ജയന്‍റ് വീൽ

“അതിന്റെ ഏറ്റവും മുകളിലെത്തിയാൽ ഈ പട്ടണം മുഴുവൻ കാണാം.” ബസിന്റെ കമ്പിയിൽ തൂങ്ങിനിന്നുകൊണ്ട് അച്ഛൻ അതിനുനേരെ വിരൽ ചൂണ്ടിയപ്പോൾ ജനാലക്കരികിലിരുന്ന ഞാനും ഇടത്ത് വശത്തുനിന്ന് ആയാസപ്പെട്ട് രഘുവും ആ അത്ഭുതവസ്തുവിനെ നോക്കി. ഭൂമിയിൽ വന്നുനിന്ന വലിയ ഒരു ചക്രംപോലെ അന്തിനേരത്ത് നിറങ്ങൾ പടർത്തി അത് കറങ്ങി. “ഇതാണ് ഫെറിസ് വീൽ അഥവാ ജയന്റ് വീൽ. മലയാളത്തിൽ ഇതിനെ ആകാശത്തൊട്ടിൽ എന്ന് വിളിക്കും...” അച്ഛൻ രഘുവിനെക്കാളും ചെറിയ ഒരു കുട്ടിയെപ്പോലെ അതിനെ നോക്കി ചിരിച്ചു. പച്ചയും ഓറഞ്ചും വെളിച്ചങ്ങൾക്കിടയിലൂടെ തൊട്ടിലുകളും ആളുകളും അങ്ങുമിങ്ങും ആടി. എല്ലാവരുടെയും മുഖത്ത് ഒരേ ചിരി, ഒരേ ഭയം. ഒരുമിച്ച് ഒരു...

“അതിന്റെ ഏറ്റവും മുകളിലെത്തിയാൽ ഈ പട്ടണം മുഴുവൻ കാണാം.”

ബസിന്റെ കമ്പിയിൽ തൂങ്ങിനിന്നുകൊണ്ട് അച്ഛൻ അതിനുനേരെ വിരൽ ചൂണ്ടിയപ്പോൾ ജനാലക്കരികിലിരുന്ന ഞാനും ഇടത്ത് വശത്തുനിന്ന് ആയാസപ്പെട്ട് രഘുവും ആ അത്ഭുതവസ്തുവിനെ നോക്കി. ഭൂമിയിൽ വന്നുനിന്ന വലിയ ഒരു ചക്രംപോലെ അന്തിനേരത്ത് നിറങ്ങൾ പടർത്തി അത് കറങ്ങി.

“ഇതാണ് ഫെറിസ് വീൽ അഥവാ ജയന്റ് വീൽ. മലയാളത്തിൽ ഇതിനെ ആകാശത്തൊട്ടിൽ എന്ന് വിളിക്കും...” അച്ഛൻ രഘുവിനെക്കാളും ചെറിയ ഒരു കുട്ടിയെപ്പോലെ അതിനെ നോക്കി ചിരിച്ചു. പച്ചയും ഓറഞ്ചും വെളിച്ചങ്ങൾക്കിടയിലൂടെ തൊട്ടിലുകളും ആളുകളും അങ്ങുമിങ്ങും ആടി. എല്ലാവരുടെയും മുഖത്ത് ഒരേ ചിരി, ഒരേ ഭയം. ഒരുമിച്ച് ഒരു യാത്ര പോകുകയാണെന്ന് തോന്നിപ്പിക്കുന്നത്രയും ഒരുമ.

കൃത്യം അതേ സ്ഥലത്ത് തന്നെ വളരെ വർഷങ്ങൾക്കുശേഷം ഒരു ജയന്റ് വീൽ ഉയർന്നിരിക്കുന്നു! അത്ഭുതം എന്നല്ലാതെ ഇതിനെ മറ്റെന്ത് വിശേഷിപ്പിക്കും, അല്ലെങ്കിൽ ഇത്ര വർഷങ്ങൾക്ക് ശേഷവും കൃത്യം അവിടെ തന്നെ അത് വന്നുനിൽക്കുമായിരുന്നോ?

ഇക്കൊല്ലത്തെ ഉത്സവം തുടങ്ങിയ വിശേഷം അറിയിച്ചത് വീട്ടിലെ സ്ഥിര സന്ദർശകനായ മരംകൊത്തിയാണ്. പൊതുവെ നിറങ്ങളോട് വലിയ കമ്പമുള്ളതിനാൽ തലയിൽ ചുവന്ന കിരീടവും സ്വർണച്ചിറകും കറുത്ത കൊക്കുകളുമുള്ള ആ ജീവിയെ എനിക്ക് ഇഷ്ടമാണ്. മാത്രമല്ല, പണ്ടെപ്പഴോ ഞാൻ തന്നെ നിർമിച്ച് പറത്തിവിട്ട ഒരു ജീവിയാണോ അത് എന്നെനിക്ക് സംശയം തോന്നാറുണ്ട്. അല്ലെങ്കിൽ മരങ്ങൾക്ക് പഞ്ഞമില്ലാത്ത ഈ നാട്ടിൽ എല്ലാ ദിവസവും കൃത്യമായി എന്റെ മരവാതിൽ തേടി അവൻ വരുമായിരുന്നില്ലല്ലോ!

ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു മര്യാദയില്ലാതെ, മരം കാണുന്ന ദിക്കിലൊക്കെ കൊത്തുന്ന ആ ജീവി വാതിൽപ്പുറത്ത് തുരുതുരാ കൊത്തി ശബ്ദമുണ്ടാക്കിയപ്പോൾ ഞാൻ ദേഷ്യത്തോടെ ഉറക്കം ഞെട്ടിയെഴുന്നേറ്റു. വാതിൽ തുറന്നപ്പോൾ ആ ദിശയിൽ ദൂരെയായി വളരെ വർഷങ്ങൾക്കുശേഷം ഒരു ജയന്റ് വീൽ ഉയർന്നിരിക്കുന്നത് കണ്ടു. അത് ആകാശത്ത് ഒരു അന്യഗ്രഹ പേടകംപോലെ പ്രകാശം പരത്തി. ആ പ്രകാശം പതിയെ എന്റെ മുഖത്തെത്തിയപ്പോൾ പല വർഷങ്ങൾക്കു ശേഷം ഞാനൊന്ന് പുഞ്ചിരിച്ചു.

അച്ഛൻ പണ്ട് പറഞ്ഞത് ശരിയായിരിക്കും, ജയന്റ് വീലിൽ കയറിയിരുന്നാൽ ഈ പട്ടണം മുഴുവൻ കാണാൻ സാധിക്കുമായിരിക്കും. പല പാതകളിലേക്ക് വലിച്ചുനീട്ടപ്പെട്ടുവെങ്കിലും പഴയതിലും ഉയരമുള്ള കെട്ടിടങ്ങളൊന്നും ഇപ്പോഴും ഇവിടില്ല. ആ കാലത്തിൽ പട്ടണം കുരുക്കിയിടപ്പെട്ടു എന്ന് തീർച്ചയാണ്.

“ജയന്റ് വീലിൽനിന്നുള്ള പട്ടണക്കാഴ്ച ഒരു കുന്നിന്റെ മുകളിൽ നിന്ന് എല്ലാവരും ഒരുമിച്ച് താഴ്‌വാരം കാണുന്ന പോലെയല്ല. വീൽ കറങ്ങി ഉയർന്ന് അവരവരുടെ ഊഴമെത്തുമ്പോൾ എല്ലാവർക്കും കാണാം. ആ സമയത്ത് പട്ടണത്തിന്റെ ഏറ്റവും ഉയരമുള്ളിടത്ത് ഇരിക്കുന്നവർ അവരായിരിക്കും. എല്ലാവർക്കും മുകളിൽ ഒരു രാജാവിനെ പോലെയിരിക്കുന്നു എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. ജനാധിപത്യപരമായ ഒരു അവസരമാണത്.” രഘുവിന്റെ മുടി കോതി വിട്ട് അച്ഛൻ തുടർന്നു. രഘു അതിലേക്ക് തന്നെ നോക്കി നിന്നപ്പോൾ അവന്റെ കണ്ണുകളിൽ തിളക്കത്തോടെ രണ്ട് ജയന്റ് വീലുകൾ ഉണ്ടായിരുന്നു.

അടുത്ത കാലത്തായി ഞാൻ താമസിച്ചുവന്നിരുന്നത് പട്ടണത്തിനടുത്തുള്ള ഒരു വീടിന്റെ ടെറസിലെ ഒറ്റമുറിയിലാണ്. പട്ടണത്തിലെ പല വീടുകളിലും ഞാനെന്ന വാടകക്കാരൻ മാറി മാറി താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വർഷങ്ങളെന്നാൽ പല പതിറ്റാണ്ടുകളായി എന്ന് പറയണം. ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളിൽനിന്ന് നിർമിതികൾ ഉണ്ടാക്കുകയാണ് എന്റെ ജോലി. പ്ലാസ്റ്റിക് ബോട്ടിലുകൾ, മൺകുടങ്ങൾ, കുപ്പികൾ, പേപ്പർ, കാർഡ്ബോർഡ്, ഗിഫ്റ്റ് റാപ്പുകൾ, തുണി, മരക്കഷണങ്ങൾ, മുട്ടത്തോടുകൾ തുടങ്ങി എന്തിൽനിന്നും ഞാൻ മനോഹരമായ വസ്തുക്കൾ നിർമിച്ചെടുക്കും. ചായങ്ങൾകൊണ്ട് ചിത്രപ്പണികൾചെയ്ത ചില്ലുകൂടുകൾ, ചുമരിൽ തൂക്കിയിടാൻ പറ്റുന്ന കിളിക്കൂട്, പെൻ ഹോൾഡറുകൾപോലെ ഉപകാരത്തിനെത്തുന്ന വസ്തുക്കൾ, കാർഡ്ബോഡ് അല്ലെങ്കിൽ പ്ലാസ്റ്റിക് ശിൽപങ്ങൾ, കളിപ്പാട്ടങ്ങൾ അങ്ങനെ പലതുമുണ്ട്.

വസ്തുക്കൾ നന്നായി നിർമിച്ചെങ്കിൽ അവക്ക് ജീവൻ വെക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. കാർഡ്ബോർഡിൽനിന്ന് കിളികളെ നിർമിക്കുമ്പോൾ നിറങ്ങൾ പടർത്തിക്കൊണ്ട് അവ പറന്നു പോകും. ഞാനുണ്ടാക്കുന്ന കുഞ്ഞുവീടുകൾ എന്നെ ഇരുത്തിക്കൊണ്ട് ചുറ്റിലും വളരും. നിർമിച്ചെടുത്ത വാഹനങ്ങൾ സ്വയം നിരത്തിലേക്കിറങ്ങി പോകും. അങ്ങനെയുള്ള തോന്നലുകൾ ഉണ്ടാവുമ്പോഴാണ് ആ നിർമിതിക്ക് ജീവൻ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുക. ഞാനൊരു മാന്ത്രികനോ അല്ലെങ്കിൽ ഒരു ദൈവമോ ആണെന്ന് തിരിച്ചറിയുന്ന നിമിഷമാണത്. തുറന്ന ഇടങ്ങളിൽ മാത്രമേ ഈ പ്രതിഭാസം സാധ്യമാകൂ എന്നതിനാൽ ടെറസുള്ള വീടുകളാണ് ഞാൻ താമസിക്കാൻ തിരഞ്ഞെടുക്കാറ്. ആവശ്യക്കാർ എന്റടുത്ത് വന്ന് നിർമിതികൾ നേരിട്ട് കൈപ്പറ്റും.

ദൈവങ്ങൾ അണിഞ്ഞൊരുങ്ങി നൃത്തം ചെയ്യുന്ന തുലാം മുതൽ ഇടവം വരെയുള്ള ഉത്സവ സീസണിലാണ് ഞാനെന്ന ദൈവം തന്റെ സൃഷ്ടികർമത്തിന്റെ ഒരു സുപ്രധാന ഘട്ടം പിന്നിടുന്നത്. മാലിന്യങ്ങളിൽനിന്ന് സുന്ദരമായ വസ്തുക്കൾ നിർമിച്ച് ലോകത്തെ കൂടുതൽ സുന്ദരമാക്കുന്ന എനിക്ക് മറ്റ് ദൈവങ്ങളോടൊന്നും വലിയ പഥ്യമില്ല. അതൊക്കെ കൊണ്ടാവണം ഒരുപാട് വർഷങ്ങളായി പട്ടണത്തിലെ ഉത്സവത്തിന് പോകാറേയില്ല.

മീനം രണ്ടിന് പോകണമെന്ന് തീരുമാനിച്ചതിന് കാരണം വളരെ വർഷങ്ങൾക്ക് ശേഷം ഉയർന്ന ആ ജയന്റ് വീൽ തന്നെയാണ്. കറങ്ങിത്തിരിയുന്ന ജയന്റ് വീൽ നോക്കി ഒരുദിവസം മുഴുവൻ ഞാൻ ടെറസിലെ കൈവരിയിൽ ഇരുന്നിട്ടുണ്ടാവണം. ഇരുട്ട് പതിഞ്ഞ് തുടങ്ങിയപ്പോൾ അവിടെ വെളിച്ചങ്ങൾ ദൃശ്യമായിത്തുടങ്ങി. വയലറ്റും പിങ്കും നിറമുള്ള ലൈറ്റുകൾ വീലിനെ മനോഹരമാക്കി. അതിനെ നോക്കി ഞാൻ മുളവടികൾ, കുൽഫി സ്റ്റിക്കുകൾ, കാർഡ്ബോർഡ് തുടങ്ങിയ വസ്തുക്കളിൽനിന്നും വീണ്ടും ഒരു ജയന്റ് വീൽ ഉണ്ടാക്കി. വയലറ്റും പിങ്കും നിറമുള്ള ഗ്ലിറ്റർ ബീഡുകൾ ചേർത്ത് പിടിപ്പിച്ചപ്പോൾ അവിടത്തെ പോലെ ഇവിടെയും ആ നിറങ്ങൾ തിളങ്ങി. അത് എന്റെ അരികിൽ കൈവരിയിലിരുന്ന് ഉത്സവപ്പറമ്പിലെ ജയന്റ് വീലിന് നേരെ സ്വയം തിരിഞ്ഞ് കറങ്ങി.

പണി ചെയ്തെടുത്ത ജയന്റ് വീലുമായി അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ഉത്സവനഗരിയിലേക്ക് തിരിച്ചു. തുടക്കമായിട്ട് പോലും അത്യാവശ്യം തിരക്കുണ്ടായിരുന്നു. പണ്ടും ഇതുപോലെ ആളുകൾ വരാറുണ്ട് എന്ന് ഞാൻ ഓർത്തു. പട്ടണവാസികൾ മാത്രം കൂടിയാൽ ഇതുപോലെ തിരക്കുണ്ടാവില്ല. ഞങ്ങളുടെ നാട്ടിലെ ഉത്സവം പുറംനാടുകളിലും പ്രശസ്തമാണ്. ഒരുപാട് ആളുകൾ സ്‌പെഷൽ ബസുകളിലും മറ്റുമായി വന്നിറങ്ങും. ബസുകളിൽ അന്നേരം പ്രത്യേക ബോർഡുകൾ വെക്കാറുണ്ട്. ഇന്നത്തെപോലെ എല്ലാവർക്കും വണ്ടികൾ ഉള്ള കാലമായിരുന്നില്ല പണ്ട്. ഓട്ടോകളിലും ജീപ്പുകളിലുമൊക്കെയായി മലയോരത്തുനിന്നു വരെ ആളുകളെത്തും. പത്തോ പതിനഞ്ചോ പേരെങ്കിലുമുള്ള വലിയ കുടുംബങ്ങളായാണ് മിക്കവരും വരിക. ആണ്ടിലൊരിക്കൽ പുറംലോകം കാണുന്നതിന്റെ സന്തോഷം പലരുടെയും മുഖത്ത് തെളിഞ്ഞിരിക്കും. അച്ഛന്മാർ കുട്ടികളെ നോക്കാതെ മുണ്ടും മടക്കിക്കുത്തി വേഗത്തിൽ നടന്നുപോകും. മൂന്നും നാലും വരുന്ന മക്കളുടെ കയ്യും പിടിച്ച് തിരക്കിനിടയിൽപെട്ട് അമ്മമാർ ഉഴറും. പക്ഷേ, ഞങ്ങളുടെ അച്ഛൻ അങ്ങനെ ആയിരുന്നില്ല. ഒരു കയ്യിൽ രഘുവിന്റെ കുഞ്ഞുവിരലും മറ്റേ കയ്യിൽ എന്റെ വിരലും കൊരുത്തുവച്ച് നടക്കും. രഘു ഉത്സവമിഠായി നുണഞ്ഞ് ചന്തകളിലെ കാഴ്ചകൾ കാണും.

കളിപ്പാട്ടങ്ങൾ വിൽക്കുന്ന സ്ഥലങ്ങൾ ഒഴികെ ഉത്സവച്ചന്തയിൽ ഒരുപാട് മാറ്റങ്ങൾ വന്നതായി തോന്നിയില്ല. പല വർണങ്ങളിലുള്ള ഭരണികൾ, പട്ടിൽ വിരിച്ച മോതിരങ്ങൾ, മൺകുടങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയെല്ലാം അത് പോലുണ്ട്. എന്റെ പല നിർമിതികളും അവിടെ വിൽപനക്ക് ​െവച്ചിട്ടുണ്ട്. അവയെല്ലാം എന്നെ നോക്കി പതുക്കെ ചലിക്കുന്നതായി എനിക്ക് തോന്നി. പല സ്റ്റാളുകളിൽനിന്നും അവയൊന്നാകെ എന്നിലേക്ക് പറന്നുവരുമോ എന്ന് ഞാൻ ഭയപ്പെട്ടു. ദിനവും വീട്ടുവാതിൽക്കൽ വന്ന് ശബ്ദമുണ്ടാക്കുന്ന ആ മരംകൊത്തിയും കൂട്ടത്തിലുണ്ട്. അവനപ്പോൾ എന്റെ നേരെ പാഞ്ഞ് വന്നിരുന്നെങ്കിൽ എന്റെ കള്ളി വെളിച്ചത്താവുമായിരുന്നു.

പല നിറത്തിലുള്ള ഹൽവകൾ, പൊരി, ചിപ്സ്, അച്ചപ്പം, കൊഴലപ്പം, ഉണ്ണിയപ്പം, ഉത്സവമിഠായി ഒക്കെ കുത്തിനിറച്ച കടകൾ ഇന്നും അനേകമുണ്ട്. ചിലരൊക്കെ ഈ വക സാധനങ്ങൾ വാങ്ങിക്കുന്നത് ഉത്സവപ്പറമ്പുകളിൽനിന്ന് മാത്രമാണ്. ഇതിൽ രഘുവിന് ഏറ്റവും ഇഷ്ടമുള്ള പലഹാരമാണ് ഉത്സവ മിഠായി. അതിലും സ്വാദുള്ള മിഠായികൾ അങ്ങാടിയിലുണ്ട്. ഒരുപക്ഷേ മറ്റുള്ളവ അവൻ കഴിക്കാത്തതുകൊണ്ടായിരിക്കും എന്നെനിക്ക് പണ്ട് തോന്നിയിരുന്നു. പക്ഷേ, അതല്ല സത്യം. എനിക്കും അത് ഇഷ്ടമൊക്കെ ആയിരുന്നു. മറ്റ് മിഠായികൾക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അതിനുണ്ട്. ഉത്സവപ്പറമ്പുകളിൽ മാത്രം കിട്ടുന്ന, പല ആകൃതിയുള്ള, നിറത്തിലുള്ള മിഠായികൾ, പൂർണതയില്ലാത്ത മിഠായികൾ, പൂർണതയില്ലാത്തവക്കൊക്കെ എന്തോ ഒരു വിശേഷഭംഗി ഉണ്ടെന്ന് നിങ്ങൾക്കും തോന്നിയിട്ടില്ലേ? അങ്ങനൊരു ജയന്റ് വീൽ ഞാൻ മുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.

അന്ന് രഘുവിന്റെ പിറന്നാൾ ആയിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അച്ഛൻ പതിവിലും ക്ഷീണിതനായി കാണപ്പെട്ടു. അവന് സമ്മാനങ്ങളൊന്നും കൊണ്ടുവരാൻ പറ്റിയില്ല എന്ന് സങ്കടം വേറെയും. ഞാൻ പഴയ കാർഡ് ബോർഡ് പീസുകൾ സംഘടിപ്പിച്ചശേഷം പറമ്പിന്റെ അതിരിലുളള ഈറ്റക്കമ്പുകൾ ചെത്തിക്കൊണ്ടുവന്ന് ഒരു ജയന്റ് വീൽ നിർമിച്ചു. ഭംഗി കുറവായിരുന്നെങ്കിലും ഒരു അത്ഭുതവസ്തുവിനെപ്പോലെ അച്ഛൻ അത് നോക്കിനിന്നു. അച്ഛൻ വീണ്ടും രഘുവിനെക്കാളും ചെറുതായി. അച്ഛന്റെ കണ്ണുകളിൽ അവ കറങ്ങുന്നത് ഞാൻ കണ്ടു. ക്ഷീണം മറന്ന് ഞങ്ങൾ ഇരുവരുടെയും മുഖത്ത് നോക്കി അച്ഛൻ നിറഞ്ഞു ചിരിച്ചു. അന്നായിരിക്കണം ഒരു നിർമിതിക്ക് ജീവൻ വെക്കുന്നുണ്ടെന്ന് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞത്. അച്ഛന്റെ അരികുപറ്റി രഘു അതിനെ കൗതുകത്തോടെ നോക്കിയപ്പോൾ അതിൽനിന്ന് പച്ചയും ഓറഞ്ചും നിറങ്ങൾ പരക്കുന്നതായി ഞാൻ കണ്ടു. അന്ന് അച്ഛൻ നേരത്തേ കിടന്നു. നെഞ്ചിൽ മുഖം ചേർത്ത് ഉറങ്ങിയ രഘുവിന് പതിവിലും കൂടുതൽ തണുപ്പനുഭവപ്പെട്ടിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു. ഒറ്റയ്ക്കൊരു വീട്ടിൽ ഞങ്ങൾ മാത്രം. ഇടക്കിടെ കാറ്റുവീശിക്കൊണ്ടിരുന്നു. ഈറ്റക്കൂട്ടങ്ങൾ അതിരിട്ട പറമ്പിന്റെ ഒത്ത മധ്യത്തിലുള്ള ഞങ്ങളുടെ വീടിനെ രാവും പകലും ഇരുട്ട് ചുഴിഞ്ഞു നിന്നു. ഈറ്റക്കാടുകളുലയുന്ന ശബ്ദത്തിനൊരു ഗൂഢസ്വഭാവം കൈവന്നപോലെ. ചില രാത്രികളിൽ നീലനിറത്തിൽ ഉദിക്കാറുള്ള ചന്ദ്രന്റെ അരണ്ട നിലാവിന്റെ വെട്ടം മറ്റൊരു ലോകത്തേയ്ക്കുള്ള പാതപോലെ ഞങ്ങളുടെ വീട്ടിലേക്ക് പതഞ്ഞിറങ്ങി. ചുറ്റുമുള്ള പറമ്പുകളിലൊന്നും തന്നെ അത് വീഴുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. പകൽ നേരങ്ങളിലും ഞങ്ങളുടെ ആകാശം കാർമേഘങ്ങൾ മൂടി ഇരുണ്ടുനിന്നു. എങ്കിലും, പതിയെ പതിയെ ഞാൻ വെളിച്ചം കണ്ടെത്തിക്കൊണ്ടിരുന്നു. കാറ്റത്ത് ഇളകിയാടുന്ന ഈറ്റക്കൂട്ടങ്ങളെ പിടിച്ചുകെട്ടി അറുത്ത് കൊണ്ടുവന്നു. കട്ടിളപ്പണിക്ക് മിച്ചം വന്ന് ചുമരിനോട് അടുക്കി​െവച്ച തടികൾ പെറുക്കിക്കൊണ്ടുവന്നു. തൊട്ടടുത്ത വീട്ടുപറമ്പുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുപ്പികളും മൺകുടങ്ങളും എടുത്തുകൊണ്ടുവന്നു. പറ്റാവുന്നിടത്ത് നിന്നൊക്കെ പലവിധ വസ്തുക്കൾ ശേഖരിച്ചു. അങ്ങനെ വീട്ടിൽ പുതുജീവനുകൾ പിറന്നു, അവർ ഞങ്ങൾക്ക് ചങ്ങാത്തം നൽകി.

‘‘എനിക്ക് ഉത്സവ മിട്ടായി തിന്നണം.’’

ആ വർഷത്തെ ഉത്സവം തുടങ്ങുന്ന മീനം ഒന്നിന് അവൻ എന്നോട് പറഞ്ഞു.

‘‘വാങ്ങിക്കൊണ്ടത്തരാം.’’

‘‘അല്ലാ, എനിക്ക് മിട്ടായി തിന്ന് ഉത്സവച്ചന്തയിലൂടെ നടക്കണം.’’

അവൻ എന്റെ മുഖത്തേക്ക് ചെരിഞ്ഞുനോക്കി.

“വേറൊന്ന് കൂടിയുണ്ട്. അതവിടെ ചെന്നിട്ട് പറയാം”

ആ ഉത്സവ സീസൺ മുതലായിരുന്നു ഉപജീവന ആവശ്യങ്ങൾക്കായി ഞാൻ ധാരാളം നിർമിതികൾ ഉണ്ടാക്കിത്തുടങ്ങിയത്. രഘുവും എന്നെ സഹായിക്കുമായിരുന്നു. മീനം രണ്ടിന് രാവിലെ അവസാന മിനുക്കുപണികളും തീർത്ത് നിർമിതികളുമായി ഞങ്ങൾ പട്ടണത്തിലേക്ക് തിരിച്ചു. മട്രോഷ്ക പാവകളുടെ പേപ്പർ ക്രാഫ്റ്റ് ആയിരുന്നു പ്രധാനമായും അന്ന് നിർമിച്ചത്. കാർഡ്സ്റ്റോക്കിൽനിന്നുണ്ടാക്കിയ പാവകൾ. ഏറ്റവും ചെറിയതിനെ ആദ്യം ഉണ്ടാക്കി. അവനാണ് കൂട്ടത്തിലെ കുഞ്ഞ്. അവന് കുട്ടിത്തമുള്ള രണ്ട് ഉണ്ടക്കണ്ണുകളും താഴെ വായും മൂക്കും പിന്നൊരു മഞ്ഞ ഉടലും വരച്ച് ചേർത്തു. അതിനുശേഷം അതിലും ഇത്തിരി വലിയ ഒന്നിനെ ഉണ്ടാക്കി. അത് ഞാൻ ആണെന്നായിരുന്നു രഘു പറഞ്ഞത്. പിന്നെ അതിലും വലിയ ഒന്ന്, അത് അച്ഛൻതന്നെയെന്ന് അവൻ ഉറപ്പിച്ചു. ഏറ്റവും ഒടുവിൽ സരാഫാൻ ധരിച്ച ഒരു സ്ത്രീരൂപം. അഴകുള്ള നീലക്കണ്ണുകളും വിടർന്ന വലിയ കൺപീലികളും അതിന് മുകളിലായി ഇരുവശങ്ങളിലേക്കും പകുത്തിട്ട ചെമ്പൻ തലമുടിയും. വലിപ്പമനുസരിച്ച് ഒന്നിന് പുറകെ ഒന്നായി പാവകളെ ചുവന്ന സരാഫാൻ ധരിച്ച ആ വലിയ പാവയ്ക്കുള്ളിൽ അടുക്കി​െവച്ചു. അവൾ എന്നെ നോക്കി ഒന്നുരണ്ട് പ്രാവശ്യം കണ്ണ് തുറക്കുകയും ചിമ്മുകയും ചെയ്തു, അത്രമാത്രം. ആ മാതൃകയിലുള്ള അനേകം മട്രോഷ്ക പാവകൾ ഞങ്ങൾ ഉണ്ടാക്കിയിരുന്നു. അന്നത്തെ കച്ചവടമനുസരിച്ച് വരും ദിവസങ്ങളിലേക്ക് കണക്കുകൂട്ടാം എന്ന ചിന്തയോടെ രഘുവിനെയും വസ്തുക്കളെയും ഭദ്രമായി ഒക്കെപ്പിടിച്ച് ഞാൻ ബസിൽ കയറി.

ജനാലക്ക് അരികിലുള്ള സീറ്റിലിരുന്ന് അവൻ പുറത്തെ കാഴ്ചകളിലേക്ക് നോക്കി. ബസിന്റെ കമ്പിയിൽ പരിചിതമായ കൈകളുണ്ടോ എന്നവൻ തിരഞ്ഞു. കുറച്ചുദൂരം പിന്നിട്ടപ്പഴേയ്ക്കും അവൻ എന്റെ ചുമലിലേക്ക് ചാഞ്ഞുറങ്ങിയിരുന്നു. ബസ് ഇറങ്ങിയ ഉടനെ അവൻ എന്റെ വിരലിൽ വിരൽ കോർത്തു. പെട്ടെന്ന് ഞാൻ അച്ഛനായി മാറി. മുണ്ട് മടക്കിക്കുത്തുന്നതും നടക്കുന്നതും എല്ലാം അച്ഛനെപ്പോലെയായി. ഞങ്ങൾ പലഹാരക്കടയിൽ ചെന്ന് ഉത്സവമിഠായികൾ പൊതിഞ്ഞു വാങ്ങിച്ചു. ആ പൊതിക്കകത്ത് അവ ജീവനോടെ ചലിക്കുന്നത് ഞാൻ കണ്ടു. തേങ്ങാപ്പൂള് പോലെയും പന്ത് പോലെയും ഇരിക്കുന്ന മിട്ടായികൾക്ക് കണ്ണും വായയും ഉണ്ടെന്നും അവ ഞങ്ങളെ നോക്കി ചിരിക്കുകയാണെന്നും എനിക്ക് തോന്നി. ആ തോന്നൽ രഘുവിനും ഉണ്ടായിരുന്നു എന്ന് സംശയമുണ്ട്. കാരണം, അവനും അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. മിഠായികൾ തിന്നുകൊണ്ട് ഞങ്ങൾ ചന്തയിലൂടെ നടന്നു.

ഉത്സവച്ചന്തയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്ന സ്റ്റാളുകളിൽ ചെന്ന് നിർമിതികളെ പരിചയപ്പെടുത്തിയെങ്കിലും ചെന്നിടങ്ങളിൽനിന്നൊക്കെയും ആ പാവകൾക്ക് ജീവനില്ല എന്ന നിഗമനത്തിൽ ഞങ്ങളെ മടക്കി അയച്ചു. പാവകളോടൊപ്പം കൊണ്ടുവന്ന ചൈനീസ് കടലാസ് പണികളും ജാപ്പനീസ് ഒറിഗാമിയും എന്റേതായ തനത് ആശയങ്ങളും ഒന്നും അവർക്ക് വേണ്ടിവന്നില്ല. ഓരോ തിരസ്കരണവും കഴിഞ്ഞ് ഇറങ്ങുമ്പോൾ ശബ്ദങ്ങൾ എന്നെ പൊതിഞ്ഞു നിന്നു, കാതടപ്പിക്കുന്നപോലെ അവ ഉയർന്ന് കേട്ടു. വിലക്കുറവ് വിൽപനമേളകളിലെ അനൗൺസ്മെന്റ്, ചട്ടികളി, മദ്യപസംഘങ്ങളുടെ ഒച്ചപ്പാട്, പുതിയ സിനിമാപ്പാട്ടുകൾ, കുട്ടികളുടെ പീപ്പി വിളി, പൊട്ടാസ് തോക്ക്, ആളുകളുടെ കലപില, ദൂരെ അമ്പലപ്പറമ്പിൽനിന്ന് പതിഞ്ഞ് കേൾക്കുന്ന ചെണ്ടയുടെ ശബ്ദം അങ്ങനെ പലയിനം ശബ്ദങ്ങൾ ഒന്നായി വന്ന് എന്റെ തലയെ ചൂട് പിടിപ്പിച്ചുകൊണ്ടിരുന്നു. പലഹാരക്കടകളും കരിമ്പ് വിൽപനകേന്ദ്രങ്ങളും ഫ്രെയിം ചെയ്തു​െവച്ച ദൈവങ്ങളെയും കടന്ന് ഞങ്ങൾ നടന്നു. ആകാശത്തിന്റെ വിളി കേട്ട് ഉയരുന്ന ബലൂണുകൾ നോക്കിനിൽക്കെ, ആഗ്രഹിച്ച കാഴ്ച അവന് മുന്നിൽ തെളിഞ്ഞു. പച്ചയും ഓറഞ്ചും നിറത്തിൽ വെളിച്ചങ്ങൾ പതിപ്പിച്ച ജയന്റ് വീലിന് നേരെ അവൻ നാണത്തോടെ വിരൽ ചൂണ്ടി.

അവൻ സന്തോഷവാനായിരുന്നു. അവന്റെ മുഖത്ത് ചിരിയെക്കൂടാതെ ഭയമോ അങ്കലാപ്പോ കാണാൻ കഴിഞ്ഞേയില്ല. ഒരുപക്ഷേ ഏറ്റവും മുകളിലെത്തുമ്പോൾ കാണാൻ പോകുന്ന കാഴ്ചയെക്കുറിച്ച് മാത്രമായിരിക്കണം അവൻ ചിന്തിച്ചിരുന്നത്. ക്യാബിൻ പതുക്കെ ഉയരവെ അവൻ എന്റെ തോളിലേക്ക് സ്നേഹത്തോടെ ഒന്ന് ചാഞ്ഞു. ഞാൻ അവന്റെ കൈകൾ മുറുക്കിപ്പിടിച്ചു. ദൃശ്യമായിക്കൊണ്ടിരിക്കുന്ന ദൂരക്കാഴ്ചകളിൽ അവന്റെ കണ്ണുകൾ വിടർന്നു. പക്ഷേ, ആ കാഴ്ച മുഴുവനായി കാണാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഞങ്ങൾ ഇരുന്ന ക്യാബിൻ മുകളിലെത്തുന്നതിനു മുമ്പേ വീലിന്റെ ഷാഫ്റ്റ് പൊട്ടി. വലിയൊരു ഇരുട്ട്, കൂറ്റാക്കൂറ്റിരുട്ട് –അതായിരുന്നു അതിനുശേഷമുള്ള എന്റെ ഓർമ. ഇരുട്ടിൽനിന്ന് വെളിച്ചത്തുവന്നത് ഒറ്റയ്ക്കും. പിന്നീട് ഞാൻ രഘുവിനെ കണ്ടിട്ടേയില്ല.

നിലംതൊട്ട് കിടന്നപ്പോഴും ശരീരത്തിൽനിന്ന് അധികം അകലെയല്ലാതെ മണ്ണിൽ തറഞ്ഞ് നിന്നിട്ടുണ്ടാകുമായിരുന്ന മട്രോഷ്ക പാവകൾ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. വലിയ പീലികളുള്ള നീലക്കണ്ണുകൾ അടച്ചും തുറന്നും ചെറിയ വട്ടം പോലുള്ള ചുണ്ടുകൾ ചലിപ്പിച്ചും അവരുടെ സ്ഥിരം ശൈലിയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പാവകളിൽ ഏറ്റവും ഉള്ളിൽ വെക്കപ്പെടുന്ന കുട്ടിപ്പാവക്ക് രഘുവിന്റെ മുഖം ആണെന്ന് പാതിബോധത്തിൽ എന്റെ മനസ്സിൽ തെളിഞ്ഞു. അത് എന്നെ വല്ലാതെ അലോസരപ്പെടുത്തി. പക്ഷേ, ഒരു കാര്യത്തിൽ ഞാൻ ആശ്വസിച്ചിരുന്നു. കച്ചവടക്കാരുടെ നിഗമനം തെറ്റാണ്. അവക്ക് ശരിക്കും ജീവൻ ഉണ്ടായിരുന്നു.

അതിനു ശേഷം ഞാൻ ആദ്യമായാണ് ജയന്റ് വീൽ കാണുന്നത്. മനുഷ്യരൊന്നുമില്ലാതെ അതിവേഗം കറങ്ങിക്കൊണ്ടിരുന്ന ജയന്റ് വീലിന് നേരെ ഞാൻ നടന്നു. അതിന്മേൽ ഘടിപ്പിച്ച വൈദ്യുതി വിളക്കുകളിൽനിന്നും വയലറ്റും പിങ്കും നിറത്തിൽ പരന്നൊഴുകിയ വെളിച്ചങ്ങൾ അതിനെ ശോഭിതമാക്കിക്കൊണ്ടിരുന്നു. ഒരു അത്ഭുത പേടകംപോലെ ഞാൻ അതിനെ നോക്കിനിൽക്കെ അതിന്റെ കറക്കം മന്ദഗതിയിലായി. വീൽ കറങ്ങി താഴെയെത്തിയപ്പോൾ ഏറ്റവും അടിയിലുള്ള ക്യാബിനിൽ ഞാൻ ചിലരെ കണ്ടു. അത് അച്ഛനും രഘുവും ആയിരുന്നു. ആ വീലിൽ മറ്റാരുമില്ല, അവർ രണ്ട് പേർ മാത്രം.

 

അച്ഛൻ എന്നെ അതിലേക്ക് കൈപിടിച്ച് കയറ്റി. കയ്യിലുണ്ടായിരുന്ന കുഞ്ഞു ജയന്റ് വീൽ എങ്ങോ മാഞ്ഞുപോയെന്ന് ഞാൻ മനസ്സിലാക്കി. അവർ എന്റെ മുഖത്ത് നോക്കി നിറഞ്ഞു ചിരിച്ചു. അവരുടെ കണ്ണുകൾക്ക് നല്ല തിളക്കമുണ്ടായിരുന്നു, ശരീരത്തിന് ഇളംപച്ച നിറവും. അവരുടെ തലയുടെ ഇരുഭാഗവും കൊമ്പുകൾപോലെ ചെറുതായി കൂർത്തിരുന്നു. രഘുവിന്റെയും അച്ഛനെക്കാൾ പ്രായം തോന്നിക്കുന്ന എന്റെയും മുടിയിഴകളിൽ അച്ഛൻ മാറിമാറി തലോടി. നടുവിലിരുന്ന രഘു എന്റെയും അച്ഛന്റെയും വിരലുകൾ മുറുക്കിപ്പിടിച്ചു. ജയന്റ് വീൽ പതുക്കെ ഞങ്ങളുടെ ക്യാബിൻ ഉയർത്തിത്തുടങ്ങിയപ്പോൾ രഘു എന്റെ തോളിലേക്ക് സ്നേഹത്തോടെ തല ചായ്ച്ചു. ഏറ്റവും മുകളിലെത്തിയപ്പോൾ അച്ഛൻ ഞങ്ങളെ തൊട്ടുവിളിച്ച് പട്ടണം കാണിച്ചുതന്നു. മുമ്പ് ബസിൽനിന്നും കണ്ട അത്ഭുതക്കാഴ്ച പോലെ ഞാനും രഘുവും തലയിട്ട് എത്തിനോക്കി. ദീപാലങ്കാരങ്ങളാൽ ശോഭിതമായ ഉത്സവ നഗരിയും അതിന് ചുറ്റിലും ഞങ്ങളുടെ പട്ടണവും. രാവെന്ന പട്ടിൽ വെളിച്ചങ്ങളുടെ മുത്തുകൾ തുന്നിയ പട്ടണം രഘുവിന്റെ ഇരുകണ്ണുകളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. കൗതുകത്തോടെ അവൻ കണ്ണുകൾ വിടർത്തിയപ്പോൾ അത് കൂടുതൽ ദൃശ്യമായി. ഞാനും അച്ഛനും കൃതാർഥരായി പരസ്പരം നോക്കി. പിന്നെ ഞങ്ങളും ജയന്റ് വീലും ഭൂമി വിട്ട് പതുക്കെ നേരെ മേലോട്ട് ഉയരാൻ തുടങ്ങി. മുകളിലെത്തുന്തോറും പല പാതകളിലേക്കും പടർന്നുകയറിയ പട്ടണം മുഴുവനായി കണ്ടു.

ഞാൻ നിർമിച്ച വണ്ടികൾ നിരത്തുകളിലെങ്ങും കണ്ണും ചിരിയുംെവച്ച് സന്തോഷത്തോടെ പാഞ്ഞ് നടപ്പുണ്ടായിരുന്നു. കുഞ്ഞുവീടുകൾ മറ്റ് വീടുകളെക്കാളും വലുതായി ഉയർന്നു. ആകാശതൊട്ടിലിന് കീഴെ ഞാൻ നിർമിച്ച കിളികളും പൂമ്പാറ്റകളും പാറിനടപ്പുണ്ടായിരുന്നു, അവരും ഞങ്ങൾക്കൊപ്പം മുകളിലേക്ക് വരുന്നെന്ന് തോന്നി. പട്ടണത്തിന്റെ പല മൂലകളിൽനിന്നും അവർ ഉയർന്ന് പറന്നു വരുവായിരുന്നു. പല വീടുകളിൽനിന്നും അതിരുകൾ ലംഘിച്ച് അവർ എന്നെത്തേടി വരാൻ തുടങ്ങി. ഉത്സവച്ചന്തയിൽനിന്നുള്ളവരെ നയിച്ചുകൊണ്ട് മരംകൊത്തിയും മുകളിലേക്ക് ഉയർന്നുപറന്നു. രഘു അവയെ നോക്കി അത്ഭുതപ്പെട്ടു.

ഭൂഗോളം മുഴുവൻ കാണുന്നത്രയും ഉയരത്തിൽ ഞങ്ങളെത്തി. ഞങ്ങളിരുവരും ആവേശംകൊണ്ടു. രഘുവിനൊപ്പം ഞാനും അച്ഛനെ നോക്കി ഒരു ചെറിയ കുഞ്ഞിനെപ്പോലെ ചിരിച്ചു. അച്ഛൻ ഞങ്ങളുടെ തലയിൽ വാത്സല്യത്തോടെ തലോടി. അപ്പോൾ എന്റെ ചർമത്തിലും പൊട്ടുപൊട്ടായി പച്ചനിറം വന്നുതുടങ്ങിയിരുന്നു. ഭൂമിയിൽനിന്ന് പറന്ന് വന്നുകൊണ്ടിരിക്കുന്ന അവരെ ഞാൻ ഇപ്പഴും കാണുന്നുണ്ട്. ഞാൻ ഈ കഥയത്രയും നിങ്ങളോട് പറയുന്നത് പോലെ അവരോടും പറഞ്ഞുവെങ്കിലും ഇനി ഒന്ന് ചേരാൻ സാധിക്കില്ല എന്നവർ മനസ്സിലാക്കുന്നില്ല, എങ്കിലും ഒന്നുകൂടി ഞാൻ പറഞ്ഞുനോക്കട്ടെ.

‘‘എന്റെ കിളിക്കുഞ്ഞേ, മരംകൊത്തി, വീടേ, കാറേ. ജയന്റ് വീലിന് മാത്രമാണ് ഇങ്ങോട്ട് സ്വാഗതം, നിങ്ങൾക്കില്ല. ഇവിടേയ്ക്ക് വേണ്ട നിർമിതികൾ ഉണ്ടാക്കിയെടുക്കുന്ന തിരക്കിലാണ് ഞാൻ. ദാ കണ്ടില്ലേ, അച്ഛനും രഘുവും കൂട്ടിനുണ്ട്.”

എന്റെ കയ്യിൽനിന്നും മാഞ്ഞുപോയിരുന്ന വയലറ്റും പിങ്കും ഗ്ലിറ്റർ ബീഡുകൾ ഘടിപ്പിച്ച ആ കുഞ്ഞൻ ജയന്റ് വീൽ ഞങ്ങൾ വന്നിറങ്ങിയ ആ വലിയ വീലിന് പകരം അവിടെ പ്രത്യക്ഷമായി. അതിന്റെ വെളിച്ചത്തിൽ ഞങ്ങൾ മൂവരും ചേർന്ന് നിർമിതികൾ ഉണ്ടാക്കിക്കൊണ്ടിരിക്കെയാണ് ഈ അത്ഭുതക്കാഴ്‌ച കാണുന്നത്. ഭൂമിയിലെ ഉത്സവപ്പറമ്പിലെ മണ്ണിൽ പുതഞ്ഞ് കിടന്നിരുന്ന മട്രോഷ്ക പാവകൾ ജീർണിച്ച് മണ്ണായി മാറി പല പതിറ്റാണ്ടുകളുടെ സുഷുപ്തിക്കു ശേഷം വീണ്ടും ഈ ഗൃഹത്തിൽ പുനർജനിച്ചിരിക്കുന്നു. അവർ നിർമിതികളുണ്ടാക്കുന്ന ഞങ്ങളുടെ അരികിലെ കറുത്ത മണലിൽ പൊട്ടിമുളച്ച് അങ്ങുമിങ്ങും ആടുകയാണ്. ജയന്റ് വീലിന് അടുത്തേക്ക് അവർ കറങ്ങിവന്ന് നിന്നു. അതിലെ ഏറ്റവും കുഞ്ഞുപാവക്ക് രഘുവിന്റെ മുഖമാണ്. സരാഫാൻ ധരിച്ച സ്ത്രീരൂപത്തിലുള്ള വലിയ പാവ നീലക്കണ്ണുകൾ ചിമ്മി പുലമ്പിക്കൊണ്ടിരുന്നു. –“ഷാഫ്റ്റ് പൊട്ടിയതല്ല, ഷാഫ്റ്റ് പൊട്ടിയതല്ല...” അവരുടെ പുലമ്പൽ ഒരു താരാട്ട് പോലെ രഘു കേട്ടു നിന്നു.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 05:30 GMT
access_time 2025-12-01 03:45 GMT
access_time 2025-11-24 04:30 GMT
access_time 2025-11-17 04:30 GMT
access_time 2025-11-10 05:15 GMT
access_time 2025-11-03 03:30 GMT
access_time 2025-10-27 03:00 GMT