കണ്ടത്തിൽ അടുക്കിക്കൂട്ടിയിട്ടിരുന്ന കറ്റയ്ക്കു കാവൽ കിടക്കാൻ പത്രോസിനോടും ഏലിയോടും പറഞ്ഞിട്ടൊണ്ടെങ്കിലും രാത്രി കൊറേ ചെന്നപ്പം കുരിയച്ചന് ഒരു ഇരിക്കപ്പൊറുതിയില്ലായ്മ. ഇന്ദിരാഗാന്ധീനെ ചീത്തവിളിക്കുന്ന പാർട്ടിക്കാർ വട്ടംകൂടി നിൽക്കുന്നെടത്തു ചെലപ്പോഴൊക്കെ പത്രോസിനേം കാണാറുണ്ട്. ആ സമയത്ത് കുരിയച്ചനെ കണ്ടാൽ അവനത്ര ഗൗനിക്കാറില്ല. പെലേന് അഹമ്മതി കുറച്ചു കൂടുന്നുണ്ടല്ലോന്ന് അപ്പോഴെല്ലാം കുരിയച്ചൻ ചിന്തിക്കാറുമൊണ്ട്. എന്നാലും പറയാതിരിക്കാൻ പറ്റത്തില്ല, അവനോളം പോന്ന വേറെ ഒരൊറ്റ പണിക്കാരൻപോലും നാട്ടിലില്ല.
കൊറച്ചു കാലമായി അവനിത്തിരി മയം വന്നിട്ടൊണ്ടെന്നും കുരിയച്ചനു തോന്നി. ഇന്ദിരാഗാന്ധി ഇവന്മാരെയെല്ലാം ഏമാത്തിയത് നന്നായി. അടിയന്തിരാവസ്ഥാന്നു പറഞ്ഞാൽ ചില്ലറക്കാര്യമാണോ? നെഗളിക്കുന്നവരെയെല്ലാം പോലീസ് പൊക്കുന്നുണ്ടെന്നാ കേൾക്കുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയാ കരുണാകരൻ. അങ്ങേര് മാരാനാണെങ്കിലും മാപ്പളയായ കുരിയച്ചന് പുള്ളിയോടൊരു മതിപ്പൊക്കെയൊണ്ടാരുന്നു. പിന്നെ മതിപ്പൊണ്ടാരുന്നത് സഞ്ജയ് ഗാന്ധിയോടാണ്. ആയിരക്കണക്കിന് ആമ്പിള്ളേരെ പിടിച്ചോണ്ടുപോയി ബലമായി വാസക്ടമി ചെയ്യിച്ച് പിള്ളേരൊണ്ടാകാതെയാക്കിയത് കുരിയച്ചൻ ആവേശത്തോടെ കേട്ടിട്ടൊണ്ട്. വാസക്ടമി എന്ന വാക്കും സഞ്ജയ് ഗാന്ധി എന്ന പേരും ഓർത്തു വക്കാൻ പാടൊള്ളതുകൊണ്ട് വാസുക്കുട്ടനെന്നാ കുരിയച്ചൻ അയാളെ പറഞ്ഞിരുന്നത്. പുള്ളീടെ ഒരു ഫോട്ടോ കിട്ടുമോന്ന് കുരിയച്ചൻ പലയെടത്തും അന്വേഷിച്ചതാ. കിട്ടിയില്ല. കൊള്ളാവുന്ന ആണുങ്ങളൊന്നുമില്ലാതായാൽ ഭാവിയിൽ കൊറേക്കാലം അവിടെപ്പോയി താമസിക്കണന്നും കുരിയച്ചൻ വിചാരിക്കാറൊണ്ട്.
പത്രോസിനേം പോലീസ് പൊക്കുമെന്നും അതോടെ കുടിയിൽ ഏലി തനിച്ചാകുന്ന ദിവസം വരുമെന്നും കുരിയച്ചൻ വിചാരിച്ചോണ്ടു നടക്കാൻ തൊടങ്ങീട്ടു കൊറച്ചായി. അവളങ്ങനെ ഒറ്റയ്ക്കു കഴിയുമ്പം തന്റെ വെണ്ണപോലത്തെ മേലും ചങ്കത്തെ രോമോം കാണിച്ച് ചാണ്ടിയെ പുല്ലു തീറ്റിക്കാൻ അതുവഴി ചെല്ലണം. ചാണ്ടിക്കു പുല്ല്. കുരിയച്ചന് പച്ചയെറച്ചി. പോലീസു പിടിച്ചോണ്ടു പോയിട്ടു വിട്ടാലും പത്രോസിനെപ്പിന്നെ മേലനങ്ങി ഒന്നിനും കൊള്ളത്തില്ല. ഇടിച്ചു പിഴിഞ്ഞു പഞ്ചാരേം തീറ്റിച്ച് വിട്ടാൽ ചൊമച്ചുതുപ്പി നടക്കാനല്ലേ പറ്റത്തൊള്ളൂ. പിന്നെയവൻ മൊള്ളുന്നടുത്തൊക്കെ കട്ടനുറുമ്പിന്റെ അയ്യരുകളിയായിരിക്കും. എന്റെ ഈശോ മിശിഹായേ ഇക്കാര്യത്തിലുംകൂടി എന്റെ വിളിപ്പൊറത്തൊണ്ടാകണേ. അതിന് പത്തോ നൂറോ തവണ വേണേലും കുമ്പസാരിച്ചോളാമെന്ന് കുരിയച്ചൻ മനസ്സുരുകി പ്രാർഥിക്കുകേം ചെയ്യാറൊണ്ട്. നാട്ടിൽ പലയെടത്തും കുരിയച്ചനു പിള്ളേരൊണ്ട്. എല്ലാം പുറമ്പോക്കിലാണെന്നു മാത്രം. ജോളിപ്പെണ്ണിന്റെ ദേഹം നേരെ ചൊവ്വേ കണ്ടിട്ടില്ലേലും നാട്ടിലെ കൊറേ പെണ്ണുങ്ങടെ ചന്തിയേലെ ചൊറിപ്പാടുപോലും കുരിയച്ചന് കാണാപ്പാഠമാ. രണ്ടുമൂന്നു പെണ്ണുങ്ങൾ കെണറ്റിലും കൊളത്തിലും ചാടിച്ചത്തു. വേറൊരുത്തി പൂവരശേൽ കെട്ടിത്തൂങ്ങി. അതൊക്കെ കുരിയച്ചൻ കേറി ബലമായി പൂശിയിട്ടാന്ന് ആർക്കും അറിയില്ലെന്നാ അയാടെ വിചാരം.
ഒണന്നു കെടന്ന് ഓരോന്നൊക്കെ വിചാരിച്ച കൂട്ടത്തിൽ കണ്ടത്തിൽവരെ പോയേച്ചാലോന്നായി. പൂച്ചക്കൈമാലയിൽ കുടുങ്ങി നെഞ്ചത്തെ രോമക്കാട്ടിൽ കിടന്ന ജോളിപ്പെണ്ണിന്റെ കൈയെടുത്ത് മെല്ലെ മെത്തയിൽ വച്ചിട്ട് പതുക്കനെ എഴുന്നേറ്റു. കട്ടിലിന്റെ അടിയിൽ െവച്ചിരുന്ന ടോർച്ചുലൈറ്റ് കൈയിലെടുത്തു. ബോധോം പൊക്കണോമില്ലാതെ കൂർക്കോം വലിച്ചോണ്ടുള്ള അവളുടെ കെടപ്പുകണ്ടപ്പോൾ കുരിയച്ചന് കണ്ടത്തിൽ കൂട്ടിയിടാറൊള്ള കച്ചിക്കൂന ഓർമവന്നു. മേലനങ്ങി വല്ല പണീമെടുക്കടീ, ഇങ്ങനെ ചീമപ്പോർക്കിനെപ്പോലെ തിന്നു മെഴുത്തു വന്നുകെടന്നാൽ മുഴുവൻ മെനക്കേടും എനിക്കാവും; മേത്തുകേറ്റി നിന്നെക്കൊണ്ടൊന്നു മെതിപ്പിക്കാന്നു വിചാരിച്ചാ, ദേണ്ടെയീ തടീം വച്ചോണ്ടു നടക്കത്തില്ല കെട്ടോ എന്ന് രണ്ടുദിവസം മുമ്പ് കുരിയച്ചൻ ജോളിപ്പെണ്ണിനോടു പറഞ്ഞതുമാ. അപ്പോൾ നിങ്ങൾ നമ്മടെ ചാണ്ടിയെപ്പോലെ ആയല്ലോന്ന് അവളൊരുമാതിരി പോക്കണംകെട്ട ചിരി ചിരിച്ചോണ്ട് കുരിയച്ചനോട് ചോദിക്കുകേംചെയ്തു. അല്ലെങ്കിലും നാട്ടിലുള്ള സകലരും കുരിയച്ചനെപ്പറ്റിയാലോചിക്കുന്നത് ചാണ്ടിയേംകൂടി ചേർത്താണ്.
കുരിയച്ചനെയോ ചാണ്ടിയെയോ ഒറ്റയ്ക്കൊറ്റയ്ക്ക് സങ്കൽപ്പിക്കാൻ അവർക്കു പറ്റാറില്ല. അതിനൊട്ടു മെനക്കെടാറുമില്ല. ഒച്ചേം അനക്കോമൊണ്ടാക്കാതെ കുരിയച്ചൻ പതുക്കെ സാക്ഷയും കുറ്റിയും നീക്കി കതകു തൊറന്നു പുരയ്ക്കു പൊറകിലെ തിണ്ണേലേക്കിറങ്ങി. അഴേൽ കിടന്ന ചുട്ടിത്തോർത്തെടുത്തു ചുരുട്ടി തോളത്തിട്ടു. അയാടെ മണം കിട്ടീട്ടാണെന്നു തോന്നുന്നു, തൊഴുത്തിലൊരനക്കം. ചാണ്ടിയാണ്. നാട്ടിലെ പശുക്കൾക്കെല്ലാം വയറ്റിലൊണ്ടാക്കുന്നത് ചാണ്ടിയാണ്. പിള്ളേച്ചന്റേം കൊച്ചുകുഞ്ഞിന്റേമൊക്കെ അടക്കോം ഒതുക്കോമുള്ള പശുക്കൾപോലും ചാണ്ടിയുടെ ഉരുണ്ടു പൊങ്ങിയ ഉപ്പുചുമലും താടേം കണ്ടാൽ പുല്ലുതിന്നാൻപോലും മറന്ന് നോക്കിനിൽക്കും.
കുരിയച്ചൻ തൊഴുത്തിനടുത്തേക്കു ചെന്നു. ജോളിപ്പെണ്ണിനെപ്പോലെ അപ്പഴും അന്തംവിട്ടു കെടന്നുറങ്ങുകയാണ് മേരിപ്പശുവും ഷീലപ്പശുവും. ദൈവഭയമൊള്ള ജോളിയിട്ട പേരാണ് മേരി. അതുകൊണ്ടാണോ എന്തോ, വാവടുക്കുന്നതൊന്നും അവൾ അറിയാറേയില്ല. ജോളിയെപ്പോലെ അവളും തടിച്ചിട്ടാണ്. അക്കാലത്തെ ക്രിസ്ത്യാനിപ്പെണ്ണുങ്ങൾക്ക് പശുക്കളോടൊന്നും സാധാരണയില്ലാത്ത പ്രത്യേക വാത്സല്യം ജോളിയ്ക്കു മേരിയോടൊണ്ടാരുന്നു. ചാണ്ടി ഒന്നു മനസ്സുവച്ചാൽ മേരിപ്പശുവിന്റെ മട്ടും ഭാവോം മാറിയേനെയെന്ന് എടക്കെടെ ജോളിപ്പെണ്ണ് പറയാറൊണ്ട്. എന്താണോ എന്തോ, ചാണ്ടിയവളെ ഒട്ടും മൈൻഡ് ചെയ്യാറില്ല.
‘‘അല്ലെങ്കിലും ആമ്പെറന്നോമ്മാരുടെ നോട്ടോം ചാട്ടോം പെരേടെ പൊറത്താണല്ലൊ.’’
ഇച്ചിരി കളീം കൊറച്ചു കാര്യോമായി ജോളിപ്പെണ്ണ് ഒരിക്കൽ കുരിയച്ചനോട് പറഞ്ഞു.
മേനിക്കൊഴുപ്പുള്ള പുതിയ പശുവിനെ വാങ്ങിയപ്പോൾ, അവൾക്കു കുരിയച്ചൻ തന്നെയാണ് ഷീലാന്നു പേരിട്ടത്. ചാണ്ടിയേം നോക്കിക്കൊണ്ടാണ് മിക്ക നേരത്തും ഷീലപ്പശൂന്റെ നിൽപ്പും കെടപ്പും. അവളെക്കാണുമ്പോൾ എന്തുകൊണ്ടോ, കുരിയച്ചനു മാത്രമല്ല ജോളിപ്പെണ്ണിനും, അടിച്ചുവാരാൻ വരാറുള്ള അമ്മിണിയെ ഓർമവരും. ഷീലപ്പശു, ചാണ്ടിയെ നോക്കുന്ന നോട്ടമാണ് കുരിയച്ചനെ കാണുമ്പോൾ അമ്മിണിക്കും.
അങ്ങനെ നോക്കി നോക്കി വീട്ടിലെ പണിയൊന്നും തീരാതെ ചെല ദിവസം നേരമങ്ങ് പോകും. എന്നാപ്പിന്നെ ഇന്നു വീട്ടിപ്പോകണ്ടാന്നു ജോളിപ്പെണ്ണ് അരിശപ്പെടും. ജോളിപ്പെണ്ണ് കെടന്നൊറങ്ങുമ്പം അമ്മിണി പാത്രമൊക്കെ മെഴുക്കി അടുക്കളേം തിണ്ണേം തൂത്തു തൊടച്ച് നടക്കുവാരിക്കും. പെടാപ്പാടു കഴിഞ്ഞ് നടുനിവർക്കാൻ പത്തായപ്പൊരേടെ പൊറകിലെ ഇടുക്കുമുറീൽ അവൾ പായ നിവർത്തുമ്പോഴേയ്ക്കും നാടു മുഴുക്കെ ചത്തപോലെ ഒറങ്ങുന്ന മുഴുപ്പാതിരാ കഴിഞ്ഞിട്ടൊണ്ടാവും. എന്നാലും അമ്മിണിക്ക് ഒറങ്ങാൻ പറ്റത്തില്ല. കുരിയച്ചൻ അവളെ ഒറക്കത്തില്ല.
‘‘ഓ, നിങ്ങടെയൊരു പ്രേംനസീർ.’’
ചാണ്ടിയെ നോക്കി ഒരുദിവസം ജോളിപ്പെണ്ണു പറഞ്ഞു.
‘‘നസീറല്ലടീ... അവൻ ജയനാ... നീയവന്റെ മസ്സില് നോക്ക്.’’
അപ്പോൾ ചാണ്ടിയുടെ ദേഹത്തൊന്ന് തൂത്തുതൊടച്ചുകൊണ്ട് കുരിയച്ചൻ ചിരിച്ചു.
അയാൾ ടോർച്ചു തെളിച്ച് തൊഴുത്തിനടുത്തേക്കു ചെന്നു. ഷീല ചാടിയെണീറ്റതു ഗൗനിക്കാതെ അയാൾ ചാണ്ടിയുടെ നെറ്റിയേലൊന്നു ചൊറിഞ്ഞു.
‘‘നീയിങ്ങനെ ഒറക്കെളയ്ക്കണ്ട. നാളെ പെലകാലേ നാണു നായരടെ വീട്ടിച്ചെല്ലണം. അവിടെയൊരുത്തിക്കു വാവിന്റെ വിളി തൊടങ്ങി.’’
ചാണ്ടിക്ക് മനസ്സിലായി. അവൻ തലകുലുക്കിയപ്പോൾ കഴുത്തിലെ മണി കിലുങ്ങി. ഷീലയ്ക്കത്ര പിടിച്ചില്ലെന്നു തോന്നുന്നു. അവൾ പുൽത്തൊട്ടിയുടെ ഭാഗത്തേയ്ക്കു തലതിരിച്ചു പിന്നേം കെടന്നു.
കുരിയച്ചന്റെ ടോർച്ചുവെട്ടം പറമ്പിൽക്കൂടി നീണ്ടുചെന്ന് തെക്കേമാട്ടയിലെ കുത്തുകല്ലെറങ്ങി, പട്ടരുമഠത്തിനരുകിലെ സർപ്പക്കാവിന്റെ ഭാഗത്തൊള്ള വഴിയൊഴിവാക്കി, തട്ടാന്മാരുടെ വീടുകൾക്കെടേലൊള്ള തൊണ്ടു കടന്ന് കണ്ടത്തിനടുത്തൊള്ള തിട്ടയിൽ ചെന്നുനിന്നു. കൊയ്ത്തു കഴിഞ്ഞ കണ്ടത്തിലെ മഞ്ഞിൽ നനഞ്ഞ കച്ചിക്കുറ്റികൾ അയാടെ കാലിൽ ഇക്കിളി കൂട്ടി.
കണ്ടത്തിന്റെ നടുക്ക് അടുക്കിക്കൂട്ടിയ കറ്റയ്ക്കു സമീപം തെങ്ങോല മെടഞ്ഞു തൽക്കാലത്തേക്കു കെട്ടിയൊണ്ടാക്കിയ ചെറിയ ഇരിപ്പുപന്തലിന്റെ ചോട്ടിൽ ഒറങ്ങിക്കെടന്ന ഏലി ഞെട്ടിയൊണർന്നു. പന്തലിന്റെയുള്ളിൽ തൂക്കിയിട്ടിരുന്ന റാന്തലിന്റെ വെട്ടത്തിൽ തൊട്ടടുത്തു നിൽക്കുന്ന കുരിയച്ചനെ കണ്ട് അവൾ അന്തംവിട്ടു.
‘‘വല്യനാനാരെന്താ ഈ അസമയത്ത്?’’
ജാതിയിൽ താഴ്ന്നവർ ക്രിസ്ത്യാനിയായ ആണുങ്ങളെ നാനാരെന്നും അവരുടെ കെട്ടിയോളുമാരെ മാട്ടുമ്മയെന്നും വിളിച്ചിരുന്നു. ആ വിളി കേൾക്കുമ്പം അവർക്ക് ഒരു പ്രത്യേക സുഖോം തോന്നീരുന്നു.
‘‘പത്രോസെന്തിയേടീ..?’’ കുരിയച്ചൻ ചങ്കത്തെ രോമം ചെക
ഞ്ഞോണ്ടു ചോദിച്ചു.
ഏലിയൊന്നു പരുങ്ങി.
‘‘നീയെന്താ പന്തം കണ്ട പെരുച്ചാഴീനെപ്പോലെ നിൽക്കുന്നെ?’’
ഏലിയുടെ വെപ്രാളം കെടുത്താൻ കുരിയച്ചൻ ഒരു ചിരി വരുത്തി. ചെത്തുകാരൻ മാച്ചോവോൻ വന്ന് ഇന്ദിരാഗാന്ധീന്നോ അടിയന്തിരമെന്നോ യോഗമെന്നോ ഒക്കെപ്പറഞ്ഞ് പത്രോസിനെ വിളിക്കുന്നത് അവൾ കേട്ടതാണ്. കണ്ടത്തിന്റെ മാലീൽ താമസിക്കുന്ന മണിയൻ തട്ടാന്റെ പുരയിലേക്കാണ് വിളിച്ചതെന്നും മനസ്സിലായി. എന്തോ കുഴപ്പം പിടിച്ച കാര്യമാണെന്നും, നാട്ടുകാരും പോലീസുമൊന്നും അറിയാൻ പാടില്ലാത്ത പരിപാടിയാണെന്നും അവൾക്കു പിടികിട്ടിയാരുന്നു. കുരിയച്ചനാണെങ്കിൽ മൂത്ത കോൺഗ്രസാ.
‘‘എന്റെ വല്യനാനാരേ, അതിയാൻ പോയി വല്ല പൂളക്കള്ളും കുടിച്ച് എവിടേലും കെടക്കുവാരിക്കും.’’
കുരിയച്ചന്റെ മൊഖം തെളിഞ്ഞു. ഏലിയുടെ അടുത്തേക്കു കുറച്ചൂടി നീങ്ങി ഇരിപ്പുപന്തലിന്റെ മുളയിൽ ചന്തിയൊറപ്പിച്ചുനിന്നു കുരിയച്ചൻ ചോദിച്ചു:
‘‘നട്ടപ്പാതിരയ്ക്ക് കണ്ടത്തിലിങ്ങനെ പെണ്ണുങ്ങള് ഒറ്റയ്ക്കു കെടക്കുന്നെ ചൊവ്വല്ല. പ്രേതങ്ങളൊക്കെ ചൂട്ടും കത്തിച്ചു നടക്കുന്ന നേരമാ. അവര് കേറി നെരങ്ങിയാ പത്രോസ് വരുമ്പം നിന്നെ മിച്ചം കിട്ടത്തില്ല. മിണ്ടീം പറഞ്ഞും കൊറച്ചുനേരം ഞാനിവിടെ നിന്നിട്ട് പോകാം. നീയാ കലത്തീന്ന് കൊറച്ചു വെള്ളമെടുത്തു താ. വല്ലാത്ത പരവേശം.’’
ഏലിക്ക് അതിശയമായി.
‘‘ഞങ്ങളു മോന്തുന്ന ചെരട്ടേന്ന് വല്യനാനാര് കുടിക്കുമോ?’’
‘‘അതെന്നാ ചോദ്യമാ, ഏലീ. നീ കുടിച്ച പാത്രത്തി കുടിച്ചെന്നോ നിന്നെയൊന്നു തൊട്ടെന്നോ വച്ച് ഞങ്ങടെ ഏശു ഞങ്ങളെ ഇട്ടേച്ചു പോകുവോ? എന്നാലങ്ങ് പോട്ടേന്ന്...’’
വെള്ളമെടുക്കാൻ കുനിഞ്ഞപ്പോൾ ഏലിയുടെ കൈലിമുണ്ടു വലിഞ്ഞു മുറുകി തെഴുത്തുവന്ന ചന്തിയേലേക്കു കുരിയച്ചന്റെ കൈയൊന്നു നീണ്ടതാണ്. അപ്പോഴാണ് എളീന്നു തെറിച്ചു നിൽക്കുന്ന പിച്ചാത്തിപ്പിടി കണ്ടത്.
ചെരണ്ടി മിനുക്കിയ ചെരട്ടേലെടുത്ത് ഏലി കൊടുത്ത വെള്ളം കുരിയച്ചൻ ഒറ്റവലിക്കു കുടിച്ചു.
‘‘വല്യനാനാര് വല്ലാണ്ടങ്ങ് വെശർത്തല്ലൊ. ദണ്ണം വല്ലോം ഒണ്ടോന്നേ?’’
രണ്ടുമൂന്നു ചെരട്ട വെള്ളോംകൂടി മേടിച്ചു കുടിച്ചിട്ട് അയാൾ തോളത്തുനിന്നു തോർത്തെടുത്തു ചങ്കും മൊഖോം തൊടച്ചു.
‘‘പറഞ്ഞാ... ഒള്ളതാന്ന് ഒടേതമ്പുരാനുപോലും തോന്നത്തില്ല. അപ്പപ്പിന്നെ പറഞ്ഞിട്ട് കാര്യമൊണ്ടോ?’’
‘‘പറ നാനാരേ...’’
‘‘ങാ, എന്നാപ്പറയാം. സ്വപ്നത്തിക്കണ്ടതാ. ദാ, ഇപ്പ വന്നപോലെ നട്ടപ്പാതിരയ്ക്ക് ഞാനൊന്നു കണ്ടത്തിലേക്കു വന്നപ്പൊ ദേണ്ടെ കിടക്കുന്നു ഇപ്പക്കണ്ടപോലെതന്നെ നീയ്. കൈലീം പൊതപ്പുമൊന്നുമില്ലന്നേയൊള്ള്. വല്ല മാടനോ മറുതയോ കേറി പണി പറ്റിച്ചോന്നായി എനിക്ക്. അങ്ങനത്തെ കെടപ്പാരുന്നേ... ഇവിടൊക്കെ മഞ്ഞുവീണ് ന്ലാവത്ത് തെളങ്ങുവാരുന്നു.’’
അതു പറഞ്ഞപ്പം കുരിയച്ചൻ അവളുടെ നെഞ്ചത്തേക്കു വെരല് ചൂണ്ടി.
‘‘എന്നാലുമെന്റെ ഏലീ, നിന്റെയാ കെടപ്പ് എന്തൊരു കെടപ്പാരുന്നെന്നോ! തൊട്ടു നോക്കിയപ്പം തൊടയൊക്കെ മരച്ചിരിക്കുന്നു. ഞാനെന്റെ ഉടുമുണ്ട് പറിച്ച് നിന്നെയങ്ങു പൊതപ്പിച്ചു. അപ്പഴൊണ്ടല്ലൊ, നീ കണ്ണു തൊറന്ന് എന്റെ മോത്തേയ്ക്കു നോക്കി ഒരു ചിരിയങ്ങ് ചിരിച്ചു. എനിക്ക് വല്ലാണ്ടായി. കോണാൻപോലുമില്ലാതെ അതിനുമുമ്പ് നീയെന്നെ കണ്ടിട്ടൊണ്ടോ, ഇല്ലല്ലോ...’’
‘‘എന്റെ നാനാരേ, പെലകാലേ കാണുന്ന സ്വപ്നം നടക്കുമെന്നാ...’’ ഏലി പറഞ്ഞു.
‘‘അതേന്നേ...’’ കുരിയച്ചന്റെ മൊഖത്ത് ഉത്സാഹം തെളിഞ്ഞു.
‘‘കഴിഞ്ഞ ദെവസം ഞാനും കണ്ടന്നേ വല്ലാത്തൊരെണ്ണം. ഇങ്ങോട്ട് നോക്കിക്കേ, ദേ... ഈ കയ്യേ മുഴുവോൻ ചോര. എന്റെ കയ്യിലൊരു പിച്ചാത്തീമൊണ്ട്. അതേലും ചോര. പക്ഷേ എന്റെ മേത്തെങ്ങും മുറിവൊന്നുമില്ല. എന്നതാ നാനാരേ അതിന്റെയൊക്കെ അർഥം?’’
കുരിയച്ചൻ പതറി.
ദൂരെ, ചാലിന്റെ കരേൽ ആരോ വെളിച്ചം മിന്നിച്ചു.
‘‘ഏലീ, മീമ്പിടുത്തക്കാരൊണ്ട്. പേടിക്കാണ്ട് കെടന്നൊറങ്ങിക്കോ. ഞാനങ്ങ് എറങ്ങുവാ.’’
‘‘ശരി, നാനാരേ. വല്യമാട്ടുമ്മ ഒണന്നാ നാനാരെ കാണാണ്ട് പേടിക്കും.’’
നീളത്തിൽ വരച്ച ടോർച്ചിന്റെ വെട്ടത്തിനു പിന്നാലെ തീറുകാലിൽ കുരിയച്ചൻ നടന്നുപോകുന്നെ നോക്കി ഇരിപ്പുപന്തലിന്റെ മുന്നിൽ ഏലി നിന്നു.
മണിയൻ തട്ടാന്റെ മുറ്റത്ത് കുനകൂട്ടിയിട്ട് കത്തിച്ച ചെരട്ടേടെ വെളിച്ചം കണ്ടത്തിലേക്കു കുത്തിയൊലിച്ചു. പൊന്നു പണിയാൻ കരി വേണം. അതിനാണ് ചെരട്ട കത്തിക്കുന്നെ. ഉരുണ്ടുവീഴുന്ന ചെരട്ട തട്ടിയിടാനെന്ന മട്ടിൽ മണിയൻ തട്ടാൻ ഒരു കോലും പിടിച്ച് അതിന്റെയടുത്തു ചുറ്റിപ്പറ്റി നിക്കുന്നൊണ്ട്. അത് പോലീസെങ്ങാനും മണത്തറിഞ്ഞു വരുന്നുണ്ടോന്നു നോക്കാനാന്ന് ഏലിക്കു മനസ്സിലായി. അയാടെ പെരയ്ക്കകത്ത് പത്രോസും കൂട്ടക്കാരും പമ്മിക്കൂടിയിരുന്ന് വല്യവല്യ കാര്യങ്ങൾ ആലോചിക്കുവാണല്ലോന്ന് ചിന്തിച്ചപ്പം ഏലിക്കൊരു അഭിമാനമൊക്കെ തോന്നി. അല്ലെങ്കിലും ഒളിച്ചുചെയ്യുന്ന കാര്യങ്ങക്ക് ഒരു പ്രത്യേക സുഖമൊണ്ട്. ആണും പെണ്ണും തമ്മിലൊള്ള എടപാടുപോലെ തന്നെയാ ഇങ്ങനെയൊള്ള കാര്യങ്ങളും. കുറ്റക്കാരെ പിടിക്കാൻ വേഷംമാറി നടക്കുന്ന പോലീസുകാർക്കും അങ്ങനെ തന്നെയാരിക്കും. പണിക്കു പോയിത്തൊടങ്ങിയ കാലത്ത് പിള്ളേച്ചന്റെ പറമ്പിലെ കച്ചിത്തുറൂന്റെ പൊറകിവച്ച് ചാച്ചനും മറ്റു പണിക്കാരും കാണാണ്ട് പത്രോസ് തന്ന ഉമ്മ അവൾ ഓർത്തു. കെട്ടിക്കഴിഞ്ഞ് പത്രോസ് തന്ന ഒറ്റയുമ്മയ്ക്കുപോലും അത്രേം കട്ടും കടുപ്പോം തോന്നിയിട്ടില്ല. അതാ രഹസ്യത്തിന്റെ ഗൊണം. അങ്ങനെ ചിന്തിച്ചപ്പം ഏലിക്കു നാണം വന്നു.
നേരം പരപരാ വെളുത്തു തൊടങ്ങീട്ടേയൊള്ളൂ.
കൈയിൽ കൊറച്ച് കൊടിത്തണ്ടുമായി കുരിയച്ചൻ പറമ്പിക്കൂടെ വരുന്നത് മുറ്റമടിച്ചോണ്ടു നിന്ന അമ്മിണി കണ്ടു. ഇന്ന് പതിവിലുമൊത്തിരി നേരത്തെ അമ്മിണി വന്നല്ലോന്ന് അയാളോർത്തു.
‘‘വെളുപ്പാങ്കാലത്ത് വെല്യനാനാര് എവിടെപ്പോയി?’’
‘‘കൊറച്ചു കൊടിത്തണ്ട് പറിക്കാൻ എറങ്ങീതാ. നീയിത് ചതച്ച് തേച്ചു താടീ. മേത്തും തലേലും വല്ലാത്ത ചൊറിച്ചിൽ.’’
അമ്മിണി ചിരിച്ചോണ്ട് തല കുലുക്കി.
‘‘ജോളിപ്പെണ്ണ് ഏറ്റുവരുമ്പഴയ്ക്കും ഉച്ചയാവും. അല്ലെങ്കിൽ അവളോടു പറയാരുന്നു.’’
‘‘മാട്ടുമ്മ കെടന്നോട്ടെ, നാനാരേ.’’
കേറ്റിക്കുത്തിയ ലുങ്കീം എറക്കി വെട്ടിയ ബ്ലൗസും കവിഞ്ഞ് അമ്മിണി തുളുമ്പി.
കുരിയച്ചൻ വേഗം രണ്ടു ബക്കറ്റ് വെള്ളോമെടുത്ത് പേരിനൊരു തോർത്തുമുണ്ടുമുടുത്ത് തൊഴുത്തിന്റെ അടുത്തൊള്ള വെട്ടുകല്ലുമ്മേ ചെന്നിരുന്നു. ചതച്ച് പതം വരുത്തിയ കൊടിത്തണ്ടുമായി അമ്മിണി അയാടെ അടുത്തേക്കു ചെന്നു. കുരിയച്ചന്റെ തലവഴി ഒഴിച്ച തണുത്ത വെള്ളം മണ്ണിലും കല്ലുമ്മേലും വീണ് ചെതറി. പിന്നേം ലുങ്കി പൊക്കിക്കുത്തിയ അമ്മണീടെ തൊടേൽ തണുത്ത വെള്ളത്തൊള്ളികൾ തെറിച്ച് കുളിരു പൂത്തു. അമ്മിണി തൊട്ടപ്പം കുരിയച്ചനും പൂത്തു. കൊടിത്തണ്ടുപിടിച്ച അമ്മിണീടെ കയ്യ് കുരിയച്ചന്റെ ചൊറിച്ചിലിൽ മുഴുവോൻ കേറി നെരങ്ങി.
ഇതെല്ലാം കണ്ടോണ്ട് തൊഴുത്തിൽ നിന്ന ചാണ്ടീടെ മട്ടുമാറി. അവൻ മൂക്കുകൊണ്ടും വായകൊണ്ടും ചെറിയ ഒച്ചയൊണ്ടാക്കി നുമ്പിലെ കാലുരണ്ടും പുൽത്തൊട്ടീടെ മോളിലേക്കു കേറ്റിവച്ച് വെപ്രാളം കാട്ടി. ഷീലപ്പശുവാകട്ടെ, വാലും പൊക്കിപ്പിടിച്ച് കയറു പൊട്ടിക്കാനും തലയെത്തിച്ച് ചാണ്ടിയെ നക്കാനും നോക്കി. എന്നാൽ മേരിപ്പശു അങ്ങനെ കെടന്നതേയൊള്ളൂ. ചാണ്ടീടേം ഷീലേടേം എളക്കം കൂടീപ്പം അവൾ തലതിരിച്ച് വേറെങ്ങാണ്ടേയ്ക്കു നോക്കി. ആർക്കറിയാം അവടെ മനസ്സിലിരുപ്പ്?
‘‘ഇതു വല്ലാത്ത തൊന്തരവായല്ലൊ. നീ ബക്കറ്റുംകൊണ്ട് എഞ്ചിൻപൊരേടെ പൊറകിലോട്ടു വാ.’’
വീടിന്റെ പൊറകിൽ പരന്നു കെടക്കുന്ന റബർതോട്ടത്തിന്റെ നടുക്കാണ് എഞ്ചിൻപൊര. അതിന്റെ അപ്പറത്ത് പോയി പെറന്നപടി നിന്നാലും കൊഴപ്പമില്ല. കർത്താവുപോലും കാണത്തില്ല. അക്കാര്യം കുരിയച്ചനറിയാം. അമ്മിണിക്കും അറിയാം. അപ്പൊപ്പിന്നെ അങ്ങനെ നിന്നതിന് അവരെ തെറ്റുപറയാൻ പറ്റുമോ? കൊടിത്തണ്ടു പോരാഞ്ഞിട്ട് അമ്മിണി അവടെ സ്വന്തം മേലുംകൊണ്ടുകൂടി കുരിയച്ചനെ തേച്ചുകുളിപ്പിച്ചതിൽ കുറ്റം പറയാൻ പറ്റുമോ?
ജോളിപ്പെണ്ണ് ഏറ്റുവന്നപ്പഴേയ്ക്കും കുരിയച്ചൻ കുളിച്ചെറങ്ങി ഉഷാറായിക്കഴിഞ്ഞിരുന്നു. തൊണ്ടിട്ടു തെളപ്പിച്ച് അമ്മിണി കൊടുത്ത കട്ടൻകാപ്പീം കുടിച്ച് ജോളിപ്പെണ്ണ് തിണ്ണമ്മേലിരുന്നപ്പം ചാണ്ടീനേം അഴിച്ച് കുരിയച്ചനെറങ്ങി.
‘‘എങ്ങോട്ടാ?’’ ജോളിപ്പെണ്ണ് ചോദിച്ചു.
‘‘നാണുനായരടെ അങ്ങോട്ടാ. അവിടെയൊരുത്തി വിളി തൊടങ്ങീട്ട് രണ്ടുദിവസമായെന്ന്.’’
കുരിയച്ചൻ പറഞ്ഞു.
അതുകേട്ടു തൊഴുത്തിൽനിന്ന മേരിപ്പശു, വിളിച്ചു പറഞ്ഞാലേ മനസ്സിലാകത്തൊള്ളോ എന്നമട്ടിൽ അയാളെ നോക്കി. വാച്ചിലേലിരുന്ന് പാത്രം മെഴക്കുവാരുന്ന അമ്മിണി ഏതാണ്ടൊക്കെ ഓർത്ത് ചിരിച്ചു.
‘‘നാണുനായർക്ക് മൂരിയൊരെണ്ണം ഒണ്ടല്ലൊ. പിന്നെയെന്തിനാ നിങ്ങള് പോണെ?’’ ജോളിപ്പെണ്ണ് തിരക്കി.
‘‘ശൗരീടെ കാര്യമാണോ? അതിനെ എന്നാത്തിന് കൊള്ളാടീ? നായരടെ ഒരു ചെറുക്കനില്ലേ... വിജയൻ! അവനെപ്പോലെ മെലിഞ്ഞൊണങ്ങിയവനാ ശൗരീം. ഏറ്റിട്ടു തൂറ്റാൻ കൊള്ളാത്ത മൂരിയെക്കൊണ്ട് ആരേലും തടിപ്പിക്കുവോടീ? നമ്മടെ ചാണ്ടീനെ കണ്ടാൽ കോളേജിപ്പോണ പെമ്പിള്ളേർക്കുപോലും നാണം വരും.’’
കുരിയച്ചന്റെ പറച്ചിൽ കേട്ടാൽ അയാടെ സ്വന്തം കാര്യമാന്നേ തോന്നൂ.
ജോളിപ്പെണ്ണു വിട്ടുകൊടുത്തില്ല.
‘‘തണ്ടും തടീം കൊറവാന്ന് വച്ച് ഏക്കമില്ലെന്ന് കൂട്ടണ്ട. എമ്പടി പശൂനെയൊന്നും ഒക്കാത്തകൊണ്ട് അവനാരിക്കും ഉശിര്.’’
അതിനെന്താ മറുപടി പറയേണ്ടേന്ന് കുരിയച്ചന് പെെട്ടന്നു കിട്ടിയില്ല.
‘‘നീ പള്ളീ പോണൊണ്ടെങ്കി വാ. നിന്നെക്കൊണ്ട് അതിനല്ലേ കൊള്ളത്തൊള്ള്.’’
അമ്മിണി കേൾക്കെ കുരിയച്ചൻ അങ്ങനെ പറഞ്ഞപ്പം ജോളിപ്പെണ്ണിനു പെരുത്തുവന്നതാ. എങ്കിലും കാളേപ്പിടിച്ചു കെട്ടുന്നെ പോലെ അവള് മനസ്സടക്കി. ചെല കലിപ്പൊന്നും പറഞ്ഞു തീർക്കേണ്ടതല്ലെന്ന് അവക്ക് തോന്നുവേംചെയ്തു.
ചട്ടേം മുണ്ടുമുടുത്ത് അവൾ കുരിയച്ചനൊപ്പം എറങ്ങി. മിണ്ടീം പറഞ്ഞും കുരിയച്ചനും ചാണ്ടീം നടന്നു. അവരുടെ പൊറകേ ജോളിപ്പെണ്ണും.
‘‘അടുക്കിട്ട പെമ്പിള കുണുക്കിട്ടാട്ടി
അവളുടെ മാപ്പിള പൊറിവിട്ടുകാട്ടി...’’
പൊറകേവന്ന കാറ്റ് ജോളിപ്പെണ്ണിന്റെ ചെവീപ്പാടി.
പോണ പോക്കിൽ കയ്യാലേലൊക്കെ പാട്ടുപോലത്തെ ചെല മുദ്രാവാക്യങ്ങൾ എഴുതിവച്ചേക്കുന്നെ കുരിയച്ചൻ കണ്ടു.
‘‘ജഗജീവൻ പോയ് ജീവൻ പോയി,
ബഹുഗുണ പോയി ഗുണം പോയി,
നന്ദിനി പോയി നാണം പോയി,
ഇന്ദിരയാകെ നാറിപ്പോയി!’’
നാണുനായരുടെ വീടിന്റെ നുമ്പിച്ചെന്നപ്പം ശൗരിയെ പുല്ലു തീറ്റിച്ചോണ്ട് വഴീൽ നിപ്പൊണ്ടാരുന്നു വിജയൻ.
‘‘ഇവന്റെ പെങ്ങളെന്തിയേ?’’ ശൗരിയെ ചൂണ്ടി കുരിയച്ചൻ കളിയാക്കുന്ന മട്ടിൽ ചോദിച്ചു. വിജയനത് കേക്കാത്ത രീതിയിൽ ജോളിപ്പെണ്ണിനെ നോക്കി ചിരിച്ചു. അവളും ചിരിച്ചു.
‘‘ഞാനങ്ങ് നടക്കുവാ. ചേട്ടനും അനിയനുംകൂടി ചെല്ല്.’’ ചാണ്ടിയോടും കുരിയച്ചനോടുമായി അവൾ പറഞ്ഞു. ഒത്തിരി പരിചയമുള്ള ഒച്ച കേട്ടിട്ടെന്നപോലെ കടിച്ചോണ്ടിരുന്ന പുല്ലുവിട്ട് ശൗരി തിരിഞ്ഞു. അവന്റെ താടേൽ ജോളിപ്പെണ്ണ് പതുക്കനെ തൂത്തു. അവൾ നടന്നപ്പം കയറിന്റെയറ്റത്തെ വിജയനേം വലിച്ചോണ്ട് അവൻ മണത്തു മണത്തു പൊറകേ ചെന്നു.
നാണുനായരുടെ പശൂനെ തെങ്ങിൻചോട്ടിൽ കെട്ടിയിട്ടൊണ്ടാരുന്നു. അവടെ ചുറ്റും തടവച്ചു മുറുക്കീട്ട് കുരിയച്ചൻ, ചാണ്ടിയെപ്പിടിച്ച് അവടെ മേത്തേയ്ക്ക് കേറ്റിവിട്ടു. പപ്പടം കാച്ചുന്നസമയംകൊണ്ട് പരിപാടി കഴിഞ്ഞു.
കാശെണ്ണി കൊടുക്കുന്നേനെടയിൽ നാണു നായർ പറഞ്ഞു: ‘‘എല്ലാടോം പോലീസ് കേറി നെരങ്ങുവാ. അറിഞ്ഞില്ലേ? ഹല്ല, മാപ്പിളയ്ക്കു പേടിക്കണ്ട കാര്യമില്ലല്ലൊ, അല്ലേ? ഇന്ദിരേടെ ആളല്യോ?’’
കുരിയച്ചന് പിടികിട്ടിയില്ല.
‘‘സംഗതി എന്തുവാ?’’
‘‘ഇന്ദിരയ്ക്കു കുടിക്കാൻ ഇനീം ചോര വേണന്നും പറഞ്ഞ് ഇന്നലെ ആരാണ്ടൊക്കെ പോസ്റ്ററൊട്ടിച്ചു. തലയോട്ടീം പിടിച്ചോണ്ടു നിക്കുന്ന അവരുടെ പടോം ചുണ്ണാമ്പിന് വരച്ചിട്ടൊണ്ട്. ഇവമ്മാർക്കൊക്കെ വല്ല കാര്യോമൊണ്ടോ?’’
‘‘ആരാ വരച്ചെ?’’
‘‘വരയ്ക്കുന്ന ഒരുത്തനല്ലേ നാട്ടിലൊള്ളൂ. വേലൻ വാസൂന്റെ ചെറുക്കൻ പാക്കരൻ. തന്തയ്ക്കു ചുണ്ണാമ്പുകച്ചോടമാണല്ലൊ. രണ്ടിനേം പോലീസ് പൊക്കി. ചവിട്ടിക്കൂട്ടിയാ വണ്ടിയേക്കേറ്റിയേന്നാ കേട്ടത്.’’
അകത്തെ സന്തോഷത്തള്ളൽ പൊറത്തു കാണിച്ചില്ലേലും കുരിയച്ചൻ ചോദിച്ചു:
‘‘വേറെ അലവലാതികളെ ഒന്നിനേം കൊണ്ടുപോയില്ലേ?’’
‘‘രണ്ടു ദിവസംനുമ്പ് മണിയൻ തട്ടാൻ ഒരു പുകിലു കാണിച്ചു. ചന്തകൂടുന്നേടത്ത് ചെന്ന് ചെരട്ടക്കനല് നൂൽക്കമ്പിയേക്കോർത്ത് മാലയൊണ്ടാക്കി. പിന്നെയതില് വെള്ളം തളിച്ചിട്ട് എന്റെ പൊന്നുമാല കരിഞ്ഞു പോയേ... സർക്കാരിനെപ്പോലെ കരിഞ്ഞുപോയേന്നും പറഞ്ഞ് അവിടെക്കെടന്നു നെലവിളിച്ചു. അവന് ചിന്നനെളകീതാന്നും അതല്ല ഇന്ദിരേക്കളിയാക്കാൻ ചെയ്തതാന്നും കേക്കുന്നൊണ്ട്. അവനേം രാവിലെ ഗോപാലനെസ്സൈ പൊക്കി.’’
അറിയേണ്ട കാര്യം മാത്രം നാണുനായര് പറയാത്തകൊണ്ട് കുരിയച്ചന് ഇച്ചിരി അരിശം വന്നു.
‘‘നായരേ, പത്രോസിനെയെങ്ങാനും പിടിച്ചാരുന്നോ? അവനും ആളിത്തിരി വശപ്പെശകാന്നാ പറയുന്നെ.’’
ഗോപാലനെസ്സൈ ഒറ്റക്കൊരു വീട്ടിലാ താമസിക്കുന്നെ. കുരിയച്ചനു നല്ല പരിചയോമുണ്ട്. ഇരുട്ടുപറ്റി അയാടെ വീട്ടിച്ചെന്ന് ഒതുക്കത്തിൽ കാര്യം പറയാമെന്ന് കുരിയച്ചനോർത്തു.
രാത്രിയായി. വീട്ടിൽ വാറ്റിെവച്ചിരുന്ന ചാരായത്തീന്ന് രണ്ടു കുപ്പിയെടുത്ത് കുരിയച്ചൻ ഹെർക്കുലീസ് സൈക്കിളേക്കേറി എസ്സൈയേമാന്റെ വീട്ടിലേക്കു ചവിട്ടി. മണിയൻ തട്ടാനേം പാക്കരനേയുമെല്ലാം ചവിട്ടിക്കൂട്ടിയ ഏമാന്റെ കാലൊന്നു ശരിക്കു കാണണമെന്നുറച്ച് പത്രോസും കൂട്ടക്കാരും വീട്ടരുകത്ത് നല്ല ഇരുട്ടൊള്ളടം നോക്കി പമ്മിനിപ്പൊണ്ടാരുന്നു. അപ്പഴാണ് കുരിയച്ചൻ അങ്ങോട്ടു ചെന്നത്. കുരിയച്ചന്റെ കൈയിലെ ചാരായം കണ്ടപ്പം ഏമാന്റെ എടുത്തുപിടുത്തമൊക്കെ ഒന്നയഞ്ഞു. ചിരീന്നു പറയുന്ന ഒരു സംഭവമൊണ്ടൊന്നൊള്ള കാര്യമൊക്കെ അങ്ങേർക്ക് ഓർമ വന്നു. കുരിയച്ചനെ അകത്തേക്ക് വിളിച്ചിരുത്തി. കൊണ്ടുവന്ന പൊതിയഴിച്ച് പോത്തെറച്ചീം കപ്പേം ഏമാന്റെ നുമ്പിലോട്ടു കുരിയച്ചൻ നീക്കിെവച്ചു.
‘‘വായിനോക്കി ഇരിക്കാണ്ട് രണ്ടെണ്ണം ഒഴിച്ച് മാപ്പളേം മോന്തിക്കോ...’’ ഏമാൻ പറഞ്ഞു.
ഏമാൻ ഒന്നൊഴിച്ചു. കുരിയച്ചൻ രണ്ടൊഴിച്ചു. ഏമാൻ നാലൊഴിച്ചു. ഒഴിപ്പിന്റെ എണ്ണം കേറിയതോടെ രണ്ടുപേരും വർത്തമാനത്തിന്റെ കെട്ടഴിച്ചു.
‘‘പത്രോസിനെ പൂട്ടണം. അവൻ ഇന്ദിരാ ഗാന്ധീടെ തന്തയ്ക്കു പറയുന്നവനാ.’’
കുരിയച്ചന്റെ നാവു കൊഴഞ്ഞു.
‘‘അക്കാര്യം ഞാനേറ്റു മാപ്പളേ.’’ എറയത്തേക്ക് എറങ്ങിനിന്ന് ഇരുട്ടത്തേക്കു നീട്ടിമൊള്ളുന്ന ഗോപാലനെസ്സൈയുടെ പൊറകേവന്ന് കുരിയച്ചൻ പറഞ്ഞു:
‘‘ഗാന്ധിജീടെ പൊന്നുമോളെപ്പറയുന്ന ഒരുത്തനേം വെറുതെ വിടല്ല് ഏമാനേ.’’
‘‘ഗാന്ധീടെ മോളോ?’’
ഗോപാലനെസ്സൈ ചോദിച്ച് നിർത്തിയില്ല, അതിനുമുമ്പേ ഇരുട്ടീന്നു പാഞ്ഞുവന്ന ഒരു കല്ലുവീണ് പെരയ്ക്കകത്തെ ചിമ്മിനിവെളക്ക് ചെതറി. ഒറ്റച്ചവിട്ടിന് ഏമാനെ തിണ്ണേന്നാരാണ്ട് മുറ്റത്തേക്ക് മറിച്ചിട്ടു. കാലിന്റെ മുട്ടിനും പുല്ലൂരിക്കും മുഴുത്ത കമ്പികൊണ്ടൊള്ള തല്ലു കിട്ടുമ്പഴുള്ള ഒച്ച ഏമാന്റെ അലമുറേൽ മുങ്ങിപ്പോയി. കുരിയച്ചന്റെ കാര്യം പറഞ്ഞില്ലല്ലൊ. ആരാണ്ടൊക്കെക്കൂടി കയ്യേലും കാലേലും പിടിച്ച് പുള്ളിയെ ബലമായി കെടത്തീട്ട് ചെറിയ ഒരു പണിയൊപ്പിച്ചു. ഒരു മൊഴം നീളമൊള്ള രണ്ട് അലക് ചേർത്തുവച്ച് ചൂണ്ടപ്പനേടെ വള്ളികൊണ്ട് ഒരറ്റം ചുറ്റിച്ചുറ്റി മുറുക്കിയൊണ്ടാക്കുന്ന ഒരു സാധനമൊണ്ട്. കാലിക്കെട്ടുക എന്നാണ് പേര്. മൂരിയെ വരിയൊടച്ച് കാളയാക്കാനുള്ള സാധനമാണ്. കുരിയച്ചന്റെ സുനാമണി അതിനെടേൽ പിടിച്ചുവച്ചിട്ട് ‘വാസുക്കുട്ടാ’ എന്നു വിളിച്ചോണ്ട് ഒറ്റഞെക്ക്! രാത്രി ഒരു കരിമ്പടമാണന്നു വിചാരിച്ചു നോക്കിക്കേ. എങ്കിൽ ഒരു കിലോമീറ്റർ കരിമ്പടം ഒറ്റവലിക്കു കീറുന്ന ഒച്ചയിലാ കുരിയച്ചൻ അലറിക്കരഞ്ഞത്. അടുത്തെങ്ങും താമസക്കാരൊന്നുമില്ലാത്തകൊണ്ട് ആർക്കുമൊരു ശല്യോം ഒണ്ടായില്ല.
ഏമാനും കുരിയച്ചനും ഒരേ ആശൂത്രിലാ കെടന്നത്. പേരു വെട്ടിച്ചു കുരിയച്ചൻ വീട്ടിൽ വന്നപ്പം ജോളിപ്പെണ്ണിനെ കണ്ടില്ല. പെരയ്ക്കു ചുറ്റും നടന്നു നോക്കിയപ്പം റബറിന്റെ പാലിന് ഒറയൊഴിച്ചോണ്ട് അമ്മിണി നിപ്പൊണ്ട്.
‘‘വല്യനാനാരേ, മേരിപ്പശു നമ്മള് വിചാരിച്ചയാളൊന്നുമല്ല കെട്ടോ. കഴിഞ്ഞ ദിവസം അവള് കയറ് പൊട്ടിച്ചു പോയി. എങ്ങോട്ടാന്നറിയാവോ?’’ അമ്മിണി ചോദിച്ചു.
‘‘എങ്ങോട്ടാ?’’ കുരിയച്ചൻ അവളെ നോക്കി.
‘‘നമ്മടെ നാണുനായരുടെ മൂരിയില്ലേ... ശൗരി! അവന്റെ അടുത്തേയ്ക്ക്. അവിടെ പിടിച്ചു കെട്ടിയിട്ടിട്ടുണ്ടെന്നാ കേട്ടെ.’’
കുരിയച്ചൻ ഒന്നും പറഞ്ഞില്ല. വേദനേടെ അൾത്താരേന്ന് കാലകത്തിവെച്ച് മൊടന്തി മൊടന്തി അയാൾ പൊരയ്ക്കകത്തേക്കു നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.