ആകെ പരവേശപ്പെട്ട് തളർന്നിരിക്കുന്നു. ലിഫ്റ്റ് വഴി മൂന്നാം നിലയിലേക്ക് കയറാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു. മസ്തിഷ്കം ജീവിച്ചുതീർത്ത ഭൂതകാലത്തെ ഓർത്തെടുക്കാനുള്ള ശ്രമത്തിലാണ്! പാഴ്വാക്കുകളും തത്ത്വചിന്തയും സ്വയംദുരിതവും അവനവനോട് പറയുക എന്നതല്ലാതെ ഈ സ്ഥലത്ത് മറ്റെന്ത് ചെയ്യാൻ! അല്ലെങ്കിലും ഉള്ളിലുള്ള മറ്റൊരുവനോട് വർത്തമാനം പറയുക പുതുമയുള്ള കാര്യവുമല്ല. പ്രായം അമ്പതായി. ആന്തരികാവയവങ്ങൾക്കും ഉടലിനുമെല്ലാം പ്രായംകൂടി....
ആകെ പരവേശപ്പെട്ട് തളർന്നിരിക്കുന്നു. ലിഫ്റ്റ് വഴി മൂന്നാം നിലയിലേക്ക് കയറാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു. മസ്തിഷ്കം ജീവിച്ചുതീർത്ത ഭൂതകാലത്തെ ഓർത്തെടുക്കാനുള്ള ശ്രമത്തിലാണ്! പാഴ്വാക്കുകളും തത്ത്വചിന്തയും സ്വയംദുരിതവും അവനവനോട് പറയുക എന്നതല്ലാതെ ഈ സ്ഥലത്ത് മറ്റെന്ത് ചെയ്യാൻ! അല്ലെങ്കിലും ഉള്ളിലുള്ള മറ്റൊരുവനോട് വർത്തമാനം പറയുക പുതുമയുള്ള കാര്യവുമല്ല. പ്രായം അമ്പതായി. ആന്തരികാവയവങ്ങൾക്കും ഉടലിനുമെല്ലാം പ്രായംകൂടി. ഡോക്ടറുടെ നിർദേശങ്ങൾ കുറെയെങ്കിലും പാലിച്ചാലേ ഇനി ആരോഗ്യത്തോടെ മുന്നോട്ട് പോകാനൊക്കൂ എന്നറിയാഞ്ഞിട്ടല്ല. എക്സ്കവേറ്ററുകളും ലിഫ്റ്റുകളും പരമാവധി ഒഴിവാക്കി വ്യായാമത്തിന് തുല്യമായ സ്റ്റെയർ കയറ്റം നടത്തണമെന്ന് ഡോക്ടർ നിർദേശിക്കാഞ്ഞിട്ടുമല്ല. അത് പലപ്പോഴും പാലിക്കാറുമുണ്ട്. ചില നേരങ്ങളിലെ ചില തോന്നലുകൾ അങ്ങനെയാണ്. അല്ലെങ്കിൽ ജീവിതം അതാണ്!
ആ തോന്നലുകളാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതും ചിലയിടങ്ങളിൽ തടഞ്ഞുനിർത്തുന്നതും, ചിലപ്പോൾ അവസാനിപ്പിച്ച് കളയുന്നതും! അല്ലാതെന്ത്? ജീവിതത്തിന്റെ ഈയൊരു അനിശ്ചിതാവസ്ഥ തന്നെയല്ലേ അതിന്റെ സൗന്ദര്യം? അപ്രതീക്ഷിതമായ എന്തോ ഒന്ന് നമ്മെ കാത്ത് എവിടെയോ, എങ്ങോ ഉണ്ട് എന്ന തോന്നൽ! എത്ര പ്രണയങ്ങൾ നമ്മെ ഉപേക്ഷിച്ചു പോകുമ്പോഴും പുതിയതൊന്ന് എപ്പോഴും തന്നിലേക്ക് കടന്നുവരാൻ വേണ്ടി എവിടെയോ കാത്തിരിപ്പുണ്ടെന്ന തോന്നൽ, ആ തോന്നലല്ലേ സത്യത്തിൽ ജീവിതത്തിന്റെ മായാമനോഹര സൗന്ദര്യം! അല്ലെ? ഇതിപ്പോ ലിഫ്റ്റിൽ കുടുങ്ങിയിരിക്കയാണ്. ഒറ്റക്ക്! സമയം രാത്രി പത്തായി കാണും? അതോ പന്ത്രണ്ടോ? ജീവിതത്തിനോടുള്ള ആർത്തിയും അതിജീവിക്കുമോ എന്ന ബേജാറും നെഞ്ചിൽ മിടിക്കുന്നു. പുറത്തേക്ക് വിടുന്ന കാർബൺഡയോക്സൈഡ് വർധിച്ചും ഓക്സിജൻ കുറഞ്ഞും വരുന്നതുമൂലമുള്ള അങ്കലാപ്പിൽ ഒന്നും കാണുന്നില്ല. തലക്കുള്ളിൽനിന്ന് ബോധാബോധങ്ങളുടെ കിളി ചിറകടിച്ചുയരുന്നുവോ?
മൂന്നാംനിലയിൽ അയാൾക്ക് പോകേണ്ട മൊബൈൽ റിപ്പയർ കടമുറിയിൽ മാത്രമേ വെളിച്ചമുണ്ടായിരുന്നുള്ളൂ. കെട്ടിടത്തെ ഇരുട്ട് പുതപ്പിച്ചപോലെ വെളിച്ചം കെട്ടിരുന്നു. കെട്ടിടം ഉറങ്ങാൻവേണ്ടി ഒരുങ്ങിയ സമയമായിരിക്കണം താൻ വന്നത്, അയാളോർത്തു! ലിഫ്റ്റിൽ കയറി ഒന്നാം നില പിന്നിട്ടുകാണും, വെളിച്ചം കെടുകയും ഒരു ഞരക്കത്തോടെ ലിഫ്റ്റ് നിൽക്കുകയുംചെയ്തു. മൊബൈൽ ബാറ്ററി മാറ്റാൻ വേണ്ടിയാണ് പോയത്. മൂന്നു ശതമാനമായി പെട്ടെന്ന് മാറുന്ന സൂക്കേട് കൃത്യം സമയത്ത് വന്ന് അതും ഓഫായി. നോക്കണേ നിർഭാഗ്യം വരുന്ന വഴി! എല്ലാം കൃത്യം. ഭാഗ്യത്തിന് ലിഫ്റ്റിൽ ഫാൻ കറങ്ങുന്നുണ്ട് എന്ന് തോന്നുന്നു. ലിഫ്റ്റ് നിൽക്കുമ്പോൾതന്നെ ലൈറ്റ് ഓഫ് ആണ്. ലിഫ്റ്റിലെ സുരക്ഷാ അലാറം കാണാൻപോലും ഒരു തുള്ളി വെളിച്ചമില്ല. സ്വിച്ചുകളുടെ ഏകദേശ ധാരണവെച്ച് എല്ലാത്തിന്റെയും മുകളിൽ ഞെക്കിയും അടിച്ചും നോക്കി. ഒരു പരിഹാരവുമായില്ല. എന്തുചെയ്യും? ഒന്നും ചെയ്യാനില്ല! എത്ര ആർത്തു വിളിച്ചാലും ആരും കേൾക്കില്ല. എന്നാലും അയാൾ തന്നെ ആശ്വസിപ്പിക്കാനെന്നോണം ഒരു കച്ചിത്തുരുമ്പ് എവിടെനിന്നെങ്കിലും പ്രതീക്ഷിച്ചു! ആ മൊബൈൽ കടക്കാരൻ കട പൂട്ടി ലിഫ്റ്റിൽ താഴേക്കിറങ്ങാൻ ശ്രമിക്കുകയും ലിഫ്റ്റ് കേടായ വിവരമറിഞ്ഞ് വരുകയും ചെയ്യുമോ? അങ്ങനെയെങ്കിൽ ആ സമയത്തെങ്കിലും രക്ഷപ്പെടാൻ കഴിയുമായിരുന്നു.
പേടി കാരണം ഒരു വിമാനത്തിൽ പോയിട്ട് യന്ത്രോഞ്ഞാലിൽ വരെ കയറിയിട്ടില്ല. ചെറുപ്പത്തിൽ യന്ത്രോഞ്ഞാലിൽ കയറിയപ്പോൾ താഴെനിന്നും മുകളിലെത്തി വീണ്ടും താഴേക്ക് ഊഞ്ഞാൽ ഇറങ്ങുമ്പോൾ ഉൾക്കിടിലം വന്ന് അറിയാതെ മൂത്രമൊഴിച്ചുപോയത് അയാളോർത്തു. പേടികാരണം ജീവിതത്തിലെ എത്രയെത്ര ആനന്ദങ്ങളാണ് തനിക്ക് നഷ്ടമായത്. അത്യഗാധഗർത്തങ്ങൾ ഉള്ള സമുദ്രത്തിന്റെ വെള്ളത്തിനടിയിൽ ഊളിയിടൽ, ആകാശത്ത് പട്ടംപോലെ കെട്ടിയിടപ്പെട്ട് പറക്കൽ, വലിയ മരത്തിന്റെ ഉച്ചിയിൽ കയറി ഏഴാനാകാശത്തെവിടെയോ ഉള്ള സദറത്തുൽ മുൻതഹയിൽനിന്ന് പൊഴിഞ്ഞുവീഴുന്ന മഞ്ഞച്ച ഇലകളെ കാണൽ അങ്ങനെയങ്ങനെ പേടി ജന്മസിദ്ധമായവർക്ക് എന്തെല്ലാം നഷ്ടമാവുന്നു. പേടി ജനിതകപരമാണ്. പേടിയുടെ ജനിതകം അണ്ഡം വഴിയോ ബീജം വഴിയോ കൈമാറി കിട്ടിയാൽ മരണംവരെ അത് വഹിക്കേണ്ടിവരും, അത്രതന്നെ! അയാളോർത്തു. പേടിയുടെ ജനിതകം വഹിക്കുന്ന മനുഷ്യർ അവരുടെ വലിയ മരണത്തിനു മുമ്പ് ചെറിയ ചെറിയ അനേകം ആഘാതങ്ങൾ സ്വയം വരിക്കുകയും ചെറിയ ചെറിയ അനേകം മരണങ്ങൾ ഏറ്റുവാങ്ങുകയുംചെയ്യുന്നു! അത് അവരുടെ ജനിതകപരമായ വിധി തീർപ്പുകളാണ്. കുഞ്ഞു കുഞ്ഞു ആഘാതങ്ങൾ ഏറ്റ് തഴമ്പിച്ച പ്രതലമാണ് അവരുടെ നെഞ്ചകം. വൈകാരികാഘാതങ്ങൾ ഏറ്റ് ചിതറിയ അവരുടെ ആയുസ്സ് പലപ്പോഴും പെെട്ടന്നവസാനിക്കും. വികാരങ്ങളുടെ കുത്തൊഴുക്കിൽപെട്ടുഴലുന്ന മനുഷ്യജന്മങ്ങൾ!
പേടിയുടെ വിയർപ്പ് ഉള്ളിലാകെ പൊടിഞ്ഞ് ഉടലിന്റെ സൂക്ഷ്മദ്വാരങ്ങളിൽകൂടി തൊലിയിലേക്ക് സ്രവിക്കുന്നു. ലിഫ്റ്റിലെ ഫാനും കറങ്ങുന്നത് പതിയെ പതിയെ ആയിട്ടുണ്ടെന്ന് തോന്നുന്നു. ഭയം ഉള്ളിനെയും ഉടലിനെയും ആഞ്ഞ് പുൽകാൻ തുടങ്ങി. ലിഫ്റ്റിലെ സ്വിച്ചുകൾ ഒന്നൊന്നായി വീണ്ടും വീണ്ടും പരിഭ്രമത്തോടെ ഞെക്കിയെങ്കിലും ഫലമൊന്നുമില്ല. അലാറം ഒന്നുരണ്ടു തവണ അയാളുടെ നെഞ്ചിനൊപ്പം ദൈവമേ ദൈവമേ എന്ന് അടിച്ചെങ്കിലും ആരും കേൾക്കുന്നുണ്ടാവില്ല. ഉൾക്കിടിലം ഉടൽ നിവർത്തി നിൽക്കാനുള്ള ശേഷി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിൽ ഉടലാകെ തളർന്നിരുന്നുകൊണ്ട് ഓരോന്നോർത്തു. മരണം അഭിമുഖമിരിക്കുന്നു. രണ്ടുപേർക്കിടയിൽ അദൃശ്യമായ ആ ഇടത്തിൽ ചെസ്ബോർഡും രണ്ട് ഐസ്ക്രീമുകളുമുണ്ട്. ഇഗ്മർ ബർഗ്മാന്റെ ബ്ലാക്ക് കുപ്പായമിട്ട മരണമെന്ന ചെകുത്താന്റെ മുഖത്തിന് എതിർവശമിരുന്ന് ചതുരംഗം കളിക്കുന്നപോലെ മരണത്തെ ഭാവനചെയ്തു. അയാൾ അയാളോട് തന്നെ ഓരോന്ന് പിറുപിറുത്തു! എന്താണിനി ചെയ്യുക? ഒന്നും ചെയ്യാനില്ല. ലിഫ്റ്റിനുള്ളിൽ ഓക്സിജൻ കുറഞ്ഞുതുടങ്ങിയിരിക്കുന്നു.
പേടി പടർത്തുന്ന ഇരുട്ട് വർധിക്കുകയുംചെയ്യുന്നു. ഓക്സിജൻ ലഭിക്കാനുള്ള വല്ല മാളങ്ങളുമുണ്ടോ? തലക്ക് മുകളിൽ ഞരക്കത്തോടെ കറക്കം നിന്ന് പോയ ഫാനിന്റെ ചിറകുകളുടെ വിടവിൽകൂടി താഴേക്ക് അരിച്ചിറങ്ങുന്ന ഓക്സിജൻ തുള്ളി തുള്ളിയായി എടുത്ത് നാളെ രാവിലെ വരെ ജീവൻ നിലനിർത്തണം. നാളെ ബിൽഡിങ്ങിൽ ആളെത്തിയാൽ ലിഫ്റ്റ് കേടായ വിവരം അറിയുകയും നന്നാക്കി തന്നെ പുറത്തിറക്കുകയുംചെയ്യും എന്ന് വിശ്വസിക്കുക. അതും ഒരു സാധ്യതയാണ്. ആ സാധ്യതയിൽ വിശ്വസിക്കുക എന്നുള്ളതാണ് തന്റെ ശരീരത്തിനും മനസ്സിനും ഫലപ്രദം. പാമ്പുകടിയേറ്റവരിൽ നല്ലൊരു ശതമാനം ഭയം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനത്തിൽപെട്ടാണ് മരണപ്പെടുന്നത് എന്ന് കേട്ടിട്ടുണ്ട്. ഇവിടെയും ഭയം ഒരു പാനിക് അറ്റാക്ക് കൊണ്ടുവരികയും അതുമൂലം ജീവാപായം വരെ സംഭവിക്കുകയുംചെയ്യാം. അതുകൊണ്ട് ഹൃദയത്തെയും മസ്തിഷ്കത്തെയും ഉടലിനെയും മനസ്സിനെയും ശുഭാപ്തി വിശ്വാസിയാകാൻ പരമാവധി പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
ഓക്സിജൻ കുറയുന്നതിനനുസരിച്ച് ശരീരം പരവേശപ്പെടുന്നു. ഒന്നുരണ്ട് തവണ എഴുന്നേറ്റുനിന്നെങ്കിലും മനസ്സും തളർന്നുതുടങ്ങി. ഇരിപ്പോ നിപ്പോ ഉറക്കുന്നില്ല. കേൾവിയുടെ ഇന്ദ്രിയങ്ങൾ പുറത്തേക്ക് അതിസൂക്ഷ്മമായി ശബ്ദകണികകളെ കാതോർത്തു. എന്തെങ്കിലും ശബ്ദമോ ഗന്ധമോ മറ്റോ തന്നെ ഓർത്ത് ഇതുവഴി എത്തിനോക്കുമോ? ഏയ് ഇല്ല, ഈ അസമയത്ത് ആര് വരാൻ. അടുത്ത നിമിഷം അയാൾ അയാളെ തന്നെ ആശ്വസിപ്പിച്ചു. മരണം ഐസ് ക്രീം കഴിക്കാൻ ആരംഭിച്ചിരിക്കുന്നു.
ചതുരംഗത്തിലെ കരുക്കൾ നീക്കിത്തുടങ്ങി. കാലാൾ മുന്നോട്ട് കാലെടുത്ത് വെച്ചു. ഇനി കഴിയുന്നത്ര പ്രതിരോധിച്ച് തുടങ്ങാം. ഈ ലോകത്തിന് മുന്നോട്ട് ചലിക്കാൻ ഒരു മനുഷ്യന്റെയും അത്യാവശ്യമില്ല. എത്ര വിലപിടിച്ച മനുഷ്യൻ ഭൂമിയിൽ ഇല്ലാതായാലും പിറ്റേ ദിവസം പുലർകാലെ തന്നെ സൂര്യൻ അതിന്റെ ജീവാംശങ്ങളുമായി പതിതർക്കുവേണ്ടി വീണ്ടും ആകാശത്ത് പ്രത്യക്ഷപ്പെടുകയും സമയമാവുമ്പോൾ വിശ്രമിക്കാൻ പോയി ചന്ദ്രനെ പറഞ്ഞയക്കുകയും ചെയ്യും. ചന്ദ്രൻ അമൃതരശ്മികളാൽ മനുഷ്യരിൽ സ്നേഹം പ്രസരിപ്പിക്കുകയും ചകോരിക്ക് ഭക്ഷിക്കാൻ അൽപം നിലാവ് ബാക്കിയാക്കി സൂര്യന് കൈകൊടുത്ത് പിരിയുകയുംചെയ്യും. ചന്ദ്രന് ചകോരിയോടോ ചകോരിക്ക് ചന്ദ്രനോടോ പ്രേമം? ചകോരിക്ക് എന്തായാലും ചന്ദ്രനോടുണ്ട്! അതുകൊണ്ടാണല്ലോ നിലാവ് കാണുമ്പോൾ അത് ആനന്ദംകൊണ്ട് നൃത്തമാടുന്നത്! അയാൾ മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയിൽ നൃത്തമാടാൻ ചകോരിയെ ക്ഷണിച്ച കവിയെ ഓർത്തു.
നക്ഷത്രങ്ങൾ അതിന്റെ സമയമാവുമ്പോൾ മാനത്തുദിക്കും. പുഴയൊഴുകും, മഞ്ഞ് പെയ്യും, മഴയും കടലും ആർത്തിരമ്പും, പൂക്കൾ വിരിയും, വസന്തം വരും, പൂമരച്ചില്ലയിൽനിന്ന് അവസാനത്തെ ഋതുസുഗന്ധവും കൊഴിയും, വസന്തം അവസാനിക്കും, ശിശിരം ആഗതമാവും. എല്ലാം പഴയപടി ആവർത്തിക്കും. ഈ പ്രപഞ്ചത്തിലെ ഓരോ ജീവനും അതിന്റെ ചെറുതും വലുതുമായ ജീവിതം അനുസ്യൂതം തുടരും. അതാണ് പ്രപഞ്ച നിയമം. അയാൾ എല്ലാത്തിനും നന്ദിയോതി. തന്നിലേക്കും നിലാവിനാൽ സ്നേഹം പ്രസരിപ്പിച്ച് നനച്ച ഇന്ദുവിന്, തന്റെ ആദ്യപ്രണയത്തെ സൗരഭ്യമേറിയ പൂക്കൾകൊണ്ട് പുതച്ച ഭൂമിയിലെ വസന്തത്തിന്, രണ്ടു പേരുടെയും കൗമാരത്തെ നനച്ച് ഉള്ളിലെ കാമനകളെ ഇക്കിളിയിട്ടുണർത്തിയ ഇടവമഴക്ക്. അത്യഗാധമായ ഇരമ്പലുകൾക്കിടയിലും തനിക്ക് മലർന്ന് കിടന്ന് ആകാശം കാണാൻ മണൽമെത്ത ഒരുക്കിയ കടലിന്. ആദ്യപ്രണയം പൂവിട്ടപ്പോൾ തന്നിലേക്ക് മിഴിനട്ട് പുഞ്ചിരിക്കുന്നു എന്ന് തോന്നിപ്പിച്ച കടൽക്കരയിലെ ആകാശത്ത് കണ്ട നക്ഷത്രക്കുട്ടന്മാർക്ക്. പ്രണയനഷ്ടത്താൽ പിടിപെട്ട വിഷാദകാലത്ത് അഭയം തന്ന ഭൂമിയിലെ മധുശാലകൾക്ക്! അങ്ങനെയങ്ങനെ തനിക്ക് ജീവനും ഉയിർപ്പും അതിജീവനവും സൗഹൃദവും ഒക്കെ സാധ്യമാക്കി ഈ ജന്മം ഇതുവരെ മുന്നോട്ട് കൊണ്ടുപോയ സ്നേഹസാന്നിധ്യങ്ങൾക്കെല്ലാം അയാൾ നന്ദിയോതി.
മരണം പതിയെ പതിയെ അടുത്തെത്തുന്നു. അവൻ കരുക്കൾ അതീവ ജാഗ്രതയോടെയാണ് നീക്കുന്നത്. ഇപ്പോൾ തേരെടുത്ത് രാജാവിനെ കുരുക്കിലകപ്പെടുത്താൻ മുൻകൂട്ടിയുള്ള ഒരു നീക്കം നടത്തിയിരിക്കുന്നു. അടുത്ത നീക്കം വളരെയധികം നിർണായകമാണ്. സൂക്ഷിക്കണം. ഇവിടെ പ്രതിരോധമാണ് പ്രധാനം. മന്ത്രിയെ എടുത്ത് തേരിന് കുറുകെ വെച്ചു. ചതുരംഗത്തിൽ കാലാളിന് പിടിച്ച് നിൽക്കാനാണ് പ്രയാസം. ഇരുഭാഗത്തുള്ളവർക്കും കാലാളിനെ വില കാണില്ല. ഒന്ന് പോയാൽ മറ്റൊന്ന്.
അത്രയേ ഉള്ളൂ. ഒരു കാലാളായി മാത്രമേ അയാൾ അയാൾക്ക് വിലയിട്ടിരുന്നുള്ളൂ എന്നതുകൊണ്ട് തന്നെ തന്റെ അതിജീവനം അധികസമയം നീട്ടാനിടയില്ല എന്ന സാധ്യത അയാളിലേക്ക് വരുന്നതായി മരണം അയാൾക്ക് അനുഭവപ്പെട്ട് തുടങ്ങി. അയാൾ തന്റെ ൈകയിലുള്ള ചത്ത മൊബൈൽ ഫോണിനെ കുറിച്ചോർത്തു. ഒരു ജന്മത്തിന്റ ജീവിതരഹസ്യങ്ങൾ മുഴുവൻ പേറിയ ഈ ഇന്റർനെറ്റ് പേടകം തന്റെ മരണശേഷം തന്റെ രഹസ്യങ്ങളെല്ലാം മറ്റൊരാൾക്ക് ചോർത്തി കൊടുത്തേക്കാം! അല്ലെങ്കിലും മരിച്ചുകഴിഞ്ഞാൽ പിന്നെ തനിക്ക് ഇമേജ് എന്തിന്? ഈ സദാചാര ഹിപ്പോക്രസി അപ്പോഴും കരുതിവെച്ചു വേണോ ശ്മശാനത്തിൽ അന്ത്യവിശ്രമിക്കാൻ? അറിയട്ടെ എല്ലാവരും അറിയട്ടെ; തനിക്ക് അനേകം കാമുകിമാർ ഉണ്ടായിരുന്ന കാര്യം! അയാൾ നിശ്ചയിച്ചുറപ്പിച്ചു.
ഓരോ കാമുകിയും പരസ്പരം അയാൾ അവരോരുത്തരെയും നീ മാത്രം ഈ ജന്മത്തിൽ എന്ന് കബളിപ്പിച്ചത് കണ്ടുപിടിക്കുമ്പോൾ അയാളോട് കെറുവിക്കുന്നതും പല്ല് കടിക്കുന്നതും ഓർത്ത് അയാൾ ക്ഷീണ പരവേശത്തിലും ഊറിച്ചിരിച്ചു. തന്റെ വിശ്വസ്തയായ ഭാര്യയോ മക്കളോ ഇതറിഞ്ഞ് വേദനിക്കുന്നത് അയാൾക്ക് സഹിച്ചില്ല. അയാൾ ബാറ്ററി ചത്ത ആ മുഴുസമയ ഉപയോഗ ഉപകരണം സിം നശിപ്പിച്ച് വീണ്ടെടുക്കാൻ പറ്റാത്തവിധം നിലത്തിട്ട് കുത്തിയും ചവിട്ടിയും നശിപ്പിച്ചു. ഇന്ന് ലിഫ്റ്റിൽ കയറുന്ന നിമിഷം വരെ രാവിലെ ഉറക്കമുണരുന്ന സമയം മുതൽ കിടക്കയിൽ കണ്ണടക്കുന്ന സമയം വരെ അതിൽ തോണ്ടി തോണ്ടിയാണ് ഈ ജീവിതവും സ്രഷ്ടാവ് അവന്റെ ഖജാനയിൽനിന്നും അനുവദിച്ച കുറഞ്ഞ സമയങ്ങളിൽ മിക്കതും തീർത്തത്. അതിനെ പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്തത്ര, ഭാര്യയെയോ മക്കളെയോ എന്തിന് കാമുകിമാരെ പോലുമോ അയാൾ പരിചരിച്ചിട്ടില്ല.
ഓരോ നിമിഷവും ആ ഉപകരണത്തെ കുറിച്ച് അത്രക്ക് കൺസേൺ ആയിരുന്നു. അഞ്ചു മിനുട്ട് കഷ്ടിപോലും ആ ഉപകരണത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാതെ ഇരിപ്പുറക്കാറില്ല. അതിനും തന്നോട് അത്രക്ക് വാത്സല്യമായിരുന്നു. ആരൊക്കെ തന്നിലേക്ക് വന്നു എന്നും അവർ എന്തൊക്കെ തരത്തിൽ തന്നെ ഉപയോഗിക്കുന്നു എന്നൊക്കെ ഉടനുടൻതന്നെ അറിയിക്കാൻ അത് വെമ്പി. ഒരുപക്ഷേ ഇക്കഴിഞ്ഞ തന്റെ പത്തിരുപത് യൗവന വർഷങ്ങൾ അത് പലതരത്തിൽ ഭക്ഷിച്ചു. അതിന്റെ ആഹാരമായിരുന്നു സ്രഷ്ടാവ് ഖജാനയിൽനിന്നും തനിക്ക് അനുവദിച്ച വിലപ്പെട്ട സമയത്തിന്റെ പാതിമുക്കാൽ അംശവും. താനുണർന്നിരുന്ന മിക്ക സമയവും ആ പൊന്നോമനയെ ലാളിച്ചും തലോടിയും കഴിഞ്ഞു. എന്നാൽ, ഇപ്പോഴത് അപകടകാരിയായി മാറിയിരിക്കുന്നു. താൻ ജീവിതത്തിന്റെ അക്കരേക്കുള്ള യാത്രയിലാണ്. ഇരുണ്ടതും അഗാധവുമായ ആ തീരത്തുനിന്ന് ഭയാനകമായ അന്തരീക്ഷം തന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല, അത്യാവശ്യ സന്ദർഭത്തിൽ ഉപകാരപ്പെടാത്ത ആ വസ്തുവിനോടുള്ള അയാളുടെ പ്രിയം തീർന്നു. ആ കലി അയാൾ അങ്ങനെ തീർത്തു.’
പലതവണ ചെയ്തതുപോലെ ഫലമില്ലെന്നറിഞ്ഞിട്ടും അയാൾ ലിഫ്റ്റിന്റെ വാതിലിൽ ആഞ്ഞു ചവിട്ടി ശബ്ദമുണ്ടാക്കാനുള്ള ശ്രമത്തിലേർപ്പെട്ടു. കാലുകൊണ്ടുള്ള ചവിട്ട് വേണ്ടത്ര ഏശിയില്ല. ഭയംകൊണ്ട് ഒന്നാകെ ക്ഷീണിക്കുകയും പരവേശപ്പെടുകയുംചെയ്തിരുന്ന അയാളുടെ ഉടൽ ഒന്നുകൂടി തളർന്നു എന്ന് മാത്രം! ആദ്യ ചവിട്ടിൽ വാതിൽ ചെറുതായി കുലുങ്ങിയതായി അയാൾക്ക് തോന്നുകയെങ്കിലും ഉണ്ടായിരുന്നു. ഇത്തവണ ഭീമസേനന്റെ ദേഹത്തിൽ മഞ്ചാടിക്കുരു വീണപോലെ ലിഫ്റ്റ് അയാളുടെ കാലിന്റെ താഡനം അറിയുകപോലുമുണ്ടായില്ല. എവിടുന്നോ ചെറുതായി ഓക്സിജൻ ലിഫ്റ്റിനകത്തേക്ക് വരുന്നുണ്ട്. അയാൾ സൂക്ഷ്മമായി ഒന്നുകൂടി നിരീക്ഷിച്ചശേഷം ഫാനിന്റെ വിടവുകളുടെ ഭാഗത്ത് മൂക്ക് കൊണ്ടുപോയി ആർത്തിയോടെ അത് അകത്താക്കാനുള്ള ശ്രമം നടത്തി. കാർബൺഡയോക്സൈഡ് കൂടുതലായി കലർന്ന ആ പ്രാണാഹാരം അയാളെ വലിയതോതിൽ ഉത്തേജിപ്പിച്ചില്ല. അല്ലെങ്കിലും മനുഷ്യൻ കാർബൺ ഡയോക്സൈഡ് ആണല്ലോ, അയാൾ പെട്ടെന്ന് ഓർത്തു! ആൾക്കൂട്ടങ്ങൾ വല്ലാതെ കൂട്ടംകൂടുന്ന ഇടങ്ങളിൽനിന്നൊക്കെ താൻ ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് ഓടിരക്ഷപ്പെടുന്നത് അയാളോർത്തു. ഇപ്പോൾ അയാൾ അയാളെ തന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരിക്കുന്നു. പ്രാണൻ തന്നോട് യാത്രപറയുന്നുണ്ടോ എന്നയാൾ സന്ദേഹപ്പെട്ടു. അധികം താമസിയാതെ അത് തന്നെ വിട്ട് ഏഴാനാകാശത്തേക്ക് പറന്നു പോകുമെന്നും ലോകത്ത് താൻ ഇല്ലാത്ത കാലം സമാഗതമാകുമെന്നും അയാളുടെ ഉടൽ കിടു കിടാ വിറച്ചു.
അയാൾ വീണ്ടും താൻ പിന്നിട്ട ജീവിതത്തെ ഓർമിച്ചു. ഇനിയും ഒരു പത്ത് മുപ്പത് വർഷങ്ങൾ എങ്കിലും ഭൂമിയിൽ സുഖമായി കഴിയാനുള്ളത് അയാൾ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്. മനുഷ്യരുടെ ആയുസ്സ് മെഡിക്കൽ സയൻസ് വല്ലാതെ വലിച്ചു നീട്ടിയ കാലമായതുകൊണ്ട് തന്നെ അയാൾ മരണത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. തനിക്ക് സുഖമായി വസിക്കാനുള്ള ഈ ഭൂമിയിൽ തന്നെ അലോസരപ്പെടുത്തിയിരുന്നവരെയും അയാളോർത്തു! ഈ ഭൂമിയിൽനിന്ന് തനിക്ക് സ്നേഹവും സന്തോഷവും ആനന്ദവും മാത്രമല്ലല്ലോ; താങ്ങാൻ പറ്റാവുന്നതിലും അധികം ഹിംസയും അസൂയയും നികൃഷ്ടതയും അനീതിയും അധർമവുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലേ? ശരിയാണ്, അത് പക്ഷേ താൻ ധർമത്തിലും നീതിയിലും സത്യത്തിലും വിശ്വസിച്ചതുകൊണ്ട് കിട്ടിയതല്ലേ എന്ന് അടുത്തനിമിഷം ആശ്വസിക്കുകയുംചെയ്തു. കാരുണ്യം കനിവായി തന്നിൽനിന്നും ലഭിച്ച മനുഷ്യർപോലും അയാളെ ഉപദ്രവിച്ചിട്ടുണ്ട്. അവർ നൽകിയ മാനസിക സമ്മർദവും ശാരീരിക ഹിംസയുമെല്ലാം അയാളെ മരണവക്ത്രത്തിൽപോലും എത്തിച്ചിട്ടുണ്ട്. ഒരുകണക്കിന് അപ്രതീക്ഷിതമായ ഈ സന്ദർഭത്തിലുള്ള മരണത്തിന്റെ തന്നിലേക്കുള്ള യാത്ര ഒരനുഗ്രഹംകൂടിയല്ലേ എന്ന തരത്തിലും അയാൾ ആലോചിച്ചു തുടങ്ങി! മനുഷ്യമനസ്സിന്റെ കടിഞ്ഞാണില്ലാത്ത പോക്ക് അയാളെ അങ്ങനെ പലവിധ ആന്തരിക ഗർത്തങ്ങളിലൂടെയും കൊണ്ടു നടത്തിച്ചു എന്നും പറയാം!
ജീവിതം ഇപ്പോൾ അയാളെ തുറിച്ചുനോക്കുന്നു എന്നത് ശരിയാണ്. ഇനിയും ഏറ്റുവാങ്ങേണ്ടി വരാനിടയുള്ള അപരരുടെ നികൃഷ്ടതകൾ അയാളെ ഭൂമിയിൽനിന്നുള്ള പിന്മടക്കം നിരാശ ഇല്ലാത്തവനാക്കി മാറ്റി. അതീവ ദുർബലമായ തന്റെ മനോനിലക്ക് ഇനിയും അതൊന്നും എത്രകാലം താങ്ങാൻ സാധിക്കും എന്നാണ്? അയാളോർത്തു! മാനസിക വൈകാരിക ആഘാതങ്ങൾ തന്നിൽ ഏൽപിച്ചേക്കാവുന്ന മസ്തിഷ്ക ക്ഷതം ഒരുപക്ഷേ, ശാരീരിക മസ്തിഷ്ക തകരാറിലേക്ക് നയിച്ചേക്കാം. അത് ശരീരം തളർന്നുള്ള കിടപ്പിലേക്കും! ഡോക്ടർ ഒരിക്കൽ അയാളോട് അങ്ങനെ പറഞ്ഞിരുന്നു. ഒരുകണക്കിന് ആരോഗ്യവും പരസഹായം കൂടാതെ ജീവിക്കാൻ സാധിക്കുന്ന ഇക്കാലവുമെല്ലാമാണ് വിട വാങ്ങാൻ പറ്റിയ സമയം. ദുഷ്ടന്മാർ ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിക്കും, നല്ല മനുഷ്യരെ ദൈവം പെട്ടെന്ന് വിളിക്കും എന്നൊക്കെ ചിലർ പറയുന്നത് അയാൾ ഓർത്ത് താരതമ്യംചെയ്യാൻ തുടങ്ങി. അയാളുടെ അറിവിൽ അടുത്തകാലത്ത് മരണപ്പെട്ടവരുടെ കണക്കെടുത്തപ്പോൾ അതിൽ കാര്യമില്ലേ എന്നും തോന്നായ്കയില്ല.
ശ്വാസനിശ്വാസം സുഗമമാവാതെ വീർപ്പുമുട്ടി തുടങ്ങി. ലിഫ്റ്റിൽ ഓക്സിജൻ വളരെ അധികം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാൾകൂടി തന്നോടൊപ്പം ലിഫ്റ്റിൽ ഇതേ അവസ്ഥയിൽ കുടുങ്ങാതിരുന്നത് നന്നായി എന്നയാൾ ഒരു നിമിഷം ഓർത്തു. വറ്റാറായ ഓക്സിജൻ അയാൾക്കുകൂടി പങ്കുവെക്കേണ്ടി വന്നേനെ. കുടുങ്ങിയവൻ ഒരുപക്ഷേ നികൃഷ്ടനായിരുന്നെങ്കിൽ അയാൾക്ക് കുറച്ചുകാലം കൂടി പിടിച്ചുനിൽക്കാൻ വേണ്ടി ഓക്സിജൻ പങ്കുവെക്കാതിരിക്കാൻ അയാൾ തന്നെ കൊന്നേനെ! ശാരീരികവും മാനസികവുമായി അതീവ ദുർബലനായ താൻ അയാളുടെ മുന്നിൽ പരാജയപ്പെടാനാണ് കൂടുതൽ സാധ്യതയും. ഒരുകണക്കിന് അങ്ങനെ ഒരവസാനം അയാൾക്ക് വിധിച്ചില്ലല്ലോ എന്നോർത്ത് അയാൾ സമാധാനിച്ചു. ഇതിപ്പോ താൻ മാത്രം! ഈ ഓക്സിജൻ തുള്ളികൾ അവസാനിക്കുന്നതുവരെ തനിക്ക് ശ്വസിക്കാം. അയാൾ പക്ഷേ ഇങ്ങനെ ഒരു മരണം ആഗ്രഹിച്ചിരുന്നില്ല. അയാൾക്ക് പ്രിയപ്പെട്ട ഏതെങ്കിലും ഒരു സംഗീതസിംഫണി കേട്ട് ഉറക്കത്തിലെന്നപോലെ മരണത്തിലേക്ക് ശാന്തമായി പ്രവേശിച്ച് ഇല്ലാതാവാനായിരുന്നു അയാളുടെ ആഗ്രഹം. ശ്വാസം മുട്ടി മുട്ടി മരണത്തെ മുഖാമുഖം ഇരുത്തി ഇല്ലാതാവാനുള്ള തന്റെ വിധിയോർത്ത് അയാൾ വീണ്ടും വേദനിച്ചു.
എപ്പോഴും ഒരു പാട്ട് അയാളുടെ ചുണ്ടിൽ തത്തിക്കളിക്കാറുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മംകൂടി എന്ന് കാറിൽനിന്ന് കേട്ട വരികളായിരുന്നു ലിഫ്റ്റിലേക്ക് കയറുമ്പോൾ അയാളുടെ ചുണ്ടിൽ തത്തിക്കളിച്ചത്. ഭയംനിറഞ്ഞ നിശ്ശബ്ദതയിൽ ആ പാട്ടിനെ കുറിച്ചോർത്തപ്പോൾ അയാൾക്ക് തീവ്രമായി സങ്കടം വന്നു. തനിക്ക് അഭയം തന്ന പുഴയോരങ്ങളും കടൽക്കരകളും മലയടിവാരങ്ങളും പൂഞ്ചോലകളും കുളിർക്കാറ്റും കിളികളുടെ പാട്ടും മഞ്ഞും നിലാവും മഴയുമൊക്കെ അയാൾ ഓർത്ത് വേദനിച്ചു. ഉർവരതയുടെ മുലനീര് നൽകി ആനന്ദിപ്പിച്ച ഭൂമിയെ അയാൾ തനിക്ക് അധികം താമസിയാതെ നഷ്ടപ്പെടാനിടയുള്ള കാമുകിയെ പോലെ ഓർത്ത് ഉള്ളിൽ കരഞ്ഞു. പേടി കാരണം കണ്ണുനീർ പുറത്ത് വന്നില്ല. ഭൂമി നരകത്തിലെ ഒരു പീഡനമുറിപോലെ അപ്പോൾ അയാളെ തുറിച്ചുനോക്കി.
ഓരോരോ കാലത്തും താൻ സമ്പാദിച്ചുകൂട്ടിയ അനുഭൂതിപ്രപഞ്ചങ്ങൾ ഇനി അനാഥമാകുമല്ലോ എന്ന ചിന്തയിലേക്ക് അയാൾ വഴുതിവീണു. ആദ്യം കാസറ്റുകളിലും പിന്നീട് സീഡികളിലും അത് കഴിഞ്ഞ് ഹാർഡ് ഡിസ്ക്കുകളിലും പെൻഡ്രൈവിലുമെല്ലാം ശേഖരിച്ചുവെച്ച ആയിരക്കണക്കിന് പാട്ടുകളും സിനിമകളുമെല്ലാം ഇനി അനാഥമാവും. പുസ്തകങ്ങളും! അതൊക്കെ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ സമ്പാദനങ്ങളാണല്ലോ. രാത്രി വളരെ വൈകി ചില ദിവസങ്ങളിൽ തന്നിലേക്ക് ശാന്തമായൊഴുകിയിരുന്ന സംഗീത നദീപ്രവാഹമായിരുന്ന സന്തൂർ! കുംഭത്തിലെ ആദ്യ മഴത്തുള്ളി ഇറ്റിവീഴുന്നതുപോലെയാണ് അത് തന്റെ ഹൃദയത്തെ തണുപ്പിച്ചിരുന്നത്, അയാളോർത്തു. പുതുമഴയും മണ്ണും സമാഗമിക്കുന്ന ഗന്ധം ആവാഹിച്ച് ആഷാഢമാസത്തെ അമൃതവർഷിണി രാഗത്തിൽ പെയ്തിറക്കുന്ന നേർത്ത തന്ത്രികൾ ഒരിക്കൽകൂടി ഉമ്മവെക്കാൻ അയാൾക്ക് തോന്നി.
ധമനികളിൽ വീണ് ലയിച്ച മെഹ്ദിയുടെ പ്രിയപ്പെട്ട സ്വരം! അയ്യോ ദൈവമേ നിന്റെ ശബ്ദം! എന്നയാൾ അറിയാതെ തന്നോട് തന്നെ മന്ത്രിച്ചുപോയി. അയാളുടെ ശ്രാവണത്തിലെ ശരത്കാലങ്ങൾ പന്തുവരാളിരാഗത്തിൽ ഒഴുകിയിരുന്നു. ഹേമന്തത്തിൽ ആലിപ്പഴങ്ങളായ് പൊഴിയുന്ന സരോദ്. ചില്ലുജാലകത്തിലൂടെന്നപോലെ അത് കുളിരുള്ള കാറ്റിന്റെ സ്പർശമായി അനുഭവിച്ചായിരുന്നു അയാൾ മഞ്ഞുകാലത്ത് ഉറങ്ങിയിരുന്നത്. ഹംസധ്വനിയുടെ ചിറകിലേറ്റി തന്നെ ഹിമപാതങ്ങൾക്കിടയിലൂടെ ഒഴുക്കിയ സംഗീത ജീവിതം! തപിക്കുന്ന ഹൃദയത്തെ ഒന്നു തണുപ്പിച്ചു പോവാൻ അനന്തതയിൽനിന്നും ഒഴുകി അയാളിലേക്ക് വസന്തമായി വന്ന് പൊതിഞ്ഞ സക്കീർ ഹുസൈന്റെ തബല! അയാളോട് പതിഞ്ഞ ശബ്ദത്തിൽ കാതിൽ ഓതിയ ധാ..... - ത: ത... ധിൻ...ത...ത മന്ത്രണം! തന്റെ തപിക്കുന്ന ഹൃദയത്തിലേക്ക് കാറ്റായി അലഞ്ഞ് മേഘമായ് തിമിർത്ത് പെയ്ത് ഉരുകി ഒലിച്ച ശാന്തതയുടെ ലായനി. അയാൾ ശേഖരിച്ചുവെച്ച സംഗീതവും മറ്റും ആർക്കാണിനി കിട്ടുക.
ഇത്തരമോരോന്ന് ചിന്തിച്ചിരിക്കേ അയാൾ തെല്ലിട ഇരുന്ന് മയങ്ങുകയും പേടികൊണ്ടും വേണ്ടത്ര ഓക്സിജൻ ലഭിക്കാതെയും ക്ഷീണിച്ചവശമായ തന്റെ ശരീരത്തെ പണിപ്പെട്ടുയർത്തുകയുംചെയ്തു. കുത്തനെ കുറച്ചുനേരംകൂടി നിർത്തിയെങ്കിലും അയാൾ അക്ഷരാർഥത്തിൽ ലിഫ്റ്റിന്റെ പ്ലാറ്റ് ഫോമിൽ കുഴഞ്ഞുവീണു. കാൽമുട്ടുകൾക്കിടയിൽ മുഖംപൂഴ്ത്തി ഇരുന്ന് കരഞ്ഞു. അയാളുടെ സങ്കടം കാണാനോ കേൾക്കാനോ ആരുമില്ലെന്നും ആരെയും തനിക്കിനി ഇത് അറിയിക്കാൻ സാധിക്കില്ലല്ലോ എന്നോർത്തും വീണ്ടും സങ്കടംവന്നു കരഞ്ഞു. ഒറ്റനിമിഷത്തിൽ ഭൂമിയിൽനിന്ന് യാത്രപോവാൻ സാധിക്കുന്നത് എന്തൊരു ഭാഗ്യമാണ് ദൈവമേ, നിന്റെ കൈയിലേക്ക് ഒരു പൂമരത്തിൽനിന്ന് അടർന്നുവീഴുന്ന ഇലപോലെ! എന്ന് അയാളുടെ നെഞ്ചിൽനിന്ന് ഒരു മന്ത്രണം പുറത്തുചാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.