ചിത്രീകരണം: എം. കുഞ്ഞാപ്പ

ഗസ്സ

ദിവാകരേട്ടൻ പോസ്റ്റ്മാൻ ആകുന്നതിനുമുമ്പ് ഒരു രാഷ്ട്രീയക്കാരനായിരുന്നു. സിനിമയിൽ ഒക്കെ കാണുന്ന തനി രാഷ്ട്രീയക്കാരൻ. എല്ലാ ചേരുവകളും ഒത്തുചേർന്ന പക്കാ രാഷ്ട്രീയക്കാരൻ. തൂവെള്ള

കുപ്പായത്തിലെ വടിവൊത്ത ഇസ്തിരി മടക്കുകൾ ദിവസം മുഴുവൻ ചുളിയാതെ നോക്കും. അതിന്റെ കീശയിൽ അഞ്ഞൂറിന്റെ ഒരു നോട്ട് പുറത്തേക്ക് നിഴൽ പരത്തി പ്രതീക്ഷ ജനിപ്പിക്കും. എന്നാൽ, ആ നോട്ട് പുറത്തേക്കു വരില്ല. വല്ലവരും സഹായം ചോദിച്ചാൽ കീശയിൽ കൈയിടുന്നതായി ഭാവിക്കും. എന്നാൽ, പെട്ടെന്ന് അടുത്തു നിൽക്കുന്ന ആളോട് പറയും: ‘‘ഒരു നൂറ് രൂപ എടുക്ക്... ഞാൻ വൈകീട്ട് തരാം. കൈയിൽ ചില്ലറയില്ല’’. പാവം അത് വിശ്വസിച്ച് നൂറ് രൂപ നൽകും. പിന്നീട് തനിക്ക് തൽക്കാലം രൂപ തന്ന ആളിന് രൂപ തിരിച്ചുനൽകേണ്ട കാര്യം ദിവാകരേട്ടൻ പാടെ മറക്കും. ഇനി വല്ലവനും ഓർമിപ്പിച്ചാൽ അപ്പോൾ തന്റെ അടുത്തുള്ളവനിൽനിന്ന് വാങ്ങി അയാൾക്ക് നൽകും. ഇതൊരു സൈക്ലിങ് പ്രോസസാണ്.

നാട്ടിൽ എല്ലാ പൊതുപരിപാടികൾക്കും സ്ഥിരം ക്ഷണിതാവാണ്. അത്യാവശ്യം പൊതുജന താൽപര്യമുള്ള നാട്ടുകാര്യങ്ങൾക്ക് പിരിവ് നടത്തുന്ന കേമന്മാരിൽ മുൻനിരയിലാണ് അദ്ദേഹം. രസീതിയിൽ ആയിരം രൂപ എഴുതും. എന്നാൽ, കൗണ്ടർ ഫോയിലിൽ 250 രൂപയാകും എഴുതുക. ഈ രഹസ്യം ആദ്യമായി ഞാനാണ് കണ്ടുപിടിച്ചത്. ഗ്രാമീണ വായനശാലയുടെ വാർഷിക പരിപാടിയുടെ പിരിവിനായി ദിവാകരേട്ടനും ഞാനും ഒന്നിച്ചായിരുന്നു.

‘‘നമ്മൾ ഈ ബസും കയറി ഇവിടെയും അവിടേയും അലയുന്നതും സമയം ചെലവിടുന്നതും പൊതുജനങ്ങൾക്ക് വേണ്ടിയാ. അപ്പോൾ നമ്മുടെ കാര്യം നോക്കേണ്ടത് അവരാണ്. അതിനാൽ ആയിരം രസീതിയിൽ എഴുതും. കൗണ്ടർ ഫോയിലിൽ ഇരുന്നൂറ്റി അമ്പതും’’ -ദിവാകരേട്ടൻ തുറന്നുപറഞ്ഞു. എങ്കിൽ തട്ടിയെടുക്കുന്നതിൽ പകുതി എനിക്കു കിട്ടുമെന്നായിരുന്നു ഞാൻ കരുതിയത്. അതുണ്ടായില്ല എന്നുമാത്രമല്ല അന്ന് ചായകുടിച്ച വകയിൽ ഞാൻ നൽകിയ തുകപോലും വരവിൽ വന്നില്ല.

അതാണ് ദിവാകരേട്ടൻ. രാഷ്ട്രീയവും പൊതുജന സേവനവും ഉപജീവന മാർഗം ആയിരുന്നു അദ്ദേഹത്തിന്. നാട്ടിൽ എല്ലാ പൊതുപരിപാടികളിലും സഹകരിക്കും. പൊതുപരിപാടി എന്നാൽ രാഷ്​ട്രീയവും സാംസ്കാരികവും മാത്രമല്ല, തീർത്തും മതപരവും. അതായത് ആണ്ട് നേർച്ച മുതൽ മതപ്രസംഗം വരെ. സംഘാടനത്തിൽ അദ്ദേഹത്തെ കഴിച്ചിട്ടേ മറ്റൊരു സംഘാടകനുള്ളൂ. അതിനാൽത്തന്നെ ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ ഒരു ദുശ്ശീലവും കാര്യമായി എടുത്തില്ല. പരിപാടിയുടെ മിനിറ്റ്സ് എഴുതുന്നത് മുതൽ പോസ്റ്റർ ഒട്ടിക്കൽ, അതിഥികളെ സംഘടിപ്പിക്കൽ, ഭക്ഷണം, സ്റ്റേജ്, ഡക്കറേഷൻ, എന്തിനേറെ ഒരു പരിപാടി വിജയിപ്പിക്കണമെങ്കിൽ എന്തെല്ലാം വേണം അതെല്ലാം ദിവാകരേട്ടൻ ഏൽക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യും.

അതിൽ ഇത്തിരിയൊക്കെ അദ്ദേഹത്തിന്റെ പോക്കറ്റിലേക്ക് പോകുന്നത് വലിയ കാര്യമാക്കില്ല. നാട്ടുകാരിൽനിന്ന് പിരിവ് എടുത്ത പണമല്ലേ, നമുക്കെന്ത് ചേതം?

അതിരിക്കട്ടെ അവിടെനിന്ന് ആരോ എന്തോ ചോദിച്ചല്ലോ? എന്താ നിങ്ങൾ ചോദിച്ചത് -അയാൾ ഏത് രാഷ്ട്രീയ പാർട്ടിക്കാരൻ ആണെന്നോ? ദയവായി അതുമാത്രം ചോദിക്കരുത്. കാരണം നാട്ടിലെ എല്ലാ പാർട്ടിക്കാരും ദിവാകരേട്ടൻ തങ്ങളുടെ പാർട്ടിക്കാരനാണ് എന്ന് വിശ്വസിക്കുന്നു. മെംബർഷിപ് ഏത് പാർട്ടിയിലാണ് എന്ന് ഞങ്ങളാരും ദിവാകരേട്ടന്റെ കാര്യത്തിൽ നോക്കാറില്ല. എല്ലാ പാർട്ടികളുമായി ഒരു അന്തർധാര ദിവാകരേട്ടനുണ്ടായിരുന്നു. അതിനാൽത്തന്നെ അദ്ദേഹം നാട്ടിൽ പരസ്പരം പോരടിച്ചുനിൽക്കുന്നവരെ കൂട്ടിയിണക്കുന്നതിൽ ഒരു പ്രഥമ കണ്ണിയായി വർത്തിച്ചു. പ്രത്യേകിച്ചും കിഴക്കെ മുറിക്കാരും വടക്കെ മുറിക്കാരും തമ്മിൽ.

നമ്മുടെ കഥ തുടങ്ങുന്നത് ദിവാകരേട്ടന്റെ ജോലി കിട്ടിയതിനു ശേഷമാണ്. അതും ജോലികിട്ടി പത്തുപതിനൊന്ന് വർഷങ്ങൾക്കുശേഷം. നാട്ടിലെ പോസ്റ്റ്മാൻ ആയി ജോലിയിൽ പ്രവേശിക്കുമ്പോൾ ദിവാകരേട്ടൻ ജില്ലാതലത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നേതാവായിരുന്നു. പ്രസംഗിക്കാൻ പലയിടത്തും പോകാറുണ്ടായിരുന്നു.

ഒരുപക്ഷേ, സംസ്ഥാന നേതാക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ എങ്കിലും അവസരമുള്ള പാർട്ടി പ്രവർത്തകനായി മാറിയിരുന്നു. അതെല്ലാം വിട്ട് തുച്ഛമായ വേതനം കിട്ടുന്ന ഇ.ഡി പോസ്റ്റ്മാൻ ആയതിൽ ഞങ്ങൾക്കൊക്കെ അത്ഭുതമായിരുന്നു. ദിവാകരേട്ടന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തനിയാവർത്തനംതന്നെ ആയിരുന്നു ആ ജോലിയും. ജോലിയിൽ പഞ്ചായത്തിലെ വീടുകളുടെ അകത്തളങ്ങളിൽവരെ ദിവാകരേട്ടന് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവസരം കിട്ടി. അദ്ദേഹത്തെ കൂടാതെ നാട്ടിൽ ഒരു കുടുംബ പരിപാടിപോലും നടക്കാറില്ല. നാട്ടുകാരിൽ, പ്രത്യേകിച്ചും സ്ത്രീകൾക്ക്, പ്രായമായ അമ്മമാർക്ക്, ഗൾഫുകാരുടെ സ്ത്രീകൾക്ക്, വിധവകൾ എന്നുവേണ്ട ഒരു സഹായം വേണ്ടിടത്ത് എല്ലാം കണ്ടറിഞ്ഞ് അദ്ദേഹം സഹായിച്ചു. അതിനാൽത്തന്നെ ഇതിൽ ജീവിക്കാൻ വേണ്ട വരുമാനം കിട്ടിയിരുന്നു. എന്നാൽ, ചില സ്വകാര്യ ഇടപെടലുകളൊക്കെ ചില വീടുകളിൽ ഉണ്ടെങ്കിലും അക്കാര്യങ്ങൾ ആണുങ്ങൾക്ക് പറഞ്ഞതാണ് എന്ന ഒറ്റ മറുപടിയിൽ അവസാനിച്ചു. സദാചാരത്തിന്റെ പേരും പറഞ്ഞ് ദിവാകരേട്ടനെ തേജോവധം ചെയ്യാനൊന്നും ആരും മുതിർന്നില്ല. പോസ്റ്റ്മാൻ എന്ന ജീവിതം, കണ്ടറിഞ്ഞ് ആസ്വദിച്ച് ജീവിച്ചുവരവേ ആണ് ദിവാകരേട്ടന്റെ പേരിൽതന്നെ ഒരു രജിസ്​ട്രേഡ് വരുന്നത്. നാട്ടിൽ എല്ലാവർക്കും രജിസ്​ട്രേഡ് കത്ത് നൽകിയിട്ടുണ്ട് എങ്കിലും അത്തരം ഒരു എണ്ണം സ്വന്തമായി വരുന്നത് ആദ്യമായിരുന്നു.

ഇതാരപ്പാ, പൂച്ചക്കും പത്തിരിയോ? എന്നായിരുന്നു ദിവാകരേട്ടൻ കത്ത് കണ്ടപ്പോൾ ആദ്യം പ്രതികരിച്ചത്.

കത്ത് തിരിച്ചും മറിച്ചും പലവട്ടം നോക്കി.

നീ ആ കത്ത് പൊട്ടിക്ക് ദിവാകരാ... പോസ്റ്റ് മാസ്റ്റർ രാമൻ കർത്ത ഉറക്കെ പറഞ്ഞു. വേണ്ട മാഷേ, ഇത് എന്റെ കൈവശംതന്നെ കിട്ടണം എന്നറിഞ്ഞിട്ട് അല്ലേ ഇതിന്റെ ആള് രജിസ്​ട്രേഡ് പോസ്റ്റിൽ അയച്ചത്. അപ്പോൾ എന്തോ സ്വകാര്യമാകും. അത് സ്വകാര്യമായിത്തന്നെ വായിക്കാം. അതാ അതിന്റെ ശരി. ദിവാകരേട്ടൻ പറഞ്ഞു. കത്ത് പൊട്ടിക്കാതെ കീശയിൽ ഒരു ലോട്ടറി ടിക്കറ്റ് മടക്കിവെക്കുന്ന സൂക്ഷ്മതയോടെ മടക്കി കീശയിൽവെച്ചു. ഇടക്കിടെ ജോലിക്കിടയിൽ അത് വെച്ചിടത്ത് ഉണ്ടോ എന്ന് തപ്പി നോക്കുന്നതും കാണാമായിരുന്നു.

ആ കത്ത് കിട്ടിയ ശേഷം ദിവാകരേട്ടൻ പാടെ മാറിപ്പോയി. വാതോരാതെ സംസാരിച്ച് പരിസരത്ത് പൂത്തിരി കത്തിച്ചിരുന്ന ദിവാകരേട്ടന് വല്ലാണ്ട് പരിഭ്രമം ഉള്ളതായി തോന്നി. ആരെയോ ഭയക്കുന്നതുപോലെ.

മാഷേ, എനിക്ക് പത്തു ദിവസത്തേക്ക് ലീവ് വേണം.

തൊട്ടടുത്ത ദിവസം കാലത്ത് പോസ്റ്റ് ഓഫിസിൽ പോകാതെ ദിവാകരേട്ടൻ രാമൻ കർത്തയുടെ വീട്ടിൽ എത്തി ലീവ് ലറ്റർ നൽകി. ‘എന്നാ പ്രശ്നം?’ കർത്ത ചോദിച്ചു.

കൂട്ടിൽ കിടക്കുന്ന മെരുവിനെപ്പോലെ വെപ്രാളപ്പെട്ട് നിൽക്കുന്ന ദിവാകരേട്ടനെ നോക്കി ചോദിച്ചു

‘‘ആ രജിസ്റ്റർ കത്തിൽ വല്ല പ്രശ്നവും ഉണ്ടാ?’’

‘‘അതൊന്നും പറയാറായില്ല മാഷേ, ഞാൻ പോയി വന്നിട്ട് പറയാം.’’

‘‘നീ എവിടേക്കാ പോകുന്നത് ദിവാകരാ’’ രാമൻ കർത്ത തിരക്കി.

ഉത്തരം പറയാതെ ദിവാകരേട്ടൻ റോഡിലേക്ക് ഇറങ്ങി നടന്നു. പിന്നീട് കുറച്ചുദിവസം ദിവാകരേട്ടനെ നാട്ടിലൊന്നും കണ്ടില്ല. നാലു ദിവസത്തിനു ശേഷം ദിവാകരേട്ടൻ വീണ്ടും നാട്ടിൽ പ്രത്യക്ഷപ്പെട്ടു. കത്തുന്ന അടുപ്പിൽനിന്നും പുറത്തുചാടിയ പാമ്പിനെപ്പോലെ ഒരു നെട്ടോട്ടത്തിലായിരുന്നു. ഒരിടത്തും നിൽപ്പുറക്കുന്നില്ല. ആ സമയത്താണ് ഞാൻ, ദിവാകരേട്ടനെയും കൂട്ടി ഗ്രാമീണ വായനശാലയുടെ ഗ്രാൻഡ് വന്ന വകയിൽ പുസ്തകം എടുക്കാൻ പോകുന്നതിനെപ്പറ്റി സംസാരിക്കാൻ അദ്ദേഹത്തിന്റെവീട്ടിൽ ചെന്നത്. അപ്പോൾ അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. ദിവാകരേട്ടന്റെ ഭാര്യ ലീലേടത്തിയാണ് പറഞ്ഞത് ‘നിങ്ങൾക്ക് നല്ലത് വേറെ ആരെങ്കിലും കൂട്ടി പോകുന്നതാ, അങ്ങേര് ഇപ്പം ഭൂമിയിൽ ഇല്ലാത്ത സ്ഥലവും തപ്പി നടക്ക്വാ...’ എന്ന്.

‘‘അതേതു സ്ഥലം ലീലേടത്തീ?’’

അതിന് മറുപടി പറയാതെ ഒരു കവർ എനിക്കു നേരെ നീട്ടി. അതിൽനിന്നും ഒരു ചെറിയ തുണ്ടം കടലാസ് ‘പ്രിയ ദിവാകരേട്ടന്. ഞാൻ ഇതോടൊപ്പം ഒരു ആധാരം അയക്കുന്നു. ഈ ആധാരത്തിൽ പറയുന്ന സ്ഥലം എനിക്ക് അവകാശപ്പെട്ടതാണ്. അത് ഒന്നര ഏക്കറോളം ഉണ്ടായിരുന്നു. ഇപ്പോൾ അത് ആരൊക്കയോ കൈയേറി സ്വന്തമാക്കിയിരിക്കയാണത്രേ. എങ്കിലും കുറച്ചെങ്കിലും ബാക്കി ഉണ്ടാവുമല്ലോ. ബാക്കിയുള്ള സ്ഥലത്ത് എനിക്ക് ഒരു വീട് വെക്കണം. പക്ഷേ, ആ സ്ഥലം എനിക്കറിയില്ല. ഞാൻ ജനിച്ചതും വളർന്നതും വിദേശത്ത് ആണ്. മരിക്കുന്നതിനുമുമ്പ് അവിടെ ഒരു വീടുണ്ടാക്കണമെന്നും സ്വന്തം മണ്ണിൽ കുറച്ചുകാലം ജീവിക്കണമെന്നും ഉപ്പയുടെ ആഗ്രഹമായിരുന്നു. എന്നാൽ, കുടുംബക്കാർ തമ്മിൽ ഭൂമിയെപ്പറ്റിയുള്ള തർക്കം മൂലം അദ്ദേഹം ചെറുപ്പത്തിലേ നാടുവിട്ട് പോന്നതാണ്. തർക്കം പരിഹരിച്ചുകിട്ടിയ ഭൂമിയുടെ ആധാരം ആണ് ഇത്. ഇതിൽ ഒരു വീട് വെക്കാൻ അദ്ദേഹം വല്ലാണ്ട് കൊതിച്ചു. പക്ഷേ പിന്നീട് തിരിച്ചുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ ആധാരം എനിക്ക് തന്നപ്പോൾ നിങ്ങളുടെ മേൽവിലാസം കൂടി അദ്ദേഹം തന്നു. നിങ്ങൾ രണ്ടു പേരും ചെറുപ്പത്തിൽ ഒരേ സ്കൂളിൽ പഠിച്ചിട്ടുണ്ടെന്നും പേര് പറഞ്ഞാൽ അറിയുമെന്നും പറഞ്ഞു. അതെ, ഞാൻ അഹമ്മദ് കോയയുടെ മകളാണ്’.

ആ കത്ത് വായിച്ച് ഞാൻ കവറിൽതന്നെ ഇട്ടു. ‘‘എന്നിട്ട് ആ ആധാരം എവിടെ ലീലേടത്തീ?’’

‘‘അതും കക്ഷത്തിൽവെച്ച് മൂപ്പര് കാലത്ത് ഇറങ്ങും. വില്ലേജ് ഓഫിസിലും രജിസ്റ്റർ ഓഫിസിലും സർവേ ഓഫിസിലേക്കുമായി. ഇന്ന് ​ട്രൈബ്യൂണലിലേക്കാണത്രേ പോയത്. തിന്നാനും വേണ്ട കുടിക്കാനുംവേണ്ട. വീട്ടുകാരെപ്പറ്റിയോ ജോലിയെപ്പറ്റിയോ ഒരു ശ്രദ്ധയും ഇല്ല. അഹമ്മദും ദിവാകരേട്ടനും ചങ്കായിരുന്നത്രേ സ്കൂളിൽ.’’

‘‘എന്നിട്ട് ആ സ്ഥലം കണ്ടെത്തിയോ?’’

‘‘എവിടന്ന് കണ്ടെത്താൻ എല്ലാം അവരുടെ കുടുംബക്കാരും ജ്യേഷ്ഠന്മാരും കൈയേറി മതിലുകെട്ടി ഒരു ​ഗേറ്റും വെച്ച് ഒരുത്തനെ കാവൽ നിർത്തിയിരിക്ക്വാ. ആധാരത്തിൽ പറഞ്ഞ അതിരുകളെല്ലാം മാറ്റിമറിച്ച് വില്ലേജ് രേഖകളിലെ ഭൂപടത്തിൽപോലും അത്തരം ഒരു പറമ്പില്ലത്രേ. ഔദ്യോഗിക രേഖകളിലെ അഹമ്മദ് എന്നവർ ഇന്നാട്ടുകാരൻപോലുമല്ലത്രേ.’’

സ്വന്തം ജന്മനാട്ടിൽ വേരുകൾ ഇല്ലാതായി പോയ അഹമ്മദിനെയും പിതാവിന്റെ ആഗ്രഹപൂർത്തീകരണത്തിനുവേണ്ടി പിതൃഭൂമിയിൽ വീടുവെക്കാൻ ശ്രമിക്കുന്ന ആ മകളെയും പറ്റിയായിരുന്നില്ല എന്റെ ചിന്ത. ദിവാകരേട്ടന് ഈ കാര്യത്തിൽ ഇത്രയും ശുഷ്കാന്തി കാട്ടി വെപ്രാളപ്പെടുന്നതിന്റെ കാരണം എന്താണ് എന്നതായിരുന്നു. അതിന്റെ ഉത്തരത്തെ തേടി മറ്റെങ്ങും പോകേണ്ടതില്ലായിരുന്നു.

ആ കത്തിന്റെ അവസാന വരികൾതന്നെ ആയിരുന്നു അതിനുത്തരം.

‘ദിവാകരേട്ടാ, ഈ കാര്യം നടന്നാൽ നിങ്ങൾക്ക് പത്ത് ലക്ഷം ഡോളർ ഞാൻ നൽകും. വിശ്വാസത്തിനായി മുൻകൂറായി ആയിരം ഡോളറിന്റെ ഡി.ഡി ഇതോടൊപ്പം അയക്കുന്നു.

സ്നേഹത്തോടെ

അഹമ്മദിന്റെ മകൾ

ഗസ്സ അഹമ്മദ്’.

l

Tags:    
News Summary - malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 06:00 GMT
access_time 2025-12-22 05:30 GMT
access_time 2025-12-15 05:45 GMT
access_time 2025-12-15 03:45 GMT
access_time 2025-12-08 06:00 GMT
access_time 2025-12-01 05:30 GMT
access_time 2025-12-01 03:45 GMT
access_time 2025-11-24 04:30 GMT
access_time 2025-11-17 04:30 GMT
access_time 2025-11-10 05:15 GMT