ജീവിതം തന്നോട് അങ്ങേയറ്റം ദയാപൂര്ണമായി പെരുമാറിയ ഒരു ദിവസത്തിന്റെ അവസാന മണിക്കൂറിലാണ് ജോഷ്വ പള്ളിമതിലിനു മുകളില്‍ ഒരാളിരിക്കുന്നത് കണ്ടത്. നട്ടപ്പാതിരാ നേരമാണ്. പൊന്‍കുരിശും മറ്റുമുള്ള പള്ളിയാണ്. കള്ളനാണെന്ന ആന്തലില്‍ ഒന്നൂടെ തറപ്പിച്ചു നോക്കി. മനോഹരമായ ഒരു സ്വപ്നം അവന്റെയുള്ളില്‍ പൂ വിരിയുംപോലെ വിരിഞ്ഞു. ഉള്ത്തരിപ്പില് രോമങ്ങ് നിവര്‍ന്നു.
ജോഷ്വ അരികത്ത് ചെന്നുനിന്ന് പതുക്കെ വിളിച്ചു.
‘‘പുണ്യാളാ...’’
‘‘ഉം...’’ അയാള്‍ വിളി കേട്ടു.
ഇനിയെന്താണ് ചോദിക്കേണ്ടതും പറയേണ്ടതുമെന്ന് ജോഷ്വക്ക് അറിയില്ലായിരുന്നു. അവര്‍ക്കിടയില്‍ നിശ്ശബ്ദത ഉറവ് പൊട്ടി. അതൊരു നീര്ച്ചാലാവുന്നതും അതിന്റെ പരപ്പ് കൂടിക്കൂടി വരുന്നതുമറിഞ്ഞ് ഇനി വൈകിയാല്‍ തനിക്ക് പുണ്യാളന്റെ ഹൃദയത്തിന്റെ അടുത്തെത്താന്‍ സാധിക്കണമെന്നില്ലെന്നതുകൊണ്ട് അവന് അന്വേഷിച്ചു.
‘‘പുണ്യാളന് എന്നതേലും വേണോ?’’
‘‘ഇത് തരക്കേടില്ലാത്ത ചോദ്യമാണ്. സാധാരണ എല്ലാവരും പുണ്യാളന്മാരോട് എന്നതേലും ചോദിച്ച് വാങ്ങുന്നതാ പതിവ്.’’ മതിലിനു മുകളില്‍നിന്ന് ചിരി പൊങ്ങിയപ്പോള്‍ ജോഷ്വക്കും താന്‍ ചോദിച്ച വിഡ്ഢിത്തമോര്‍ത്ത് ചിരിവന്നു.
‘‘പുണ്യാളന്മാര്ക്ക് വേണ്ടത് മെഴുതിരീം ചില്ലറത്തുട്ടുകളുമാണെന്ന് മനുഷ്യര്‍ തീര്പ്പുകൽപിച്ചു കഴിഞ്ഞില്ല്യോന്ന്’’ ചോദിക്കുമ്പോള്‍ പുണ്യാളന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നുവെന്ന് ജോഷ്വ ശ്രദ്ധിച്ചു. അവന് രൂപക്കൂടിനു മുന്നിലെ മെഴുകുതിരിത്തട്ടിലേക്ക് നോക്കി. ആരൊക്കെയോ കത്തിച്ചുവെച്ച മെഴുകുതിരികള്‍ ഇനിയും അവസാനിക്കാത്ത യാചനാപൂർണമായ പ്രാർഥനപോലെ കാറ്റിലുലഞ്ഞ് കത്തുന്നു.
താനൊരിക്കലും ഇത്തരത്തില്‍ മെഴുകുതിരികള്‍ കത്തിച്ചു പ്രാർഥിച്ചിട്ടില്ലല്ലോയെന്ന് അവനന്നേരം ഓര്‍ത്തു. പ്രാർഥിച്ചു നേടാന്‍ മാത്രം ആഗ്രഹങ്ങള്‍ തനിക്കുണ്ടായിരുന്നില്ല എന്നും. എന്നാല്‍, ഇന്ന് രൂപക്കൂടിനു മുന്നില്‍ മെഴുകുതിരി കത്തിക്കാനും മുട്ടിപ്പായി പ്രാർഥിക്കാനുമായിരുന്നു അവന് വന്നത്.
‘‘ഈ നട്ടപ്പാതിരാ നേരത്ത് വീടു പിടിക്കാതെ നീയെന്താണിവിടെക്കിടന്ന് ചുറ്റിത്തിരിയുന്നത്.’’ മതിലിനു മുകളില്‍നിന്ന് ചാടിയിറങ്ങിയവന് ചോദിച്ചു.
2
‘‘ഞാനൊരു മെഴുകുതിരി കത്തിച്ച് പ്രാർഥിക്കാന്‍ വന്നതാ. പണികഴിഞ്ഞെറങ്ങാന് വൈകി. പുണ്യാളന് ഞാന്‍ പറഞ്ഞുതരേണ്ടല്ലോ ഇസ്ഹാഖ് മുതലാളീടെ കാര്യം. എത്രനേരത്തേ പണി തീര്‍ത്താലും പിന്നേം ഒന്നും രണ്ടും പണി പറഞ്ഞ് വര്‍ക്ക്ഷോപ്പ് അടക്കാന്‍ സമ്മതിക്കൂല.’’
രണ്ടാളും റോഡരുകിലെ അക്കേഷ്യാ മരച്ചുവട്ടിലെ സിമന്റ് ബെഞ്ചിലിരുന്നു.
‘‘ഈ പാതിരാത്രിയ്ക്ക് തന്നെ വന്ന് പ്രാർഥിക്കാന്‍ മാത്രം എന്തായിരുന്നു നിനക്ക് സാധിച്ചു കിട്ടാനുണ്ടായിരുന്നത്?’’
‘‘അതൊരു വല്ല്യേ കഥയാ പുണ്യാളാ.’’ കയ്യിലെ കടലപ്പൊതി തുറന്ന് കുറച്ച് പുണ്യാളനും കൊടുത്ത് ജോഷ്വാ പറഞ്ഞു.
‘‘പറ കേള്‍ക്കട്ട്.’’ പുണ്യാളന് കടല തൊലി കളയാതെ ഒന്നിച്ച് വായിലേക്കിട്ടു.
താന്‍ പറയാതെ തന്നെ എല്ലാം അറിയേണ്ടവനാണ് മുന്നിലിരിക്കുന്നത് എന്നത് മറന്ന് ജോഷ്വാ പറഞ്ഞു തുടങ്ങി.
‘‘പറയുമ്പം എല്ലാം പറയണമല്ലോ, എന്നെ പെറ്റിട്ടപ്പൊ എനിക്ക് അപ്പച്ചന്റെ കൂട്ടുകാരന്റെ മൊഖഛായായെന്നും പറഞ്ഞ് എന്റപ്പച്ചനെന്ന കഴുവേറി ഒറ്റപ്പോക്ക്.’’
അപരിചിതന് ഒന്ന് ഞെളിപിരി കൊണ്ടു.
‘‘നീറ് കടിച്ചല്ലേ? ഈ മരത്തേല് പൂവ്വ് വിരിഞ്ഞാ നെറയെ നീറ് കാണും.’’ പുണ്യാളന്റെ തലേല് വീണ പൂവിതളില്‍ പറ്റിക്കിടന്ന നീറിനെ ശ്രദ്ധാപൂർവം എടുത്ത് ദൂരേക്ക് എറിഞ്ഞു കളയുമ്പോള്‍ ജോഷ്വാ പറഞ്ഞു.
‘‘അതൊക്കെ പോട്ടെ, നീ കാര്യത്തിലേയ്ക്ക് വാ.’’ അയാള്‍ വിരലുകളില്‍ ഞൊട്ടയിട്ടു.
‘‘അപ്പച്ചന് അപ്പോക്ക് പോയതുകൊണ്ടാവും അമ്മച്ചിക്ക് പിന്നെ തൊട്ടേനും പിടിച്ചേനുമൊക്കെ ദേഷ്യായി തൊടങ്ങീത്. എനിക്ക് തോന്നുന്നത് അമ്മച്ചിക്ക് അപ്പച്ചനെ ഒത്തിരി ഇഷ്ടായിരുന്നൂന്നാ. അതോണ്ടാവും അപ്പച്ചന് അമ്മാതിരി കന്നത്തരം പറഞ്ഞത് സഹിക്കാന്‍ മേലാത്തതും.’’
3
‘‘എന്നേലും നിന്റപ്പച്ചന്‍ തിരിച്ചുവരും. അന്നേരം നിന്റമ്മച്ചി മാപ്പും കൊടുക്കും.’’ പുണ്യാളന് പറഞ്ഞു.
‘‘തേങ്ങ്യാണ്. നിന്റെപ്പച്ചന് എന്നേലും വന്നാല്‍ നടുമ്പൊറത്തിനിട്ടു ഞാന്‍ വെട്ടുംന്ന് പറഞ്ഞേച്ച് അമ്മച്ചി ഒരു വാക്കത്തി എനിക്ക് ഓർമവെച്ച കാലം മുതല്‍ ഇറയത്ത് തിരുകിവെച്ചിട്ടുണ്ട്.’’ ജോഷ്വ ചിരിച്ചു.
‘‘ഈ പെണ്ണുങ്ങള് എന്ന് പറഞ്ഞാ തേങ്ങ പോലെത്തന്നെയാ. പുറമേയ്ക്ക് കാണിക്കുന്ന ദേഷ്യത്തിന്റേം ഗൗരവത്തിന്റേയും ചകിരീം ചെരട്ടേം പൊതിച്ച് ചെന്നാ അകത്ത് സ്നേഹത്തിന്റെ തെളിനീര് കാണാം.’’ പുണ്യാളനും ചിരിച്ചു.
‘‘അതും പറഞ്ഞ് അങ്ങോട്ട് ചെന്നേച്ചാ മതി. നടുമ്പൊറത്തിനിട്ട് കൊത്തും അമ്മച്ചി. പറഞ്ഞാ പറഞ്ഞത് ചെയ്യുന്ന എനമാ അത്.’’
‘‘നീ പ്രാർഥിക്കാന്‍ വന്നതെന്നാത്തിനാ പറ.’’ അയാള്‍ അവനെ അമ്മച്ചിയില്‍നിന്ന് വഴിതെറ്റിച്ചു.
‘‘അങ്ങനെ അമ്മച്ചീടെ ആട്ടും തുപ്പും എല്ലാര്ടേം കുത്തുവാക്കും പരിഹാസോം കേട്ട് വളര്ന്നതോണ്ട് എനിക്കൊന്നിലും ഒര് ആത്മവിശ്വാസമില്ലാര്ന്ന്. നന്നായി പഠിക്കും. പരീക്ഷയാവുമ്പൊ പനി വരും. ഒന്നും എഴുതാനാവാതെ തോല്‍ക്കും. തോല്‍വിയൊരു സ്ഥിരം പരിപാടിയായപ്പൊ അമ്മച്ചിയെന്നെ ഇസ്ഹാഖ് മൊതലാളീടെ വര്‍ക്ക് ഷോപ്പില്‍ പണി പഠിക്കാന്‍ പറഞ്ഞുവിട്ടു.’’
‘‘വേറൊരിടവും കിട്ടീലേ നിന്റമ്മച്ചിയ്ക്ക്?’’
‘‘അതല്ലേ അതിലെ മറ്റൊരു രസം. ഈ ഇസ്ഹാഖ് മൊതലാളീടെ മൊഖഛായയാ എനിക്കെന്നും പറഞ്ഞാ അപ്പച്ചന് ചവിട്ടിനെരത്തി ഇറങ്ങിപ്പോയത്. അവര്‍ കൂട്ടുകാരായിരുന്നു. ഒരു പാത്രത്തില്‍ ഉണ്ടും ഒരു പായേല് കെടന്നും വളര്ന്നോര്. എനിക്ക് കര്‍ത്താവ് തന്ന പെങ്ങളായിരുന്നു നിന്റമ്മച്ചി. അവളേം എന്നേം പറ്റി അവരാതം പറഞ്ഞ നിന്റെ തന്തയെങ്ങാനും എന്റെ കണ്‍വെട്ടത്ത് വന്നാ വെട്ടിക്കണ്ടിച്ച് പന്നിക്കിട്ടുകൊടുക്കും. കര്‍ത്താവ് പോലും എന്നോടാ കൊലയ്ക്ക് പൊറുക്കും എന്നാ ഇസ്ഹാഖ് മൊതലാളി ഇത്തിരി കള്ള് അകത്തു ചെന്നാ കരഞ്ഞും മൂക്കുപിഴിഞ്ഞും പറയാറ്.’’
പുണ്യാളന് കണ്ണടച്ച് ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ ബാക്കിക്ക് വേണ്ടി ജോഷ്വയുടെ മുഖത്ത് നോക്കി.
4
‘‘വയസ്സു പത്തു മുപ്പത്തിയഞ്ചായിട്ടും എനിക്ക് കല്ല്യാണമൊന്നുമായിട്ടില്ല. ശ്വാസകോശത്തിലൊരു മൊഴ വന്ന് ചൊമച്ചും തുപ്പീം നടക്കാ അമ്മച്ചി. എന്നാലും എനിക്കൊരു പെണ്ണിനെ നോക്കണമെന്ന് അമ്മച്ചിയ്ക്ക് തോന്നുകേല. എനിക്കാണെങ്കില്‍ എല്ലാത്തിനോടും എന്നപോലെ പെണ്ണുങ്ങളോടും ഒരു ഉള്പേട്യാ. നമ്മടെ എബ്രഹാം ഡോക്ടറുടെ മോള് ഈവ എന്റെ കൂടെ പഠിച്ചതാ. ഞാന്‍ തോറ്റ് പഠിത്തം നിര്‍ത്തി വര്‍ക്ക് ഷോപ്പില്‍ കേറീച്ചാലും എന്നെ കാണുമ്പോഴൊക്കെ അവള് കാറ് നിര്‍ത്തി എന്നതേലും ഒന്ന് പറേം. അവളുടെ കല്യാണം നാടടച്ചു വിളിച്ച കല്യാണമായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ തിന്നാത്ത പലതും ഞാനന്നാ തിന്നത്. അവള് ഭര്‍ത്താവിനൊപ്പം അമേരിക്കയിലോട്ട് പോവേം ചെയ്തു. ഈയിടെ അവള് അവധിയ്ക്ക് വന്നെന്നൊക്കെ ഞാനറിഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് ഇത്രേം കാലമായിട്ടും കുട്ടികളൊന്നുമായിട്ടില്ലെന്നും കേട്ട്.
അവളിന്ന് ഒരു കാറും കൊണ്ടും വര്‍ക്ക്ഷോപ്പില്‍ വന്ന്. ഓടിച്ചാ ഏതാണ്ട് സൗണ്ട് വരൂന്നും പറഞ്ഞ്. ഓടിച്ച് കാട്ടിത്തരാം പറഞ്ഞ് അവളെന്നേം കയറ്റി ഡ്രൈവ് ചെയ്തു. അരമണിക്കൂര്‍ ഓടിയിട്ടും പ്രത്യേകിച്ച് ഒരൊച്ചേം ഞാങ്കേട്ടില്ല. ഇതിന് പ്രത്യേകിച്ച് കൊഴപ്പമൊന്നുല്ല്യല്ലോന്ന് ഞാന്‍ പറഞ്ഞപ്പൊ അവള് കാറ് നിര്‍ത്തി. ഞാനപ്പഴാ ചുറ്റും നോക്കുന്നത്. മഴയായതുകൊണ്ട് വഴി തിരിഞ്ഞു കിട്ടീരുന്നില്ല. ഞങ്ങളൊരു കുന്നിന്റെ മുകളിലായിരുന്നു. ‘‘നീയല്ലേലും എന്നാ കണ്ണും കാതും തൊറന്ന് വെച്ച് വല്ലതും കേള്‍ക്കൂം കാണൂം ചെയ്തിട്ടുള്ളത്? നിന്നെ കാണുമ്പോഴൊക്കെയുള്ള എന്റെ കണ്ണിലെ തെളക്കോം നെഞ്ചിടിപ്പും കണ്ടാ വേറെ വല്ല ആണുങ്ങളുമായിരുന്നേല് എപ്പോഴേ കാര്യം തിരിഞ്ഞേനെ എന്നും പറഞ്ഞ് അവളെന്റെ കൈ വലിച്ചെടുത്ത് അവളുടെ നെഞ്ചത്തോട്ട് ചേര്‍ത്തുവെച്ചു.’’
‘‘നെഞ്ചല്ല, മാറ്...’’ അയാള്‍ നേര്‍ത്ത ചിരിയോടെ തിരുത്തി. ശകലം നാണത്തോടെ ജോഷ്വാ പിന്നെ നടന്നതും പറഞ്ഞു.
‘‘എനിക്കവളോട് പ്രേമമുണ്ടോ എന്നൊന്നും അവള് ചോദിച്ചില്ല. ആ കൈ പിന്നെയവിടുന്ന് എടുക്കാന്‍ സമ്മതിച്ചതുമില്ല. അവള് ഏതാണ്ടൊക്കെ എന്നെ ചെയ്തു. അങ്ങനെ പെണ്ണന്താന്നും പെണ്ണിന്റെ മണമെന്താന്നും സ്നേഹമെന്താന്നും ഞാനും അറിഞ്ഞു.’’
‘‘പെണ്ണിനെ ഞാനറിഞ്ഞു എന്ന് പറ. പെണ്ണിന്റെ സ്നേഹം! അതേപറ്റി നീ ഞെളിയണ്ട. ആ അമേരിക്കക്കാരനില്നിന്ന് ഒര് കൊച്ചുണ്ടായിരുന്നേല് അവള് നിന്നെ തേടി വരത്തില്ലായിരുന്നു.’’
‘‘അങ്ങനെ പറയല്ലേ പുണ്യാളാ. കൊച്ചുണ്ടാവാന്‍ ഇന്നത്തെ കാലത്ത് വേറെ നൂറ് വഴിയില്ലേ? ഇതവള് എന്നോടുള്ള സ്നേഹം കൊണ്ടുതന്നെ വന്നതാ.’’
5
ഏറെ അന്വേഷിച്ച് നടന്ന് കയ്യില്‍ കിട്ടിയ തിളക്കമുള്ള വസ്തു വലിച്ചെറിയാന്‍ വിസമ്മതിക്കുന്ന കുട്ടിയെപ്പോലെ ജോഷ്വ ചിണുങ്ങി.
‘‘നിന്നെയോ എനിക്ക് കിട്ടിയില്ല. നിന്റെ കൊച്ചിനേലും എനിക്ക് വേണം എന്നവള്‍ പറഞ്ഞപ്പൊ ഞാന്‍ കരഞ്ഞുപോയി പുണ്യാളാ’’ എന്ന് പറയുമ്പൊ അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
ജോഷ്വാ ആകാശത്തിലേക്ക് നോക്കി. പുലരാനിനി അധികമില്ല. ഒന്ന് ചെന്ന് കണ്ണടക്കുമ്പോഴേക്കും എന്തേലും പറഞ്ഞോണ്ട് ഇസ്ഹാഖ് മൊതലാളീടെ വിളി വരും. താനടുത്തില്ലെങ്കില് കരയില്‍ പിടിച്ചിട്ട മീന്പോലെയാണയാള് എന്നവന് തോന്നാറുണ്ട്. നീ അയാളെ ഇസ്ഹാഖ് മൊതലാളി എന്ന് വിളിച്ചാമതീന്ന് നിര്‍ബന്ധം പിടിച്ചത് അമ്മച്ചിയാണ്. നല്ല സ്വഭാവത്തിലിരിക്കുമ്പോള് ഇസ്ഹാഖ് തന്റെ തലയില്‍ തടവി. ‘‘ബുദ്ധിയ്ക്ക് അഞ്ചു പൈസ കുറവുണ്ടേലും നീ നേരും നെറിയും ഉള്ളവനാ. അതാ നിന്നെ എനിക്കിത്ര കാര്യം.’’ എന്ന് പറയാറുള്ളത് അവനോര്‍ത്തു.
‘‘ഞാന്‍ പോവാന്‍ നോക്കട്ടെ പുണ്യാളാ... ഈവയ്ക്ക് വേണ്ടിയും ഞങ്ങടെ ജനിക്കാന്‍ പോവുന്ന കുഞ്ഞിനുവേണ്ടിയും പ്രാർഥിക്കാന്‍ വന്നതായിരുന്നു.’’ ഇതു പറഞ്ഞപ്പോള്‍ താനൊരു ഗൃഹസ്ഥനായ പോലെ ജോഷ്വക്ക് തോന്നി. ഇനിയൊരിക്കലും ജീവിതം പഴയപോലെ ആവില്ല എന്നും.
‘‘ഇങ്ങോട്ട് വരുമ്പം ഇങ്ങനെ നേരിട്ട് കാണാന്‍ കഴിയുമെന്ന് ഞാങ്കരുതീതല്ല. ഞങ്ങള്‍ മരിക്കും വരെ ഞങ്ങടെ സ്നേഹത്തെ നീ കാത്തോളണേ.’’ അപേക്ഷക്ക് ഒപ്പം ജോഷ്വ പുണ്യാളനെ സൂത്രത്തില്‍ ഒന്ന് തൊട്ടു. അത് ഒരു സാധാരണ മനുഷ്യശരീരം എന്നതിനപ്പുറത്തേയ്ക്ക് പ്രത്യേകിച്ച് ഒന്നുമില്ലെന്ന് സ്പര്ശത്തിലൂടെയറിഞ്ഞു. പുണ്യാളന്മാര് ഇങ്ങനെ മുഷിഞ്ഞ വസ്ത്രം ധരിക്കുമോ എന്ന് സംശയിച്ചെങ്കിലും അവര്‍ പല വസ്ത്രത്തിലും രൂപത്തിലും വരുമെന്ന കേട്ടുകേള്‍വികൊണ്ട് ആ സംശയത്തെ മായ്ച്ചു.
‘‘എന്റെ കൂടെ പോരുന്നോ?’’ ജോഷ്വ വെറുതെയൊരു കുശലം ചോദിച്ചു. പുണ്യാളന് ഒന്നും മിണ്ടാതെ തന്റെയൊപ്പം നടന്നപ്പോള്‍ തന്റെയാ ചോദ്യം അപകടമായി എന്നവന് തോന്നി. ഒരു പുണ്യാളനെ സ്വീകരിക്കാന്‍ പറ്റിയ അവസ്ഥയിലല്ല വീട്. അമ്മച്ചീടെ രോഗവും തന്റെ അനാസ്ഥയും അതിനെ ഒരു ചവറ്റുകൂനയാക്കിയിരിക്കുന്നു. കുമ്മായമടര്‍ന്ന ഭിത്തിയും പൊളിഞ്ഞ നിലവും വാരിവലിച്ചിട്ട സാധനങ്ങളും മുഷിഞ്ഞ കീറത്തുണികളും ഒക്കെയായി.
6
അമ്മച്ചി എന്തേലുമൊക്കെ വിളിച്ചുപറഞ്ഞാലത് കണക്കിലെടുക്കേണ്ട എന്നൊരു മുന്നറിയിപ്പ് കൊടുത്താലോ എന്നാലോചിച്ചെങ്കിലും, പുണ്യാളനെ തനിക്കല്ലാതെ മറ്റാര്‍ക്കും കാണാന്‍ കഴിയുമായിരിക്കില്ല എന്ന തോന്നലില്‍ ആ ആലോചന അവസാനിപ്പിച്ചു.
വാതില്‍ ചെതല് തിന്ന് പോയതിന് പകരം വെച്ച തകരഷീറ്റ് നീക്കി അകത്തു കയറുമ്പോള്‍ താനിനി ജീവിതത്തെ കുറച്ചുകൂടെ നന്നായി പരിപാലിക്കേണ്ടതുണ്ടെന്ന് അവന് തോന്നി. ഇപ്പൊ പുണ്യാളന്! ഇനിയും ആരെങ്കിലുമൊക്കെ ഇതുപോലെ വന്നൂടായ്കയില്ല. ഈവ ഇനിയത്തെ വരവിന് കൊച്ചിനേംകൊണ്ട് ചെലപ്പൊ വരുവായിരിക്കും. കൊച്ച് അവന്റെയപ്പന് ജീവിക്കുന്ന സ്ഥലോം രീതിയും കണ്ട് നാണംകെടരുത്. എല്ലാ കാര്യങ്ങള്‍ക്കും ഒരു മാറ്റം വരുത്തണം. ജോഷ്വക്ക് ആകെപ്പാടെ ഒരു ഉത്സാഹം തോന്നി.
അവന് പലകയിട്ട് പാത്രം വെച്ച് ചോറും മീങ്കറീം വെളമ്പി. പുണ്യാളനെ കഴിക്കാന്‍ വിളിച്ചു. ചോറിന്റെ അരികില്‍ കൂര്ക്കത്തോരന് വിളമ്പി.
അകത്തേ മുറിയില്‍നിന്ന് കാറിക്കൊര കേട്ടപ്പോള്‍ ജോഷ്വ ആ ഒച്ചയെ പരിചയപ്പെടുത്തി. ‘‘അമ്മച്ചിയാ.’’
പുണ്യാളന്റെ ആര്‍ത്തിപിടിച്ച തീറ്റ കണ്ടപ്പോള്‍ ‘‘ഇവരുടെ മനസ്സും വയറുമാ നിറയേണ്ടത്. എന്നാലേ അനുഗ്രഹത്തില്‍ നിറവുണ്ടാകൂ’’ എന്ന് തന്നെത്താന്‍ പറഞ്ഞ് തനിക്ക് വിളമ്പാന്‍ കരുതിയതുകൂടെ ആ പാത്രത്തിലേക്കിട്ടു.
‘‘അമ്മച്ചീടെ മീങ്കറീം കൂര്ക്കത്തോരനും ഒരിക്കെ കഴിച്ചാ പിന്നെയത് മറക്കേല.’’ ജോഷ്വ പറഞ്ഞു.
‘‘നേരാ.’’ പുണ്യാളന് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
‘‘ഏതാടാ പാതിരാത്രിയ്ക്ക് നിനക്കൊപ്പം മറ്റൊരു നാറി?’’
അമ്മച്ചീടെ ശബ്ദം കേട്ട് രണ്ടാളും ഞെട്ടിച്ചാടി.
പുണ്യാളനെ അമ്മച്ചി എങ്ങനെ കണ്ടെന്ന് അവനന്തം വിട്ടു. ഒച്ചവിളീം പ്രാക്കുമൊക്കെയാണ് രീതിയെങ്കിലും അമ്മച്ചീടെ ഉള്ള് ശുദ്ധമായതോണ്ടാവും എന്നവന് ഊഹിച്ചു.
‘‘ഇത് പുണ്യാളനാ...’’ ജോഷ്വ പറഞ്ഞു.
‘‘ത്ഫൂ...’’ അമ്മച്ചീടെ ആട്ടിന്റെ ശക്തിയില്‍ താന്‍ തലയടിച്ച് വീണോ എന്നവന് ശങ്കിച്ചു. ജോഷ്വ പുണ്യാളനെ നോക്കി. ആട്ട് കണക്കിലെടുക്കാതെ തലതാഴ്ത്തി ചോറ് വാരിത്തിന്നുകയാണ്.
7
ഒരു കനത്ത ചങ്ങലച്ചുമ അമ്മച്ചിയെ വീണ്ടും മുറിയിലെ ഇരുട്ടിലേക്ക് തിരിച്ചുവലിച്ചിട്ടപ്പോള് അവന് ആശ്വാസം തോന്നി. ഇനി അടുത്തൊന്നും ആ കുരയടങ്ങി അമ്മച്ചി പുറത്ത് വരില്ലെന്ന് അവനറിയാം.
‘‘ഞാനിവിടെ കിടന്നോളാം.’’ പുണ്യാളന് പുറന്തിണ്ണ ചൂണ്ടി പറഞ്ഞു.
വേണ്ട, അകത്ത് കിടക്കാം, എന്ന് പറയാന്‍ തോന്നിയെങ്കിലും ജോഷ്വ പറഞ്ഞില്ല. പുണ്യാളനാണ്! സകല ചരാചരങ്ങളെയും സഹാനുഭൂതിയോടെ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടവന്‍. നക്ഷത്രങ്ങളുടെ കാവലില്‍ ഉറങ്ങേണ്ടവന്‍. അവനെ ഒരു മുറിയില്‍ അടച്ചിടുന്നത് ശരിയല്ല.
അമ്മച്ചീടെ പ്രാക്കും കൊലവിളീം കേട്ടാണ് ജോഷ്വ ഏതോ ലോകത്തുനിന്ന് ഇറങ്ങിവന്ന് ഭൂമിയിലെ വെളിച്ചത്തിലേക്ക് കണ്ണുതുറന്നത്. നേരം വെളുത്തുവരുന്നതേയുള്ളൂ. അപ്പോഴേക്കും എന്നതാ പ്രശ്നം എന്നവന് അന്തംവിട്ടു.
‘‘അരിപ്പാത്രത്തിലെ കാശുകുടുക്കേം എന്റെ കഴുത്തിലെ ഇത്തിരിമിന്നും കാണാനില്ല. അതുംകൊണ്ടല്ലാതെ നീയിനി ഇതിനകത്തേയ്ക്ക് കയറേണ്ട, നാശം പിടിച്ചവനുണ്ടായവനേ.’’ അമ്മച്ചി കാലുയര്‍ത്തി ചവിട്ടും മുന്നെ ജോഷ്വ ഉടുമുണ്ട് വാരി ചുറ്റി പുറത്തിറങ്ങി.
പുണ്യാളന്മാരും വിശുദ്ധാത്മാക്കളും പകല്‍വെളിച്ചത്തില്‍ പുറത്തിറങ്ങാറില്ല എന്ന നിയമമൊക്കെ അറിയുമെങ്കിലും അവന് പള്ളിക്ക് നേരെത്തന്നെ നടന്നു. മറ്റെവിടെയും അവന് പോവാനുണ്ടായിരുന്നില്ല. ആദ്യമായി അവന് ഇസ്ഹാഖ് മൊതലാളിയുടെ ഫോണ്‍ കോളുകള്‍ക്ക് നേരെ നിശ്ശബ്ദനായി. താനൊരു കള്ളനെയാണ് തലേന്ന് രാത്രി പരിചയപ്പെട്ടതെന്ന് വിശ്വസിക്കാന്‍ അവന്റെ മനസ്സ് വിസമ്മതിച്ചു.
അതുകൊണ്ടുതന്നെ രൂപക്കൂടിനടുത്ത് ചെന്നു നിന്ന് ആരും കേള്‍ക്കാതെ ജോഷ്വ പതുക്കെ ചോദിച്ചു. ‘‘അമ്മച്ചീടെ കാശും മാലയും എന്നാ ചെയ്തു? നേരാവണ്ണം ചോദിച്ചാ തന്നെ അമ്മച്ചിയത് തന്നേനെ. അതില്ലാതെ എനിക്ക് തിരിച്ച് പോവാന്‍ പറ്റത്തില്ല കെട്ടോ.’’
മെഴുകുതിരിയുമായി കുറച്ച് പെണ്‍കുട്ടികള്‍ പരീക്ഷാ പ്രാർഥനക്കുവന്നു. അവരുടെ കണ്ണടച്ചുള്ള നിൽപു കണ്ടപ്പോള്‍ അവന് ചിരിവന്നു. എന്താണ് ഇവറ്റോള്‍ടെ വിചാരം. ഇതാണ് ഏറ്റവും വലിയ പ്രതിസന്ധി എന്നോ? ജീവിതം നടത്തുന്ന പരീക്ഷകള്‍ വെച്ചുനോക്കുമ്പോള്‍ ഇതൊക്കെ വെറും...
8
പിള്ളേരുകളിയായിരുന്നുവെന്ന് ഒരുകാലത്ത് അവരറിയും. ജോഷ്വ പള്ളിയുടെ പിന്നാമ്പുറത്തേക്ക് നടന്നു.
സെമിത്തേരിയുടെ ഭാഗത്തേക്കാണ് അവന് നടന്നത്. അവിടെ എത്തും മുന്നെയുള്ള മരത്തണലില്‍ പുണ്യാളന് ഇരിക്കുന്നത് അവന് കണ്ടു. അവന് ആശ്വാസമായി. അപ്പൊ കള്ളനല്ല! കള്ളനാണേല്‍ ഇങ്ങനെ പിടികിട്ടുന്ന പാകത്തിന് ഇരിക്കില്ലല്ലോ.
തലകുനിച്ചിരിക്കുന്ന പുണ്യാളന്റെ മുഖം പിടിച്ച് തനിക്ക് നേരെ ഉയര്‍ത്തി ജോഷ്വ ചോദിച്ചു.
‘‘അമ്മച്ചീടെ മാലേം കാശും എന്നാ ചെയ്തു?’’
‘‘അരിപ്പാത്രത്തിലെ കാശല്ലേ? അതവിടെത്തന്നെ ഉണ്ട്. അവള് വെപ്രാളത്തില്‍ തപ്പീട്ട് കാണാത്തതാ. മാല പൊട്ടിവീണത് അവളുടെ ബ്ലൗസിനുള്ളീ കെടപ്പുണ്ട്.’’
ജോഷ്വ തന്റെ പഴുക്ക അടക്ക നിറമുള്ള കണ്ണുകള്‍ അതുവരെയില്ലാത്ത ആത്മവിശ്വാസത്തില്‍ അയാളുടെ കണ്ണുകളില്‍ നേര്‍ക്കുനേര്‍ ഉറപ്പിച്ചുവെച്ച് ചോദിച്ചു.
‘‘സത്യം പറ, നിങ്ങള്‍ ശരിക്കും പുണ്യാളനോ? അതോ മനുഷ്യനോ?’’
‘‘രണ്ടിനും ഇടയിലൊരാള്‍.’’ വിറക്കുന്ന ശബ്ദത്തില്‍ ഉത്തരം വന്നു.
ജോഷ്വയുടെ കണ്ണില്‍നിന്നും തന്റെ കണ്ണുകള്‍ വലിച്ചു പറിച്ചെടുത്ത് വിദൂരതയിലേക്ക് നോക്കി വലിയൊരു മഹാസത്യം അനാവരണം ചെയ്യുന്നപോലെ അയാള്‍ പറഞ്ഞു.
‘‘പക്ഷേ നിന്റെ അമ്മച്ചിയുണ്ടല്ലോ അവള് വെറും മനുഷ്യത്തിയാ. ശരിക്കുമൊള്ള പെണ്ണ്...’’
അയാള്‍ മരത്തണലില്നിന്നെഴുന്നേറ്റ് ശവക്കല്ലറക്ക് നേരെ നടക്കുന്നത് ജോഷ്വ നോക്കിനിന്നു.
അയാളുടെ നടുമ്പൊറത്ത് ആരോ വാക്കത്തിക്ക് വെട്ടിയപോലൊരു മുറിവ് വാ പിളര്‍ത്തി നില്ക്കുന്നതും കീറിയ ഷര്‍ട്ട് ചോരയില്‍ കുതിര്‍ന്ന് അതില്‍ ഒട്ടിപ്പിടിച്ച് നില്ക്കുന്നതും അവന് കണ്ടു.
പുണ്യാളാ... എന്ന് വിളിക്കാനോങ്ങിയ അവന്റെ തൊണ്ടയില്‍ പൊടുന്നനെ മറ്റൊരു പദം വിലങ്ങടിച്ച് നിന്ന് ശ്വാസംമുട്ടി.
അവന് ഓക്കാനിച്ചു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.