ഒരു നിമിഷത്തെ പരിചയംകൊണ്ടുപോലും ചിലപ്പോൾ ഒരു ജന്മത്തിന്റെ അടുപ്പമുണ്ടാകും. കണ്ടുമുട്ടുന്നവരെല്ലാം എന്നെ സംബന്ധിച്ച് പ്രിയപ്പെട്ടവരാണ്. വെയിലേറ്റവർ അഭയം തേടുന്ന തണൽമരംപോലെ ഞാനേവർക്കും വിശ്വസിക്കാവുന്നൊരു ബന്ധമായി തണുവ് പടർത്തും. കണ്ടുമുട്ടിയ നാൾ മുതൽ എല്ലാ ദിവസവും ആരാധനയോടെയും ബഹുമാനത്തോടെയും മെസേജ് അയക്കുന്ന ഒരു പെൺസുഹൃത്തിന്റെ പിറന്നാളാണിന്ന്. അവൾക്ക് ആശംസകൾ നേരാൻ ഒരു കുറിപ്പ് തയാറാക്കുമ്പോഴാണ് പോസ്റ്റുമാൻ വന്ന് ഗേറ്റിൽ മുട്ടിയത്. പാതിയെഴുതിയ കുറിപ്പ് ഇപ്പോൾ ഞാൻ മാത്രം അംഗമായ മൈ വർക്ക് എന്ന വാട്സ്അപ് ഗ്രൂപ്പിലേക്ക് സെന്റ് ചെയ്ത് ഗേറ്റിലേക്ക് ഞാൻ വേഗത്തിൽ എത്തി. വല്ല വാരികകളോ ഉന്നതരായ ആളുകളുടെ ക്ഷണക്കത്തുകളോ മാത്രമേ എനിക്ക് ഈയിടെയായി തപാലിൽ ലഭിക്കാറുള്ളൂ. പക്ഷേ, ഇത്തവണ പോസ്റ്റുമാൻ കൊണ്ടുവന്നത് മൂലക്കണ്ടം പോസ്റ്റോഫീസിൽനിന്ന് കടവന്ത്ര പോസ്റ്റോഫീസിലേക്ക് റീ ഡയറക്ട് ചെയ്ത ഒരു ഇൻലൻഡാണ്. അതിൽ അത്ര സുന്ദരമല്ലാത്ത കൈയക്ഷരത്തിൽ മൂലക്കണ്ടത്തെ എന്റെ പഴയ വീട്ടിന്റെ മേൽവിലാസം എഴുതിയിട്ടുണ്ട്. ഫ്രം എഴുതേണ്ടിടത്ത് കണ്ട പേര് ശ്രദ്ധിച്ചു. എസ്.കെ.കെ.
സനീഷ് കെ.കെ എന്ന പഴയ കൂട്ടുകാരനെ അന്നേരം എനിക്ക് ഓർമ വന്നില്ല. വർഷങ്ങൾക്കു മുമ്പേ കണ്ടതാണ്. സമയം ഉച്ചയോടടുക്കാറായി. സാധാരണ എഫ്.ബിയിൽ പിറന്നാൾ ആശംസകൾ രാവിലെ എട്ടുമണിക്കുള്ളിൽ ഇടുകയാണ് പതിവ്. നല്ല റീച്ച് കിട്ടുന്ന സമയമാണത്. എന്റെ എഫ്.ബി പോസ്റ്റുകൾ വലിയ തോതിൽ ഷെയർ ചെയ്യപ്പെടുകയും കമന്റുകളാൽ സമൃദ്ധവുമാകാറുണ്ട്. ഒരു സിനിമാഗാന രചയിതാവ് എന്ന നിലയിലുള്ള എന്റെ ഖ്യാതിയേക്കാൾ എന്റെ കുറിപ്പിന്റെ സവിശേഷതകൾ തന്നെയാണ് സമൂഹമാധ്യമത്തിലെ എന്റെ പങ്കുവെക്കലുകൾ ശ്രദ്ധിക്കപ്പെടാനിടയാക്കുന്നത്. ഭാര്യക്ക് ഞാൻ പുതിയ പെൺകുട്ടികളുമായി ചിരപരിചിതരെന്നപോലെ നിൽക്കുന്ന ഫോട്ടോ ഇടുന്നതിലും അവരുടെ മികവുകളെണ്ണിയെണ്ണി ഞാനവർക്ക് ഭാവുകങ്ങൾ നേരുന്നതിലും ചെറിയ തോതിലുള്ള കാലുഷ്യമോ അസൂയയോ ആദ്യകാലത്ത് ഉണ്ടായിരുന്നു. പക്ഷേ, ഒാരോ ആഴ്ചയും പുതിയ പുതിയ ആളുകൾ എന്റെ വാളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അത് വായിക്കുന്നതിലും എന്റെ രചനാശൈലിയെ അഭിനന്ദിക്കുന്നതിലും ഭാര്യ താൽപര്യം കാട്ടിത്തുടങ്ങി.
ഫോട്ടോയിൽ ഞാൻ പെൺകുട്ടികളോട് ചേർന്നു നിൽക്കുകയല്ല. അവർ എന്നോട് ചേർന്നു നിൽക്കുകയാണ് പതിവ്. അത്തരമൊരു വൈകാരിക സുരക്ഷിതത്വം എന്നെ പരിചയപ്പെടുന്ന എല്ലാ സ്ത്രീകൾക്കും ഞാൻ നൽകാറുണ്ട്. ഇന്നേവരേ പരിചയപ്പെട്ടതിൽ തൊണ്ണൂറു ശതമാനം പെൺകുട്ടികളും എനിക്ക് ഇപ്പോഴും മെസേജ് അയക്കാറും സമയം കിട്ടുമ്പോൾ വിളിക്കാറുമുണ്ട്. ഒരുപാട് പെൺകുട്ടികൾ എന്റെ സുഹൃത്താണെന്നറിഞ്ഞിട്ടും ആരും എന്റെ ബന്ധം വിടാൻ തയാറായിട്ടില്ല. രണ്ടു പെൺകുട്ടികൾ ഈയിടെ എനിക്ക് മെസേജയക്കാറില്ല. കാസർകോടുള്ള ഒരു താരയും ആലപ്പുഴയിലെ നീതുവും. അവരുടെ ഭർത്താക്കന്മാർ മുരടന്മാരാണെന്നും വാട്സ്ആപ്പോ മെസഞ്ചറോ മറ്റ് സാമൂഹിക മാധ്യമങ്ങളോ ഉപയോഗിക്കാൻ ഇപ്പോൾ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് നിരാശപ്പെടുകയും വല്ലപ്പോഴും വിളിക്കാം ആകാശേട്ടാ എന്ന് എന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഭാര്യ കൃപക്ക് എന്നോടിപ്പോൾ നല്ല മതിപ്പാണ്. ആദ്യകാലത്തുള്ള സംശയനോട്ടങ്ങൾ ഇപ്പോൾ ഇല്ല. മുമ്പ് ഞാനുറങ്ങുമ്പോൾ അവൾ എന്റെ ഫോൺ പരിശോധിക്കാറുണ്ടായിരുന്നു.
ഫോണിന് ലോക്കിടാനോ മെസേജുകൾ ഡിലീറ്റാക്കുവാനോ ഞാനൊരുമ്പെടാറില്ല. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എന്നെ സംശയമുണ്ടായ നാളുകളിൽ ഭാര്യ ആവശ്യത്തിൽ കൂടുതൽ അണിഞ്ഞൊരുങ്ങുകയും യോഗാ സെന്ററിൽ പോയി കയറി രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്ത് തന്റെ സൗന്ദര്യം മെച്ചപ്പെടുത്താനും എല്ലാ നേരങ്ങളിലും എന്നെ ഫോൺ വിളിച്ച് ഞാൻ എവിടെയുണ്ടെന്ന് ഉറപ്പു വരുത്തുവാനും എന്നോടൊപ്പം വീണു കിട്ടിയ സന്ദർഭങ്ങളിലെല്ലാം യാത്ര ചെയ്യുവാനും ശ്രമിച്ചുകൊണ്ടിരുന്നു. സംശയംകൊണ്ടുണ്ടായ ആധിയിൽ പിടപ്പ് കാട്ടുന്ന ഭാര്യയെ ഞാൻ അവഗണിച്ചിരുന്നു. അവൾ പക്ഷേ ക്രമേണ മാറുന്നതാണ് കണ്ടത്. എല്ലാ പെൺസുഹൃത്തുക്കളും എന്നെ ഒരു സഹോദരനായോ രക്ഷാകർത്താവായോ ആണ് കാണുന്നത്. ‘‘എന്താ ഏട്ടാ പെൺകുട്ടികളെ ആകർഷിക്കാൻ നിങ്ങൾക്കുള്ള മാന്ത്രികശേഷി?’’ എന്ന് ഭാര്യ ഒരിക്കൽ എന്നോട് ചോദിക്കുകയുംചെയ്തു. നാൽപത്തഞ്ചു വയസ്സായിട്ടും ഒരു നരപോലും പ്രത്യക്ഷപ്പെടാത്ത താടി തടവിക്കൊണ്ട് പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. ‘‘കൃപേ, കൊടുക്കുന്നതേ നമുക്ക് തിരിച്ചു കിട്ടുകയുള്ളൂ. ഞാൻ പരിചയപ്പെടുന്ന ഓരോരുത്തരെയും ചേർത്തുപിടിക്കുന്നു. അവരുടെ വിഷമങ്ങൾ കേൾക്കുന്നു. അവർക്ക് ഞാൻ അവരിലൊരാളെ പോലെ തോന്നുന്നു. ഞാൻ എന്റെ കൂടപ്പിറപ്പായി കണ്ട് എന്റെ വാളിൽ അവരെ പരിചയപ്പെടുത്തുന്നു. ഇതിൽ പ്രത്യേകിച്ച് ഒരു മാജിക്കൽ ശേഷിയുമില്ല.’’
എന്റെ ഭാര്യക്ക് എന്നെക്കുറിച്ചുള്ള സംശയം തീർന്നുകിട്ടിയെങ്കിലും എഫ്.ബി ഫ്രണ്ടായ ഒരു ചെറുപ്പക്കാരൻ എന്നോട് മെസഞ്ചറിൽ ചോദിച്ചു: ‘‘നിനക്ക് പെൺകുട്ടികൾ മാത്രമേ കമ്പനിയുള്ളൂ? പെൺപിള്ളേരെ വലവീശി നടക്കുന്ന ഗജ ഫ്രോഡല്ലേ നീ?’’
നിനക്ക് മറ്റെന്തിന്റേയോ അസുഖമാണ്. അതിനെനിക്ക് ഉത്തരമില്ലെന്ന് ഞാൻ ദേഷ്യത്തോടെ മറുപടി കൊടുക്കുകയും ചെയ്തു. ഞാൻ ആലോചിച്ചു നോക്കി. എന്റെ എഫ്.ബി വാൾ മുഴുവൻ പെണ്ണുങ്ങൾ മാത്രമാണോ നിറഞ്ഞു നിൽക്കുന്നത്? അല്ല!.. ഇടക്ക് ആണുങ്ങളും വന്നുപോകുന്നുണ്ട്... പക്ഷേ അവരെക്കുറിച്ചുള്ള കുറിപ്പുകൾക്ക് കമന്റുകളും ഷെയറും കുറവാണ്. അവരെന്നോട് ചേർന്നുനിൽക്കുകയല്ല. ഞാൻ അവരോട് ചേർന്നുനിൽക്കുന്നതാണ് ഫോട്ടോയിൽ കാണുന്നത്. അവരിലാകട്ടെ കവികളാണ് കൂടുതലും. ഒരുദിവസം എന്റെ പരിചയക്കാരിയായ ഒരു പെൺകുട്ടി എന്നെ വിളിച്ചുപറഞ്ഞു. ‘‘ആകാശ് ചേട്ടാ എന്നോടു ക്ഷമിക്കണം. ഞാൻ വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്ന ചെറുക്കന് എന്നെ വലിയ സംശയമാണ്. നിങ്ങളോടൊപ്പമുള്ള ഫോട്ടോ കാണിച്ച് ഈ ഗജ ഫ്രോഡിനോട് നിനക്കെന്തു ബന്ധം എന്ന് എന്നോടു ചോദിച്ചു. അയാളെ ഞാൻ ബ്ലോക്ക് ചെയ്തു. ആ കല്യാണം വേണ്ടെന്ന് ഞാൻ വീട്ടുകാരെ അറിയിക്കുകയുംചെയ്തു. സ്നേഹബന്ധത്തിന്റെ വിലയറിയാത്ത മനുഷ്യരുടെ കൂടെ എങ്ങനെ പൊറുക്കും? അയാൾക്ക് നിങ്ങൾ എന്റെ കൂടപ്പിറപ്പാണെന്ന് ഏതു ഭാഷയിൽ ഞാൻ പറഞ്ഞു കൊടുക്കണം? മഞ്ഞപ്പിത്തം ബാധിച്ചവൻ എല്ലാ ബന്ധങ്ങളെയും മഞ്ഞയായിട്ടല്ലേ കാണുന്നത്?’’
ശാലിനി എന്ന ആ പെൺകുട്ടിയുടെ സ്വരം ഇടറി. ഒരാഴ്ച മുമ്പ് എനിക്ക് മെസേജയച്ച ചെറുപ്പക്കാരനാണ് ശാലിനിയുടെ പ്രതിശ്രുത വരനെന്ന് എനിക്ക് മനസ്സിലായി.
‘‘വിഷ്ണുറാമെന്നാണോ അവന്റെ പേര്?’’
‘‘ചേട്ടാ നിങ്ങൾക്കവനെ അറിയാമോ?’’
‘‘നേരിട്ടറിയില്ല. അയാൾ എന്റെ എഫ്.ബി സുഹൃത്താണ്. കഴിഞ്ഞാഴ്ച ഞാൻ പെൺകുട്ടികളെ വലവീശിപ്പിടിക്കുന്നവനാണെന്നു പറഞ്ഞ് അവനെന്നെ ആക്ഷേപിച്ചു.’’
‘‘ആ മഞ്ഞപ്പിത്തക്കാരന്റെ ചെവിട്ടത്തടിക്കണം.’’ അവൾ രോഷത്തോടെ പറഞ്ഞു. ‘‘സാരമില്ല കുട്ടി... നമ്മൾ കാണുംപോലെയല്ല ഈ ലോകം... തെറ്റിദ്ധാരണകൾകൊണ്ടും സ്നേഹം യഥാസമയം കിട്ടാത്തതുകൊണ്ടും ചിലർ വഷളാകുന്നു. അത്രമാത്രം കരുതിയാൽ മതി.’’ ഞാൻ പറഞ്ഞു.
തപാലിൽ വന്ന ഇൻലൻഡ് കുറച്ചു കഴിഞ്ഞ് പൊളിക്കാമെന്നു വിചാരിച്ച് ഞാനത് മേശപ്പുറത്തു കൊണ്ടുപോയി വെച്ചു. സ്നേഹലത ചെങ്ങളായി എന്ന പെൺകുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുവാൻ, മൈ വർക്ക് ഗ്രൂപ്പിൽ എഴുതിയിട്ട കുറിപ്പ് ഞാൻ കോപ്പി ചെയ്ത് പേസ്റ്റാക്കുകയും അതിന്റെ ബാക്കിഭാഗം എഴുതാൻ തുടങ്ങുകയുംചെയ്തു.
-ജീവിതത്തിലെന്നേ കണ്ടുമുട്ടണ്ടവൾ
- ഇവൾക്കുള്ള പ്രത്യേകതകൾ ഞാനും നിങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ഒരു സാധാരണ പെൺകുട്ടിയുടേതുപോലെത്തന്നെ... പക്ഷേ ഇവളെ വേറിട്ടുനിർത്തുന്നത് എനിക്കും നിങ്ങൾക്കും പ്രതീക്ഷിക്കാനാവാത്ത കാരണങ്ങളാൽ തന്നെ...
- സ്നേഹത്തിന്റെ വസന്തം ഗാനങ്ങളിൽ മാത്രം വർണിക്കുന്ന ഒന്നല്ല... ജീവിതംകൊണ്ട് ഇവൾ നടന്നുതീർത്ത വഴികളിൽ വസന്തത്തിന്റെ നിറപ്പകർച്ചകളുണ്ട്.
- ആകാശേട്ടൻ ഇവളുടെ സ്വന്തം ചേട്ടനാണ്. ഇവൾ എന്റെ പെങ്ങൾ... കാലത്തിൽനിന്നും കൈയെത്തി പിടിച്ച രണ്ടു ജന്മങ്ങൾ...
- സ്നേഹലതേ നിന്റെ കണ്ണുകളിലെ വെളിച്ചം ഞാൻ കാണുന്നു...
- ഒരായിരം പിറന്നാൾ ആശംസകൾ...
കുറിപ്പ് എഴുതി കഴിഞ്ഞ ഉടനെ ഞാനത് മൈ വർക്കിൽ സെന്റ് ചെയ്തതിനു ശേഷം കോപ്പി ചെയ്ത് ഗാലറിയിൽ പോയി സ്നേഹലത ചെങ്ങളായിയുടെ കൂടെയുള്ള ഫോട്ടോ ഫെയ്സ്ബുക്കിലേക്ക് ഷെയർ ചെയ്യുകയും കുറിപ്പ് അതിന്റെ മുകളിൽ പേസ്റ്റു ചെയ്യുകയും ചെയ്തു. അൽപനേരത്തിനു ശേഷം എന്റെ ആ കുറിപ്പുകൾക്കു താഴെ വീഴുന്ന കമന്റുകൊണ്ട് എന്റെ ഫോണിൽ മണിയൊച്ചകൾ പലവട്ടം കേട്ടു. സ്നേഹലത ചെങ്ങളായിക്ക് പിറന്നാൾ ആശംസകളെന്നും ആകാശേട്ടാ നന്നായിട്ടുണ്ട് ഈ കുറിപ്പും എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഏതാനും കമന്റുകൾ ഞാൻ വായിച്ചു. ഇതും ഒന്നോ രണ്ടോ കെ ലൈക്ക് വീഴുന്ന കുറിപ്പാണെന്ന് ആദ്യ പ്രവണതയിൽനിന്നു തന്നെ മനസ്സിലായി. സന്തോഷത്തോടുകൂടി ഞാൻ എഫ്.ബിയിൽനിന്നും പുറത്തുവരുകയും നെറ്റ് ഓഫാക്കുകയും ചെയ്തു.
ഗാനരചയിതാവെന്ന നിലയിലുള്ള പ്രശസ്തി വന്നതിൽ പിന്നെയാണ് സർവ മേഖലകളിലും എനിക്ക് ആദരവ് കിട്ടിത്തുടങ്ങിയത്. മൂലക്കണ്ടം എൽ.പി സ്കൂളിൽ ആറെട്ടു വർഷങ്ങൾക്കു മുമ്പേ ഞാൻ അധ്യാപകനായിരുന്നു. അക്കാലത്ത് ഞാൻ ഖാദിയുടെ ജുബ്ബയും വെള്ളമുണ്ടുമുടുക്കുന്ന ഒരു സാദാ മാഷായിരുന്നു. കവിതയെഴുതുന്ന വാസന അന്നേ കുറച്ചുണ്ടായിരുന്നു. ഗദ്യ കവിതകളായിരുന്നു ഞാൻ എഴുതാറുള്ളത്. മുഖ്യധാരയിൽതന്നെ ഒന്നുരണ്ട് മാസികകളിൽ എന്റെ കവിത വന്നു തുടങ്ങിയിരുന്നു. എന്റെ സുഹൃത്തും മറ്റൊരു കവിയുമായ യദു മാഷിന്റെ വീട്ടിൽ ഞാൻ കാവ്യചർച്ചക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹം പദ്യത്തിൽ കവിത എഴുതുന്ന കവിയാണ്. ഏതു വിഷയത്തെക്കുറിച്ചും നാലഞ്ചുവരി പദ്യത്തിൽ നിമിഷനേരത്തിൽ പൊട്ടി വിരിയിക്കുവാനുള്ള കഴിവ് യദുമാഷിനുണ്ട്. ഗദ്യത്തിലെഴുതുന്നതോടൊപ്പം പദ്യത്തിൽകൂടി എഴുതിയാലേ പൊതുജനങ്ങൾ അംഗീകരിക്കുകയുള്ളൂ എന്ന് യദുമാഷ് പറഞ്ഞു. സ്കൂൾ വിസിറ്റിങ്ങിന് മുതിർന്ന ഉദ്യോഗസ്ഥന്മാർ വന്നാൽ എന്നെയും യദുമാഷെയും ഹെഡ് മാസ്റ്റർ പരിചയപ്പെടുത്താറുണ്ട്. ഒരിക്കൽ എ.ഇ.ഒ വന്നു. ‘‘ഇവർ രണ്ടുപേരും കവികളാണ്. ഇത് യദുകൃഷ്ണൻ പള്ളത്തുവയൽ. മറ്റേയാൾ ആകാശ് മൂലക്കണ്ടം. രണ്ടുപേരും ഞങ്ങളുടെ സ്കൂളിന്റെ അഭിമാനം.’’
‘‘യദുകൃഷ്ണൻ പള്ളത്തുവയലിനെ കേട്ടിട്ടുണ്ട്. ആകാശവാണിയിൽ കവിതകൾ വരാറില്ലേ?’’
എ.ഇ.ഒ ചോദിച്ചു.
‘‘അതെ’’, യദുമാഷ് പറഞ്ഞു.
എന്നെക്കുറിച്ച് എ.ഇ.ഒ കേട്ടിട്ടില്ല എന്നതിൽ എനിക്ക് സങ്കടമൊന്നും തോന്നിയില്ലെങ്കിലും വൈകുന്നേരം സ്കൂളിൽനിന്നും മടങ്ങുമ്പോൾ യദുമാഷ് പറഞ്ഞു. ‘‘മുഖ്യധാര മാസികകളിൽ ഇതുവരെ എന്റെ കവിത വന്നിട്ടില്ല. എന്നിട്ടും എന്നെ എല്ലാവർക്കുമറിയാം. അതിനു കാരണം എന്റെ കാസറ്റു കവിതകളാണ്. പദ്യത്തിൽ ഒന്നോ രണ്ടോ നീയും കാച്ചിയാൽ നിന്നെയും ആളുകൾക്ക് പറഞ്ഞാൽ മനസ്സിലാകും.’’
യദുമാഷിനെ പോലെ എനിക്ക് പദ്യത്തിൽ എഴുതാൻ എന്നിട്ടും തോന്നിയില്ല. കവിതയിൽ പ്രാദേശികമായ ജീവിതവും അരികുവത്കരിക്കപ്പെട്ട ജീവിതവും എഴുതാൻ പദ്യത്തിന്റെ ഭാഷ ചേരില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നു. ഞാൻ മാർദവമില്ലാത്ത പരുക്കൻ ഭാഷയിൽ കവിത എഴുതിക്കൊണ്ടിരുന്നു. സ്കൂളിലെ എന്റെ ജീവിതവും എന്റെ കവിത്വവും തമ്മിൽ ഒരു ബന്ധവുമുണ്ടായിരുന്നില്ല. നാട്ടിൻപുറത്തേക്കിറങ്ങുമ്പോൾ ഞാൻ കവിയാകും. നല്ല വായനയുള്ള ഏതാനും ആളുകളോട് മാത്രം ഞാൻ കവിതയെക്കുറിച്ച് സംസാരിച്ചു. യദുമാഷ് നാട്ടിലും സ്കൂളിലും കവിയായിരുന്നു. നല്ല ഈണത്തിൽ സ്വന്തം കവിത ചൊല്ലി അദ്ദേഹം കുട്ടികളെ രസിപ്പിച്ചു. അങ്ങനെ സ്വന്തം കവിത ചൊല്ലി കുഞ്ഞുങ്ങളെ രസിപ്പിക്കാനാവുന്നില്ലല്ലോ എന്നു ഞാൻ ഉള്ളാലെ വേദനിച്ചു. മഹാകവികളുടെ കുട്ടിക്കവിതകൾ പാടി ഞാൻ കുട്ടികളെ എന്നിലേക്ക് കൊണ്ടുവന്ന് നല്ല മാഷായി മാറുകയുംചെയ്തു.
ജീവിതത്തിൽ ചില വഴികൾ അപ്രതീക്ഷിതമായി തുറന്നു കിട്ടുന്നു. ഒന്നും നമുക്ക് മുൻകൂട്ടി പ്രവചിക്കാനാവില്ലല്ലോ. അപ്രവചനീയമായ ചില സംഭവങ്ങൾ എന്റെ കാവ്യജീവിതത്തിൽ പിന്നീട് സംഭവിച്ചു. അഞ്ചു വയസ്സുള്ള മകൻ അഭിമന്യുവിന് ഒരു കളിപ്പാട്ടം വാങ്ങുന്നതിന് ഒരു വൈകുന്നേരം ഞാൻ മൂലക്കണ്ടത്തെ കളിപ്പാട്ടക്കടയിലേക്ക് പോയി. കളിവണ്ടിയും കളിത്തോക്കും ഫൈബറിന്റെ ഗ്യാസ് അടുപ്പുമൊക്കെ അഭിമന്യു അഞ്ചുവയസ്സിനു മുമ്പ് വാങ്ങി കളിച്ചു മടുത്ത് താൽപര്യം പോയിരുന്നതിനാൽ അവന്റെ പ്രായത്തിനിണങ്ങുന്ന ഒരു കളിപ്പാട്ടം വേണമായിരുന്നു. അങ്ങനെയാണ് ഒരു ഇലക്ട്രിക് കീബോർഡിൽ എന്റെ ശ്രദ്ധ പതിയുന്നത്. രണ്ട് പെൻടോർച്ചിന്റെ ബാറ്ററിയിട്ടാൽ അത് ശബ്ദിക്കും. സാധാരണ ഇലക്ട്രിക് കീബോർഡിലെ പ്രവർത്തനങ്ങൾ ഈ കളിപ്പാട്ടത്തിലും ഉണ്ട്. ഏഴു സ്വരങ്ങൾ ഉണ്ടാക്കാം. പോരാത്തതിന് അതിൽ റെക്കോഡ് ചെയ്യപ്പെട്ട ഏതാനും സംഗീതമുണ്ട്. ദേശീയഗാനവും ജിംഗിൾ ബെല്ലും ഒരു സ്വിച്ച് ഞെക്കിയാൽ അതിൽനിന്നും കേൾക്കാം. അറുന്നൂറ് രൂപയായിരുന്നു ആ കളിപ്പാട്ടത്തിന്റെ വില. ബാറ്ററി ഉപയോഗിക്കുന്നില്ലെങ്കിൽ മൊബൈൽ ചാർജ് ചെയ്യുന്നതുപോലെ ആ കീബോർഡ് ചാർജ് ചെയ്യുകയുമാവാം. അഭിമന്യുവിന് വേണ്ടി ഞാൻ ആ കളിപ്പാട്ടം വാങ്ങി.
വീട്ടിലെത്തിയപ്പോൾ അതിലെ കീബോർഡിൽ തൊട്ടപ്പോൾ എനിക്കും കൗതുകമായി. എന്റെ വിരലുകൾ നൃത്തംവെച്ചു. കീബോർഡിൽനിന്നും പലതരം സ്വരങ്ങളുണ്ടായി.
‘‘മുറ്റത്തെ മുല്ലയിൽ മണമുണ്ടെന്നിന്നലെ മന്ദം പറഞ്ഞു മറഞ്ഞതാരോ’’ എന്ന് ഞാൻ അറിയാതെ പറഞ്ഞുപോയി. നല്ലൊരു ഗാനത്തിന്റെ തുടക്കം കീബോർഡിൽനിന്നുയർന്ന സംഗീതത്തിന് അകമ്പടിയായി വന്നപ്പോൾ അഭിമന്യു പറഞ്ഞു. ‘‘അച്ഛാ ഞാൻ സംഗീതമുണ്ടാക്കാം. അച്ഛൻ പാട്ടു പാട്.’’
മകൻ കീബോർഡ് എന്നിൽനിന്നും കൈക്കലാക്കി. അവൻ വിരലുകൾകൊണ്ട് കീബോർഡ് മീട്ടുകയാണ്.
‘‘മുറ്റത്തെ മുല്ലയിൽ
മണമുണ്ടെന്നിന്നലെ
മന്ദം പറഞ്ഞു മറഞ്ഞതാരോ
അണ്ണാറക്കണ്ണനോ തുമ്പിയോ തെന്നലോ
തിങ്കൾക്കിനാവിന്റെ പൂനിലാവോ?’’
എന്നു ഞാൻ പാടി. എനിക്ക് എന്നോടു തന്നെ മതിപ്പു തോന്നി. ഇന്നേവരെ പദ്യത്തിലൊരുവരി എഴുതാത്ത ഞാൻ ഒരു ഗാനത്തിന്റെ പല്ലവി പാടിയിരിക്കുന്നു.
ഞാൻ അടങ്ങിയിരുന്നില്ല. മൊബൈൽ എടുത്ത് വാട്സ്ആപ്പിൽ അതിന്റെ അനുപല്ലവി എഴുതി. ഏതാനും മിനിട്ടുകളേ എനിക്കതിനു വേണ്ടിവന്നുള്ളൂ. അഭിമന്യു വിരൽകൊണ്ട് കീബോർഡിൽ ശബ്ദമുണ്ടാക്കുമ്പോൾ ഞാനത് മുഴുവനായി പാടി. നല്ലൊരു ഗാനം പിറന്നപ്പോൾ ഞാനത് എഫ്.ബിയിൽ പോസ്റ്റു ചെയ്തുകൊണ്ടു പറഞ്ഞു: പാറക്ക് ചിരട്ട ഉരക്കുന്നതുപോലെയാണ് എന്റെ ശബ്ദം. എനിക്കിത് പാടാനറിയില്ല. ഞാനെഴുതിയ ഈ വരികൾ ഇഷ്ടപ്പെട്ടവർ പാടി നോക്കൂ...
എന്റെ ആദ്യഗാനത്തിന് വലിയതോതിലുള്ള ലൈക്ക് കിട്ടി. ഒന്നുരണ്ടു പേർ ആ പാട്ടു പാടി എനിക്ക് അയച്ചുതന്നു. അതുവരെ വലിയ അനക്കമില്ലാതിരുന്ന എന്റെ വാളിൽ നിരവധിപേർ കമന്റുകളുമായെത്തി.
മൂലക്കണ്ടത്തെ കളിപ്പാട്ട കടയിൽനിന്നും വാങ്ങിയ ഇലക്ട്രിക് കീബോർഡ് എന്റെ ജീവിതത്തിനെ പാടേ മാറ്റിവരച്ചു. എന്റെ ആദ്യഗാനം എഫ്.ബിയിൽ കണ്ട് ഒരു സിനിമാ സംഗീത സംവിധായകൻ എന്നെ വിളിക്കുകയും ഒരവസരം എനിക്ക് തുറന്നുതരുകയുംചെയ്തു. എഫ്.ബിയിലെഴുതിയ ഒരൊറ്റ ഗാനത്തിന്റെ ബലത്തിൽ സിനിമക്ക് ഗാനമെഴുതാൻ പോകുമ്പോൾ എനിക്ക് ഭയമുണ്ടായിരുന്നു. പണ്ടത്തെ പോലെ വരികൾക്കനുസരിച്ച് സംഗീതം പകരുന്നവരല്ല പുതിയ സംഗീത സംവിധായകർ. അവർ തരുന്ന സംഗീതത്തിനനുസരിച്ച് വരികളെഴുതണം. അതിനെന്നെക്കൊണ്ടാവുമോ? ഞാൻ സന്ദേഹിച്ചു. സിനിമക്ക് ഗാനമെഴുതാൻ പോകുന്നതിനുമുമ്പ് കുറച്ച് വൃത്തങ്ങളെല്ലാം പഠിച്ച് അതിൽ ഗാനങ്ങൾ തീർക്കാൻ കഴിഞ്ഞാൽ ഒരഭ്യാസമാകുമെന്ന് സംഗീതം അൽപസ്വൽപമറിയുന്ന എന്റെ ഒരു ബന്ധു പറഞ്ഞു. ഞാൻ യദുമാഷിനെ കണ്ടു. മാഷ് പറഞ്ഞു. ‘‘വൃത്തം പഠിക്കാൻ ഒരു വാട്സ്ആപ് ഗ്രൂപ്പുണ്ട്. തൃശ്ശൂരിലെ ഒരു ഷാരടി മാഷാണ് അതിന്റെ അഡ്മിൻ. നിന്നെ അതിൽ ചേർക്കാൻ പറയാം.’’
അങ്ങനെ ഞാൻ വൃത്തക്കളം എന്ന ഗ്രൂപ്പിൽ ചേർന്നു. ലഘുവും ഗുരുവും തിരിച്ച് വരികളെഴുതുന്നതിൽ തുടക്കത്തിൽ എനിക്ക് പ്രയാസങ്ങളുണ്ടായെങ്കിലും ഞാനതിൽ വിജയിച്ചു. കന്യ, രമണീയം തുടങ്ങിയ വൃത്തങ്ങളിലൂടെ ആരംഭിച്ച് അമ്പതോളം വൃത്തങ്ങളിൽ ഞാൻ വരികൾ എഴുതി. ഏതു വൃത്തം തന്നാലും ഏതു താളം കിട്ടിയാലും വരികളെഴുതാൻ എനിക്ക് കഴിയുമെന്ന ബോധ്യം വന്നു. ഒരു മാസത്തിനുശേഷം ഞാൻ ചെന്നൈയിലേക്കു പോയി. സിനിമക്ക് ഗാനമെഴുതി, ആദ്യ സിനിമയിലെ എന്റെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായി. തുടരെ തുടരെ എനിക്ക് ഓഫറുകൾ വന്നുതുടങ്ങി. സ്കൂൾ ജീവിതം എന്റെ സിനിമാജീവിതത്തിന് തടസ്സമാണെന്നു തോന്നിയപ്പോൾ ഞാൻ അധ്യാപക ജോലിയിൽനിന്നും രാജിവെച്ചു.
എന്റെ ഗാനങ്ങൾ ഏതു മുക്കിലും മൂലയിലും ഇപ്പോൾ കേൾക്കാറുണ്ട്. അതിപ്രശസ്തനായപ്പോഴും ഞാൻ വിനയം വെടിഞ്ഞില്ല. യദുമാഷെ ഞാൻ കാണാറുണ്ട്. വൃത്തത്തിൽ കവിതയെഴുതാനിരുന്ന് ഞങ്ങൾ ഇടയ്ക്ക് ഒന്നുരണ്ട് ബിയർ അടിച്ച് പദ്യത്തിന്റെ മാന്ത്രികതയെക്കുറിച്ച് വാചാലരാകാറുണ്ട്. സ്കൂളിലെ എന്റെ പഴയ സഹപ്രവർത്തകരെ എന്നോടു ചേർത്തുനിർത്തി ഫോട്ടോയെടുത്ത് ഓരോ വർഷവും ഞാൻ ഓർമകൾ പുതുക്കി എഫ്.ബിയിൽ കുറിപ്പുകളിടാറുണ്ട്. സിനിമാഗാന രചയിതാവായപ്പോൾ എന്റെ ഗദ്യകവിതകളും സാധാരണക്കാർക്ക് പരിചിതമായി. പല പത്രങ്ങളിലും എന്നെക്കുറിച്ച് ഫീച്ചറുകൾ വന്നപ്പോൾ സിനിമാ ഗാനങ്ങളോടൊപ്പം എന്റെ പഴയ കവിതകളും ഉദ്ധരിക്കപ്പെട്ടു.
എറണാകുളത്തും ചെന്നൈയിലും എനിക്ക് ഫ്ലാറ്റുകളുണ്ട് ഇപ്പോൾ. തരക്കേടില്ലാതെ ജീവിക്കേണ്ട സമ്പാദ്യം ഇതിനകം ഞാൻ പാട്ടെഴുതി ഉണ്ടാക്കിയിട്ടുണ്ട്. ഏറക്കുറെ ജീവിതം സുന്ദരമാണ്. വെള്ളിത്തിരയുടെ തിളക്കം എന്റെ ജീവിതത്തിനുണ്ട്. സിനിമാ നടന്മാർക്കുള്ളതു പോലെയുള്ള ആരാധകർ എനിക്കില്ലെങ്കിലും ഞാൻ ആരാണെന്നറിയുമ്പോൾ എന്നോടു കൂട്ടുകൂടുന്ന മനുഷ്യർ ഒത്തിരി എന്റെ ചുറ്റിലുമുണ്ട്. അവർ എന്നെ അമാനുഷികനായി കാണുന്നില്ല. യാഥാർഥ്യബോധം നിറഞ്ഞതും സ്നേഹസുരഭിലവുമായ സൗഹൃദമാണ് എനിക്ക് ഏവരിൽനിന്നും കിട്ടുന്നത്. അനർഗളമായി സംസാരിക്കുകയും എപ്പോഴും നിറചിരിയുമായി നിൽക്കുകയും ചെയ്യുന്ന എന്നെ പെൺകുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നുണ്ട്. ഞാനവരോട് ഒരു ഏട്ടനെ പോലെ പെരുമാറും. പലർക്കും ജീവിതത്തിലെ ഒരു ഉപദേശകനായി മാറും. ജീവിതത്തിൽ ഇന്നേവരെയുള്ള എല്ലാ ബന്ധങ്ങളും ഞാൻ ആഴത്തിൽ നിലനിർത്തുന്നു. ചെറുപ്പത്തിൽ എന്റെ കൂടെ പഠിച്ചവരൊക്കെ എന്നെ കാണാൻ വരാറുണ്ട്. ചിലപ്പോൾ ഞാൻ അങ്ങോട്ടു പോകാറുണ്ട്. ഇന്നലെ കണ്ട മനുഷ്യർക്കു വരെ എത്രയോ വർഷങ്ങൾക്കു മുമ്പേ നമ്മൾ പരിചിതരാണെന്നു തോന്നിപ്പിക്കുവാൻ ഒരു ചിരിയിലൂടെ എനിക്ക് കഴിയുന്നു.
മേശപ്പുറത്തു കിടന്ന ഇൻലൻഡ് ഞാൻ പൊട്ടിച്ചു. നീലനിറത്തിലുള്ള ഇത്തരം കത്തുകൾ എന്റെ കൗമാരകാലത്ത് പലതവണ എനിക്ക് കിട്ടിയിരുന്നു. സോഷ്യൽ മീഡിയയുടെ ഈ കാലത്ത് എനിക്ക് കത്തയച്ച മനുഷ്യൻ ആരാണാവോ?
-പ്രിയപ്പെട്ട ആകാശ് നിനക്ക് എന്നെ ഓർമയുണ്ടോ? എന്നു തുടങ്ങുന്ന കത്ത് ഞാൻ കൗതുകത്തോടെ വായിച്ചു.
-ന്യൂ ഭാരത് മാർക്കറ്റിങ് കമ്പനിയെക്കുറിച്ച് നിനക്ക് ഓർമയുണ്ടോ? അടുത്ത ചോദ്യം എന്നെ ആകാംക്ഷാഭരിതനാക്കി. – കാറ്റാം കവലയിൽ നമ്മൾ രണ്ടുപേരും ന്യൂ ഭാരത് ഡയറക്ട് മാർക്കറ്റിങ് കമ്പനിയിലെ ട്രെയ്നികളായി പ്രവർത്തിച്ചത് നീയോർക്കുന്നുണ്ടോ?
ആ ചോദ്യം എന്നെ ഓർമകളിലേക്ക് എടുത്തെറിഞ്ഞു. ഈ കത്തെഴുതിയ സനീഷിന്റെ മുഖം എന്റെ മനസ്സിൽ തെളിയാൻ തുടങ്ങി. കത്തിന്റെ ബാക്കി ഞാൻ വായിച്ചു.
-നമ്മളന്ന് ഒരു മാസക്കാലം ആ കമ്പനിയിലുണ്ടായിരുന്നു. നീ അന്ന് ചെറുതായി കവിത എഴുതുമായിരുന്നു. ഒരു മാസംകൊണ്ട് നമ്മൾ മുജ്ജന്മ സുഹൃത്തുക്കളെ പോലെ പെരുമാറിയിരുന്നു.
നീ ഓർക്കുന്നുണ്ടോ ആ ദിനങ്ങളെ?
കത്ത് പാതി വായിച്ച് ഞാൻ കുറ്റബോധത്തോടെ നിന്നു. എസ് .കെ.കെ എന്നു കത്തിനു പുറത്ത് കണ്ടപ്പോൾ എനിക്കവനെ ആദ്യം ഓർമയിൽ വന്നില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമം തോന്നി.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കു മുമ്പ്, അതെ കാൽ നൂറ്റാണ്ടെത്താനിനി രണ്ടു വർഷങ്ങൾ മാത്രം...
–എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ന്യൂ ഭാരത് മാർക്കറ്റിങ് കമ്പനിയിൽ ഞാൻ ട്രെയ്നിയായി പ്രവേശിച്ചു. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ അല്ലറച്ചില്ലറ കൂലിപ്പണികൾ ചെയ്തു ജീവിക്കുമ്പോഴാണ് പത്രത്തിൽ പരസ്യം കണ്ടത്. ഹാർഡ് വർക്കുള്ള ജോലികളാണ് കൂലിപ്പണിയെന്ന പേരിൽ അറിയപ്പെടുന്നത്. വിദ്യാഭ്യാസ കാലത്ത് ശാരീരികാധ്വാനം ചെയ്യാത്തതിനാൽ ഞാൻ കൂലിപ്പണിയെടുക്കുന്നതിൽ പ്രാപ്തി കുറഞ്ഞവനായിരുന്നു. ഒരു ഓഫീസ് ജോലി ഞാൻ ആഗ്രഹിച്ചിരുന്നു. അത്രത്തോളം ആകാൻ കഴിയില്ലെങ്കിലും കോട്ടും ടൈയും ഇട്ട് ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യേണ്ടുന്ന ഒരു ജോലി നേടാമല്ലോ എന്ന പ്രതീക്ഷ ജോലിക്ക് അപേക്ഷിക്കുമ്പോൾ എനിക്കുണ്ടായിരുന്നു. പോരാത്തതിന് ജോലിയോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം എന്ന മോഹന വാഗ്ദാനവുമുണ്ടായിരുന്നു.
ഡിഗ്രി കഴിഞ്ഞിട്ടും ഇംഗ്ലീഷിൽ അത്ര വല്യ പിടിപാടില്ലാത്ത എനിക്ക് അത്തരം ക്ലാസുകൾ ഉപകരിക്കും എന്നു തോന്നി. കണ്ണൂരിലെ മമ്മൂച്ചയായിരുന്നു കമ്പനിയുടെ മുതലാളി. അദ്ദേഹം ചെറുപുഴയിലെ ഓഫീസിൽ ഒരിക്കലും വന്നിരുന്നില്ല. രണ്ടു മാനേജർമാരാണ് സ്ഥാപനം നിയന്ത്രിച്ചിരുന്നത്. സ്‌റ്റീഫൻ സാറും ഗോപാലേട്ടനും. സ്‌റ്റീഫൻ സാർ കമ്പനിയിൽ എത്തിയ ഉടനെ എന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ വാങ്ങി അദ്ദേഹത്തിന്റെ മേശവലിപ്പിൽ സൂക്ഷിച്ചു. ട്രെയ്നിയായി ജോലി ചെയ്യുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കളാണ് ഞങ്ങളുടെ കൈയിൽ തരുന്നത്. പോരാത്തതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് എല്ലാ ദിവസവും നൽകുന്നു. ഇടയ്ക്ക് ജോലി ഉപേക്ഷിച്ച് ഉദ്യോഗാർഥി മുങ്ങിയാൽ കമ്പനിക്ക് നഷ്ടമാണ്. അതാണ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വാങ്ങി മാനേജ്മെന്റ് സൂക്ഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനെതിരെ രഹസ്യമായി ചിലർ മുറുമുറുത്തു. ഞാൻ ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ അവിടേക്കെത്തിയ സനീഷ് പറഞ്ഞു. ഒരർഥത്തിൽ ഇത് ബന്ദികളാക്കലാണ്. നാമിവരുടെ തടവറയിലാണ്. ഗോപാലേട്ടൻ ദിനേശ് ബീഡി മാനേജറായിരുന്നു. വി.ആർ.എസ് എടുത്ത് കിട്ടിയ തുക ഡയറക്ട് മാർക്കറ്റിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് മാനേജറായതാണ്. ഫീൽഡ് തലത്തിലുള്ള പരിശീലനമാണ് ഗോപാലേട്ടനിൽ നിക്ഷിപ്തമായിരുന്നത്. ഒന്നാം ദിവസം ഞാനും സനീഷും ഗോപാലേട്ടന്റെ കൂടെ കാറ്റാം കവല ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു. ഓട്ടുരുളി, വാലുരുളി, കാന്തിക മാറ്റ്, അപ്പച്ചട്ടി, മസാജ് യന്ത്രം, കഷണ്ടിക്കുള്ള മരുന്ന് എന്നിങ്ങനെ വൈവിധ്യമാർന്ന പ്രൊഡക്ടുകൾ വലിയൊരു ബാഗിലാക്കി പുറത്തു തൂക്കിയിട്ട് ഞങ്ങൾ ഗോപാലേട്ടന്റെ കൂടെ നടന്നു.
നൂറു രൂപയുടെ സാധനം വിറ്റാൽ ഇരുപതു രൂപയായിരുന്നു ഞങ്ങളുടെ കമീഷൻ. രണ്ടു മൂന്നു വീടുകളിൽ ഏതാനും സാധനങ്ങൾ വിറ്റുപോയി. ഒന്നും ചെലവായില്ലെങ്കിലും പ്രതീക്ഷ കൈവിടരുത്. അവസാനം സന്ദർശിച്ച വീട്ടിൽനിന്നായിരിക്കും ഒരുപക്ഷേ നിങ്ങൾക്ക് അന്നത്തെ മുഴുവൻ വരുമാനവും കിട്ടുന്നത്. അതിനാൽ ഓരോ വീടു കയറിയിറങ്ങുമ്പോഴും നിങ്ങളുടെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെടുത്തരുത് –രാവിലെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് കഴിഞ്ഞ് ട്രെയ്നികളോട് സ്‌റ്റീഫൻ സാർ പറഞ്ഞ ഉപദേശം ഓർമ വന്നു. നേരം സന്ധ്യയാകാറായി. എഴുന്നൂറു രൂപയുടെ കച്ചവടം അതിനകം നടന്നിരുന്നു. ആ തുകയുടെ ഇരുപത് ശതമാനം കണക്കാക്കിയാൽ കമീഷനായി നൂറ്റിനാൽപത് രൂപ ഞങ്ങൾക്ക് ലഭിക്കും. പുഴക്കരയിലെത്തിയപ്പോൾ ഗോപാലേട്ടന് തൂറാൻ പൊട്ടി. അദ്ദേഹം ഞങ്ങളോട് വഴിയിൽ നിൽക്കാൻ പറഞ്ഞിട്ട് വാഴക്കൂട്ടങ്ങൾക്കിടയിൽ പോയി കാര്യം സാധിച്ചു. ശൗചം ചെയ്യാൻ വെള്ളം തേടിയപ്പോഴാണ് പ്രശ്നമായത്. നല്ല ആഴമുള്ള പുഴയാണ് ആ ഭാഗത്ത്. ഇറങ്ങാൻ പടവുകളില്ല. വെള്ളത്തിലിറങ്ങി ശൗചം ചെയ്യാൻ കഴിയില്ല.
ഒരൊറ്റ വഴിയേ ഉള്ളൂ. കൈ നീട്ടി പാത്രംകൊണ്ട് വെള്ളം കോരിയെടുക്കുക. ഗോപാലേട്ടൻ ഞങ്ങളോട് ബാഗ് തുറക്കുവാൻ പറഞ്ഞു. അതിൽനിന്നും വാലുരുളിയെടുത്ത് അതിന്റെ കൈയിൽ പിടിച്ച് ഗോപാലേട്ടൻ വെള്ളം കോരിയെടുത്ത് ശൗചംചെയ്തു. ഞങ്ങൾക്ക് ചിരി വന്നു. ആദ്യ ദിവസത്തെ ട്രെയ്നിങ്ങിൽ കണ്ട ഈ പരിശീലനം ഏതു പ്രതിസന്ധിയിലും തളരരുതെന്ന സന്ദേശമാണ് നമുക്ക് നൽകിയിരിക്കുന്നതെന്ന് ഗോപാലേട്ടൻ കേൾക്കാതെ സനീഷ് പറഞ്ഞു. ഗോപാലേട്ടൻ പാന്റിന്റെ സിബ് വലിച്ചു കയറ്റി വാലുരുളിയുമായി ഞങ്ങളുടെ അടുത്തേക്കു വന്നു. പോക്കറ്റിൽനിന്നും ഒരു തൂവാല എടുത്ത് തോർത്തി ആ വാലുരുളി അയാൾ ഭദ്രമായി കൈയിൽ സൂക്ഷിച്ചു. അടുത്ത വീട്ടിൽ എത്തിയപ്പോൾ വാലുരുളിയുടെ മേന്മയെക്കുറിച്ച് അഞ്ചു മിനുട്ട് നീണ്ട പ്രഭാഷണം ഗോപാലേട്ടൻ നടത്തി. വീട്ടുകാരി ഗോപാലേട്ടന്റെ വാക്ചാതുര്യത്തിൽ വീഴുകയും ആ വാലുരുളി സ്വന്തമാക്കുകയും ചെയ്തു. മുന്നൂറ് രൂപയായിരുന്നു അതിന്റെ വില. അതു വിറ്റുപോയപ്പോൾ ഞങ്ങൾക്ക് ആ ദിവസം ആകെ ഇരുന്നൂറ് രൂപ കമീഷൻ കിട്ടി. നൂറ് രൂപ സനീഷിനും നൂറ് രൂപ എനിക്കും ഗോപാലേട്ടൻ വീതിച്ചുതന്നു. ബാക്കി എണ്ണൂറ് രൂപ ഗോപാലേട്ടൻ കമ്പനിയുടെ മുതലായി സൂക്ഷിച്ചു.
സനീഷിന്റെ വീട് കാറ്റാംകവലയിൽതന്നെയായിരുന്നു. അവൻ രാത്രിയായാൽ സ്വന്തം വീട്ടിലേക്ക് മടങ്ങും. കമ്പനി ഒരുക്കിത്തന്ന വീട്ടിൽ എന്നെ കൂടാതെ ഏഴുപേർ കഴിഞ്ഞു. മൂലക്കണ്ടത്തായിരുന്നു എന്റെ വീട്. ജോലി കഴിഞ്ഞ് എനിക്കവിടേക്ക് നിത്യവും പോയി വരാൻ പ്രയാസമാണ്. സനീഷിന്റെ അച്ഛൻ ഒരു ബാർബറായിരുന്നു. അച്ഛന്റെ സലൂണിൽ നിനക്ക് ജോലി ചെയ്തുകൂടേ എന്ന് ഞാൻ ഒരുദിവസം അവനോട് ചോദിച്ചിരുന്നു. അവനതിന് വ്യക്തമായ ഉത്തരം പറഞ്ഞില്ല. എന്റെ ചോദ്യത്തിൽനിന്നും ആദ്യം ഒഴിഞ്ഞുമാറാനാണ് അവൻ ശ്രമം നടത്തിയത്. ഞാൻ ആവർത്തിച്ചു ചോദിച്ചപ്പോൾ അവൻ പറഞ്ഞു. ഞാൻ ഡബിൾ എം.എക്കാരനാണ്. ഇത്രയും പഠിച്ച ഞാൻ അച്ഛന്റെ കൂടെ കത്രികയെടുക്കരുതെന്നാണ് അച്ഛന്റെയും അമ്മയുടെയും താക്കീത്. നാളിതു വരെയായിട്ട് ഒരു ദിവസംപോലും അവനെ കുലത്തൊഴിൽ പഠിപ്പിക്കാൻ അച്ഛൻ ഒരുമ്പെട്ടില്ല. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഒരു ജോലി ശരിയാകാത്തതുകൊണ്ട് ഇപ്പോൾ അച്ഛനമ്മമാരിൽനിന്നും വലിയ മുറുമുറുക്കലുകൾ ഉയരുന്നുണ്ട്. അത് പരിഹരിക്കുന്നതിനുവേണ്ടി ഒരു ഇടത്താവളം എന്ന പ്രതീക്ഷയിലാണ് അവൻ മാർക്കറ്റിങ് കമ്പനിയിൽ ജോയിൻചെയ്തിരിക്കുന്നത്.
ഒരുദിവസം മാത്രമേ ഗോപാലേട്ടൻ ഫീൽഡ് വർക്കിൽ ഞങ്ങളെ സഹായിച്ചിരുന്നുള്ളൂ. പിറ്റേന്നു മുതൽ ഞങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്ക് വീടുതോറും കയറിയിറങ്ങണമെന്ന കൽപനയുണ്ടായി. ഞാനും സനീഷും ബിഗ് ബാഗിൽ സാധനങ്ങളുമായി പുറപ്പെടും. മാനേജർമാർ അറിയാതെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് വീടുകളിൽ കയറുക. എനിക്ക് വാക്സാമർഥ്യമുണ്ടായിരുന്നു. അവനാകട്ടെ മിതഭാഷിയാണ്. പക്ഷേ വലിയൊരു മികവ് അവനുണ്ട്. കാറ്റാം കവലയിലെ ആളുകളെ മുഴുവൻ അവന് പരിചയമുണ്ട്. അത് മാർക്കറ്റിങ്ങിന് നല്ലതാണ്. അവൻ കാട്ടിത്തരുന്ന വീടുകളിലേക്ക് ഞാൻ അവന്റെ കൂടെയിറങ്ങും. അവൻ വർത്തമാനം തുടങ്ങിവെക്കും. ഞാൻ വാഗ്ധോരണികൊണ്ട് ഉൽപന്നങ്ങൾ ചെലവാക്കും. ഒരാഴ്ച കഴിഞ്ഞപ്പോൾ നാട്ടിലെ ഒരു മാതിരിപ്പെട്ട വീട്ടുകളിലും പ്രദേശങ്ങളിലും ഞങ്ങൾ കയറിയിറങ്ങിക്കഴിഞ്ഞിരുന്നു.
ഉൽപന്നങ്ങൾ വിറ്റഴിക്കാൻ പുതിയ ഇടം തേടേണ്ടി വന്നു. കാറ്റാംകവലക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്കു പോകാൻ തീരുമാനിച്ചു. സനീഷിനും സ്ഥലപരിചയം മാത്രമേ ഉള്ളൂ. പുതിയ ഇടങ്ങളിലെ വീട്ടുകാരെ ആരെയും അത്ര പരിചയമില്ലെന്ന് അവൻ പറഞ്ഞു. കാറ്റാടികൾ മൂളിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിലെത്തി. ഞങ്ങൾ പുഴക്കടവിലെത്തിയപ്പോൾ ദൂരെ കുറച്ച് സ്ത്രീകൾ കുളിക്കുന്നു. അങ്ങോട്ട് നോക്കരുത് അവർ തെറി പറയുമെന്ന് സനീഷ് പറഞ്ഞു. ഞങ്ങൾ റോഡുവക്കിലെ ഒരു പാറക്കല്ലിലിരുന്നു. നടന്നു തളർന്നിരുന്നു. എന്നിട്ടും കഴിഞ്ഞ രാത്രിയിൽ ഉറക്കമൊഴിഞ്ഞ് എഴുതിയ ഒരു പ്രണയകവിത ഞാൻ ഉറക്കെ ചൊല്ലി. അതു കേട്ട് സനീഷ് പറഞ്ഞു.
‘‘ഇത് ആര് എഴുതിയതാണ്?’’
‘‘എന്റെ സ്വന്തം കവിതയാണ്.’’
‘‘നന്നായി. അപ്പോൾ കവിയാണല്ലേ?’’
ഞാൻ ചിരിച്ചു.
‘‘എനിക്ക് കവിതയെഴുതുന്ന ഒരു പെൺകുട്ടിയെ ഇഷ്ടമാണ്.’’
സനീഷ് പറഞ്ഞു. അവൻ എം.എക്ക് പഠിച്ച പാരലൽ കോളേജിലെ വിദ്യാർഥിയായിരുന്നു അവൾ. അവളോട് തന്റെ പ്രണയം പറയണമെന്ന് സനീഷ് ആഗ്രഹിച്ചുനടന്നു. ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ അവൾ പഠനം പൂർത്തിയാക്കി അതേ കോളേജിൽ അധ്യാപികയായി മാറിയിരിക്കുകയാണ്. എന്നെങ്കിലും ഒരിക്കൽ അവളോട് സനീഷിന് പ്രണയം പങ്കുവെക്കണം. അതിനുള്ള ധൈര്യം സനീഷിനില്ല. അവൾ ഉന്നതകുലജാതയാണ്. അതിസുന്ദരിയാണ്. തന്നെ പോലുള്ള ഒരാളോട് ലോഹ്യത്തിലാവാൻ ഒരു സാധ്യതയുമില്ലെന്ന് അവൻ പറഞ്ഞു.
സനീഷിന്റെ നിരാശ മാറ്റിക്കൊടുത്തത് ഞാനായിരുന്നു. ഒരു ദിവസം ഞാൻ സനീഷിനെക്കൂട്ടി പാരലൽ കോളേജിൽ എത്തി. ആ സുന്ദരിയോട് ഞാൻ സംസാരിച്ചു. അൽപനേരം കഴിഞ്ഞ് ഏട്ടാ എന്നു പറഞ്ഞ് അവൾ എന്നോട് ചേർന്നുനിൽക്കുകയും സനീഷിനെ കടാക്ഷിക്കുകയുംചെയ്തു. സനീഷിന് അത്ഭുതമായി. ഒരു നിമിഷംകൊണ്ട് ഞാൻ എന്തു മാജിക്കാണ് ചെയ്തത്? അവളുടെ രക്ഷാകർത്താവിനെ പോലെയാണ് അവൾ എന്റെ തോളോടുതോൾ ചേർന്നുനിൽക്കുന്നത് –ഇന്നത്തെ പോലെ സെൽഫിയെടുക്കാനും സമൂഹമാധ്യമത്തിൽ എഴുതാനും അന്ന് അവസരമുണ്ടായിരുന്ന കാലമല്ലല്ലോ. അല്ലെങ്കിൽ അന്ന് ആ നിമിഷത്തെക്കുറിച്ച് ഞാൻ എഴുതുമായിരുന്നു.
സനീഷിനോട് എന്റെ സാന്നിധ്യത്തിൽ അവൾ ഐ ലവ് യൂ പറഞ്ഞു. സനീഷിന്റെ വിസ്മയം തീർന്നിരുന്നില്ല. അന്ന് ഗോപാലേട്ടന്റെ പിറകേ ആദ്യ ദിവസം ഞങ്ങൾ നടന്നതുപോലെ കൗതുകപ്പെട്ട ഹൃദയവുമായി സനീഷ് എന്റെ പിറകേ ആനന്ദതുന്ദിലനായി നടന്നു. രാഗിയോട് പ്രണയം പറഞ്ഞതിനുശേഷം ഒരാഴ്ച കഴിഞ്ഞ് സനീഷ് എന്നോടു പറഞ്ഞു. ഈ ജോലി ചെയ്തുകൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ല. നമ്മൾ രണ്ടുപേരും രാവിലെ തൊട്ട് വൈകുന്നേരംവരെ നടന്നാൽ കമീഷനായി പത്തിരുന്നൂറു രൂപ വരെ മാത്രമേ കിട്ടുന്നുള്ളൂ. നമ്മുടെ നിത്യചെലവിന് നൂറുരൂപ വേണം. ഈ ശമ്പളംകൊണ്ട് ജീവിക്കുവാൻ കഴിയുകയില്ല. ഇരുന്നൂറ് രൂപക്കു വേണ്ടിയാണ് ഞാൻ പണിയെടുക്കുന്നതെന്നറിഞ്ഞാൽ രാഗി എന്നെ വിട്ടുപോകും. എനിക്ക് മറ്റൊരു ജോലി കണ്ടെത്തിയേ തീരൂ.’’
സനീഷിന്റെ വേവലാതികൾ എനിക്ക് മനസ്സിലാകുമായിരുന്നു. ഒരുദിവസം അവൻ സ്‌റ്റീഫൻ സാറിനോട് സർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചു. സ്‌റ്റീഫൻ സാർ അത് കൊടുക്കാൻ തുനിഞ്ഞില്ല. ചെറിയൊരു തർക്കം രണ്ടുപേരും തമ്മിലുണ്ടായി. നാട്ടുകാരെ വിളിച്ചുകൊണ്ടു വരുമെന്ന് സനീഷ് ഭീഷണി മുഴക്കിയപ്പോൾ അവന് സ്‌റ്റീഫൻ സാർ വാങ്ങിവെച്ച സർട്ടിഫിക്കറ്റുകൾ തിരികെ നൽകി.ട്രെയ്നി ജീവിതം ഉേപക്ഷിച്ച ദിവസം സനീഷ് ഒറ്റക്ക് ബാഗുമായി പോകുന്ന എന്റെ കൂടെ നടന്നു. ‘‘ഞാൻ മറ്റൊരു ജോലി തേടി നടക്കുകയാണ് -പല വഴികളും നോക്കുന്നുണ്ട്. രാഗിയുടെ വീട്ടിൽ പല കല്യാണ ആലോചനകളും വരാൻ തുടങ്ങിയിട്ടുണ്ട്. താഴ്ന്ന ജാതിക്കാരനായതുകൊണ്ട് എന്നെ അവളുടെ വീട്ടുകാർ അംഗീകരിക്കാൻ ഇടയില്ല. അവൾ എന്റെ കൂടെ വരാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്‌ഥിരതയുള്ളതും നല്ല വരുമാനവുമുള്ള ഒരു ജോലി വേണം. ഇല്ലെങ്കിൽ അവൾ എന്റെ വീട്ടിലേക്ക് വരാനിടയില്ല. അതുകൊണ്ട് എന്തെങ്കിലും മാർഗം കണ്ടെത്തിയേ പറ്റൂ.’’
സനീഷ് പറഞ്ഞു. പിന്നീട് ഒരാഴ്ചക്കാലം ഞാൻ സനീഷിനെ കണ്ടില്ല. കാറ്റാംകവലയിലെ ന്യൂ ഭാരത് മാർക്കറ്റിങ് കമ്പനിയുടെ ഉൽപന്നങ്ങളുമായി ഞാൻ ഒറ്റക്ക് ഗ്രാമ-നഗര ഭേദമില്ലാതെ പല നാടുകളിലും ഡയറക്ട് മാർക്കറ്റിനിറങ്ങി.
ഒരുദിവസം പത്തിലക്കണ്ടം ടൗണിൽ ഉണക്കമീൻ വിൽക്കുന്ന റപ്പായിയുടെ കടയിൽ അവനെ കണ്ടു –കാഞ്ഞങ്ങാട് കടപ്പുറത്തുനിന്നും ഉണക്കമീൻ കൊണ്ടുവന്ന് റപ്പായിയുടെ കടയിൽ എത്തിക്കുകയാണ് സനീഷിന്റെ പുതിയ ജോലി. അവൻ അതിൽ വിജയിച്ചാൽ നല്ല കച്ചവടക്കാരനെന്ന നിലയിൽ പേരെടുക്കാം. മീൻ വിൽപനയിൽ ഇടനിലക്കാർക്കാണ് കോളെന്നതിനാൽ ചെറിയ മുതൽമുടക്കിൽ കൂടുതൽ ലാഭമുണ്ടാക്കാൻ സനീഷിന് കഴിയുമെന്ന് ഞാൻ വിചാരിച്ചു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞ് കരയുന്ന മുഖവുമായി അവൻ എന്റെ മുന്നിലെത്തി. റപ്പായി ചതിച്ച വിവരം അവൻ പറഞ്ഞു. ലാഭം കൊടുക്കാൻ തുനിഞ്ഞില്ലെന്നു മാത്രമല്ല, മീൻ കൊണ്ടുവരാൻ ചെലവിട്ട തുകയൊന്നും സനീഷിന് അയാൾ തിരിച്ചു കൊടുക്കാൻ തയാറായില്ല. ആ തർക്കം അടിപിടിയിൽ കലാശിച്ചു. ചെറിയൊരു പോലീസ് കേസൊക്കെയായി. പാർട്ടിക്കാര് മധ്യസ്ഥം പറഞ്ഞ് കുറച്ച് പൈസ അയാൾ തിരികെ തന്നു. ഈ വിവരമറിഞ്ഞ് രാഗിക്ക് മിണ്ടാട്ടമില്ല. അവളുടെ പരിഭവം നാൾക്കുനാൾ വർധിക്കുന്നതേ ഉള്ളൂ.
സനീഷിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് എനിക്ക് അറിയാമായിരുന്നില്ല. എന്റെ കാര്യവും പരുങ്ങലിലായിരുന്നു. കിഴക്കൻ പ്രദേശങ്ങളിലെ മിക്കവാറും വീടുകളിൽ കയറിയിറങ്ങിക്കഴിഞ്ഞു. ഇപ്പോൾ രണ്ടുനേരം ഭക്ഷണം കഴിക്കേണ്ട തുക മാത്രമേ ജോലിചെയ്ത് കിട്ടുന്നുള്ളൂ. ഡയറക്ട് മാർക്കറ്റിങ് ജോലി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് എനിക്കു തോന്നിത്തുടങ്ങിയിരുന്നു.
കൃത്യം ഒരു മാസം പൂർത്തിയായപ്പോൾ ഞാനാ ജോലിയോട് വിട പറഞ്ഞു. എസ്.എസ്.എൽ.സി ബുക്ക് തിരികെ ചോദിച്ചപ്പോൾ സ്‌റ്റീഫൻ സാർ പറഞ്ഞു. ‘‘നീയാ സനീഷിന്റെ കൂട്ട് കൂടുമ്പോഴെ എനിക്ക് തോന്നിയിരുന്നു. പാതിവഴിക്ക് മതിയാക്കുമെന്ന്. അവന് ഒരു ലക്ഷ്യബോധമില്ല. ഈ ജോലി ചെയ്യുമ്പോൾ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയാണ് വേണ്ടത്. എന്റെ വ്യക്തിപരമായ ഉപദേശം ആകാശ് ഈ ജോലി ഉപേക്ഷിക്കരുതെന്നാണ്. നമുക്ക് മാക്സിമം മണി ഏൺ ചെയ്യാനുള്ള അവസരം ഇതിനകത്തുണ്ട്. അതിനായി സ്വപ്നം കാണുകയാണ് വേണ്ടത്.’’
സ്‌റ്റീഫൻ സാർ എന്നെ ആ ജോലിയിൽതന്നെ പിടിച്ചുനിർത്താനുള്ള ശ്രമമാണെന്നറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. ‘‘എനിക്ക് തുടർന്ന് പഠിക്കണം, നീലേശ്വരത്ത് ഒരു കോളേജിൽ ചേരണം. അതിനാൽ ഈ ജോലി മതിയാക്കിയേ പറ്റൂ’’, ഞാൻ കടുപ്പിച്ചു പറഞ്ഞപ്പോൾ സ്‌റ്റീഫൻ സാർ എസ്.എസ്.എൽ.സി ബുക്ക് തിരിച്ചുതന്നു. നാട്ടിലേക്കു മടങ്ങുമ്പോൾ കാറ്റാം കവല ബസ് സ്റ്റാൻഡിൽ നിന്ന് സനീഷിനെ കണ്ടിരുന്നു. എന്നെങ്കിലും ഒരിക്കൽ കാണാമെന്നു ഞാൻ പറഞ്ഞു. നല്ലൊരു ജോലിയൊക്കെയായി ഞാൻ നിന്റെ നാട്ടിലേക്ക് നിന്നെ കാണാൻ വരുന്നുണ്ടെന്ന് അവൻ എന്നോടു പറഞ്ഞു. അവൻ എന്റെ മേൽവിലാസം ചോദിച്ചു. ഞാനതു പറഞ്ഞു കൊടുത്തപ്പോൾ പോക്കറ്റിലെ പേഴ്സിൽനിന്നും ഒരു കടലാസെടുത്ത് അവനത് എഴുതിയെടുത്തു. അങ്ങനെ ഞങ്ങൾ രണ്ടുപേരും പിരിഞ്ഞു. പിന്നീടിതുവരെ ഞാനവനെ കണ്ടിട്ടില്ല.
ന്യൂ ഭാരത് മാർക്കറ്റിങ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചതിനുശേഷം ഞാൻ ഏതാനും മാസങ്ങൾ വീട്ടിലിരുന്നു. പിന്നീട് നീലേശ്വരത്തെ ഒരു പാരലൽ കോളേജിൽ ചേർന്നെങ്കിലും പാതിവഴിക്കുവെച്ച് കോഴ്സ് മതിയാക്കി തൊട്ടടുത്തുള്ള നഗരത്തിലെ ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ടി.ടി.സിക്കു ചേരുകയാണുണ്ടായത്. അധ്യാപക പരിശീലനം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞ് എനിക്ക് മൂലക്കണ്ടം എൽ.പി സ്കൂളിൽ സ്ഥിരനിയമനം കിട്ടി. അതോടുകൂടി എന്റെ കഷ്ടപ്പാടുകൾക്കറുതിയായി. സനീഷിനെക്കുറിച്ച് അതിനിടയിൽ ഞാനൊരു അന്വേഷണം നടത്തിയിരുന്നു. അവൻ ഒരുദിവസം എങ്ങോട്ടോ നാടുവിട്ട വിവരമാണ് എനിക്കു കിട്ടിയത്. രാഗി കണ്ണൂരുള്ള അവളുടെ മുത്തച്ഛന്റെ വീട്ടിലാണ് താമസം എന്നും കേട്ടു. കൂടുതൽ ഞാൻ അന്വേഷിക്കാൻ നിന്നില്ല. അധ്യാപനത്തിലും കാവ്യലോകത്തിലും ഗാനരചനയിലും മുഴുകി നടന്ന പിൽക്കാലത്ത് ഞാൻ സനീഷിനെ പാടേ മറന്നു എന്നതാണ് വാസ്തവം. സനീഷിന്റെ കത്ത് എന്റെ കൈയിൽ കിടന്നു വിറച്ചു. വർഷങ്ങൾക്കു ശേഷം എന്റെ കൂട്ടുകാരൻ എന്നെ തേടുകയാണ്. അവന്റെ വാക്കുകൾ ഹൃദയത്തിൽ തറച്ചു.
‘‘ഞാൻ പല നാട്ടിലുമലഞ്ഞു. പല ജോലികൾ ചെയ്തു. അന്നേരത്തൊക്കെ നിനക്ക് കത്തെഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എനിക്കതിന് കഴിഞ്ഞില്ല. ഓർമകളുടെ നോവേറ്റപ്പോഴും ജീവിത നെട്ടോട്ടത്തിനിടയിൽ നീ എവിടെയാണെന്ന് തിരക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ ദുബായ് ആസ്ഥാനമായുള്ള വലിയൊരു ഹോട്ടൽ കമ്പനിയുടെ ഉടമയാണ്. എന്റെ നാടായ കാറ്റാംകവലയിൽ അതിന്റെ ഒരു ബ്രാഞ്ച് തുടങ്ങിയിരിക്കുകയാണ് ഞാൻ... നിനക്ക് നല്ല ജോലിയൊന്നും ഇതുവരെയായില്ലെങ്കിൽ തീർച്ചയായും കാറ്റാംകവലയിലേക്കു വന്ന് എന്നെ കാണണം –നിനക്കൊരിക്കലും നിരാശപ്പെടേണ്ടി വരില്ല. ഇളംകാറ്റ് സദാ നേരവും വീശിക്കൊണ്ടിരിക്കുന്ന കാറ്റാംകവലയിലെ ബസ് സ്റ്റാൻഡിനടുത്താണ് എന്റെ ഹോട്ടൽ തനിനാടൻ വേൾഡ്... എന്തായാലും വിവരം അറിയിക്കുമല്ലോ... സ്നേഹപൂർവം,
സനീഷ് കെ.കെ
തനിനാടൻ വേൾഡ് ഹോട്ടൽ
കാറ്റാംകവല
ഞാൻ ആ കത്ത് മേശപ്പുറത്തുവെച്ചു. സനീഷ് നല്ല നിലയിലെത്തിയപ്പോൾ എന്നെ ഓർത്തു. പ്രശസ്തനായ ഒരു ഗാനരചയിതാവായി ഭേദപ്പെട്ട ജീവിതനിലവാരത്തിൽ ജീവിക്കുന്ന ഒരു മനുഷ്യനാണ് തന്റെ കൂട്ടുകാരനെന്ന് അവൻ അറിയാനിടയില്ല. എന്റെ കണ്ണുകൾ നനഞ്ഞു. രാഗി ഇപ്പോൾ എവിടെയായിരിക്കും? സനീഷ് അവളെ സ്വന്തമാക്കിയിട്ടുണ്ടാവുമോ? അതോ അവൾ വീട്ടുകാർ ആലോചിച്ച കല്യാണത്തിന് നിന്നുകൊടുത്തിട്ടുണ്ടാകുമോ?
എന്തായാലും കാറ്റാംകവലയിലെത്തണം. നിറചിരിയുമായ് സനീഷിനെ ചേർത്തുനിർത്തി ഒരു സെൽഫിയെടുക്കണം. അത് എഫ്.ബിയിലും ഇൻസ്റ്റയിലും ആ സന്തോഷ നിമിഷത്തിൽ തന്നെ ചേർക്കണം. രാഗിയാണ് അവന്റെ കൂടെയുള്ളതെങ്കിൽ അവൾ എന്നോടു ചേർന്നുനിന്ന് എന്റെ ഫോൺ വാങ്ങി സെൽഫിയെടുത്തു തരും. ‘‘ഏട്ടാ... ഇത്രകാലം ഞങ്ങളെ കാണാതെ എവിടെയായിരുന്നു?’’ എന്ന് അവൾ പറയും. ഞാനപ്പോൾ അവരിരുവരെയും കുറിച്ച് വിശുദ്ധമായ വാക്കുകൾ നെയ്യും. അത് ഗാനാത്മകമായിരിക്കും. ചേർത്തുപിടിക്കലിന്റെ താളമുണ്ടായിരിക്കും അതിൽ... നൂറുനൂറായിരം കമന്റുകൾ ഞാനതിന് പ്രതീക്ഷിക്കുന്നുണ്ട്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.