെ വെള്ളച്ചുമര് മാത്രം കുടുങ്ങി നിന്നു. വ്ലാദിമിറിന് തന്റെ ഭാവന ഉപയോഗപ്പെടുത്തി എളുപ്പം വരക്കാന്‍ കഴിയുന്ന ഒന്ന് രണ്ട് മരങ്ങളെയോ മറ്റോ പുറത്തുള്ള കാഴ്ചയെന്ന വിധം വരച്ചുചേര്‍ത്ത് ആ ജനാലച്ചിത്രം മനോഹരമാക്കാമായിരുന്നു.

ഇത്രയൊക്കെ അപാകതകള്‍ ഉണ്ടായിട്ടും വ്ലാദിമിറിന്റെ ചിത്രം വര്‍ഷങ്ങളോളം ആ ഹോട്ടല്‍മുറിയുടെ ചുവരില്‍ നിലകൊണ്ടു. അതിന് കാരണമായി ഞാനറിഞ്ഞ ചില കാര്യങ്ങളാണ് വാസ്തവത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയതും വ്ലാദിമിറിനെയും ആ ചിത്രത്തെയും പറ്റി കൂടുതല്‍ അറിയാന്‍ പ്രേരിപ്പിച്ചതും.

* * *

അന്വേഷണം നടന്നത് ഞങ്ങള്‍ (ഞാനും എന്റെ ഭാര്യ ഉര്‍സുലയും) ആ മുറിയില്‍ താമസിച്ച് പത്ത് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ്. അതുവരെയും എന്ത് ദൗത്യത്തിനാണോ ഞാന്‍ ആ മുറിയിലേക്ക് വന്നത് അതില്‍ തന്നെയായിരുന്നു എന്റെ പരിപൂര്‍ണ ശ്രദ്ധയത്രയും. തീര്‍ത്തും ഏകാന്തമായ ഒരിടത്തിരുന്നുകൊണ്ട് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന പ്രവൃത്തിയാണ് എനിക്ക് എഴുത്ത് എന്നതിനാല്‍ രാത്രികളില്‍ ഉറങ്ങാന്‍ നേരമാവുമ്പോഴാണ് ഉര്‍സുല ആ മുറിയിലേക്ക് വരാറുള്ളത്. അല്ലാത്ത സമയങ്ങളില്‍ അവള്‍ക്ക് ചെലവഴിക്കാന്‍ സമീപത്തുതന്നെ മറ്റൊരു മുറിയും പകലുകളില്‍ അവള്‍ക്ക് വിരസത അനുഭവപ്പെടുമ്പോള്‍ ആ സ്ഥലത്തെ കാഴ്ചകളിലൂടെ ഉര്‍സുലയെ വഴിനടത്താന്‍ ഒരു സ്ത്രീയെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആവശ്യം അറിയിച്ചപ്പോള്‍ ഹോട്ടലിന്റെ നടത്തിപ്പുകാരനായ കുല്‍ക്കര്‍ണി തന്നെയാണ് സ്ത്രീയെ പരിചയപ്പെടുത്തിയത്.

ആ വൃദ്ധന്‍ പറഞ്ഞു; ‘‘നിങ്ങളുടെ ഭാര്യയ്ക്ക് ഇനിയൊട്ടും മടുക്കുകയില്ല. ഇവിടം അത്രമാത്രം വിശിഷ്ടവും ഇവിടെ കാണാന്‍ അത്രമാത്രം കാഴ്ചകളും ഉണ്ട്.’’ അതു കേട്ട നിമിഷത്തില്‍തന്നെ അധികമായി തുറന്നുപിടിച്ചതുപോലെയുള്ള ഉര്‍സുലയുടെ കണ്ണുകള്‍ (ജന്മനാതന്നെ അവളുടെ കണ്ണുകള്‍ അങ്ങനെയാണ്) വൃദ്ധന്‍ പറഞ്ഞ കാഴ്ചകള്‍ തിരഞ്ഞ് ആ ഹോട്ടലിന്റെ പടികളിറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. സാഹിത്യവായനയില്‍ അത്ര താൽപര്യം പുലര്‍ത്തി കണ്ടിട്ടില്ലാത്ത എന്റെ ഭാര്യ ചിലപ്പോഴൊക്കെ നിസ്സാരമായ കാഴ്ചകള്‍ തെറ്റായി കാണുകയും അതില്‍ ചിലപ്പോള്‍ അനാവശ്യമായി ആനന്ദിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന സ്ത്രീയായിരുന്നു.

ഒരു ഉദാഹരണം;

കുറച്ചുമാസങ്ങള്‍ക്കു മുമ്പ് ഒരു വൈകുന്നേരം ഞാനും ഉര്‍സുലയും കടൽത്തീരത്ത് ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്കു മുകളിലുള്ള ആകാശത്തിലൂടെ ഒരു പക്ഷി പറന്നുപൊങ്ങി. ഉര്‍സുലയെക്കാള്‍ വ്യക്തമായി ആ പക്ഷിയെ ഞാന്‍തന്നെയാണ് കണ്ടിരിക്കാന്‍ സാധ്യത. ഇങ്ങനെ പറയാനുള്ള കാരണം അതിവേഗം പറക്കാന്‍ കഴിയുന്ന ‘കാറ്റിളക്കി’ എന്ന ഇനത്തില്‍പ്പെട്ട ആ പക്ഷിയുടെ തൂവലുകളുടെ നിറം മഞ്ഞയും തവിട്ടും കലര്‍ന്നതാണെന്ന് എനിക്ക് മാത്രം സ്പഷ്ടമായതാണ്. ഈ നിറങ്ങളൊന്നും കണ്ടില്ലെന്ന് പറഞ്ഞ ഉര്‍സുല യഥാർഥത്തില്‍ അവിടെ സംഭവിച്ച കാഴ്ചയെ തെറ്റിച്ചുകൊണ്ട് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു കാഴ്ചയാണ് കണ്ടുവെന്ന് പറഞ്ഞത്.

ആ പക്ഷി പറന്നുപോയ സഞ്ചാരവഴിക്ക് മുകളിലുള്ള ആകാശത്തില്‍ നാലോ അഞ്ചോ മേഘങ്ങള്‍ ഒരു വൃത്താകാരമായി കൂടിനിന്നിരുന്നു. സൂക്ഷ്മമായ നോട്ടംകൊണ്ട് മാത്രമേ നാലോ അഞ്ചോ മേഘങ്ങള്‍ ഉള്‍പ്പെട്ട കൂട്ടമാണ് അതെന്ന് ബോധ്യപ്പെടുകയുള്ളൂ. അശ്രദ്ധമായി നോക്കുന്നവര്‍ക്ക് നടുക്ക് ദ്വാരംപോലെ വിടവുവീണ ഒരൊറ്റ വലിയ മേഘപാളിയായാണ് അതിനെ തോന്നുക. ഒാരോ മേഘത്തിന്റേയും നേര്‍ത്ത അഗ്രങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെട്ടതാണ് നടുക്ക് കാണുന്ന വൃത്താകൃതിയുള്ള ദ്വാരം. ഉര്‍സുല പെട്ടെന്ന് പറഞ്ഞു; “അയ്യോ.. ആ പക്ഷി അതിനുള്ളിലേക്ക് വീണുപോയി...”

അവള്‍ മുമ്പും കാഴ്ചകള്‍ ഈ വിധം തെറ്റിച്ച് കാണുകയും എന്നോട് പറയുകയും ചെയ്യാറുള്ളതുകൊണ്ട് അത് കേട്ടിട്ടും ഗൗനിക്കാതെ ഞാനിരുന്നു. എന്നാല്‍, തൊട്ടുപിറകെ എപ്പോഴത്തെയും പോലെ ‘നീ ഒരു വിഡ്ഢിപ്പെണ്ണാണ്’ എന്ന അർഥംവെക്കുന്ന ചിരി ഞാന്‍ ചിരിച്ചു.

“ഒരു പക്ഷി ആ കിണറ്റിലേക്ക് വീണുപോയപ്പോള്‍ നിങ്ങള്‍ ചിരിക്കുകയാണോ..? ദുഷ്ടന്മാർക്കേ കഴിയൂ...”, ഉര്‍സുല പറഞ്ഞു.

അവളുടെ ശബ്ദത്തില്‍, നമുക്ക് ചുറ്റുമുള്ള ഏതെങ്കിലും സഹജീവി പൊടുന്നനെ ഒരു ആപത്തില്‍പ്പെട്ടാല്‍ നല്ല മനുഷ്യര്‍ അനുഭവിക്കാറുള്ള ദുഃഖം പ്രകടമായിരുന്നു. ആ ദുഃഖത്തിലേക്ക് ശ്രദ്ധവെക്കാതെ ഞാനിരുന്നു. ഉര്‍സുല പറഞ്ഞ കിണര്‍ എന്താണെന്ന് ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും ഗാഢമായി ആലോചിക്കുകയും അവള്‍ ചൂണ്ടിനിന്ന വിരലിന് മുകളില്‍, മേഘങ്ങള്‍ക്ക് നടുക്കുള്ള ദ്വാരത്തിലേക്ക് നോക്കുകയും ചെയ്തപ്പോള്‍ വെളിപ്പെട്ടു.

ശരിയാണ്. സാഹിത്യത്തില്‍ ഉപമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വൃത്താകാരത്തില്‍ മേഘപാളിയുടെ നടുക്കുള്ള ആ ദ്വാരം കിണറിന്റെ വായ്മുഖംപോലെയെന്നും അതിനുള്ളില്‍ കാണുന്ന ആകാശത്തിന്റെ നീലിമ കിണറ്റിനുള്ളിലെ തെളിഞ്ഞ ജലംപോലെയെന്നും എഴുതാന്‍ പാകത്തിലുള്ളതാണ്. ഉര്‍സുലയുടെ പറച്ചില്‍ പക്ഷേ, സാഹിത്യത്തിന്റെ ആലോചനാമണ്ഡലത്തില്‍ നിലയുറപ്പിച്ച ഒന്നാണെന്ന് വിചാരിക്കാന്‍ കഴിയുകയില്ല. അയാഥാർഥ്യങ്ങള്‍ തങ്ങളുടെ കൃതികളില്‍ എഴുതാറുള്ള സാഹിത്യകാരന്മാര്‍ക്ക് ശുദ്ധബോധ്യമുണ്ട് അവയൊന്നും സത്യമല്ലെന്നും കെട്ടുകഥകള്‍ മാത്രമാണെന്നും. ഉര്‍സുലക്കുള്ളില്‍ പക്ഷേ, ആ ബോധ്യം ഉണ്ടായിരുന്നില്ല. അവളുടെ യാഥാർഥ്യം തന്നെ അപ്പോള്‍ സംഭവിച്ചിട്ടില്ലാത്ത അയാഥാർഥ്യമായിരുന്നു.

ആ പക്ഷി വീണുപോയ കിണറെന്ന് വിചാരിച്ച മേഘക്കൂട്ടത്തിനിടയിലെ ദ്വാരത്തിലേക്ക് അവള്‍ ദീര്‍ഘനേരം നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു. “ഉര്‍സുലെ.. ഇനി നമുക്ക് വീട്ടിലേക്ക് മടങ്ങാം.” പക്ഷേ, അതിന് തയാറാവാതെ അവള്‍ അവിടെ തന്നെ നോക്കിക്കൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ആകാശത്ത് ഇരുട്ടുവീഴുകയും ആ മേഘവും അതിനുള്ളിലെ ദ്വാരവും മാഞ്ഞുപോവുകയും ചെയ്തപ്പോഴാണ് ഉര്‍സുല പക്ഷിയെയും കിണറിനെയും മറന്ന് “നമുക്ക് വീട്ടിലേക്ക് പോവാം” എന്ന് പറഞ്ഞത്. എന്റെ ഭാര്യ കാഴ്ചകള്‍ ഈ വിധം തെറ്റിച്ച് കാണുന്ന വേറെയും സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. ഈ എഴുത്ത് മുഖ്യമായും ആ ജനാലയെ പറ്റിയാണല്ലോ.

കുല്‍ക്കര്‍ണി ഏര്‍പ്പെടുത്തിയ സ്ത്രീയോട് രഹസ്യമായി ഉര്‍സുലയുടെ കാഴ്ചകളില്‍ ഇടക്ക് സംഭവിക്കാറുള്ള ഇത്തരം പിശകുകളെപ്പറ്റി ഓർമിപ്പിച്ചശേഷം നന്നായി ശ്രദ്ധിക്കണമെന്ന് പറഞ്ഞ് അവളെ ഏൽപിച്ചയച്ചു. ശേഷം സ്വസ്ഥവും ഏകാന്തവുമായി എന്റെ ദൗത്യം ആരംഭിക്കുന്നതിനുവേണ്ടി ഞാന്‍ ആ മുറിയിലേക്ക് കയറി വാതിലടച്ചു. ഒരുകെട്ട് പേപ്പറും പേനയുമായി മേശക്കു മുന്നില്‍ ഇരുന്നു. എന്റെ ദൗത്യം ഒരു നാടകം രചിക്കുക എന്നുള്ളതായിരുന്നു. വാസ്തവത്തില്‍ രാജ്യം ഭരിക്കുന്ന ബഹുമാന്യരായ മതപുരോഹിതര്‍ ഉള്‍പ്പെട്ട ഭരണസിരാകേന്ദ്രത്തില്‍നിന്ന് ആവശ്യപ്പെട്ടതുപ്രകാരമാണ് ഞാന്‍ ആ നാടകം എഴുതിയത്. സാഹിത്യലോകത്ത് ഇതിനോടകം കൈവരിച്ച പ്രസിദ്ധിയും സ്വീകാര്യതയും മാനദണ്ഡമാക്കി നാടകം എഴുതാന്‍ ഗവണ്‍മെന്റ് എന്നെതന്നെ തിരഞ്ഞെടുത്തതാണ്. അവര്‍ നല്‍കിയ ഭീമമായ പ്രതിഫലതുകക്കപ്പുറം ഈ നാടകത്തിലൂടെ മുന്നോട്ടുവെക്കുന്ന അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി എനിക്കുണ്ടായ മാനസിക ഐക്യമാണ് രചനയില്‍ മുഴുകാന്‍ മുഖ്യമായും എന്നെ പ്രചോദിപ്പിച്ചത്.

പല പ്രദേശങ്ങളിലായി അനേകമനേകം കേന്ദ്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ഈ നാടകം രാജ്യത്തിന്റെ നിയമവ്യവസ്ഥ അനുശാസിക്കുന്ന ഒരു കാര്യത്തിന്റെ വ്യാപകമായ ലംഘനത്തില്‍നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനും അവരെ ബോധവത്കരിക്കാനും വേണ്ടിയുള്ളതായിരുന്നു. മതഗ്രന്ഥങ്ങളിലും അതിനെ അടിസ്ഥാനമാക്കി എഴുതപ്പെട്ടിട്ടുള്ള രാജ്യത്തിന്റെ നിയമപ്രമാണഗ്രന്ഥങ്ങളിലും അവഗാഹമുള്ളവരാണ് നിങ്ങളെങ്കില്‍ മനുഷ്യരുടെ ലൈംഗികതയിലെ നിന്ദ്യവും അനാശാസ്യവുമായ പ്രവണതകളെപ്പറ്റി അറിവുണ്ടായിരിക്കുമല്ലോ.

സത്യം പറയട്ടെ... (ഈ സത്യം ഗവൺമെന്റിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതാണ്) രാജ്യത്തെ വലിയൊരു ശതമാനം ആളുകള്‍ നിന്ദ്യമായ ലൈംഗികബന്ധങ്ങളിലും അവിഹിതങ്ങളായ പരസ്ത്രീ/പരപുരുഷ ഗമനങ്ങളിലും ഏര്‍പ്പെടാന്‍ തുടങ്ങിയിരുന്നു. വധശിക്ഷകള്‍ക്കും തുറുങ്കിലടക്കലുകള്‍ക്കും നാടുകടത്തലുകള്‍ക്കും ഉപരിയായി, ദൈവികമായ വഴിയില്‍നിന്നും വ്യതിചലിക്കുന്ന ജനങ്ങളില്‍ ആവേശിക്കപ്പെട്ട ഈ തിന്മയെ നേരിടാന്‍ കലയിലൂടെ സാധ്യമായ ഉദ്‌ബോധനങ്ങള്‍ക്ക് കഴിയുമെന്ന് ഭരണകൂടം തിരിച്ചറിഞ്ഞു. ഗവൺമെന്റിന്റെ പ്രവര്‍ത്തനങ്ങളെ മുമ്പും പലരീതിയില്‍ സഹായിച്ചിട്ടുള്ള രാജ്യസ്‌നേഹിയായ ഞാന്‍ എന്റെ പ്രതിഭയെ ഈ നാടകത്തിന്റെ രചനക്ക് ഏറ്റവും ഫലപ്രദമായിതന്നെ ഉപയോഗിച്ചു.

ആ നാടകം അവതരിപ്പിക്കപ്പെട്ട ആദ്യത്തെ രംഗസ്ഥാനം ഒരർഥത്തില്‍ ഞാന്‍ രചന നിര്‍വഹിക്കാനായി എടുത്ത ആ ഹോട്ടല്‍മുറി തന്നെയാണെന്ന് പറയാം. ഭരണസിരാകേന്ദ്രം ആഗ്രഹിക്കുന്ന തരത്തിലുള്ള ആദര്‍ശാത്മക രാഷ്ട്രമായി ഞാന്‍ എന്റെ ഉള്ളില്‍ ആ മുറിയെ ഭാവനചെയ്തു. അപ്രകാരം, ഭരണകൂടത്തിന്റെ നീതിപ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ലൈംഗിക വൃത്തികളിലേര്‍പ്പെടുന്ന ഒരുകൂട്ടം പാപികളെ ഈ രാജ്യത്ത് അഥവാ ഈ മുറിക്കകത്ത് ഭാവനയാലെ കൊണ്ടിരുത്തുകയും അവര്‍ക്ക് മുന്നില്‍ ഒരു പ്രവാചകരൂപത്തില്‍ ഞാന്‍ അവതരിച്ച്, നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടാകാവുന്ന മാരകമായ പ്രത്യാഘാതങ്ങളെപ്പറ്റി ഉദാഹരണങ്ങള്‍ നിരത്തി സംസാരിക്കുകയുംചെയ്തു. ഞാന്‍ അവരുമായി സംസാരത്തിലേര്‍പ്പെടുന്ന ഭാഗങ്ങളില്‍ സാരോപദേശ കഥകളുടെ പ്രതിപാദന ശൈലിയാണ് അവലംബിച്ചത്.

ഭാര്യ/ ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരിക്കെ അവിഹിതത്തിലേര്‍പ്പെട്ട ഗബേലിയ, ജൊരാര്‍ദ്, ഇര്‍വാനീസ്, ഉഷ മുതലായ വ്യക്തികള്‍ മരിക്കുന്നതിന് മുമ്പ് തന്നെ നരകത്തിലെത്തി (തെറ്റ് ചെയ്ത് കഴിഞ്ഞാലും ആയുസ്സ് തീരുന്നതുവരെ സുഖജീവിതം അനുഭവിക്കാം എന്ന ചിലരുടെ ധാരണയെ തിരുത്തുന്നതിന് വേണ്ടിയാണ് മരിക്കുന്നതിന് മുമ്പുതന്നെ അവരെ നരകത്തിലേക്കെത്തിച്ചത്) അവിടെ അവര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളുടെ ദൃശ്യങ്ങള്‍ കാണികള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുന്നത് നാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. അത് കാണുന്ന ഏതൊരാളും ഭയം, വിശ്വാസം, ഭക്തി, മുതലായ വികാരങ്ങള്‍ അനുഭവിക്കുമെന്നും അതുവഴി തെറ്റിന്റെ പാതയില്‍നിന്ന് പിന്തിരിഞ്ഞോടി ദൈവികമായ നിയമങ്ങളെ അനുസരിക്കുമെന്നും തീര്‍ച്ചയാണ്.

ഇപ്രകാരം ഭരണകൂടം ആവശ്യപ്പെടുന്ന മാതൃകാരാഷ്ട്രം സാധ്യമാക്കി അവിടെ മതചിഹ്നത്താല്‍ ആലേഖനം ചെയ്യപ്പെട്ട രാഷ്ട്രപതാക ഉയര്‍ത്തി കെട്ടുന്നിടത്താണ് നാടകം അവസാനിക്കുന്നത്. ഉറങ്ങാനായി ഉര്‍സുല മുറിയിലേക്ക് കയറിവരുന്ന രാത്രികളില്‍ അവളുടെ മടിയില്‍ കിടന്ന് ഈ നാടകത്തിലെ ഭാഗങ്ങള്‍ വായിച്ചുകേള്‍പ്പിക്കാനും ചില രംഗങ്ങള്‍ അഭിനയിച്ചുകാണിക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് താൽപര്യപ്പെടാതെ അവള്‍ വേഗംതന്നെ ഉറക്കത്തിലേക്ക് പോയി. എന്റെ സാഹിത്യതാൽപര്യങ്ങളോട് മുമ്പും അവള്‍ ഈവിധം തന്നെയാണ് പ്രതികരിക്കാറുണ്ടായിരുന്നത്.

കൃത്യം പത്ത് ദിവസങ്ങളെടുത്ത് ഞാന്‍ ആ നാടകം പൂര്‍ത്തിയാക്കി. പത്താം നാള്‍ രാത്രി ഈ പൂര്‍ത്തീകരണം നല്‍കിയ ഉൽക്കടമായ സന്തോഷത്താല്‍ എന്റെ നാടകത്തിലെ അവസാന രംഗപടത്തിലെ ആദര്‍ശരാഷ്ട്രമായി (പതാക ഉയര്‍ത്തിക്കെട്ടിയ) ഞാന്‍ സങ്കൽപിച്ച ആ ഹോട്ടല്‍മുറിയിലൂടെ കുറേനേരം അങ്ങുമിങ്ങ് നടക്കുകയും പിന്നെ ഉറങ്ങാനായി ഉര്‍സുലക്കരികില്‍ കിടക്കുകയുംചെയ്തു. രാത്രിയുടെ ഇടയിലെപ്പഴോ സ്വപ്‌നത്തില്‍ കേട്ട രണ്ട് ശബ്ദങ്ങളാണ് എന്നെ ഉണര്‍ത്തിയത്. ഒരു രഹസ്യമെന്നപോലെ സംസാരിച്ച ആ ശബ്ദങ്ങള്‍ പരസ്പരം എന്താണ് കൈമാറിയതെന്ന് വ്യക്തമായില്ലെങ്കിലും ആ ഒച്ചകള്‍ ഒരു സ്ത്രീയുടേതും ഒരു പുരുഷന്റേതുമാണെന്ന കാര്യത്തില്‍ സംശയമില്ല.

കണ്ണുകള്‍ തുറന്ന ഞാന്‍ ഉര്‍സുലയെ എന്റെ കട്ടിലില്‍ കണ്ടില്ല. ചുറ്റുപാടും നോക്കിയപ്പോള്‍ ബെഡ്‌ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ചുമരിന് അഭിമുഖമായി അതിലേക്ക് ഒട്ടിച്ചേര്‍ന്ന് അവള്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ഉര്‍സുലക്ക് മുന്നിലുള്ള, അവള്‍ നോക്കിക്കൊണ്ടിരുന്ന ചുവരിലെ വ്ലാദിമിറിന്റെ ജനാല ആ നിമിഷത്തിലാണ് ആദ്യമായി എന്റെ ശ്രദ്ധയില്‍പ്പെട്ടത്.

“ഉര്‍സുലെ... എന്താണ്..?” ഞാന്‍ വിളിച്ചു ചോദിച്ചു.

ഒരു രഹസ്യത്തില്‍നിന്നെന്നപോലെ പൊടുന്നനെ ഞെട്ടിത്തിരിഞ്ഞ അവള്‍ ‘ഒന്നുമില്ലെന്ന്’ പറഞ്ഞ് വേഗം കട്ടിലിലേക്ക് വന്ന് എന്റെയരികില്‍ കിടന്നു. കാഴ്ചകള്‍ തെറ്റിച്ച് കാണുന്ന സ്വഭാവം അവളില്‍ ചിലപ്പോഴൊക്കെ ഉള്ളതാണെന്ന് മുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ. ഈ സംഭവവും അതുപോലെ ഒന്നായിരിക്കുമെന്ന ധാരണയില്‍, മറ്റൊന്നിലേക്കും ചിന്ത വളരാനനുവദിക്കാതെ ഞാന്‍ വീണ്ടും അവള്‍ക്കൊപ്പം ഉറങ്ങാനായി കണ്ണുകളടച്ചു.

* * *

പിറ്റേന്ന് ഞാന്‍ മടക്കത്തിന് മുന്നോടിയായി ഹോട്ടലിന്റെ നടത്തിപ്പുകാരനായ കുല്‍ക്കര്‍ണിയെ കാണാനായി ചെന്നു. ആ വൃദ്ധന്‍ അപ്പോള്‍ ചുവന്ന പുറംചട്ടയുള്ള ഒരു പുസ്തകം മറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ഗ്രന്ഥത്തിന്റെ പേര് എന്താണെന്ന് എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പുറംചട്ടയില്‍, കട്ടിമീശയും ചെവിപോലും മൂടിപ്പോയവിധം നരച്ച് തിങ്ങിയ താടിയും അതിലേക്ക് കൂട്ടിയോജിപ്പിച്ച വെള്ളിനാരുകള്‍പോലെ മുടിയും വളര്‍ത്തി, കറുത്ത കോട്ട് ധരിച്ച ജര്‍മന്‍മുഖമെന്ന് തോന്നിക്കുന്ന ഒരു തടിച്ച മനുഷ്യന്റെ ചിത്രം കണ്ടിരുന്നു.

കുല്‍ക്കര്‍ണി സ്‌നേഹത്തോടെ എന്നെ മുന്നിലുള്ള കസേരയില്‍ ഇരുത്തി ആ പ്രഭാതത്തില്‍ പലതും സംസാരിച്ചു. എല്ലാവരോടും പറയാനായി ഉള്ളില്‍ കരുതിവെച്ചിരിക്കുന്ന വാക്കുകള്‍ എടുത്ത് പ്രയോഗിക്കുന്നതുപോലെയാണ് ആ സംസാരത്തെ തോന്നിയത്. ഇടയില്‍ ഞാനിഷ്ടപ്പെടാത്ത പ്രഭാഷണത്തിന്റെ സ്വഭാവം അതിന് കൈവന്നതുകൊണ്ടോ, അതല്ലെങ്കില്‍ തലേദിവസം പൂര്‍ത്തീകരിച്ച നാടകത്തെക്കുറിച്ചുള്ള വിചാരങ്ങളില്‍ എന്റെ മനസ്സ് അഭിരമിക്കുന്നതുകൊണ്ടോ പൂര്‍ണമായും എനിക്ക് അയാളുടെ വാക്കുകളില്‍ ശ്രദ്ധ ചെലുത്താനായില്ല. സ്വകാര്യമായ മറ്റ് ചിന്തകളിലേര്‍പ്പെടുകയും അതേസമയം അയാളെ കേള്‍ക്കുന്നു എന്ന ഭാവേന തലയാട്ടുകയുമാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്.

പിന്നീട് എന്റെ ശ്രദ്ധ പൂര്‍ണമായും അയാളിലേക്കെത്തിയ നിമിഷം ‘‘ഈ ഹോട്ടലിന് പഴക്കം ബാധിക്കപ്പെട്ടിട്ടുണ്ട് എന്നും എന്നാല്‍പോലും ഇത് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്’’ എന്നും പറഞ്ഞുറപ്പിക്കുകയായിരുന്നു കുല്‍ക്കര്‍ണി. ശേഷം ഞാന്‍ താമസിച്ച മുറിയിലെ എന്റെ സുഖവിവരം അയാള്‍ അന്വേഷിച്ചു. അതുവരെയും യാതൊരു കുഴപ്പങ്ങളും തോന്നാത്ത ആ ഹോട്ടല്‍മുറിയിലിരുന്ന് ഏറ്റവും ഭംഗിയായി എനിക്ക് നാടകരചന നിര്‍വഹിക്കാനായി എന്നത് സത്യമാണ്. എന്നാല്‍ തലേദിവസം രാത്രിയില്‍, ഉറക്കത്തില്‍നിന്നും ഉണര്‍ന്ന് ഉര്‍സുലയെ തിരഞ്ഞപ്പോള്‍ ബെഡ്‌ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍, അവള്‍ ചേര്‍ന്നു നിന്ന ചുവരില്‍ കണ്ടതായ ജനാലയുടെ ചിത്രം ആ മുറിയുടെ സൗന്ദര്യത്തെ ഭംഗപ്പെടുത്തുന്ന ഒന്നാണെന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ കൂടിയും ഞാനാ ചിത്രം സസൂക്ഷ്മം വീക്ഷിച്ച് അതിലെ അപാകതകള്‍ വിലയിരുത്തിയതാണ് (ഈ എഴുത്തിന്റെ ആദ്യഭാഗത്ത് അക്കമിട്ട് ഞാനത് ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ).

കുല്‍ക്കര്‍ണിയോട് പറഞ്ഞു: “ഞാന്‍ താമസിച്ച മുറി നല്ലതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്രയും നല്ല ഒരു മുറിയുടെ ചുവരില്‍ ഒട്ടും കലാപരമല്ലാതെ വരച്ചിരിക്കുന്ന ചിത്രം ഉണ്ടാക്കുന്ന കുറവ് മാത്രമാണ് ആ മുറിയ്ക്കുള്ളത്. ഒരു കുട്ടിപോലും അതിലും നന്നായി വരച്ചേക്കും.” തുടര്‍ന്ന് ഞാന്‍ പറയാന്‍ വിചാരിച്ച കാര്യം പറയണമോ വേണ്ടയോ എന്ന ആലോചനയില്‍ ഒരുനിമിഷം സംശയിച്ചു നില്‍ക്കുകയും പിന്നെ തുടരുകയുംചെയ്തു.

“എന്റെ ഭാര്യയ്ക്ക് ചിലപ്പോഴൊക്കെ കാഴ്ചകളില്‍ ചില പിശകുകള്‍ സംഭവിക്കാറുണ്ട്. അവള്‍ക്ക് കാഴ്ചകള്‍ കാണിച്ചുകൊടുക്കാനായി നിങ്ങള്‍ ഏര്‍പ്പെടുത്തിയ സ്ത്രീ ഒരുപക്ഷേ ഇക്കാര്യം നിങ്ങളോട് പറഞ്ഞിട്ടുണ്ടാവുമല്ലോ. ഇന്നലെ രാത്രിയില്‍ എന്റെ ഭാര്യ ആ മുറിയില്‍ തെറ്റായ എന്തോ കണ്ടിട്ടുണ്ട്. എന്തായാലും ആ ജനാലയുടെ ചിത്രം അവിടെ ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് ഞാന്‍ വിചാരിക്കുന്നു. ഞാന്‍ നോക്കുമ്പോള്‍ അവള്‍ ആ ജനാലയുടെ ചിത്രത്തിലേക്ക് പറ്റിനിന്ന് അതിലേക്ക് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.” ഇതു കേട്ടപ്പോള്‍ കുല്‍ക്കര്‍ണി ഒരു ചെറിയ സമയം നിശ്ശബ്ദമായിരുന്ന് എന്തൊക്കെയോ ആലോചിച്ചു. ശേഷം ചോദിച്ചു.

“നിങ്ങളുടെ ഭാര്യ ആ ജനാലയിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നത് സത്യമാണോ?”

“സത്യമാണ്”, ഞാന്‍ തറപ്പിച്ചു പറഞ്ഞു.

“അങ്ങനെയെങ്കില്‍ അദ്ദേഹത്തെയും നിങ്ങളുടെ ഭാര്യ കണ്ടിട്ടുണ്ടാവും.”

കുല്‍ക്കര്‍ണി എന്താണ് ഉദ്ദേശിച്ചതെന്നും ആരെപ്പറ്റിയാണ് പറയുന്നതെന്നും മനസ്സിലാവാതെ ഞാന്‍ സസൂക്ഷ്മം അയാളിലേക്ക് ശ്രദ്ധ ഉറപ്പിച്ചുനിന്നു. വ്ലാദിമിറിനെ കുറിച്ചും ചുവരില്‍ ആ മനുഷ്യന്‍ വരച്ചുചേര്‍ത്ത ജനാലചിത്രത്തെക്കുറിച്ചും അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ അപ്പോഴാണ് കുല്‍ക്കര്‍ണി എന്നോട് പറഞ്ഞത്.

ഠഠഠഠ

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ഒരു സംഭവത്തിന്റെ അവിശ്വസനീയമായ തുടര്‍ച്ച ഇപ്പോഴും നടക്കുന്നുണ്ടെന്ന മുഖവുരയോടെയാണ് കുല്‍ക്കര്‍ണി അത് പറഞ്ഞുതുടങ്ങിയത്.

വൃദ്ധന്‍ പറഞ്ഞു;

“അദ്ദേഹത്തിന്റെ പേര് വ്ലാദിമിര്‍ എന്നാണ്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്... കൃത്യമായി പറഞ്ഞാല്‍...’’

കുല്‍ക്കര്‍ണി കസേരയില്‍നിന്നും എഴുന്നേറ്റ് ചെന്ന് തന്റെ പിന്നിലുണ്ടായിരുന്ന അലമാരയില്‍നിന്ന് പഴയ ഒരു രജിസ്റ്റര്‍ ബുക്കെടുത്തു. ദ്രവിക്കാറായ അതിന്റെ താളുകള്‍ മറിച്ച് ഒരു തീയതി കണ്ടുപിടിച്ച ശേഷം തുടര്‍ന്നു;

“1917 ഒക്ടോബര്‍ 25... അന്ന് ഒരു പകലും ഒരു രാത്രിയും മാത്രം നിങ്ങള്‍ താമസിച്ച അതേ മുറിയില്‍ ജീവിച്ച വ്ലാദിമിറിനെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നതിന്റെ കാരണം ആ മനുഷ്യനെ പിന്നീടും ചിലര്‍ അവിടെവെച്ച് കണ്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നതുകൊണ്ടാണ്. ഈ അടുത്തുകൂടി മൂന്നാല് മാസങ്ങള്‍ക്ക് മുമ്പ് ഗബ്രിയേല എന്ന സ്ത്രീ അങ്ങനെയൊരാളെ ആ മുറിയില്‍വെച്ച് കണ്ടതായി പറയുന്നു. ഇന്നലെ രാത്രിയില്‍ ഒരുപക്ഷേ, നിങ്ങളുടെ ഭാര്യയും അദ്ദേഹത്തെ കണ്ടിരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ ഇതേപ്പറ്റി എന്തെങ്കിലും നിങ്ങളോട് സംസാരിച്ചിരുന്നോ..?”

കുല്‍ക്കര്‍ണി അത് ചോദിച്ചപ്പോള്‍ ‘‘ഉര്‍സുല ചിലപ്പോഴൊക്കെ കാഴ്ചകള്‍ തെറ്റിച്ച് കാണാറുണ്ടെങ്കിലും അതെല്ലാം എന്നോട് പറയാറുള്ളതാണല്ലോ എന്നും എന്നാല്‍ ഇന്നലെ രാത്രിയില്‍ ഒരു രഹസ്യത്തില്‍നിന്നെന്നപോലെ ഞെട്ടിത്തിരിഞ്ഞ അവള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് കിടക്കുകയാണ് ചെയ്തതെന്നും’’ ഞാന്‍ ഓർമിച്ചു.

“എന്റെ ഭാര്യ എന്നോടൊന്നും പറഞ്ഞിട്ടില്ല”, ഞാന്‍ തലയാട്ടി.

“ചിലപ്പോള്‍ എപ്പോഴെങ്കിലും പറയുമായിരിക്കും...’’

കുല്‍ക്കര്‍ണി തുടര്‍ന്നു. “വ്ലാദിമിറിനെ ഞാന്‍ ഒറ്റപ്രാവശ്യ​മേ കണ്ടിട്ടുള്ളൂ. 1917 ഒക്ടോബര്‍ 25ലെ പ്രഭാതത്തില്‍. അദ്ദേഹം മുറി അന്വേഷിച്ചുവന്ന സമയമായിരുന്നു അത്. നെറ്റിക്കു മുകളില്‍ ഏറക്കുറെ കഷണ്ടി വ്യാപിച്ച, താടിയുടെ കീഴറ്റത്ത് മാത്രം രോമങ്ങള്‍ മുളപ്പിച്ച നീളന്‍ മുഖമുള്ള, ഓവര്‍കോട്ട് ധരിച്ച ആ മനുഷ്യനില്‍ എന്തൊക്കെയോ പ്രത്യേകതകള്‍ ഉള്ളതായി എനിക്ക് അപ്പോള്‍തന്നെ തോന്നിയിരുന്നു. രണ്ടോ മൂന്നോ വാചകങ്ങളില്‍ ഒതുക്കിയ അദ്ദേഹത്തിന്റെ സംഭാഷണശൈലികൊണ്ടുകൂടിയാണ് ആ പ്രത്യേകത എനിക്ക് അനുഭവപ്പെട്ടത്. വ്ലാദിമിര്‍ മുറി ആവശ്യപ്പെട്ടപ്പോള്‍ എത്ര ദിവസത്തേക്കെന്ന് ഞാന്‍ അന്വേഷിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം നല്‍കിയ മറുപടി ‘‘കാലത്തിന്റെ അന്ത്യം നിശ്ചയിക്കപ്പെടാത്തതുകൊണ്ട് എത്രനാള്‍ ഞാന്‍ ഇവിടെ ഉണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല’’ എന്നാണ്.

ഒരു ഫലിതംപോലെയാണ് ഞാനാ പറച്ചില്‍ കേട്ടതെങ്കിലും കുറെയധികം നാള്‍ അദ്ദേഹം ഇവിടെ താമസിക്കും എന്ന് തന്നെയായിരുന്നു എന്റെ പ്രതീക്ഷ. വ്ലാദിമിറിന് താമസിക്കാനായി ഇത്രനാളും നിങ്ങള്‍ താമസിച്ച മുറിയുടെ വാതില്‍ അന്ന് ഞാന്‍ തുറന്ന് കൊടുത്തു. ആ ദിവസം പകല്‍സമയങ്ങളിലൊന്നും അങ്ങേരെ പുറത്ത് കണ്ടതേയില്ല. പിറ്റേന്നും കാണാതായപ്പോള്‍ എന്തോ ഒരു ദുരൂഹത ഭയന്ന് ഞാനാ മുറിയുടെ വാതിലില്‍ ചെന്ന് മുട്ടിനോക്കി. എന്റെ ആദ്യത്തെ മുട്ടലിന്റെ ബലത്തില്‍ വാതില്‍ തുറന്നു. വ്ലാദിമിര്‍ അപ്പോള്‍ മുറിയിലുണ്ടായിരുന്നില്ല. പ്രവേശനസമയത്ത് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന നിറയെ പുസ്തകങ്ങള്‍ കരുതിയ ഭാണ്ഡവും അപ്രത്യക്ഷമായിരുന്നു. ഒരുദിവസത്തെ താമസത്തിനുള്ള തുക അഡ്വാന്‍സായി ഏൽപിച്ചതിനാല്‍ ആ മനുഷ്യന്‍ എന്നെ പറ്റിച്ച് കടന്നുകളഞ്ഞതാണെന്ന് ഒരിക്കലും ഞാന്‍ വിചാരിക്കുകയില്ല.”

കുല്‍ക്കര്‍ണി ഒന്ന് നിര്‍ത്തി. ശേഷം വളരെ പ്രധാനപ്പെട്ട ഒരു സത്യം ഇതാണ് എന്ന മട്ടില്‍ അറിയിച്ചു; “അപാകതകള്‍ ഉള്ളതായി നിങ്ങള്‍ സൂചിപ്പിച്ച ജനാലയുടെ ചിത്രം വ്ലാദിമിര്‍ വരച്ചതാണ്. വൈചിത്ര്യം ഉളവാക്കുന്ന സത്യം എന്താണെന്നോ, ഞാന്‍ പറഞ്ഞിരുന്നില്ലെ, ഒരു രാത്രിയും ഒരു പകലും മാത്രം ആ മുറിയില്‍ ജീവിച്ച വ്ലാദിമിറിനെ വര്‍ഷങ്ങള്‍ക്കു ശേഷവും ചിലര്‍ കണ്ടിട്ടുണ്ടെന്ന്. ആ ജനാലയിലൂടെയാണ് അവരെല്ലാം വ്ലാദിമിറിനെ കണ്ടത്. ഒരുപക്ഷേ ഇന്നലെ നിങ്ങളുടെ ഭാര്യയും...”

ഒരു പ്രേതകഥ കേള്‍ക്കുന്ന മുന്‍വിധിയോടെ കുല്‍ക്കര്‍ണി കൂടുതല്‍ പറയുന്നതിനായി ഞാന്‍ കാത് കൂര്‍പ്പിച്ചു. അയാള്‍ പിന്നീട് പറഞ്ഞത് ചില കാഴ്ചകളെപ്പറ്റിയായിരുന്നു. ചുവരില്‍ വ്ലാദിമിര്‍ വരച്ച ജനാലയിലൂടെ ചിലര്‍ക്ക് പല കാലങ്ങളില്‍ വെളിപ്പെട്ട ആ ദൃശ്യങ്ങള്‍ ഒരു ചെറുകഥയുടെ ഭാവഗുണത്തോടെ കുല്‍ക്കര്‍ണി എനിക്ക് മുന്നില്‍ അവതരിപ്പിച്ചു.

അന്യ രാജ്യക്കാരനായ ജെറമിയ സുഖജീവിതം ആസ്വദിക്കുന്നതിന്റെ ഭാഗമായാണ് തന്റെ ഭാര്യയുമൊത്ത് ഒരുനാള്‍ ഈ ദേശത്തേക്ക് വരുകയും ഈ ഹോട്ടല്‍മുറിയില്‍ താമസിക്കുകയുംചെയ്തത്. കുല്‍ക്കര്‍ണി പ്രത്യേകമായി ഓര്‍ത്തെടുത്തു; ‘‘ജെറമിയായുടെ മുഖത്ത് സുഖജീവിതത്തിന്റെ പ്രസന്നത പ്രകടമായിരുന്നെങ്കിലും വന്ന സമയത്ത് അയാളുടെ ഭാര്യയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയാല്‍ ഒളിപ്പിക്കപ്പെട്ട ഒരു നിരാശ കാണാമായിരുന്നു. ഇതേപ്പറ്റി ചോദിച്ചിരുന്നെങ്കിലും ആ സ്ത്രീ ഒന്നുംതന്നെ പറയാന്‍ തയാറായില്ല. എന്നാല്‍, മടങ്ങാന്‍ നേരം അവള്‍ സന്തുഷ്ടവതിയായാണ് കാണപ്പെട്ടത്...’’

മടങ്ങുമ്പോള്‍ ആ സ്ത്രീ രഹസ്യമായി കുല്‍ക്കര്‍ണിയോട് പറഞ്ഞു;

‘‘ഇത്രനാളും ഞാന്‍ തേടിയത് ആ മുറിയില്‍ വെച്ച് എനിക്ക് കിട്ടി. ഇനി എനിക്ക് ധൈര്യമായി മുന്നേറാം.’’

നിങ്ങള്‍ പറയുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ലെന്ന് കുല്‍ക്കര്‍ണി അറിയിച്ചപ്പോള്‍ ജനാലയിലൂടെ താന്‍ കണ്ട മനുഷ്യനെയും കാഴ്ചയെയും അവര്‍ വെളിപ്പെടുത്തി. സ്ത്രീ പറഞ്ഞു;

“എന്റെ ഭര്‍ത്താവ് വേഗം ഉറങ്ങിപ്പോയ രാത്രിയായിരുന്നു അത്. എല്ലാ രാത്രികളിലും എന്നപോലെ ഉറക്കം വരാതെ കിടക്കുകയായിരുന്നു ഞാന്‍. എന്റെ കണ്ണുകള്‍ നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു. അത് എന്റെ ഭര്‍ത്താവിന്റെ ദേഹത്തേക്ക് ഒഴുകിയെത്തി അദ്ദേഹം ഉണര്‍ന്നാലോ എന്ന ഭയത്താല്‍ തിരിഞ്ഞുകിടന്നാണ് ഞാനപ്പോള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്നത്. ആ സമയത്തെപ്പഴോ ആണ് എന്റെ ചെവികൾ ആ ഈരടികള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. കേള്‍ക്കാന്‍ കൊതിച്ച വരികളും ശബ്ദവുമായിരുന്നു അത് എന്നതിനാല്‍ എന്റെ ഉള്ളില്‍നിന്നുതന്നെ മുഴങ്ങുന്നതാണ് അവയെന്ന് ആദ്യം വിചാരിച്ചു. എന്നാല്‍, പിന്നെ എനിക്ക് മനസ്സിലായി അത് മറ്റൊരിടത്തുനിന്ന് വരുന്നതാണെന്ന്. ഞാന്‍ ചുറ്റുപാടും നോക്കി. അപ്രകാരമാണ് ആ ജനാലയുടെ മുന്നിലേക്ക് എത്തിയത്. ജനാലയിലൂടെ ഞാന്‍ ആ കാഴ്ച കണ്ടു...

ജനാലക്ക് പുറത്ത് ഇതുവരെയും കാണാത്ത ഒരു ദേശമായിരുന്നു. എന്റെ കാലുകള്‍ നില്‍ക്കുന്നിടത്ത് നിന്ന് രാത്രി ഒഴിഞ്ഞുപോയിരുന്നില്ലെങ്കിലും ഞാന്‍ നോക്കിക്കൊണ്ടിരുന്ന ദേശത്ത് പുതിയ കിരണങ്ങള്‍ ഉദിച്ച് പ്രഭാതമാക്കിയിരുന്നു. ആകാശത്തേക്ക് മുട്ടുംവിധം വളര്‍ന്നുനിന്ന ഒരു വൃക്ഷമാണ് ആദ്യം എന്റെ ശ്രദ്ധയിലുടക്കിയത്. ആ മരത്തിന്റെ ശാഖകളിലും മറ്റുമായി പലജാതി ജീവികള്‍ കൂത്താടുന്നു. അവ ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ അപ്പോള്‍ ഞാന്‍ കേള്‍ക്കുകയായിരുന്ന ഈരടികള്‍ക്ക് പിന്നില്‍ ഇമ്പമാവുന്നത് ശ്രദ്ധിച്ചു. തൊട്ടുപിറകെ എന്റെ കണ്ണുകള്‍ ആ മരത്തിനു ചുവട്ടിലിരിക്കുന്ന മനുഷ്യനെ കണ്ടു. അയാള്‍ ഒരു കവിതാപുസ്തകം നിവര്‍ത്തിപ്പിടിച്ചിരുന്നു. അത് നോക്കിയാണ് ചൊല്ലിക്കൊണ്ടിരുന്നത്. എന്നെ കണ്ട നിമിഷം ആ മനുഷ്യന്‍ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് എന്റെ അടുത്തേക്ക് അഥവാ ജനാലയുടെ അരികിലേക്ക് നടന്നുവന്നു...” ഇത്രയും പറഞ്ഞ് ആ സ്ത്രീ കുല്‍ക്കര്‍ണിയുടെ അടുത്തുനിന്ന് മടങ്ങി.

തുടര്‍ന്നും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടാവാമെങ്കിലും അത് ബോധപൂര്‍വം തന്നില്‍നിന്ന് മറച്ചുവെച്ചതായിരിക്കുമെന്ന് കുല്‍ക്കര്‍ണി വിചാരിക്കുന്നു. 1958 ഡിസംബര്‍ മാസത്തിലെ ഒരുദിവസം വൂള്‍ഫ്‌ എന്ന് പേരുള്ള സ്ത്രീ ഇതേ ഹോട്ടല്‍മുറിയില്‍ താമസിച്ചിരുന്നു. പിറ്റേന്ന് അവരെ അവിടെ കണ്ടില്ലെങ്കിലും മുറിയില്‍ ഇട്ടിരുന്ന മേശമേല്‍ നിന്ന്, വ്ലാദിമിര്‍ ചുവരില്‍ വരച്ചതായ ജനാലയിലൂടെ ഒരു മനുഷ്യനെ അവര്‍ കണ്ടു എന്ന് സാക്ഷ്യപ്പെടുത്തുന്ന കുറിപ്പ് കുല്‍ക്കര്‍ണിക്ക് ലഭിക്കുകയുണ്ടായി. വെള്ളക്കടലാസിലുള്ള എഴുത്തിനോടൊപ്പം മരണമാര്‍ഗമായി കഴുത്തില്‍ ഇടുന്നതിനുവേണ്ടി അറ്റത്ത് കുരുക്ക് കെട്ടിയുണ്ടാക്കിയ ഒരു കയര്‍കൂടി വെച്ചിരുന്നു. വൂള്‍ഫ്‌ ആത്മഹത്യ ചെയ്യാനാണ് മുറി എടുത്തതെങ്കിലും അപ്രതീക്ഷിതമായ ഒരു ഇടപെടല്‍ മരണം മുടക്കിയതാണെന്നും ആ ഇടപെടല്‍ നിര്‍വഹിച്ചത് മിക്കവാറും ജനാലയിലൂടെ അവര്‍ കണ്ടു എന്ന് സാക്ഷ്യപ്പെടുത്തുന്ന മനുഷ്യനായിരിക്കുമെന്നും കുല്‍ക്കര്‍ണി ഊഹിക്കുന്നു.

കുറിപ്പില്‍ വൂള്‍ഫ്‌ ഇങ്ങനെ എഴുതിയിട്ടുണ്ട്; ‘‘ഭീകരവും ദുസ്സഹവുമായ ഇരുട്ടില്‍നിന്ന് എന്നെ മോചിപ്പിക്കാന്‍ കഴിയുന്നത് മരണത്തിന് മാത്രമാണെന്ന് ഞാന്‍ വിശ്വസിച്ചു. സ്വസ്ഥമായി മരിക്കുകയെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചാണ് ഞാന്‍ ഈ മുറിയെടുത്തത്‌. എന്നാല്‍ ജീവിക്കാനുള്ള വഴിയും വെളിച്ചവും ഈ ജനാലയിലൂടെ ഞാന്‍ കണ്ടു. ജനാലയ്ക്ക് അപ്പുറത്ത് നിന്ന മനുഷ്യന്‍ എനിക്ക് കാണിച്ചുതന്നു.’

വ്ലാദിമിറിന്റെ ജനാലയുമായി ബന്ധപ്പെട്ട അത്ഭുതകരമായ വേറെയും ചില സംഭവങ്ങള്‍കൂടി കുല്‍ക്കര്‍ണി എന്നോട് പങ്കുവെച്ചിരുന്നു. ഈ ഓർമക്കുറിപ്പിന്റെ ദൈര്‍ഘ്യം വര്‍ധിച്ച് നിങ്ങളുടെ വായന മുഷിഞ്ഞാലോ എന്ന് കരുതി അവയുടെ പരാമര്‍ശം ഇവിടെ വേണ്ടെന്ന് വെക്കുകയാണ്. മേല്‍പറഞ്ഞ രണ്ട് ഉദാഹരണങ്ങളില്‍നിന്നുതന്നെ ആ ജനാലയുടെ നിഗൂഢത നിങ്ങള്‍ക്ക് ബോധ്യപ്പെട്ട് കാണുമല്ലോ.

കുല്‍ക്കര്‍ണി പറഞ്ഞ കാര്യങ്ങളില്‍ ഭാഗികമായെങ്കിലും എനിക്ക് വിശ്വാസം ഉണ്ടായത് രണ്ട് കാരണങ്ങളാലാണ്. ഒന്ന് എന്റെ വിശ്വാസപ്രമാണഗ്രന്ഥങ്ങളില്‍ ഈവിധം നിഗൂഢവും അത്ഭുതകരവുമായ സംഭവങ്ങള്‍ മുന്നെ ഞാന്‍ വായിച്ചിട്ടുണ്ട് എന്നത്. അനേകം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വിവാഹരാത്രിയില്‍ ഒരാള്‍ വെള്ളം വീഞ്ഞാക്കി അനേകംപേരെ മത്തുപിടിപ്പിച്ചതും അഞ്ചുപേര്‍ക്ക് കഴിക്കാനുതകുന്ന ഭക്ഷണം ഉപയോഗിച്ച് അയ്യായിരം പേരുടെ വയറ് നിറച്ചതും അത്ഭുതങ്ങളെങ്കിലും സത്യങ്ങളാണല്ലോ.*

രണ്ടാമത്തെ കാരണം ദൈവത്തിന്റെ ഒരു പദ്ധതിയായിരിക്കും ആ ജനാലയും അതിനുപിന്നിലെ കാഴ്ചയും എന്ന് ഞാന്‍ വിചാരിച്ചു. ഇതോടൊപ്പം കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച അലോഷ്യസ് എന്ന പുരോഹിതന്‍ കണ്ടെത്തിയ അതിഭൗതികവും നിഗൂഢവാദപരവുമായ ഒരു ദാര്‍ശനികതത്ത്വത്തിന്റെ വെളിച്ചത്തില്‍ കുല്‍ക്കര്‍ണി പറഞ്ഞ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ ഉണ്ടായ വിശ്വസനീയതയാണ്.

പ്രപഞ്ചം എന്നത് ബാഹ്യതലത്തില്‍ നമുക്ക് കാണാനാവുന്ന സംഭവങ്ങളും കാഴ്ചകളും നിറഞ്ഞ ഒരിടം മാത്രമാണെന്ന ധാരണയെ തിരുത്തുന്നതാണ് അലോഷ്യസിന്റെ തത്ത്വചിന്ത. ദേശത്തിനുള്ളില്‍തന്നെ ചിലര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന അദൃശ്യദേശങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. ദൈവചിന്തയിലെ പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളായ സ്വര്‍ഗവും നരകവും ഈ അദൃശ്യദേശങ്ങളെയാണ് പ്രതിനിധാനംചെയ്യുന്നത്. വ്ലാദിമിറിന്റെ ജനാലയിലൂടെ ആ സ്ത്രീകള്‍ കണ്ടത് എല്ലാവര്‍ക്കും വെളിപ്പെടാത്ത അദൃശ്യദേശമായ സ്വര്‍ഗത്തെയോ നരകത്തെയോ ആയിരിക്കും (ആ കാഴ്ച കണ്ടവരില്‍ നിറഞ്ഞ സന്തുഷ്ടിയാണ് കുല്‍ക്കര്‍ണി സാക്ഷ്യപ്പെടുത്തുന്നത് എന്നതിനാല്‍ അത് സ്വര്‍ഗമാണെന്ന് ഊഹിക്കാം.) വ്ലാദിമിര്‍ എന്നയാള്‍ ദൈവത്തോട് അടുത്തുനില്‍ക്കുന്ന ഒരു പ്രവാചകനും.

എന്നിരുന്നാലും കുല്‍ക്കര്‍ണി അതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അത്ഭുതപരതന്ത്രനായി ഞാന്‍ വീണ്ടും ആ മുറിയിലേക്ക് ചെന്ന് വ്ലാദിമിറിന്റെ ജനാലച്ചിത്രത്തിലേക്ക് കുറേനേരം സൂക്ഷ്മമായി നോക്കി. ഉര്‍സുല അപ്പോള്‍ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. ഇത്രനാളും പകല്‍സമയങ്ങളില്‍ കൂടെയുണ്ടായിരുന്ന സ്ത്രീയോട് യാത്ര പറയാനായിരിക്കാം. ഉര്‍സുല എത്തിയാലുടന്‍ കഴിഞ്ഞ രാത്രിയില്‍ ആ ജനാലയിലൂടെ അവള്‍ കണ്ടത് (എന്നോട് രഹസ്യമാക്കിയത്) എന്താണെന്ന് ചോദിക്കണമെന്നുറപ്പിച്ച് ഞാന്‍ നിന്നു. ഇടക്കെപ്പഴോ ഒരു സംശയം എന്നില്‍ ബലപ്പെടുകയും അത് ദൂരീകരിക്കാനായി ഒരിക്കല്‍ക്കൂടി ഞാന്‍ കുല്‍ക്കര്‍ണിയുടെ അടുത്തേക്ക് പോവുകയും ചെയ്തു.

* * *

 

എന്‍ക്വയറി റൂമില്‍ കുല്‍ക്കര്‍ണി ഉണ്ടായിരുന്നില്ല. ആ വൃദ്ധന്‍ ഇരുന്നിടത്ത് പത്തൊമ്പതോ ഇരുപതോ വയസ്സ് തോന്നിച്ച ഒരു പയ്യനാണ് ഉണ്ടായിരുന്നത്.

“ഇവിടെ മുമ്പുണ്ടായിരുന്ന ആളെവിടെ..?’’ ഞാന്‍ അന്വേഷിച്ചു.

“അങ്ങേര് ഉറങ്ങാന്‍ പോയതാണ്. ഇനി ഉച്ച കഴിഞ്ഞേ വരൂ... ഇപ്പോള്‍ എനിക്കാണ് ഡ്യൂട്ടി. എന്താ ആവശ്യമെന്ന് അറിയിച്ചോളൂ...”, പയ്യന്‍ പറഞ്ഞു.

എന്റെ സംശയം കുല്‍ക്കര്‍ണിക്ക് മാത്രമേ ദൂരീകരിക്കാനാവൂ എന്ന് തോന്നിയതുകൊണ്ട് ഞാന്‍ തിരിച്ചുപോവാനൊരുങ്ങി.

അപ്പോള്‍ പയ്യന്‍ പിന്നില്‍നിന്ന് വിളിച്ചുപറഞ്ഞു.

“അത്യാവശ്യമെങ്കില്‍ അതാ... അങ്ങേരുടെ മുറി... ഇപ്പോള്‍ പോയതേ ഉള്ളൂ... അതിനാല്‍ കിടന്നെ ഉണ്ടാവൂ... ഇനി ഉറങ്ങിയാലും തട്ടിവിളിച്ചാല്‍ മതി... എഴുന്നേറ്റുകൊള്ളും.”

അവന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക് ഞാന്‍ നോക്കി. ഇത്രനാളും ഞാന്‍ താമസിച്ച മുറിയുടെ അടുത്ത്, ഇതുവരെയും എന്റെ ശ്രദ്ധയില്‍പെടാത്തതായ ഒരു കുടുസ്സുമുറി കണ്ടു. ഞാന്‍ അവിടം ലക്ഷ്യമാക്കി നടന്നു. വാതില്‍ ചാരിയിട്ടിരിക്കുകയായിരുന്നതിനാല്‍ മുട്ടേണ്ടിവന്നില്ല. ആ വിടവ് അല്‍പ്പംകൂടി തള്ളി വലുതാക്കി ഞാന്‍ അകത്തേക്ക് കയറി... ഒരു ചൂരല്‍കട്ടിലില്‍ കുല്‍ക്കര്‍ണി കിടക്കുന്നു... അയാള്‍ ഉറക്കംപിടിച്ചിരുന്നു... ഉണര്‍ത്താനായി ഞാന്‍ വിളിക്കാനൊരുങ്ങിയതാണ്. അപ്പോഴാണ് വൃദ്ധന്റെ ചുണ്ടുകള്‍ വളഞ്ഞ് ഒരു ചിരിയിലേക്ക് വികസിക്കുകയും അസ്പഷ്ടമായി അത് എന്തോ ഉച്ചരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പകല്‍മയക്കത്തില്‍ വൃദ്ധന്‍ ഏതോ സ്വപ്‌നത്തെ താലോലിക്കുകയായിരുന്നിരിക്കാം.

അയാളുടെ ചുണ്ടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന വ്യക്തതയില്ലാത്ത വാക്യം എന്താണെന്ന് അറിയാനുള്ള കൗതുകത്തില്‍ ഞാന്‍ ചെവിയോര്‍ത്തു. ഇടയില്‍ പദങ്ങള്‍ മുറിഞ്ഞുപോയ ആ വാക്യത്തില്‍ ജനാല എന്നും വിപ്ലവം എന്നും ഉള്ള രണ്ട് വാക്കുകള്‍ മാത്രമേ എനിക്ക് സ്പഷ്ടമായുള്ളൂ. അടുത്ത നിമിഷത്തില്‍ അസംഖ്യം പുസ്തകങ്ങള്‍ അടുക്കിവെച്ച കുല്‍ക്കര്‍ണിയുടെ മുറിയുടെ ചുവരില്‍ ഒരു ജനാലയുടെ ചിത്രംകൂടി ഞാന്‍ കണ്ടു. ആരംഭഭാഗത്ത് അക്കമിട്ട് സൂചിപ്പിച്ച വ്ലാദിമിറിന്റെ ജനാലയുടെ അപാകതകളൊക്കെയും അതിലും പ്രകടമായിരുന്നു.

പെട്ടെന്നാണ് എനിക്ക് ഒരു തോന്നലുണ്ടായത്... ഞാന്‍ വേഗം പുറത്തേക്കിറങ്ങി. അപ്പുറത്ത് ഇത്രനാളും ജീവിച്ച എന്റെ മുറിയിലേക്ക് ഓടിക്കയറി... വ്ലാദിമിര്‍ വരച്ചതാണെന്ന് കുൽക്കര്‍ണി പറഞ്ഞ ജനാലയെക്കാള്‍ സൂക്ഷ്മമായി ഞാനപ്പോള്‍ പരിശോധിച്ചത് ആ ചിത്രം നിലകൊണ്ട ഭിത്തിയെയാണ്. ശേഷം കുല്‍ക്കര്‍ണിയുടെ മുറിയിലേക്ക് ഒരിക്കല്‍ കൂടി പോയി ആ സത്യം ഉറപ്പിച്ചു.

എന്റെയും കുല്‍ക്കര്‍ണിയുടെയും മുറികളെ വേര്‍തിരിക്കുന്നത് ഒരൊറ്റ ചുവര് തന്നെയായിരുന്നു. ആ ഭിത്തിയുടെ കൃത്യം നടുക്ക് അപ്പുറവും ഇപ്പുറവുമാണ് രണ്ട് ജനാലച്ചിത്രങ്ങളും ഉള്ളത്. ഒരേ മാതൃകയില്‍ വരക്കപ്പെട്ട രണ്ട് ചിത്രങ്ങളാണ് അവയെങ്കിലും ഇരു മുറികളെയും തമ്മില്‍ ബന്ധിപ്പിച്ച് സ്ഥാപിക്കപ്പെട്ട ഒരൊറ്റ ജനാലയുടെ ഇരുവശങ്ങള്‍പോലെ അവ നിലകൊണ്ടു. യാഥാര്‍ഥ്യത്തിന്റെ ഒരു നീണ്ട ദ്വാരം ആ ജനാലച്ചിത്രങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നെങ്കില്‍ (പക്ഷേ, അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല) അപ്പുറത്തെ മുറിയിലെ കാഴ്ചകളെ അത് കാണിക്കുമെന്ന് തീര്‍ച്ചയാണ്.

എനിക്ക് ഉറപ്പാണ്...

മേല്‍പറഞ്ഞ രണ്ട് ജനാലച്ചിത്രങ്ങളും വരച്ചത് ഒരാള്‍തന്നെയെന്ന്. വ്ലാദിമിര്‍ എന്ന പേരിനു പിന്നില്‍ മറഞ്ഞിരിക്കുന്ന മനുഷ്യന്‍ ഹോട്ടലിന്റെ നടത്തിപ്പുകാരനായ കുല്‍ക്കര്‍ണി തന്നെ ആവാനാണ് സാധ്യത. അല്ലെങ്കില്‍ ആ പേര് കുല്‍ക്കര്‍ണി എന്നോട് പറഞ്ഞ അനേകം കള്ളങ്ങളില്‍ ഒന്ന് മാത്രം. ചുവരില്‍ വരക്കപ്പെട്ട ജനാലയുടെ ചിത്രത്തിലെ അഴികളില്‍ പിടിച്ച് അതിലേക്ക് നോക്കിനില്‍ക്കെ അത് ഒരു ചിത്രമാണെന്ന ബോധ്യത്തില്‍നിന്ന് തെറ്റിപ്പോവുകയും യഥാർഥ ജനാലതന്നെ അത് എന്ന ധാരണയില്‍ വിഭ്രാത്മകമായ കാഴ്ചകള്‍ അതിലൂടെ അനുഭവിക്കുകയും ചെയ്യുന്ന ഭ്രാന്തനായ ഒരാളുടെ മനോനില ആ നിമിഷം കുല്‍ക്കര്‍ണിയില്‍ ഞാന്‍ ഊഹിച്ചു. എന്റെ ഭാര്യ ഉര്‍സുലയിലും കാഴ്ചകള്‍ തെറ്റി കാണുന്ന ഈ സ്വഭാവവൈചിത്ര്യം ഉള്ളതായി മുമ്പ് ഞാന്‍ രേഖപ്പെടുത്തിയതാണല്ലോ.

കുല്‍ക്കര്‍ണിയുടെ മുറിയില്‍ നില്‍ക്കെ അത്ഭുതങ്ങളാണെന്ന് എന്നെ വിശ്വസിപ്പിച്ച് ആ വൃദ്ധന്‍ കെട്ടിച്ചമച്ച കഥകളെപറ്റി ഞാന്‍ ആലോചിച്ചു. എല്ലാ കെട്ടുകഥകള്‍ക്ക് പിന്നിലും കൃത്യമായ ചില ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. കുല്‍ക്കര്‍ണി പറഞ്ഞ കഥകള്‍ക്ക് പിന്നിലെ നിഗൂഢമായ ഉദ്ദേശ്യം എന്താണെന്ന് ചിന്തിച്ച് അയാളുടെ മുറിയിലുണ്ടായിരുന്ന അസംഖ്യം പുസ്തകങ്ങളിലൊന്ന് വെറുതെ മറിച്ചുനോക്കിയതാണ്. അതിലെ അഞ്ചാറ് വാചകങ്ങള്‍ വായിച്ച എനിക്ക് ഒരു ഞെട്ടലോടെ പെട്ടെന്ന് ഓര്‍മ വന്നത് എന്റെ രാജ്യത്തെയാണ്. ഗവണ്‍മെന്റിന്റെ ആവശ്യാനുസരണം അവര്‍ ആഗ്രഹിക്കുംവിധം കഴിഞ്ഞ പത്ത് ദിവസങ്ങളെടുത്ത് ഞാന്‍ പൂര്‍ത്തീകരിച്ച നാടകത്തില്‍ അന്ത്യഭാഗത്ത് പരാമര്‍ശിക്കുന്ന, ഉയര്‍ത്തിക്കെട്ടിയ മതചിഹ്നത്താല്‍ ആലേഖനം ചെയ്യപ്പെട്ട രാഷ്ട്രപതാക ചിലരുടെ പ്രവൃത്തികളാല്‍ താഴേക്ക് വീഴുന്നത് ഒരു വെളിപാട് പോലെ ഞാന്‍ കണ്ടു.

ഞാന്‍ വേഗം അവിടെനിന്ന് പുറത്തേക്കിറങ്ങി. ഉര്‍സുല അപ്പോഴേക്കും മുറിയിലേക്ക് എത്തിയിരുന്നു. കാര്യങ്ങള്‍ക്ക് വ്യക്തത വന്നതിന് ശേഷവും കഴിഞ്ഞ ദിവസം രാത്രിയില്‍ ആ ജനാലച്ചിത്രത്തിലേക്ക് നോക്കി ഉര്‍സുല കണ്ടത് എന്തായിരുന്നു എന്ന് അറിയണമെന്ന കൗതുകം എനിക്കുണ്ടായി. അത് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ ആഗ്രഹിക്കാത്ത മട്ടില്‍ ആദ്യം നിശ്ശബ്ദമായിരിക്കാനാണ് അവള്‍ ശ്രമിച്ചത്.

“ഉര്‍സുലേ...”

കുൽക്കര്‍ണിയോട് എനിക്ക് തോന്നിയ മുഴുവന്‍ ദേഷ്യവും എന്റെ വിളിയുടെ ശബ്ദത്തില്‍ പ്രതിഫലിച്ചു. ആ നിമിഷത്തിലാണ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഉര്‍സുല എന്നെ ഒരു നോട്ടം നോക്കിയത്. ഉര്‍സുലയുടെ കണ്ണുകള്‍ ഏറ്റവും ശക്തിയോടെ തുറിച്ച്, എനിക്ക് നേരെ തുറന്ന് നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ സമാധാനമായി പറഞ്ഞു;

“ആ കാഴ്ച എനിക്കറിയാം. അതൊരു മനുഷ്യനല്ലായിരുന്നോ?”

കുല്‍ക്കര്‍ണി കെട്ടിച്ചമച്ച കഥയില്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീകള്‍ എല്ലാവരും കണ്ടു എന്ന് പറഞ്ഞ മനുഷ്യനെ ഓര്‍ത്താണ് വെറുതെ അങ്ങനെ ഒരു ചോദ്യം എറിഞ്ഞത്.

ഉര്‍സുല പറഞ്ഞു:

‘‘അപ്പോള്‍ നിങ്ങളെല്ലാം അറിഞ്ഞിരുന്നല്ലേ?”

ഞാന്‍ ഒന്നും മിണ്ടാതെ തലയാട്ടി. അടുത്ത നിമിഷത്തില്‍, ഒട്ടും പ്രതീക്ഷിക്കാത്ത നിന്ദ്യവും അവിശുദ്ധവുമായ ഒരു കാര്യംകൂടി ഉര്‍സുല പറഞ്ഞു;

‘‘ജനാലയുടെ അഴികള്‍ക്കിടയിലൂടെ ആ മനുഷ്യൻ ഈ മുറിയിലേക്ക് കയറിവന്നപ്പോള്‍ ഞാന്‍ കരുതിയത് ഉറപ്പായും നിങ്ങള്‍ ഉറങ്ങിയിട്ടുണ്ടാവും എന്ന് തന്നെയാണ്.” ഒരുനിമിഷം അത് കേട്ട ഞാന്‍ ഞെട്ടിത്തരിച്ച് എന്റെ ഭാര്യയുടെ വായില്‍നിന്ന് തന്നെയാണല്ലോ ഇങ്ങനെ ഒരു വാചകം ഉണ്ടായത് എന്ന അറിവില്‍ അനക്കമറ്റവനായി നിന്നു.

അപ്രകാരം ആ മുറിയുടെ ചുവരില്‍ വരച്ചുവെച്ച ജനാലയുടെ ചിത്രത്തിലേക്ക് നോക്കി. ചിത്രത്തിന്റെ അപാകതയായി മുമ്പ് ചൂണ്ടിക്കാണിച്ച, അഴികള്‍ക്കിടയിലുള്ള വലിയ വിടവ് എന്തിനായിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഉള്ളിലേക്ക് ഇരച്ചുവന്ന ദേഷ്യത്തില്‍ അതൊരു ചിത്രം മാത്രമാണ് എന്ന ധാരണയില്‍നിന്ന് ഒരുനിമിഷത്തേക്കെങ്കിലും വ്യതിചലിച്ച ഞാന്‍ എന്റെ ബാഗില്‍നിന്ന് മാര്‍ക്കറുകള്‍ തപ്പിയെടുത്ത് തുറന്നുകിടന്ന ആ ജനാല പൂര്‍ണമായും മൂടിക്കളഞ്ഞു.

ഹോട്ടലില്‍നിന്ന് മടങ്ങുമ്പോള്‍, ഒരു പകല്‍സ്വപ്‌നം കണ്ട് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കുല്‍ക്കര്‍ണിയുടെ അരികിലേക്ക്, രാജ്യസുരക്ഷയുടെ ഒരു വാഹനം വന്ന് നില്‍ക്കുകയും അയാളെ അതില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്യണമെന്ന ആഗ്രഹം എന്നില്‍ കലശലാവുകയും ഞാന്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുകയുംചെയ്തു.

(ജോര്‍ജ് ക്ലീവസിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരത്തിലെ ഒരു അധ്യായം)

===========

പിന്‍കുറിപ്പ്:

അരാഷ്ട്രീയ ബുദ്ധിജീവിയായ ജോര്‍ജ് ക്ലീവസ് എന്ന സാഹിത്യകാരനെയും അയാളുടെ കൃതികളെയും പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ ഫലമായി ഏറക്കുറെ നല്ല എല്ലാ വായനക്കാരും തിരസ്‌കരിച്ചു എന്നത് സത്യമാണ്. മതരാഷ്ട്രസങ്കൽപത്തെ നിരാകരിക്കുന്ന ഒരു ഭരണഘടനയുടെ സ്ഥാപനത്തിന് ജോര്‍ജ് ക്ലീവസിനെപ്പോലെയുള്ള പിന്തിരിപ്പന്‍ എഴുത്തുകാരെ ഉപേക്ഷിക്കേണ്ടത് ആവശ്യവുമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളിലെ ഒരു അധ്യായത്തെ മേല്‍പ്രസിദ്ധീകരിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും.

പിഎച്ച്.ഡിയിലെ എന്റെ ഗവേഷണവിഷയം ചരിത്രമുന്നേറ്റങ്ങളില്‍ പങ്കുവഹിച്ചതും എന്നാല്‍ ചരിത്രഗ്രന്ഥങ്ങളിലോ മറ്റോ പരാമര്‍ശിക്കാതെ പോയതുമായ മനുഷ്യരെപ്പറ്റിയായിരുന്നു. ഇത്തരത്തിലുള്ള അനേകം മനുഷ്യരെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.

ഇരുപത്തിയാറ് വര്‍ഷം ജയിലില്‍ കിടക്കുകയും അവിടെവെച്ച് മരിച്ചുപോവുകയുംചെയ്ത കുല്‍ക്കര്‍ണി എന്ന ആളെ പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. വിപ്ലവസമരങ്ങളില്‍ പങ്കെടുത്ത എന്റെ മുത്തച്ഛനാണ് ആ ആളെ പറ്റി പറഞ്ഞുതന്നത്. കുല്‍ക്കര്‍ണിയുടേതായി ഒരു ആര്‍ട്ടും ജനംമുമ്പാകെ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും അദ്ദേഹം ഒരു യഥാർഥ ആര്‍ട്ടിസ്റ്റ് ആണെന്ന് മുത്തച്ഛന്‍ എപ്പോഴും പറയുമായിരുന്നു.

ജോര്‍ജ് ക്ലീവസ് എന്ന പിന്തിരിപ്പന്‍ സാഹിത്യകാരന്റെ മേല്‍ചേര്‍ത്ത ഓർമക്കുറിപ്പിലൂടെ കുല്‍ക്കര്‍ണി എന്ന മഹാനായ ആര്‍ട്ടിസ്റ്റിന്റെ കലയും കലാവിചാരവും എന്താണെന്ന് വിവേചനബുദ്ധിയുള്ള വായനക്കാര്‍ കണ്ടെത്തുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

.....................................

* ക്രിസ്തുവിന്റെ അത്ഭുതങ്ങളുടെ ഓര്‍മ

Tags:    
News Summary - weekly literature story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.