1. കണക്ക് കണക്കുകൾ തെറ്റിക്കരുതെന്ന് മാഷ്. മറ്റുള്ളവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കണമെന്ന് കുട്ടി. 2. ചേമ്പിലയും മഴത്തുള്ളിയും ചേമ്പില മഴത്തുള്ളിയോട് പറഞ്ഞു: ‘‘നീയെന്നിൽ വീണാലെന്ത്? വീണില്ലെങ്കിലെന്ത്? അതൊക്കെ മണ്ണിനുള്ളതാണ്. അത് ഞാൻ മണ്ണിന് കൊടുക്കും.’’ എന്നിട്ട് ചേമ്പില ഒന്ന് വഴുതിമാറി. മഴത്തുള്ളി മണ്ണിലേക്ക്. ‘‘മണ്ണാണെനിക്ക് ജീവൻ നൽകുന്നത്.’’ ചേമ്പില തുടർന്ന് പറഞ്ഞത് കേൾക്കാൻ മഴത്തുള്ളി ഉണ്ടായിരുന്നില്ല. 3. പാട്ട് മുറ്റത്ത് പായയിൽ ചിക്കിയിട്ട അരിയിൽ വന്നിരുന്ന കിളി അമ്പരപ്പോടെ അറിഞ്ഞു. അതിലൊരൊറ്റ ധാന്യമണിയിലും തന്റെ പേരില്ല. ഒരു അരിമണിയും കൊത്തിപ്പെറുക്കാതെ വിഷാദത്തിന്റെ...
1. കണക്ക്
കണക്കുകൾ തെറ്റിക്കരുതെന്ന് മാഷ്.
മറ്റുള്ളവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കണമെന്ന് കുട്ടി.
2. ചേമ്പിലയും മഴത്തുള്ളിയും
ചേമ്പില മഴത്തുള്ളിയോട് പറഞ്ഞു:
‘‘നീയെന്നിൽ വീണാലെന്ത്?
വീണില്ലെങ്കിലെന്ത്? അതൊക്കെ മണ്ണിനുള്ളതാണ്. അത് ഞാൻ മണ്ണിന് കൊടുക്കും.’’
എന്നിട്ട് ചേമ്പില ഒന്ന് വഴുതിമാറി.
മഴത്തുള്ളി മണ്ണിലേക്ക്.
‘‘മണ്ണാണെനിക്ക്
ജീവൻ നൽകുന്നത്.’’
ചേമ്പില തുടർന്ന് പറഞ്ഞത് കേൾക്കാൻ മഴത്തുള്ളി ഉണ്ടായിരുന്നില്ല.
3. പാട്ട്
മുറ്റത്ത് പായയിൽ ചിക്കിയിട്ട അരിയിൽ വന്നിരുന്ന കിളി അമ്പരപ്പോടെ അറിഞ്ഞു.
അതിലൊരൊറ്റ ധാന്യമണിയിലും തന്റെ പേരില്ല.
ഒരു അരിമണിയും കൊത്തിപ്പെറുക്കാതെ വിഷാദത്തിന്റെ ചിറകുകൾ വിരിച്ച് പറന്ന് ചെന്ന് ഉയരത്തിലൊരു മരക്കൊമ്പിലിരുന്നു കിളി മധുരമുള്ള ഒരു പാട്ട് പാടി.
4. നമ്മൾ ഒന്നും കേൾക്കുന്നില്ല
ഭൂമിയും ആകാശവും സംസാരിക്കാറുണ്ട്.
മരങ്ങളും നദികളും അത് കേൾക്കാറുണ്ട്.
നമ്മൾ മനുഷ്യർ
മാത്രമാണ് ഒന്നും കേൾക്കാത്തത്.
അവസാന ദിവസം നക്ഷത്രങ്ങൾ പൊട്ടിവീഴുന്നതും ആണികൾ ഇളകി പർവതങ്ങൾ അടർന്നുവീഴുന്നതും കാണാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.
അതിന് മുമ്പ് അവ വിളിച്ചുപറയുന്നതൊന്നും നമ്മൾ കേൾക്കുന്നേയില്ല.
കേൾവിശക്തിയുണ്ടെന്ന് നടിക്കുന്ന ബധിരരാണ് നമ്മൾ.
5. കാഴ്ചപ്പാട്
പാറി നടക്കുന്നതിനിടയിൽ
മിന്നാമിനുങ്ങുകൾ
പിറുപിറുക്കുന്നുണ്ടായിരുന്നു:
‘‘സൂര്യൻ എന്തൊരു ഇരുട്ടാണ് പരത്തുന്നത്.’’
6. കഥ കഴിയുന്നില്ല
കുഴിച്ചിട്ടാൽ വിത്തായി മാറി
മുളച്ച് പൊന്തി
ശാഖകളിൽ നിറയെ
കഥകൾ കായ്ക്കും.
കത്തിച്ചാൽ
തീനാളങ്ങളുടെ
ചിറകുകളുമായി
ആകാശത്ത്
കഥകൾ പാറിനടക്കും.
കഥകളുടെ കഥ കഴിയുന്നില്ല.
ഭൂമിയിലും ആകാശത്തിലും പെറ്റുപെരുകിക്കൊണ്ടേയിരിക്കും.
നമ്മുടെ കഥ കഴിഞ്ഞാലും കഥകൾ ബാക്കിയാവുന്നത് അങ്ങനെയാണ്.
7. നാവ്
നാവും കടിക്കുന്ന പട്ടിെയപ്പോലെ ഒരു കൂട്ടിലാണ്.
പല്ലുകൾ ഇരുമ്പഴികളാണ്. താക്കോലിട്ട് പൂട്ടുന്നതിനെയാണ് വായ അടക്കുന്നതെന്ന് പറയുന്നത്.
ഒരു വ്യത്യാസമുണ്ട്.
നായ കള്ളനെ കാണുമ്പോഴാണ് കുരയ്ക്കുക.
നാവ് നല്ലവനെ കാണുമ്പോഴും.
8. നക്ഷത്രപ്പൂക്കൾ
പകൽ പറഞ്ഞു:
ആകാശം നക്ഷത്രപ്പൂക്കൾകൊണ്ട് നിറയുമെന്ന് രാത്രി കളവു പറയുന്നു.
ഞാനൊരിക്കലും നക്ഷത്രപ്പൂക്കളെ കണ്ടിട്ടേയില്ല.
തിളച്ചു മറിയുന്ന സൂര്യൻ മാത്രമാണ് സത്യം.
9. വേഗത
ഒച്ചും ചീറ്റപ്പുലിയും വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു.
ഒച്ച് പറഞ്ഞു:
‘‘ഇപ്പോൾ നമുക്ക് ഒരേ വേഗത. വിമാനത്തിെന്റ വേഗതയാണ് നമ്മുടെ രണ്ടുപേരുടെയും വേഗത.’’
ചീറ്റപ്പുലിക്കു പറക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.