പ്രതിമ

1 പെട്ടെന്നാണ് മാഷ് ആ കാഴ്ച കണ്ടത്. നാളത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചോർത്തപ്പോൾ മാഷ് ധൃതിയിൽ ബസിലെ സീറ്റിൽനിന്നും ചാടി എഴുന്നേറ്റു. ‘‘ബസ്​ നിർത്തൂ... നിർത്തൂ... എനിക്കിറങ്ങണം.’’ മാഷിന്റെ അലർച്ചകേട്ട് മാഷെ പ്രാകിക്കൊണ്ട് കണ്ടക്ടർ ബെല്ലടിച്ചു. ബസ്​ പിടിച്ചുനിർത്തിയതുപോലെ നിന്നു. മാഷ് ആ ബസിലെ സ്​ഥിരം യാത്രക്കാരനായിരുന്നുവെങ്കിലും ആ പരിചയമൊന്നും കാണിക്കാതെ ബസ്​ നിർത്തേണ്ടിവന്നതിന്റെ ദേഷ്യത്തിൽ കണ്ടക്ടർ മുഴുത്ത തെറി പറഞ്ഞു. മാഷ് ബസിൽ നിന്നും ചാടിയിറങ്ങിയതും കണ്ടക്ടർ വീണ്ടും ബെല്ലടിച്ചു. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ മാഷ് റോഡിനു കുറുകെ കടന്നു. ഏറെ അപകടം...

1

പെട്ടെന്നാണ് മാഷ് ആ കാഴ്ച കണ്ടത്. നാളത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചോർത്തപ്പോൾ മാഷ് ധൃതിയിൽ ബസിലെ സീറ്റിൽനിന്നും ചാടി എഴുന്നേറ്റു.

‘‘ബസ്​ നിർത്തൂ... നിർത്തൂ... എനിക്കിറങ്ങണം.’’

മാഷിന്റെ അലർച്ചകേട്ട് മാഷെ പ്രാകിക്കൊണ്ട് കണ്ടക്ടർ ബെല്ലടിച്ചു. ബസ്​ പിടിച്ചുനിർത്തിയതുപോലെ നിന്നു. മാഷ് ആ ബസിലെ സ്​ഥിരം യാത്രക്കാരനായിരുന്നുവെങ്കിലും ആ പരിചയമൊന്നും കാണിക്കാതെ ബസ്​ നിർത്തേണ്ടിവന്നതിന്റെ ദേഷ്യത്തിൽ കണ്ടക്ടർ മുഴുത്ത തെറി പറഞ്ഞു. മാഷ് ബസിൽ നിന്നും ചാടിയിറങ്ങിയതും കണ്ടക്ടർ വീണ്ടും ബെല്ലടിച്ചു. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ മാഷ് റോഡിനു കുറുകെ കടന്നു. ഏറെ അപകടം നിറഞ്ഞ പ്രവൃത്തിയാണെങ്കിൽ കൂടിയും ആ യാത്ര അപ്പോൾ അനിവാര്യമായിരുന്നു. എവിടെനിന്നോ സംഭരിച്ച ധൈര്യവുമായി മാഷ് നിറം മങ്ങി, വെയിലത്ത് കരുവാളിച്ച ഗാന്ധിപ്രതിമക്ക് അരികിൽ ചെന്ന് ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.

പ്രതിമയുടെ ഇടതുകണ്ണിന്റെ ഒരു ഭാഗം അടർന്നുപോയിരിക്കുന്നത് മാഷ് അപ്പോഴാണ് കണ്ടത്. മാഷിന് എന്തെന്നില്ലാത്ത നിരാശ തോന്നി. ബസിലിരുന്ന് നോക്കിയപ്പോൾ അത് വ്യക്തമായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് പ്രതിമ സ്​ഥാപിച്ച ദിവസം നാട്ടിൽ വലിയ സാംസ്​കാരിക പരിപാടിയൊക്കെയുണ്ടായിരുന്നു. പിന്നീട് ഗാന്ധിജയന്തി ദിനത്തിൽ പ്രതിമയിൽ പൂക്കൾ സമർപ്പിക്കലും മാലയിടലുമൊക്കെ ഓരോ വർഷവും നടന്നു. കാലം ചെല്ലുന്തോറും അതെല്ലാം ഓർമയായി. ഇപ്പോൾ ആരും പ്രതിമക്കരികിലേക്ക് പോകാറുപോലുമില്ല. പ്രതിമ ഇരിക്കുന്ന സ്​ഥലം ആദരണീയനായ ഗാന്ധിയൻ കുമാരേട്ട​േന്റതായിരുന്നു. തൂവെള്ള ഖദറിനുള്ളിൽ ഗാന്ധിയൻ ആദർശങ്ങളുടെ വെണ്മയുമായി നാട്ടുകാരുടെ ഹൃദയത്തിൽ ഇടംനേടിയ കുമാരേട്ടൻ. കുമാരേട്ടൻ ജീവിച്ചിരുന്നപ്പോൾ തന്നെ തന്റെ കാലശേഷം ആ സ്​ഥലം ഗാന്ധിപ്രതിമ സ്​ഥാപിക്കാനും ഗാന്ധിസ്​മാരക ലൈബ്രറി തുടങ്ങാനും കുടുംബട്രസ്​റ്റിനെ ഏൽപിച്ചു. ലക്ഷ്യം ഗാന്ധിയൻ ആദർശങ്ങളുടെ വീണ്ടെടുപ്പായിരുന്നു. പക്ഷേ, കുമാരേട്ടന്റെ മരണശേഷം മക്കൾക്ക് ഇതിലൊന്നും വലിയ താൽപര്യമുണ്ടായില്ല. പ്രതിമ പേരിന് സ്​ഥാപിച്ചൂന്ന് മാത്രം. ലൈബ്രറിയുടെ പ്രവർത്തനവും കാലപ്രവാഹത്തിൽ നിലച്ചു.

ധർമത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയുമെല്ലാം മൂല്യങ്ങൾക്കു മുന്നിൽ മാഷ് തലതാഴ്ത്തി നിന്നു. മാഷ് ഗാന്ധിയെ ഓർത്തു. മഹത് വചനങ്ങൾ ഓർത്തു. പ്രതിമയിലെ മാലിന്യം കളഞ്ഞ് പരിശുദ്ധമാക്കണമെന്ന ചിന്തയിലായി മാഷ്. ആദ്യം ഒരു ബക്കറ്റ് വെള്ളം സംഘടിപ്പിക്കണം. ഒരു തോർത്തുമുണ്ട് വാങ്ങണം. ഒരു ഗോവണി വേണം. അവിടെ അടുത്തുകണ്ട കടയിൽനിന്ന് മാഷ് ഒരു ബക്കറ്റും തോർത്തും വാങ്ങി. പൂമാലകളും ബൊക്കകളും വിൽക്കുന്ന അവിടത്തെ ആകെയുള്ള കടയ്ക്ക് പെയിന്റടിക്കാൻ വന്നവർ മതിലിൽ ചാരി​െവച്ചിരുന്ന ഗോവണി മാഷിന്റെ ശ്രദ്ധയിൽപ്പെട്ടു. മാഷ് ആ ഭാരമുള്ള ഗോവണിയുമെടുത്തു പ്രയാസപ്പെട്ട് നടന്നു. പിന്നെ അത് ഗാന്ധി പ്രതിമയ്ക്കരികിൽ ചാരി​െവച്ചു. പൈപ്പിൽനിന്നും വെള്ളം ബക്കറ്റിലെടുത്ത് ഗോവണിയിലൂടെ മുകളിലേക്ക് കയറി. ബക്കറ്റിലെ വെള്ളത്തിൽ തോർത്ത് മുക്കിയെടുത്തു. നനച്ച തോർത്തുകൊണ്ട് പ്രതിമയുടെ മുഖം മാഷ് അമർത്തി തുടച്ചു. സമാധാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടുകൾ മാഞ്ഞു. ചളിയും പൊടിയും കാക്കക്കാഷ്​ഠത്തിന്റെ ഉണങ്ങിയ പാടുകളും മാറി പ്രതിമയുടെ മുഖം തെളിഞ്ഞു. മാഷ് ആ പ്രതിമക്ക് മുന്നിൽ തലകുനിച്ചുനിന്നു. ഇതാ ഈ നാട്ടിൽ വീണ്ടും ഗാന്ധിയുടെ മുഖം വിടരുന്നു.

വഴിയേ പോയവർ ആ കാഴ്ച നോക്കി അത്ഭുതം കൂറി. ചിലർ മൊബൈലിൽ ഫോട്ടോകളും വീഡിയോയുമെടുത്തു. ക്ഷീണം ​േതാന്നിയെങ്കിലും മാഷ് ബക്കറ്റിൽ പിന്നെയും, പിന്നെയും വെള്ളമെടുത്തുകൊണ്ടുവന്നു. വീണ്ടും ഗോവണി ചവിട്ടിക്കയറി, പിന്നെയും തോർത്ത് വെള്ളത്തിൽ മുക്കി തുടയ്ക്കാൻ തുടങ്ങി. സമയം കടന്നുപോയിക്കൊണ്ടിരുന്നു.

പെട്ടെന്നാണ് ഒരു പോലീസ്​ ജീപ്പ് കുതിച്ചുപാഞ്ഞ് അവിടെ വന്നുനിന്നത്. ജീപ്പിലിരുന്ന രണ്ടുപേർ മാഷിന്റെ നേരെ കൈ ചൂണ്ടി. ജീപ്പിൽനിന്ന് എസ്​.ഐ ചാടിയിറങ്ങി. എസ്​.ഐയുടെ കാർക്കശ്യമുള്ള ശബ്ദം,

‘‘ഗാന്ധിപ്രതിമയ്ക്കരികിൽ എന്താടാ കിളവാ കാര്യം?’’

മാഷ് മറുപടി പറയാതെ തന്റെ കർമം തുടർന്നു.

എസ്​.ഐ ചോദ്യം ആവർത്തിച്ചു. മാഷ് നിശ്ശബ്ദത തുടർന്നു. പിന്നെയും ഒരു പോലീസ്​ ജീപ്പുകൂടി പാഞ്ഞെത്തി. പെട്ടെന്ന് അവിടം പോലീസുകാരുടെ അധീനതയിലായി. ഏതോ ഒരു തരം ഉൾക്കിടിലം മാഷിൽ വന്ന് പൊതിഞ്ഞു.

ഭീതിയുടെ പരിവേഷത്തോടെ ശരീരം നിറയെ കുളിരുകൾ പൊട്ടി.

എസ്​.ഐ അരിശത്തോടെ ഗോവണിയുടെ രണ്ട് ചവിട്ടുപടി കയറി മാഷിന്റെ ഷർട്ടിന്റെ കോളറിനു പിടിച്ച് താഴേക്കു വലിച്ചിട്ടു. മാഷ് താഴേക്കു വീണതും എസ്​.ഐ ബൂട്ടിനു ചവിട്ടി. മാഷിന്റെ മുഖം കടലാസുപോലെ വിളറിവെളുത്തു.

എസ്​.ഐ ആ പരിസരമാകെ കണ്ണോടിച്ചു. പ്രതിമയുടെ താഴെ അടർന്നുവീണ കണ്ണിന്റെ ഭാഗം കുറെ പരിശോധനകൾക്കിടയിൽ കരിയിലകളിൽ മറഞ്ഞുകിടന്നത് എസ്​.ഐ കണ്ടെടുത്തു. പോക്കറ്റിൽനിന്ന് കർച്ചീഫെടുത്ത് അത് പൊതി​െഞ്ഞടുത്ത് ജീപ്പിൽ ൈഡ്രവറുടെ സീറ്റിനടുത്തായി സുരക്ഷിതമായി ​െവച്ച ശേഷം എസ്​.ഐ പറഞ്ഞു.

‘‘കേറടോ ജീപ്പിലേക്ക്...’’

എസ്​.ഐ മാഷെ കഴുത്തിനു പിടിച്ചു വലിച്ച് ജീപ്പിലേക്കു കയറ്റിയശേഷം ഇവനൊന്നും നയാപൈസയുടെ ബോധമില്ലെന്നും നാട്ടിൽ രാഷ്ട്രീയ ലഹളയുണ്ടാകാൻ ഇത്രയൊക്കെ മതിയെന്നും സ്വയം പറഞ്ഞു.

എസ്​.ഐ ചോദിച്ചു.

‘‘എന്താടോ പണി?’’

‘‘ഗവൺമെന്റ് സ്​കൂളിൽ മലയാളം മാഷായിരുന്നു. റിട്ടയറായി.’’

മാഷ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

എസ്​.ഐയുടെ നെറ്റി ചുളിഞ്ഞു.

‘‘ഇപ്പോൾ?..’’

‘‘പണിക്കർ പി.എസ്​.സി കോച്ചിങ് സെന്ററിൽ മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വ്യാകരണ ക്ലാസ്​ എടുക്കുന്നു.’’

മാഷ് പിന്നെയും പലതും പറഞ്ഞെങ്കിലും എസ്​.ഐ ഗൗനിച്ചതേയില്ല.

എസ്​.ഐയുടെ കാർക്കശ്യമുള്ള ശബ്ദം. ‘‘താൻ ഏതു പാർട്ടിക്കാരനാ?..’’

മാഷ് മറുപടി പറഞ്ഞില്ല. ഓർത്തിരിക്കെ, അണപൊട്ടുന്നതുപോലെ അവിടം വാഹനങ്ങൾകൊണ്ടു നിറഞ്ഞു.

മാഷിനൊന്നും മനസ്സിലായില്ല. എന്താണ് താൻ ചെയ്ത കുറ്റം. ആർക്കും വേണ്ടാതെ, നോക്കാൻ ആളില്ലാതെ ഒരുകാലത്ത് നാടിന്റെ വിളക്കായിരുന്ന ഗാന്ധിപ്രതിമയെ ജീവസ്സുറ്റതാക്കാൻ ശ്രമിച്ചതോ?..

ഗാന്ധി ആരുടെയെങ്കിലും സ്വന്തമാണോ?..

രാഷ്ട്രപിതാവ് ആരുടെയെങ്കിലും സ്വത്താണോ?.. ആർക്കും ആ ആദർശങ്ങളിൽ വിശ്വസിക്കാം, ആർക്കും ആ ആദർശങ്ങളെ ചുമലിലേറ്റാം. ശിരസ്സിൽ വഹിക്കാം. ജീവിതത്തിൽ പകർത്താം. മാഷിന്റെ ചിന്തകൾ കടിഞ്ഞാണില്ലാതെ കുതിരയെപ്പോലെ പാഞ്ഞു. തീക്ഷ്ണമായ ചിന്തകളിൽനിന്ന് അടിപതറാൻ പാടില്ലെന്ന് മാഷ് ഉറപ്പിച്ചു. എവിടെയും പൊടിപടലങ്ങളായിരുന്നു. പൊടികയറി കണ്ണു ചുവന്നു. കാഴ്ച മങ്ങി. ആകാശത്തിനു പ്രതീക്ഷയില്ലാത്ത ഒരു നരച്ച നിറം. ആകാശത്തിലൂടെ പ്രകമ്പനം കൊള്ളിച്ച് ഒരു വിമാനം പറന്നുയർന്നു. മേഘ​േക്കാട്ടകൾ അതിവേഗത്തിൽ മിന്നിമറഞ്ഞു. പോലീസ്​ ജീപ്പ് മാഷുമായി സ്​റ്റേഷനിലേക്ക് പാഞ്ഞു.

2

എസ്​.ഐക്ക് ആരുടെയോ കനത്ത നിർദേശം കിട്ടിയിരുന്നുവെന്ന് സ്​റ്റേഷനിലെത്തിയതോടെ മാഷിനു മനസ്സിലായി.

ഗാന്ധിപ്രതിമയെ പരിശുദ്ധമാക്കാനാണ് ശ്രമിച്ചതെങ്കിലും പ്രതിമ തകർക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്​.

ചുരുങ്ങിയ സമയത്തിനുള്ളിൽ മാഷെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ഒരു വലിയൊരു അന്വേഷണം നടത്തി അറിഞ്ഞതിന്റെ അഭിമാനത്തിൽ എസ്​.ഐ പറഞ്ഞു.

‘‘താങ്കളുടെ ഹിസ്​റ്ററി ഞാനെടുത്തു. കോളേജിൽ പഠിക്ക്ണകാലത്ത് കൺസെഷൻ പ്രശ്നത്തിൽ ൈപ്രവറ്റ് ബസ്​ തകർത്തതിന് ഒരു കേസുണ്ട്.

ആ പ്രശ്നത്തിൽ പ്രതികളെ കോളേജിൽ കയറി പോലീസ്​ പിടികൂടാനെത്തിയപ്പോൾ പോലീസിനെ ആക്രമിച്ചതിനും, പോലീസ്​ സ്​റ്റേഷൻ മാർച്ച് നടത്തി സ്​റ്റേഷനിലേക്ക് കല്ലെറിഞ്ഞതിനും പിന്നെയും കേസ്​. ആള് പഴയ ഒരു തീപ്പൊരിയായിരുന്നു. വീണ്ടും ആ വിപ്ലവം തലപൊക്കിയതാണെങ്കിൽ ഞാൻ പണി പാളിക്കുമെന്നോർത്തോ?..’’

എന്താടോ നാവിറങ്ങി പോയോയെന്ന് എസ്​.ഐ ദേഷ്യത്തോടെ ചോദിച്ചു.

മാഷ് മറുപടി പറയാതെ കുറെ നേരം ആലോചനകളിൽ നിന്നശേഷം പറഞ്ഞു.

‘‘സാറെ ഇവിടത്തെ കോൺസ്​റ്റബിൾ നാരായണൻ എന്റെ സഹപാഠിയാ. ആളോട് ചോദിച്ചാൽ എന്നെക്കുറിച്ച് എല്ലാമറിയാം. സാറ് അന്വേഷിച്ചു ബുദ്ധിമുട്ടി വെറുതേ സമയം കളയണ്ട.’’

കോൺസ്​റ്റബിൾ നാരായണൻ ഇന്ന് ലീവാണല്ലോയെന്നും പറഞ്ഞ് മാഷിനോട് ഒന്നു മുറിയ്ക്ക് പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് എസ്​.ഐ മൊബൈലിൽ നാരായണനെ വിളിച്ചു.

ഫോൺ സംസാരം കഴിഞ്ഞപ്പോൾ എസ്​.ഐ ശാന്തനായി മാഷെ അകത്തേക്കു വിളിച്ചു.

‘‘വെറുമൊരു പ്രതിമയ്ക്ക് വേണ്ടി ഇങ്ങനെ പുലിവാല് പിടിച്ച് പൊട്ടനാകാനും ആളുണ്ടെല്ലോ ഈ കാലത്ത്... മാഷാണുപോലും മാഷ്. വീട്ടിൽ മക്കളാരെങ്കിലുമുണ്ടെങ്കിൽ വിളിക്ക്. അല്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും.

എന്റെ അപ്പനും ഒരു സ്​കൂൾ അധ്യാപകനായിരുന്നതുകൊണ്ട് പറഞ്ഞതാ.’’

എസ്​.ഐ ഒന്നു തണുത്തു.

മൊബൈൽ സ്വിച്ച് ഓഫാ സാറെ, ചാർജില്ലെന്ന് മാഷ് പറഞ്ഞെങ്കിലും എസ്​.ഐ അത് ഗൗനിച്ചതേയില്ല.

എസ്​.ഐക്ക് പിന്നെയും ഫോൺ വന്നപ്പോൾ എസ്​.ഐ അതിന്റെ തിരക്കിലായി.

മന്ത്രി ബിനാമി പേരിൽ നടത്തുന്ന നഗരത്തിലെ ബാറിൽ ഒരുത്തൻ കുടിച്ച് അലമ്പുണ്ടാക്കുന്നു, വേഗം വണ്ടിയെടുക്കാൻ പറഞ്ഞ് എസ്​.ഐയും സംഘവും പെട്ടെന്നു പോയി. ചിന്തകൾകൊണ്ട് കാടുകയറിയ മനസ്സുമായി പോലീസ്​ സ്​റ്റേഷനു പുറത്തെ ഘനീഭവിച്ച ഇരുട്ടിലേക്ക് മാഷ് നോക്കിയിരുന്നു. സ്​റ്റേഷനിൽ ആകെയുള്ളത് രണ്ട് പോലീസുകാരായിരുന്നു. മധ്യവയസ്​കനായ പോലീസുകാരൻ കസേരയിൽ ചെറിയ തലയിണ ചാരി​െവച്ച് ഉറക്കത്തിലായിരുന്നു.

ചെറുപ്പക്കാരനായ രണ്ടാമൻ മൊബൈലിൽ സംസാരത്തിലായിരുന്നു. പതിഞ്ഞ ശബ്ദത്തിലായിരുന്നു സംസാരം. സംസാരത്തിനിടെ ഇടയ്ക്കിടെ ആ പോലീസുകാരൻ മാഷെ നോക്കി. മണിക്കൂറുകൾ കടന്നുപോയി.

പെട്ടെന്ന് സൈക്കിളിന്റെ ബെല്ലടി.

പത്രമിടുന്ന പയ്യൻ. മകന്റെ കൂട്ടുകാരനാണ്. വിനു. മാഷെ കണ്ട് വിനു ഓടിവന്നു. മൊബൈൽ സ്വിച്ച് ഓഫായതിനാൽ വിനുവി​േനാട് മാഷ് മകനെ വിളിക്കാൻ പറഞ്ഞു. വിനു വിളിച്ചെങ്കിലും മകന്റെ മൊബൈൽ ഔട്ട് ഓഫ് കവറേജായിരുന്നു. ആലോചനകളോടെ മാഷ് പോക്കറ്റിൽനിന്നും പേനയെടുത്ത്, തുണിസഞ്ചിയിലെ ബാഗിൽനിന്ന് കടലാസെടുത്ത് മകൻ ശ്രീനാഥിന് കൊടുക്കാൻ നടന്ന കാര്യങ്ങൾ എഴുതി വിനുവിനെ ഏപേിച്ചു.

വിനു സൈക്കിളിൽ ചീറിപ്പാഞ്ഞു.

3

ഈ സമയം മാഷിന്റെ മകൻ ശ്രീനാഥ് ചാരുകസേരയിൽ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.

മുറ്റത്തെ വലിയ മാവ് കനത്ത വെയിൽ താങ്ങാനാകാതെ ഉണങ്ങിത്തുടങ്ങിയിരിക്കുന്നത് അവൻ കണ്ടു. ഇലകളിൽ ചാരനിറം. മരണം അടുത്തെത്തിയതിന്റെ നിരാശയിൽ അത് തലതാഴ്ത്തിനിൽക്കുന്നതുപോലെ. എയർപോർട്ട് വന്നതോടെ മരങ്ങൾക്കും നാശം സംഭവിച്ചുതുടങ്ങിയിരിക്കുന്നു. വിമാനത്തിന്റെ ഒച്ചയും ബഹളവും മരങ്ങൾക്കും ഭീഷണിയാണ്. വീർപ്പുമുട്ടിക്കുന്ന ഒരുതരം ശൂന്യത അവന് അനുഭവപ്പെട്ടു. പെട്ടെന്ന് മുറ്റത്തേക്ക് ആരോ വെപ്രാളത്തോടെ സൈക്കിളിൽ പാഞ്ഞുവരുന്ന ശബ്ദം. ആ ശബ്ദം അവനെ ചിന്തകളിൽനിന്നുണർത്തി. വിനുവാണ്. പരിഭ്രാന്തി ബാധിച്ച കണ്ണുകൾകൊണ്ട് വിനു അവനെ ഉറ്റുനോക്കി. ആ കണ്ണുകളിൽ ഭയം ഉറഞ്ഞുകൂടിക്കിടന്നിരുന്നു. പരിഭ്രമ

ത്തോടെ വിനു പറഞ്ഞു.

‘‘എടാ നിന്നെ ഞാൻ എത്രവിളിച്ചു...’’

പോക്കറ്റിൽനിന്നും കത്തെടുത്ത് അവൻ നീട്ടി.

‘‘ ദേ, അച്ഛൻ തന്നതാ. വേഗം വായിക്ക്.’’

അതും പറഞ്ഞ് വിനു കിതച്ചു. കത്ത് വായിച്ച് അവനിൽ ഞെട്ടലുണ്ടായി. പത്രമിടാനുള്ള തിരക്കും പറഞ്ഞ് വിനു യാത്രപറഞ്ഞു പോയി. അവൻ ബൈക്കിൽ പോലീസ്​ സ്​റ്റേഷനിലേക്ക് കുതിച്ചു. ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കിടന്ന് കലമ്പൽകൂട്ടി. സ്​റ്റേഷനിലെത്തുമ്പോൾ എസ്​.ഐയുടെ ജീപ്പ് കണ്ടില്ല. പരിചയമുള്ള കോൺസ്​റ്റബിൾ നാരായണേട്ടനോട് കാര്യം തിരക്കി.

‘‘നിന്റെ അച്ഛന് ഗാന്ധിപ്രതിമ വൃത്തിയാക്കേണ്ട കാര്യമുണ്ടോ?.. പാർട്ടിക്കാർ പറയുന്നത് പ്രതിമ തകർക്കാൻ ശ്രമിച്ചൂന്നാ. ആ പ്രതിമേടെ ഇടതുകണ്ണിന്റെ ഒരു ഭാഗം അടർന്നുപോയത് അച്ഛന്റെ തലയിൽ കെട്ടിവെയ്ക്കാനാ ശ്രമം. പൗരവകാശ പ്രവർത്തകൻ മുരളിയാ പിന്നിൽ. അണിയറയിൽ വാർഡുമെമ്പറുമുണ്ട്.’’

അവനിൽ രോഷത്തിന്റെ തീ കത്തി. നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു.

‘‘ഗാന്ധിപ്രതിമ വൃത്തിയാക്കിയ അച്ഛനെ സ്​റ്റേഷനിൽ കൊണ്ടുവന്നത് എവിടത്തെ ന്യായാ?..’’

ശാന്തനായി തന്നെ നാരായണേട്ടൻ തുടർന്നു.

‘‘ഞാനിന്നലെ ലീവായിരുന്നു. നീ ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. ഒന്നുങ്കിൽ അച്ഛൻ പ്രതിമ വൃത്തിയാക്കുകയായിരുന്നുവെന്നതിന് ആരെയെങ്കിലും സാക്ഷിയായി എത്തിക്ക്. എന്നാൽ തലയൂരാം. എസ്​.ഐ വരുന്നതിനു മുമ്പേ സാക്ഷികളുമായി വന്നാൽ നോക്കാം.’’

ആ മറുപടി അവനെ തൃപ്തനാക്കി. അവൻ വേഗം കവലയിലേക്ക് പോയി.

അവൻ വെയിലേറ്റ് വാടി. അനവധി വാഹനങ്ങൾ ഹോൺ മുഴക്കി കടന്നുപോയി.

അച്ഛന്റെ മറുപടികൾ എസ്​.ഐയെ പ്രകോപിതനാക്കിയിട്ടുണ്ടാകും. പരിഹാസത്തിന്റെ ബലിപീഠത്തിനു മുന്നിൽ അച്ഛനെ വിചാരണ ചെയ്യുകയാണ് എല്ലാവരും. അപ്പോൾ കവലയിലെ പ്രതിമക്കു മുന്നിൽ ആൾക്കൂട്ടമുണ്ടായിരുന്നു. അവിടെനിന്ന് ഒരു യുവ നേതാവ് പ്രസംഗിക്കുന്നുണ്ട്. കത്തുന്ന പന്തം കൈയിൽപിടിച്ച് കുറെ പേർ അത് കേട്ട് നിൽക്കുന്നു.

ഗാന്ധിപ്രതിമ തകർക്കാൻ ശ്രമിച്ച മോഹനനെ തുറുങ്കലിലടക്കുകയെന്ന ബോർഡുകൾ പലരുടെയും കൈകളിൽ. പ്രസംഗം കഴിഞ്ഞപ്പോൾ അവിടെനിന്ന് പ്രകടനം ആരംഭിച്ചു.

എന്ത് ചെയ്യണമെന്നറിയാതെ ആൾക്കൂട്ടത്തിനിടയിൽ അവൻ തലതാഴ്ത്തി നിന്നു. വിചാരിച്ചതിലും അപ്പുറത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. അച്ഛന്റെ നല്ല മനസ്സുകൊണ്ട് ഗാന്ധിപ്രതിമ വൃത്തിയാക്കാൻ കയറിയതാണ്. പക്ഷേ, ആ നന്മ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.

തെറ്റിദ്ധാരണ കാട്ടുതീപോലെ പടർന്നു. അച്ഛൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് അറിയാവുന്നവർ അതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നു. പലരും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളിലാണ്.

സാക്ഷി പറയാൻ ആരെയും കണ്ടെത്താനാകാതെ അവൻ തിരികെ സ്​റ്റേഷനിലേക്ക് ചെന്നു. അവൻ അടുത്തു നിന്നിട്ടും എസ്​.ഐ അവനെ ഗൗനിക്കുന്നതേയുണ്ടായില്ല.

എന്തോ തിരക്കിട്ട് എഴുതുകയായിരുന്നു അദ്ദേഹം. കാത്തുനിൽക്കുന്നതിൽ അർഥമില്ലെന്നറിഞ്ഞപ്പോൾ അവൻ പറഞ്ഞു.

‘‘സാർ എന്റെ അച്ഛൻ അങ്ങനെ ചെയ്യില്ല.’’

എസ്​.ഐ തലയുയർത്തി.

‘‘എങ്ങനെ ചെയ്യില്ലെന്ന്?.. പ്രതിമ തകർക്കാൻ ഗോവണിയിൽ കയറി നിൽക്കുന്നത് ഞാൻ കണ്ണുകൊണ്ട് കണ്ടതാ.’’

‘‘സാർ, അത് പ്രതിമ വൃത്തിയാക്കാൻ കയറിയതാ. ഇതിനു മുമ്പും അച്ഛനിത് ചെയ്തിട്ടുണ്ട്. അന്നൊന്നും യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല.’’

‘‘അത് എനിക്കറിയില്ല. പ്രതിമേടെ കണ്ണിന്റെ ഒരു ഭാഗം അച്ഛൻ കഴുകി തുടയ്ക്കുന്നതിനിടെ അടർന്നുപോയെന്നാണ് പരാതിക്കാർ പറയുന്നത്.’’

അവൻ ഇടയ്ക്ക് കയറി.

‘‘അടർന്ന ഭാഗം അവിടെന്ന് കിട്ടിയോ?..’’

‘‘കിട്ടി. ഞാൻ തന്നെയാണ് അത് കണ്ടെടുത്തത്. പിന്നെ പരാതി കിട്ടുമ്പോഴാണ് എനിക്ക് അന്വേഷിക്കേണ്ടതുള്ളൂ. ആ മുരളി പരാതി പിൻവലിച്ചാൽ അച്ഛനെ വെറുതേ വിടാം.’’

‘‘ഇല്ല സാർ, അയാളും അച്ഛനുമായി നല്ല രസത്തിലല്ല. അയാള് പൗരാവകാശത്തിന്റെ പേരും പറഞ്ഞ് വിവാദങ്ങളുണ്ടാക്കുകയും പണം വാങ്ങി അതൊക്കെ ഒതുക്കുകയുംചെയ്യും. കുറച്ച് മാസങ്ങൾ മുമ്പ് നെൽപാടം നികത്തലുമായി ഒരു സമരമുണ്ടായി. അയാളും അച്ഛനുമായിരുന്നു മുൻനിരയിൽ. ഒടുവിൽ അയാള് നികത്തലുകാരുമായി ഒത്തുതീർപ്പുണ്ടാക്കി പണം വാങ്ങി പിന്മാറി. അച്ഛൻ അവരുമായി കേസ്​ നടത്തുകയാണ്.’’

എസ്​.ഐയുടെ നെറ്റി ചുളിഞ്ഞു.

‘‘എന്നാൽ പണിപാളും. മുരളിയെ മെരുക്കിയില്ലെങ്കിൽ ചില

പ്പോൾ കാര്യങ്ങൾ കൈവിടും. അല്ലാതെ ഒരു രക്ഷയുമില്ല.’’

എസ്​.ഐ എന്തോ ആലോചിച്ചശേഷം പറഞ്ഞു. ‘‘നിന്നെ കൊണ്ട് നടന്നില്ലെങ്കിൽ മുരളി ആരു പറഞ്ഞാൽ കേൾക്കുമെന്ന് അന്വേഷിച്ച് മനസ്സു മാറ്റാൻ നോക്ക്. കുറച്ചു സമയംകൂടി കഴിഞ്ഞാൽ എല്ലാം കൈവിട്ടുപോകും. നിന്റെ അച്ഛൻ ഈ കാലഘട്ടത്തിന് അനുയോജ്യനായ മനുഷ്യനല്ല, പന്തം കൊളുത്തി പ്രകടനവും പ്രതിഷേധവും പോലീസ്​ സ്​റ്റേഷൻ മാർച്ചാകാൻ അധികം നേരം വേണ്ട. ഒറ്റയെണ്ണത്തിനും വെളിവും ബോധവുമില്ല.’’

അവൻ നിശ്ശബ്ദനായി കേട്ടുനിന്നു. എസ്​.ഐ ആലോചനയോടെ പറഞ്ഞു.

‘‘കോൺസ്​റ്റബിൾ നാരായണൻ കാലുപിടിച്ച് പറഞ്ഞതുകൊണ്ടാ ഞാൻ കേസ്​ ചാർജ്ചെയ്യാതെ ഇത്ര നേരമായിട്ടും തണുപ്പിച്ച് നിർത്തിയിരിക്കുന്നത്. ഈ കേസ്​ കത്തിക്കയറിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. എന്റെ കൈവിട്ട് പോകും.’’

 

4

അച്ഛൻ തലതാഴ്ത്തി സ്​റ്റേഷനിലെ സെല്ലിനകത്ത് നിൽക്കുന്ന കാഴ്ച അവന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി. രക്ഷിക്കണം, അച്ഛനെ രക്ഷിക്കണം. വലിയൊരു ചതിയാണ്, ഗൂഢാലോചനയാണ് അച്ഛനെ അഴികൾക്കുള്ളിൽ എത്തിച്ചിരിക്കുന്നത്. സ്​റ്റേഷനിൽനിന്നിറങ്ങി ആദ്യം നടന്നത് ചായക്കടയിലേക്കായിരുന്നു. കടുപ്പത്തിൽ നല്ലൊരു ചായ കുടിച്ചു. ഓർമ മണ്ഡലങ്ങളിൽ ഒരു സഹായത്തിനായി പരതി. ഇല്ല, ആരുമില്ല. ഒരു മുഖവുമില്ല. ഒരു ചായക്കു കൂടി പറഞ്ഞു.

അവൻ പിന്നെയും ആലോചനകളിലായി. റെയിൽവേ സ്​റ്റേഷനിലൂടെ വലിയ ശബ്ദം മുഴക്കി ഒരു െട്രയിൻ പാഞ്ഞുപോയി.

ഉണ്ട്, ഒരു വഴിയുണ്ട്. ശ്രമിക്കാം, വിജയിക്കുമോയെന്നറിയില്ല. ചായക്കടയിൽ പണം കൊടുത്ത് അവൻ ഓടി. കിതപ്പോടെ ചെന്നു നിന്നത് അച്ഛൻ പി.എസ്​.സിക്ക് മലയാളം പഠിപ്പിക്കുന്ന പണിക്കേഴ്സ്​ അക്കാദമിക്കു മുന്നിൽ. കിതയ്ക്കൽ നിർത്തി മനസ്സിനെ ശാന്തമാക്കി. സ്വാഭാവികമായ ചലനങ്ങളോടെ പണിക്കരുടെ മുറിയിലേക്കു ചെന്നു. ഭാഗ്യം, പണിക്കർ മുറിയിലുണ്ട്. ഒരു ഇംഗ്ലീഷ് മാസികയിൽ തല പൂഴ്ത്തിയിരിക്കുന്നു. അവനെ കണ്ട് അദ്ദേഹം സംശയത്തോടെ നോക്കി.

‘‘ആരാ?’’

‘‘ഞാൻ മോഹനൻ മാഷിന്റെ മോനാ.’’

‘‘എന്തേ?, അച്ഛൻ ഇന്ന് വന്നിട്ടില്ലാല്ലോ?’’

‘‘ആ, അതു പറയാനാ വന്നത്.’’

‘‘എന്തുപറ്റി?..’’

‘‘അച്ഛൻ പോലീസ്​ സ്​റ്റേഷനിലാ. ഇനി റിമാൻഡിലായാൽ ഒരു മാസമെടുത്തേക്കും വരാൻ.’’

പണിക്കരിൽ ഞെട്ടൽ. ‘‘എന്താ കാര്യം?’’

അവൻ ഒറ്റശ്വാസത്തിൽ കാര്യം പറഞ്ഞു. പണിക്കരുടെ നെറ്റിത്തടത്തിൽനിന്നും വിയർപ്പുചാലുകൾ ഇറ്റുവീണു.

അദ്ദേഹം സ്വയം പറഞ്ഞു.

‘‘പണിയായല്ലോ. മോഹനൻ വന്നില്ലെങ്കിൽ മലയാളം ക്ലാസ്​ ആരെടുക്കാനാ?.. നാളെ പുതിയ ബാച്ചിന്റെ പ്രവേശനദിവസാ. ഓരോരോ വയ്യാവേലികൾ...’’

സംസാരം ഒന്നുനിർത്തി ആലോചനകളിലായി പണിക്കർ.

‘‘ഇപ്പോഴത്തെ പിള്ളേര് പഠിക്കാൻ മിടുക്കരാ. പി.എസ്​.സിയിൽ നൂറിൽ തൊണ്ണൂറ് മാർക്ക് വരെ നേടാൻ മിടുക്കുണ്ട്. പക്ഷേ.

ബാക്കി മലയാള ഭാഷയിലെ പത്തു മാർക്ക്... ഒരു രക്ഷയുമില്ല. ഒന്നിനും വ്യാകരണവും അറിയില്ല, സാഹിത്യവും അറിയില്ല. ഇതൊക്കെ ഈ പ്രായത്തിൽ പഠിപ്പിച്ചെടുക്കാൻ പാടാ. ഒക്കെയും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവൻമാരാ. മലയാളം മര്യാദയ്ക്ക് വായിക്കാൻ അറിയാത്തവൻമാരുപോലുമുണ്ട്. ഒന്നു പറയാലോ, മോഹനൻ ഇവിടെ മലയാളം പഠിപ്പിക്കാൻ വന്ന ശേഷമാണ് കാര്യങ്ങൾ ആകെ മാറിയത്. മോഹനന്റെ ക്ലാസ്​... ഒന്നും പറയാനില്ല... അത് ഒന്നൊന്നര ക്ലാസാ.’’

ഇതാ പ്രതീക്ഷകൾക്ക് ചിറകു​ വെക്കുന്നു.

അവൻ പതിയെ പറഞ്ഞു.

‘‘പൗരാവകാശ പ്രവർത്തകൻ മുരളിയാ പരാതിക്കാരൻ. അയാൾ പരാതി പിൻവലിക്കണം. അയാളെ സ്വാധീനിച്ചാൽ കാര്യം നടക്കും. ഞാൻ വിചാരിച്ചാലൊന്നും അയാളെ കൂടെ നിർത്താൻ കഴിയില്ല. പരിചരിക്കാൻ ആളില്ലാതെ പ്രതിമയുടെ കണ്ണ് അടർന്നുപോയത് പോലും അച്ഛന്റെ തലയിൽ കെട്ടി​െവയ്ക്കാനാ അവരുടെ ശ്രമം.’’

പണിക്കർ എന്തോ ആലോചിച്ചു.

‘‘മോഹനന് ഇതിന്റെ വല്ല കാര്യവുമുണ്ടോ?.. ഇനി ആ മുരളീടെ വായ മൂടിക്കെട്ടാൻ ഞാൻ ആരെയൊക്കെ വിളിക്കണാവോ?.. എന്തൊക്കെ ചെയ്യണാവോ?’’

പണിക്കർ അസ്വസ്​ഥതയോടെ പേപ്പർ വെയിറ്റ് കറക്കിക്കൊണ്ടിരുന്നു.

പണിക്കർ ആരെയോ ഫോൺ ചെയ്ത് കാര്യം അവതരിപ്പിച്ചു. മുരളിയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് പണിക്കർ നടത്തുന്നത്. പണിക്കർ മറ്റൊരു മുറി തുറന്ന് അവനെ ആ മുറിയിലിരുത്തി. മൊത്തം ഗ്ലാസിട്ട മുറി. അക്ഷമനായി മുറിയിലിരുന്നു. അൽപം കഴിഞ്ഞപ്പോൾ രണ്ടുപേർ പണിക്കരുടെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടു. ഒരാൾ പൗരാവകാശപ്രവർത്തകൻ മുരളിയായിരുന്നു. മറ്റൊരാൾ വാർഡ്മെംബറും.

കുറച്ചു നേരം പണിക്കരുമായി അവർ സംസാരിച്ചിരുന്നു. പണിക്കർ മേശവലിപ്പിൽനിന്ന് രണ്ട് കെട്ട് നോട്ടെടുത്ത് മുരളിക്ക് നീട്ടി. അതും വാങ്ങി പണിക്കർക്ക് കൈകൊടുത്ത് അവർ ഉടനെ മടങ്ങി പോയി.

പണിക്കർ പെട്ടെന്ന് മുറിയിലേക്ക് വന്നു.

‘‘രണ്ടുപേർക്കും പണം കൊടുത്തു. കൊടുത്ത പണം മോഹനന്റെ ശമ്പളത്തിൽനിന്ന് ഗഡുക്കളായി ഞാൻ പിടിക്കൂട്ടോ?.’’

അവൻ തലയാട്ടി.

പണിക്കർ തുടർന്നു.

‘‘പിന്നെ ഒരു കാര്യം കൂടി. അച്ഛനോട് ആ പാടശേഖരം മണ്ണിട്ട് നികത്തലിനെതിരേ കൊടുത്ത കേസ്​ പിൻവലിക്കാൻ പറയണം. അതാണ് മുരളിയുടെ കണ്ടീഷൻ. ഇവനൊക്കെ പൗരാവകാശത്തിന്റെ പേരും പറഞ്ഞ് നാടിനെയും നാട്ടുകാരെയും കൊള്ളയടിക്കുകയാണ്. നീ പറഞ്ഞാൽ അച്ഛൻ കേൾക്കോ?..’’

മറുപടി പറഞ്ഞില്ല.

‘‘പൊയ്ക്കോ?, വേഗം സ്​റ്റേഷനിലേക്ക് ചെല്ല്. എസ്​.ഐ എന്റെ പരിചയക്കാരനാ, ഞാൻ പറയാം.’’

അവിടെനിന്നുമിറങ്ങി. അതുവഴി പോയ ഓട്ടോക്ക് കൈകാട്ടി.

ഹോൺ മുഴക്കി അനവധി വാഹനങ്ങൾ പാഞ്ഞുപോയി. റോഡിലെ അവസാനിക്കാത്ത ബ്ലോക്കും കടന്ന് സ്​റ്റേഷനിലെത്താൻ അരമണിക്കൂറെടുത്തു. സ്​റ്റേഷനു മുന്നിൽ അച്ഛൻ ആലോചനയോടെ നിൽക്കുന്നുണ്ടായിരുന്നു. പഴയ ഉന്മേഷമില്ല. എസ്​.ഐ പുറത്തേക്കു പോകാൻ ജീപ്പിൽ കയറാനുള്ള ശ്രമത്തിലായിരുന്നു.

അവനെ കണ്ട് എസ്​.ഐ പറഞ്ഞു. ‘‘നീ കൊള്ളാലോടാ. പ്രായോഗിക ബുദ്ധിയുണ്ട്. കാര്യങ്ങൾ ഒത്തുതീർപ്പായി. അച്ഛനെ കൊണ്ടുപോയ്ക്കോ?.. ഇനി ഈ വക വയ്യാവേലികളിൽ ചാടരുതെന്ന് പറയണം.’’

എസ്​.ഐ ജീപ്പിൽ കയറി പോയപ്പോൾ കോൺസ്​റ്റബിൾ നാരായണേട്ടൻ അടുത്തേക്ക് വന്ന് ഒരു സ്വകാര്യംപോലെ പറഞ്ഞു... ‘‘എടാ, മറ്റൊരു കാര്യം കൂടിയുണ്ട്. ആ പ്രതിമ ഇരിക്ക്ണ സ്​ഥലമില്ലെ, ആ സ്​ഥലം വിൽക്കാൻ കുടുംബത്തിന് പദ്ധതിയുണ്ട്. പ്രതിമയാണ് തടസ്സം. നമ്മുടെ നാടിന് അഭിമാനമായിരുന്ന ഗാന്ധിയൻ കുമാരന്റെ ഓർമകളും സ്വപ്നങ്ങളും കുടുംബത്തിന് ഇപ്പോൾ ഭാരമാണ്. പ്രതിമയിരിക്കുന്നത് പത്തു സെന്റ് സ്​ഥലത്താ. അതും നഗരത്തിന്റെ ഒത്ത നടുക്ക്.’’

നാരായണേട്ടൻ സിഗരറ്റിന് തീകൊളുത്തി പുകയൂതി.

‘‘കുമാരേട്ടന്റെ മോൻ ഇപ്പോൾ ഓസ്​േട്രലിയയിലാ. പ്രതിമയുടെ വിവാദമൊക്കെ അറിഞ്ഞു. പ്രതിമയുടെ കണ്ണ് അടർന്നുപോയതെല്ലാം ആരെങ്കിലും സോഷ്യൽ മീഡിയയിലെങ്ങാനും ഇട്ടാൽ സംഭവം കത്തിപ്പടരുമെന്നു മകന് ഭയമുണ്ട്. കേസാക്കരുതെന്ന് പറഞ്ഞ് എസ്​.ഐയെ വിളിച്ചിരുന്നു. പൗരാവകാശ പ്രവർത്തകൻ മുരളിയെ എസ്​.ഐ മുട്ടിച്ച് കൊടുത്തിട്ടുണ്ട്. മുരളിയും എസ്​.ഐയുമായി അന്തർധാര സജീവമാണ്. ഈ എസ്​.ഐയ്ക്ക് ഇരട്ടമുഖാ. വാദിയ്ക്ക് ഒപ്പം നിൽക്കും. പ്രതിയ്ക്കൊപ്പവും നിൽക്കും. മുരളിയ്ക്ക് പണത്തിന്റെ ചാകരക്കൊയ്ത്താ. ഇപ്പോൾ മുരളിയുടെ അക്കൗണ്ടിൽ പണം വന്നു കാണും. എസ്​.ഐയ്ക്ക് വീതവും കിട്ടിക്കാണും.’’

സംസാരം ഒന്നു നിർത്തി നാരായണേട്ടൻ വലിയൊരു രഹസ്യത്തിന്റെ ചുരുളഴിച്ചു.

‘‘എയർപോർട്ട് വന്നതോടെ സ്​ഥലവില റോക്കറ്റുപോലെയാണല്ലോ കുതിക്കുന്നത്. എന്നെങ്കിലും പ്രതിമ കാറ്റിലോ മഴയിലോ വീണുതകർന്നാൽ മാത്രമേ ഈ സ്​ഥലം വിൽക്കാൻ പറ്റൂ. ഹോട്ടലോ, റിസോർട്ടോ പണിയാൻ പറ്റൂ. പ്രതിമ പൊളിച്ചുനീക്കാൻ പോയാൽ പ്രശ്നമാകുമെന്ന് അവർക്കറിയാം. ആദർശമൊക്കെ ഇന്ന് ആർക്കുവേണം? പ്രതിമയിരിക്കുന്നതുകൊണ്ട് ഈ സ്​ഥലം ഭാവിയിൽ സർക്കാർ ഏറ്റെടുക്കുമെന്ന് അവർക്ക് ഭയമുണ്ട്. അങ്ങനെയൊരു ആവശ്യവുമായി നഗരസഭ ട്രസ്​റ്റിനെ കുറച്ചുനാൾ മുമ്പ് സമീപിച്ചിരുന്നു.’’

ഒന്നു നിർത്തി നാരായണേട്ടൻ തുടർന്നു.

‘‘ഇന്ന് ഏറ്റവുമധികം തമസ്​കരണത്തിനും വളച്ചൊടിക്കലിനും ദുർവ്യാഖ്യാനങ്ങൾക്കും വിധേയമാകുകയാണ് ഗാന്ധിയും ദർശനങ്ങളും. ആ പ്രതിമയിലെ ഗാന്ധിജിയുടെ അർധനഗ്നമായ ഉടൽ നീ കണ്ടോ? ഇല്ലാത്തവരുടെയും നിരാലംബരുടെയും പ്രതീകമാണത്. എന്നിട്ടോ?..’’

നാരായണേട്ടൻ ഒരു ദീർഘനിശ്വാസമെടുത്തു. ‘‘ആ കാലം മാറി. അത്രതന്നെ. പിന്നെ നിന്റെ അച്ഛനാണെങ്കിൽ കോളേജിൽ പഠിച്ച കാലത്തെ സൗഹൃദം എന്നോടില്ല. ഞാൻ പോലീസായതോടെ എന്നോടുള്ള വിശ്വാസം നഷ്​ടപ്പെട്ടപോലെ. ഞാനത് മാറ്റാൻ ഒത്തിരി ശ്രമിച്ചു. ഇപ്പോൾ പൊരുത്തപ്പെട്ടു. ഒരു ചെറിയ സൗന്ദര്യപ്പിണക്കം. എനിക്ക് ഒത്തിരി പരിമിതികളുണ്ട്.’’

അച്ഛൻ അപ്പോഴും ആലോചനകളിലായിരുന്നു. നാരായണേട്ട

നോട് യാത്രപറഞ്ഞ് സ്​റ്റേഷനു വെളിയിലിറങ്ങി ബൈക്ക് സ്​റ്റാർട്ടാക്കാൻ നോക്കുമ്പോൾ വണ്ടി പഞ്ചർ.

ബൈക്ക് അവിടെതന്നെ ​െവച്ച് ബസ്​ സ്​റ്റാൻഡിലേക്ക് നടന്നു.

 

5

അച്ഛനൊപ്പം ബസ്​ കയറി. നാട്ടിലേക്കുള്ള അവസാന ബസായതുകൊണ്ട് ബസിൽ അത്യാവശ്യം തിരക്കുണ്ട്.

എങ്കിലും ജനാലക്ക് അരികിൽ സീറ്റ് കിട്ടി.

അവൻ പറഞ്ഞു.‘‘അച്ഛനെന്താ നാരായണേട്ടനുമായി പ്രശ്നം? സത്യം പറയണം.’’

അച്ഛൻ മറുപടി പറയാതെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞ് അച്ഛൻ പറഞ്ഞു.

‘‘ഗാന്ധിജിയുടെ എനിക്കിഷ്​ടപ്പെട്ട മൂന്ന് ഉദ്ധരണികൾ ഞാൻ പറയട്ടെ.’’

അവൻ തലയാട്ടി.

‘‘പൊതുജന പിന്തുണ ഇല്ലെങ്കിലും സത്യം നിലനിൽക്കുന്നു. അത് സ്വയം നിലനിൽക്കുന്നതാണ്.

നിങ്ങൾ ഒരു ന്യൂനപക്ഷമാണെങ്കിൽപോലും, സത്യം സത്യം തന്നെയാണ്.

ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ യുദ്ധംചെയ്യും, പിന്നെ നിങ്ങൾ വിജയിക്കും.’’

അവനത് ആകാംക്ഷയോടെ കേട്ടിരുന്നു. അച്ഛൻ തുടർന്നു.

‘‘മോനെ, ഈ ലോകം മുഴുവൻ ഇടനിലക്കാരുടേതാണ്. പ്രതിമയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളൊക്കെ നീ ഒന്നു ഓർത്തുനോക്കൂ. എല്ലാവരും ഇടനിലക്കാരാണ്. പണത്തിന് വേണ്ടിയാണ് പലരും ഇതിൽ ഇടനിലക്കാരായത്. പ്രതിമ വൃത്തിയാക്കാൻ പോയ എന്റെ നന്മ അവർ ഒരു തിന്മയാക്കി. അതിന് തുടക്കം​െവച്ചത് പൗരാവകാശ പ്രവർത്തകൻ മുരളി. പിന്നിൽ വാർഡ് മെമ്പർ. പിന്നെ എസ്​.ഐയുടെ ഇടപെടലുകൾ, രാഷ്ട്രീയ പാർട്ടികൾ, അതിലേക്ക് കടന്നുവന്ന പണിക്കർ, അണിയറയിൽ നിന്നുകളിച്ചത് ഗാന്ധിയൻ കുമാരേട്ടന്റെ മകൻ, പിന്നെ കോൺസ്​റ്റബിൾ നാരായണൻ. നാരായണൻ ഇന്നലെ ലീവായിരുന്നില്ല. മാറിനിന്നതാണ്. അവൻ നിനക്ക് ആശയങ്ങളും ആത്മവിശ്വാസവും നൽകി സത്യസന്ധനായി നിന്നു കബളിപ്പിച്ചു. നെൽപാടം നികത്തലിനെതിരെയുള്ള സമരത്തിൽനിന്നും എന്നെ പിന്മാറ്റാൻ നാരായണൻ ഒത്തിരി നോക്കി. ഇപ്പോൾ നിനക്ക് മനസ്സിലായോ?.. ഇതെല്ലാം തിരക്കഥയായിരുന്നു. കടന്നുപോയ ഓരോ നിമിഷങ്ങളും ഞാനത് തിരിച്ചറിഞ്ഞു.’’

ആലോചിച്ചപ്പോൾ അവനും അതെല്ലാം ശരിയാണെന്ന് തോന്നി. അവന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

ബസ്​ കുതിച്ചുപാഞ്ഞു. പുറത്തേക്ക് നോക്കിയിരുന്നു. ബസിൽ പിന്നെയും പിന്നെയും യാത്രക്കാർ കയറി.

ഒത്തിരി സ്​റ്റോപ്പുകൾ കടന്നുപോയി. ഉറക്കം കണ്ണുകളെ വന്നുമൂടി. കണ്ണടച്ചു.

എന്തൊക്കെയോ അർഥമില്ലാത്ത സ്വപ്നങ്ങൾ കണ്ടു. മോനെ കണ്ണുതുറക്ക്, കണ്ണുതുറക്ക് എന്ന വിളിശബ്ദം കേട്ടാണ് മയക്കത്തിൽനിന്നും ഉണർന്നത്.

‘‘എടാ... ദേ, അവിടേക്ക് നോക്ക്... വേഗം.’’

അച്ഛൻ ചൂണ്ടിക്കാട്ടിയിടത്തേക്ക് നോക്കി.

ആ പ്രതിമ. പ്രതിമയുടെ ഇടതുകണ്ണിന്റെ അടർന്ന ഭാഗം കാണാനാകാത്ത വിധം കണ്ണുകൾ രണ്ടും വെള്ളത്തുണികൊണ്ട് മൂടി​െക്കട്ടിയിരുന്നു. പോലീസാകും അതു ചെയ്തതെന്ന് തോന്നി. തിരക്കഥയുടെ പുതിയ ഒരു കൂട്ടിച്ചേർക്കൽ. വാച്ചിലേക്കു നോക്കി. രാത്രി ഒത്തിരിയായിരിക്കുന്നു.

നാട്ടിലേക്കുള്ള അവസാന ബസാണ്. ചാടി എഴുന്നേറ്റ് ബസിലെ മണിയടിച്ചു. ബസ്​ ഇരച്ചുനിന്നു. അച്ഛനൊന്നും മനസ്സിലായില്ല. അച്ഛന്റെ കൈപിടിച്ച് വേഗം പുറത്തിറങ്ങി. അച്ഛൻ മിഴിച്ചു നോക്കി. പുറത്ത് നല്ല നിലാവെളിച്ചം...

‘‘വാ... അച്ഛാ... അച്ഛൻ പൂർത്തിയാക്കാതെ പോയ ആ കടമ ഞാനിന്ന് നിർവഹിക്കും.’’

അച്ഛനെ അടഞ്ഞുകിടന്ന കടയുടെ മുന്നിലിരുത്തി. പ്രതിമക്ക് അരികിലേക്ക് നടന്നു.

ഗോവണിയും ബക്കറ്റും ചൂലും അവിടെ പ്രതിമക്ക് താഴെയായി നീങ്ങി കിടക്കുന്നുണ്ടായിരുന്നു.

അവനത് എടുത്തു. പൊതുടാപ്പിൽനിന്ന് വെള്ളവും.

പോക്കറ്റിൽനിന്നും കർച്ചീഫ് എടുത്ത് വെള്ളത്തിൽ മുക്കി പ്രതിമയുടെ കാൽപാദത്തിലേക്ക് ഗോവണി ചാരി​െവച്ചു. പ്രതിമ കാലുമുതൽ കഴുത്തുവരെ തുടച്ചു. പിന്നെ പ്രതിമേടെ കണ്ണുമൂടിക്കെട്ടിയിരുന്ന തുണി അഴിച്ചുമാറ്റി.

അച്ഛന്റെ കണ്ണുകൾ നിറയുന്നു. കണ്ണീർതുള്ളികൾ താഴേക്ക് വീണു.

അവൻ എന്തോ ആലോചിച്ച് നടന്നു. പൂമാലകളും ബൊക്കകളും വിൽക്കുന്ന അവിടത്തെ കടക്കു മുന്നിൽ പ്രഭാതവിൽപനക്കായി പൂക്കെട്ടുകളുടെ ചാക്കുകൾ നിരന്നുകിടന്നു. അതിൽ നിന്നും മൂന്നു പൂക്കൾ വലിച്ചെടുത്തു. ഗാന്ധിപ്രതിമക്ക് അരികിലേക്ക് നടന്നു. പ്രതിമയുടെ പാദങ്ങളിൽ അതു ​െവച്ചു. അച്ഛൻ അരികിൽ വന്നു.

‘‘എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്തിനാണ് പിന്നെ നീ എന്നെ പോലീസ്​ സ്​റ്റേഷനിൽനിന്നിറക്കാൻ ഇത്രയധികം ബുദ്ധിമുട്ടിയത്?..’’

അവൻ പറഞ്ഞു.

‘‘കുറച്ചു മണിക്കൂറുകൾ ഞാൻ നടത്തിയ യാത്രകൾ ഒത്തിരി കാര്യങ്ങൾ എന്നെ പഠിപ്പിച്ചു.

അനുഭവങ്ങൾ സമ്മാനിച്ചു. ഞാൻ കുറച്ചു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എന്തായാലും സാമ്പത്തിക മാന്ദ്യം വന്ന് ഗൾഫീന്ന് ജോലി പോയതുകൊണ്ട് മറ്റൊരു ജോലി കിട്ടുന്നതുവരെ ഞാനിവിടെയുണ്ട്. അച്ഛനൊപ്പമുണ്ട്. നെൽപാടം നികത്തലിനെതിരേയുള്ള ആ സമരമില്ലേ. ആ സമരത്തിന് അച്ഛനൊപ്പം ഇനി ഞാനുമുണ്ട്. പോരാട്ടം തുടരുക തന്നെ. മഹാത്മാ ഗാന്ധിയെ ചരിത്രത്തിൽനിന്നും മായ്ച്ചുകളയാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത്... ഇത്രയെങ്കിലും ചെയ്യാതിരുന്നാൽ എങ്ങനെ?.. ജീവിതത്തെ ഞാനൊന്നു പുതുക്കിപ്പണിയാൻ തീരുമാനിച്ചു. എനിക്കറിയാം, ഈ പുലരിയിൽ എല്ലാ ഇടനിലക്കാരും എന്നെ തിരക്കിവരുമെന്ന്... വരട്ടെ... എന്തു ചെയ്യണമെന്ന് എനിക്കറിയാം.’’

അവൻ പ്രതിമയുടെ, മൊബൈലിൽ കുറെ ചിത്രങ്ങളും വീഡിയോകളുമെടുത്തു. അച്ഛൻ തോളിൽ തട്ടി. ആ പ്രതിമയുടെ കണ്ണിൽനിന്ന് ഒരു ദിവ്യപ്രകാശം അവിടമാകെ പരക്കുന്നതുപോലെ തോന്നി അവന്. അപ്പോൾ അവിടേക്ക് മറ്റൊരു ഗാന്ധിജയന്തിയുടെ പുലരി കടന്നുവന്നു.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 06:00 GMT
access_time 2025-12-22 05:30 GMT
access_time 2025-12-15 05:45 GMT
access_time 2025-12-15 03:45 GMT
access_time 2025-12-08 06:00 GMT
access_time 2025-12-01 05:30 GMT
access_time 2025-12-01 03:45 GMT
access_time 2025-11-24 04:30 GMT
access_time 2025-11-17 04:30 GMT
access_time 2025-11-10 05:15 GMT