അപ്പാപ്പ​ന്റെ മൂന്ന് പിഴകൾ

എ​ന്റെ അപ്പാപ്പൻ മരിച്ചിട്ട് ഇ​െക്കാല്ലം മുപ്പതാണ്ട് തികയും. കുമാരൻ എന്നായിരുന്നു അപ്പാപ്പ​ന്റെ പേര്. ഞങ്ങൾ തെക്കെ മലബാറിലുള്ളവർക്ക് അച്ചാച്ഛനോ മുത്തച്ഛ

നോ ഇല്ല. നല്ല തിരയൊച്ച മുഴങ്ങുന്ന ഈണത്തിൽ ഞങ്ങളൊക്കെ അപ്പാപ്പാ എന്ന് നീട്ടിവിളിക്കും. തറവാട്ടു വീടി​ന്റെ പൂമുഖച്ചുമരിൽ അപ്പാപ്പൻ പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ്

ഫോട്ടോയുണ്ട്. അതി​ന്റെ അയിനിത്തടിയുടെ െഫ്രയിം പാറ്റകളും വാലന്മാരും തുളച്ച് ഭംഗികേടാക്കിയിരിക്കുന്നു. പക്ഷേ, നിങ്ങൾ ചിത്രത്തിലോട്ട് നോക്കുകയാണെങ്കിൽ

അതൊന്നും കണ്ണിൽപെടുകയില്ല. അപ്പാപ്പ​ന്റെ കനൽത്തിളക്കമുള്ള നോട്ടത്തിലായിരിക്കും നിങ്ങളുടെ കണ്ണുകൾ. മുൻവശത്തെ പല്ലൊന്ന് പൊട്ടിപ്പോയിട്ടുണ്ട്. ആ ചുണ്ടുകളുടെ കോണുകളിൽ കൂസലില്ലാത്തൊരു ചിരി മറഞ്ഞുനിൽക്കുന്നു.

അപ്പാപ്പനെപ്പറ്റി ഒരു കഥയാവുമോ ഞാനെഴുതുന്നത്? എഴുതിവരുമ്പോൾ അങ്ങനെയൊരു സംശയം എന്നെ ഗ്രസിക്കുന്നു. എ​ന്റെ ഇരുപതാം വയസ്സിലായിരുന്നു അപ്പാപ്പ​ന്റെ മരണം. നടുത്തളത്തിലെ മുറിയിലിട്ട കട്ടിലിലെ ഓലപ്പായയിൽ കിടന്നായിരുന്നു അപ്പാപ്പൻ അവസാനശ്വാസമെടുത്തത്. ജീവിതത്തിലൊരിക്കലും തലയിണ ഉപയോഗിക്കാത്ത അപ്പാപ്പ​ന്റെ ശിരസ്സ് ശ്വാസതടസ്സം കാരണം ഒരു ഉയരമുള്ള തലയിണകൊണ്ട് ഉയർത്തിവെച്ചിരുന്നു. മരണസമയത്ത് അപ്പാപ്പ​ന്റെ മക്കളും മരുമക്കളും ഞങ്ങൾ പേരക്കുട്ടികളും സമീപത്തുണ്ടായിരുന്നു. മുറപ്രകാരം ഓരോരുത്തരായി അപ്പാപ്പ​ന്റെ വായിൽ ജലമിറ്റിച്ചു. അപ്പാപ്പ​ന്റെ വായുടെ കോണിൽനിന്ന് ഒലിച്ചിറങ്ങിയ വെള്ളം ആ നരച്ച താടിയെ നനച്ചു. എന്തോ അപ്പാപ്പ​ന്റെ കൺതടങ്ങളിലേക്കൊലിച്ചിറങ്ങിയ കണ്ണീരിലാണോ ആ മുഖത്ത് നനവു പടർന്നതെന്ന് ഞാൻ സംശയിച്ചു.

വീട്ടുപറമ്പി​ന്റെ ഏറ്റവും തെക്കെ മൂലയിലായിരുന്നു അപ്പാപ്പനുവേണ്ടി ചിതയൊരുക്കിയത്. ചിതക്ക് തീ കൊളുത്തുമ്പോൾ സന്ധ്യയായിരുന്നു. അപ്പാപ്പ​ന്റെ ചിത എരിഞ്ഞുതുടങ്ങുന്നത് നിരീക്ഷിച്ചു

കൊണ്ട് വീട്ടുപറമ്പിലെ മണലിൽ ഞാനിരുന്നു. കടലടുത്തായതുകൊണ്ട് പറമ്പിലെമ്പാടും മണലാണ്. മണലിന് ഉപ്പുരസമുണ്ട്. ഞാൻ ഇരുട്ടിൽ ചിതമധ്യത്തിൽ എരിഞ്ഞുതീരുന്ന അപ്പാപ്പ​ന്റെ ശരീരത്തെ ധ്യാനിച്ചു. പഞ്ചഭൂതത്തിലലിയുന്ന ആ ശരീരത്തെ വീണ്ടും വീണ്ടും വിഭാവന ചെയ്തുകൊണ്ടിരിക്കേ ഒരുപിടി മണലുവാരി വെറുതെയൊന്നു മണത്തു. മണലിന് ഉപ്പുഗന്ധം. ആയൊരു നിമിഷത്തിൽ ഈ മണ്ണിൽ ഇനി അപ്പാപ്പനില്ല എന്ന വിഷാദം എന്നെ പൊതിഞ്ഞു. എ​ന്റെ തൊണ്ടയിടറുകയും കണ്ണുകൾ നനയുകയും ചെയ്തു.

ബാല്യത്തിൽ അപ്പാപ്പ​ന്റെയൊപ്പം ഉറങ്ങിയ ഏതാനും രാത്രികളിൽ കേട്ട കഥകൾ ഇന്നും എനിക്ക് നല്ല ഓർമയുണ്ട്. രാവണൻ സീതയെ ലങ്കയിലേക്ക് കടത്തിയതും ഹനുമാൻ ലങ്ക കത്തിച്ചതും േദ്രാണാചാര്യരെ കൊല്ലുന്നതിന് യുധിഷ്ഠിരൻ അശ്വത്ഥാമാവ് മരിച്ചുവെന്ന് നുണ പറഞ്ഞതും അപ്പാപ്പ​ന്റെ കഥകളിലൂടെയാണ് ഞാനറിഞ്ഞത്. ഉറങ്ങുമ്പോൾ ചുരുണ്ടുകൂടി കിടക്കാനോ കാലെടുത്ത് മേൽ വെക്കാ

നോ അപ്പാപ്പൻ സമ്മതിക്കില്ല.

‘‘ആണുങ്ങൾ നീണ്ടുനിവർന്ന് കിടക്കണം.’’

അപ്പാപ്പൻ പറയും.

ലോകത്തെക്കുറിച്ച് അപ്പാപ്പൻ ഒരുപാട് സംസാരിക്കുമെങ്കിലും തന്നെക്കുറിച്ച് മിണ്ടുന്നത് തന്നെ വിരളം. പക്ഷേ, അപ്പാപ്പനെക്കുറിച്ച് വാചാലരാകുന്ന ചിലരുണ്ട്. അവരിൽനിന്നാണ് തൊണ്ണൂറ്റിനാല് വയസ്സിൽ അവസാനിച്ച ജീവിതത്തിലെ ചില പിഴകളെക്കുറിച്ച് ഞാനറിഞ്ഞത്. പിഴയെന്ന വാക്കിൽ ഒരു മനുഷ്യ​ന്റെ കർമങ്ങളെ കാണുകയോ ഒതുക്കിനിർത്തുകയോ ചെയ്യുന്നതി​ന്റെ സാംഗത്യം എന്തോ എന്നെ അസ്വസ്​ഥനാക്കുന്നുണ്ട്.

കയറുപിരിയായിരുന്നു അപ്പാപ്പ​ന്റെ തൊഴിൽ. കനോലിക്കനാലി​ന്റെ തീരത്ത് അന്ന് നിറയെ ചകിരിക്കുഴികളുണ്ടായിരുന്നു. ഈ ചകിരിക്കുഴി തുറന്ന് ചീഞ്ഞ് പാകമായ ചകിരിത്തൊണ്ടുകൾ അപ്പാപ്പൻ ചാക്കിൽ ചുമന്നു കൊണ്ടുവരും. പിന്നെ മരോട്ടിമരത്തി​ന്റെ പലകയിൽ ​െവച്ച് തൊണ്ടുതല്ലി നാരെടുക്കും. മാസത്തിൽ രണ്ടുതവണയാണ് ഇരിങ്ങാലക്കുട ചന്തയിലേക്ക് അപ്പാപ്പൻ പോകുക.

ചന്തക്കുള്ള ഓരോ യാത്രയിലും അപ്പാപ്പ​ന്റെ ഒരമ്പതു മുടി കയറെങ്കിലും കൂടെ കൊണ്ടുപോകും. അമ്പതു മുടി കയറെന്നാൽ ഒരു പത്ത് നാൽപത് കിലോ ഭാരമുണ്ടാകും. അതും തലയിലേറ്റിയാണ് അപ്പാപ്പൻ ചന്തയിലേക്കുള്ള പന്ത്രണ്ട് മൈൽ പിന്നിടുക. പോകുമ്പോൾ അപ്പാപ്പന് കാക്കാത്തുരുത്തി പുഴ കടക്കേണ്ടതുണ്ട്. കടത്തുകാരൻ വേലായുധേട്ടന് അപ്പാപ്പനെ നന്നായി അറിയാം. തലയിൽനിന്ന് ചുമടിറക്കി തോണിയിൽ നനയാതെ വെക്കാൻ വേലായുധേട്ടൻ സഹായിക്കും. ചുമടിറക്കുമ്പോൾ അപ്പാപ്പ​ന്റെ എഴുന്നുനിൽക്കുന്ന കഴുത്തിലെ ഞരമ്പുകളിൽ നോക്കി വേലായുധേട്ടൻ ചോദിക്കും.

‘‘കുമാരേട്ടാ, ഇങ്ങക്ക് പിള്ളാരെയാരെങ്കിലും സഹായത്തിന് കൂട്ടിക്കൂടെ?’’

പുഴയിലൂടെ മറുകരയിലേക്ക് ചലിക്കുന്ന വഞ്ചിയുടെ നടുപ്പടിയിലിരുന്ന് അപ്പാപ്പൻ മറുപടി പറയാതെ വെറുതെയൊന്ന് ചിരിക്കും.

ചന്തയിൽ അപ്പാപ്പ​ന്റെ കയറി​ന്റെ വിൽപന പെട്ടെന്ന് തീരും. റാട്ടില്ലാതെ കൈകൊണ്ട് പിരിച്ചെടുക്കുന്ന കയറി​ന്റെ ഉറപ്പ് കിഴക്കുള്ള മാപ്പിളമാർക്ക് നന്നായറിയാം. വിൽപന കഴിഞ്ഞ് അപ്പാപ്പൻ വീട്ടിലേക്കുള്ള സാധനങ്ങൾ ഒരു വട്ടിയിൽ വാങ്ങി സൂക്ഷിച്ചു. ഓണമാണ്. പത്ത് റാത്തൽ അരി അധികം വാങ്ങുമ്പോൾ ദിനംതോറും വിശപ്പ് കൂടിവരുന്ന മക്കളെക്കുറിച്ച് അപ്പാപ്പൻ ഒരുതരം നിർവൃതിയോടെ ഓർമിച്ചു. അങ്ങാടിയിൽ ഒന്നു കറങ്ങി എടക്കുളത്തുള്ള ജന്മിയുടെ തറവാട്ടിൽ ഒരു പപ്പടക്കെട്ടുമേൽപ്പിച്ചപ്പോൾ വൈകി. തിരിച്ച് കാക്കാത്തുരുത്തി പുഴതീരമെത്തിയപ്പോൾ സന്ധ്യ മറഞ്ഞിരുന്നു. കിഴക്ക് ഉത്രാടനിലാവ് വെള്ളിയലകളായി പുഴയിൽ വീണുകിടന്നു. കടത്തുകാരൻ വേലായുധേട്ടൻ മറുകരയിലേക്ക് തോണി കുത്തിയപ്പോൾ പുഴയിൽ തങ്ങളുടെ വലിയ നിഴൽരൂപങ്ങൾ ഇളകുന്ന കാഴ്ചയുടെ ഭംഗിയിൽ അപ്പാപ്പ​ന്റെ മനസ്സൊന്നു തുടിച്ചു.

ഇടവഴിയിൽ നിലാവ് പൂത്തുകിടന്നു. പാടത്തിനക്കരെയുള്ള കുടിലിൽ ഒരു ചിമ്മിനിവിളക്കി​ന്റെ നാളം വിറച്ചുകൊണ്ടിരുന്നു. വശങ്ങളിൽ കോളാമ്പിക്കാടുകൾ ശിരസ്സുയർത്തി നിൽക്കുന്ന മണൽവഴി നിശ്ശബ്ദം, നിശ്ചലം. അപ്പോൾ ഒരു തെങ്ങി​ന്റെ ഇരുണ്ട നിഴലിൽനിന്ന് ചടച്ച ഒരാൾ അപ്പാപ്പന് നേരെ ധൃതിയിൽ നടന്നുവന്നു. അപ്പാപ്പന് മുന്നിൽ ഒരു കൈയകലത്തു​െവച്ച് അയാൾ അരയിൽനിന്ന് ഒരു കത്തിയെടുത്ത് വായുവിൽ നീട്ടിപ്പിടിച്ചു. നിലാവി​ന്റെ വെട്ടത്തിൽ ഒരു തീപ്പൊട്ടുപോലെ കത്തിയുടെ അഗ്രം തിളങ്ങി.

‘‘ആ അരി നിലത്തു വയ്ക്ക്.’’

അപരിചിതൻ അലറി.

തനിക്കു മുന്നിൽ കത്തിയുമായി വന്നുനിൽക്കുന്നവൻ അരി പിടിച്ചുപറിക്കാനെത്തിയ കള്ളനാണെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ അപ്പാപ്പന് നന്നേ വിശന്നു. കള്ളൻ അപ്പാപ്പന് നേരെ ഒരടി മുന്നോട്ടുവെച്ച നിമിഷത്തിൽ അപ്പാപ്പൻ ഒരു കാൽ പിറകോട്ടുവെച്ചു. അപ്പാപ്പ​ന്റെ അടുത്തനീക്കം കള്ളൻ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. തലയിൽ ​െവച്ചിരിക്കുന്ന അരിവട്ടിക്ക് ഒരു ചലനവുമില്ലാതെ അപ്പാപ്പ​ന്റെ ​ൈകയും കാലും ഒരേസമയം വായുവിൽ ഉയർന്നു. ഒരു മിന്നലിന്റെ ചടുലതയിലാണ് കള്ള​ന്റെ കൈയിലുള്ള കത്തി തെറിച്ചതും ഒരു തൂവലി​ന്റെ കനമേയുള്ളൂവെന്ന് തോന്നിപ്പിക്കുമാറ് കള്ള​ന്റെ ശരീരം ഇടതുവശത്തെ തെങ്ങിൻതടത്തിലേക്ക് മറിഞ്ഞതും. അയാൾ വീണപ്പോൾ മണൽധൂളികൾ അന്തരീക്ഷത്തിൽ ഉയരുന്നത് നിലാവെട്ടത്തിൽ അപ്പാപ്പൻ കണ്ടു. കള്ളൻ ഒരു പ്രത്യാക്രമണത്തിന് മുതിർന്നില്ല. രക്ഷപ്പെടാനെന്നവണ്ണം അയാൾ പിടഞ്ഞെണീറ്റപ്പോൾ ശീമയിലക്കാടുകളിൽനിന്ന് ഏതോ രാപ്പക്ഷികൾ ചിറകടിച്ചു മാനത്തേക്കുയർന്നു. അവയുടെ കൂവലുകൾക്ക് ഒരു നിലവിളിയുടെ ഈണമുണ്ടായിരുന്നു.

‘‘എടാ ഇവിടെ വാ...’’

കള്ളൻ ധൃതിയിൽ ഓടിത്തുടങ്ങിയപ്പോൾ അപ്പാപ്പൻ വിളിച്ചു.

കള്ളൻ പരിഭ്രമത്തോടെ തിരിഞ്ഞുനോക്കി. പിന്നെ നിന്നു. യുദ്ധം ജയിച്ച ഒരു ജേതാവിനെ കള്ളൻ അപ്പാപ്പ​ന്റെ മുഖത്തു കണ്ടില്ല. നിലാവെളിച്ചത്തിൽ അപ്പാപ്പ​ന്റെ കണ്ണുകളിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു ഗൂഢഭാവം ഉറഞ്ഞുകിടക്കുന്നത് കള്ളൻ കണ്ടു.

‘‘നി​ന്റെ കയ്യിലൊരു തോർത്തുമുണ്ടുണ്ടോ?’’

ത​ന്റെ മുന്നിൽ പരിഭ്രമത്തോടെ നിൽക്കുന്ന കള്ളനോട് അപ്പാപ്പ​ന്റെ ചോദ്യം. കള്ളൻ നിശ്ശബ്ദം തലയാട്ടി. പിന്നെ അരയിൽ മുണ്ടിന്മേൽ ചുറ്റിക്കെട്ടിയ തോർത്ത് അഴിച്ച് പരുങ്ങി.

‘‘അത് നിലത്ത് വിരിയ്ക്ക്’’, അപ്പാപ്പൻ കൽപിച്ചു.

അപ്പാപ്പൻ തലയിൽനിന്ന് അരിവട്ടി സൂക്ഷ്മതയോടെ നിലത്തിറക്കി. പിന്നെ നിലത്ത് കുന്തിച്ചിരുന്ന് വട്ടിയിൽനിന്ന് പാതിയോളം അരി തോർത്തിലേക്ക് ചൊരിഞ്ഞു.

‘‘ഇതെടുത്തോളൂ’’

അപ്പാപ്പൻ പറഞ്ഞു. അപ്പോൾ അഗാധമായൊരു വ്യസനം അപ്പാപ്പ​ന്റെ വാക്കുകളെ തൊട്ടു.

മുണ്ടിൽ അരി പൊതിഞ്ഞെടുത്ത് തോർത്തിൽ ഭാണ്ഡമായി കെട്ടുമ്പോൾ കള്ളൻ തന്നെ കടന്നുപോയ അപ്പാപ്പനെ അത്ഭുതാദരങ്ങളോടെ നോക്കി. നിലാവിൽ അപ്പാപ്പ​ന്റെ നിഴൽ അപ്പോൾ കൂടുതൽ വളർന്നിരുന്നു.

കാലത്ത് ചന്തയിൽ പോയ അപ്പാപ്പനെ കാത്ത് അമ്മമ്മ വീട്ടുമുറ്റത്ത് തന്നെ നിന്നിരുന്നു. ഇനിയും അത്താഴത്തിന് അരിയിട്ടില്ല. കുട്ടികളിൽ ഇളയവനായ കൃഷ്ണൻകുട്ടി വിശന്നു എപ്പോഴോ ഉറങ്ങിത്തുടങ്ങിയിരുന്നു.

‘‘എന്താത്ര വൈകീത്?’’

ഇറയത്തെ തിണ്ണയിലെ കിണ്ടിയിലെ വെള്ളംകൊണ്ട് അപ്പാപ്പൻ കാൽ കഴുകുമ്പോൾ അമ്മമ്മ അന്വേഷിച്ചു.

‘‘ഒന്നൂല്ല’’, അപ്പാപ്പൻ ഒന്നു മുരണ്ടു.

അപ്പാപ്പ​ന്റെ വട്ടി പരിശോധിച്ച അമ്മമ്മ വലതുകൈ ചുരുട്ടി നെഞ്ചത്തിടിച്ചു.

‘‘അയ്യോ എ​ന്റെ ദൈവമേ, ഓണത്തിന് എ​ന്റെ കുട്ട്യോള് പട്ടിണിയാവൂലോ...’’

അമ്മമ്മ വലിയ വായിൽ ഒന്നു നിലവിളിച്ചു.

‘‘പാതി അരി ഞാനൊരു കള്ളന് കൊടുത്തു.’’

ശാന്തത തുളുമ്പുന്ന ശബ്ദത്തിൽ അപ്പാപ്പൻ പറഞ്ഞു.

‘‘കള്ളനോ...’’ അമ്മമ്മയൊന്ന് പരിഭ്രമിച്ചു. നിയന്ത്രിക്കാൻ കഴിയാത്തൊരു വികാരംകൊണ്ട് അവരുടെ മുഖപേശികൾ മുറുകി. കണ്ണുകൾ വിറങ്ങലിച്ചു.

‘‘നീയെന്തിനാ ഒച്ചവെക്കണേ? ഈ ഓണം കള്ള​ന്റെ മക്കൾകൂടി ഉണ്ണട്ടെ. അതിനവർക്ക് അവകാശമുണ്ട്.’’

അപ്പാപ്പൻ ദൃഢതയോടെ പറഞ്ഞു. പിന്നെ അമ്മമ്മയുടെ മുഖത്ത് നോക്കാതെ കുളിക്കാനെന്നവണ്ണം തെക്കെ കുളത്തിലേക്ക് നടന്നു.

കുളക്കരയിലെ പഞ്ചാരമണൽ നിലാവിൽ തിളങ്ങിക്കൊണ്ടിരുന്നു. തണുത്ത കാറ്റ് കുളത്തിൽ കുഞ്ഞോളങ്ങളെ നെയ്തു. ആയൊരു നിമിഷത്തിൽ അതുവരേക്കും അജ്ഞാതമായ അനുഭൂതിയുടെ വിസ്​ഫോടനത്തിൽ തനിക്ക് ചിറകുകൾ മുളക്കുന്നതായി അപ്പാപ്പൻ അനുഭവിച്ചു.

ഞാനറിഞ്ഞ അപ്പാപ്പ​ന്റെ രണ്ടാമത്തെ പിഴ ഗുരുദേവനുമായി ബന്ധപ്പെട്ടാണ്. നാരായണഗുരു പറവൂരിലെത്തിയ വാർത്ത അപ്പാപ്പനറിയുന്നത് വയറുവേദനക്ക് വലപ്പാട് കുഞ്ഞുമാമി വൈദ്യരെ കാണാനെത്തിയപ്പോഴാണ്.

‘‘കുമാരാ, നീ ഗുരുവിനെ കാണണില്ല്യേ?’’ വൈദ്യർ ചോദിച്ചു.

അപ്പാപ്പൻ തലയാട്ടി.

‘‘ഗുരുവിനെ കാണുന്നത് ഈശ്വരനെ കാണുന്നത് പോലെത്തന്ന്യാ. ആ ചൈതന്യം വല്ലാത്ത ഒരനുഭവാണേ...’’

വൈദ്യർ ലേഹ്യവും കഷായവും വീണു കറപടർന്ന ത​ന്റെ ജുബ്ബയിൽ ഇരു കൈകളും തുടച്ചു.

വീടി​ന്റെ അടുക്കളപ്പടിയിൽ ചിന്താധീനനായി നിന്ന് അപ്പാപ്പൻ ഗുരുവിനു കൊണ്ടുപോകേണ്ട ദക്ഷിണയെക്കുറിച്ചോർത്തു. ഗുരുവിന് നൽകാൻ പണമില്ല. പുതിയ വസ്​ത്രങ്ങളില്ല. അടുക്കളയിലെ തെക്കേമൂലയിലെ അമ്മമ്മയുടെ അരിപ്പാട്ട തുറക്കുമ്പോൾ ഭഗവാനെ കാണാൻപോയ കുചേലനെ വഞ്ചിപ്പാട്ടിലെ വരികളിലൂടെ അപ്പാപ്പൻ ഓർമിച്ചെടുത്തു. അമ്മമ്മ നെയ്ത, ചന്തയിലെ പച്ച നേന്ത്രക്കായയുടെ പശ പടർന്ന വട്ടിയിലേക്ക് പാട്ടയിലെ മുഴുവൻ അരിയും ചൊരിയുമ്പോൾ പിറകിൽ അത്ഭുതവും ആശങ്കയുമായി അമ്മമ്മ കണ്ണുകൾ വിടർത്തി.

‘‘ഇതാർക്കാ ഈ അരി?’’

‘‘നാരായണ ഗുരുവിനാ, മൂപ്പര് പറവൂര് വന്നിട്ടുണ്ട്.’’

ഗുരുവെന്ന വാക്ക് മുഴങ്ങിയതും എ​ന്റെ ഭഗവാനെ എന്നു മന്ത്രിച്ച് അമ്മമ്മ ഇരുകൈകളും നെഞ്ചിൽ ചേർത്ത് തെക്കോട്ട് തിരിഞ്ഞുനിന്ന് തൊഴുതു. അമ്മമ്മയുടെ ഹൃദയമിടിപ്പുകൾ മുറുകി.

‘‘നിങ്ങടെ ഈ റേഷനരീടെ ചോറ് ഗുരു തിന്ന്വോ?’’

ഒരു നിശ്ശബ്ദതക്കു ശേഷം അമ്മമ്മ ചോദിച്ചു. ഉള്ളിലെ ഉഷ്ണത്തിൽ അസ്വസ്​ഥയായിട്ടെന്നവണ്ണം അമ്മമ്മ ഒരു വെരുകിനെപ്പോലെ അടുക്കളയിൽനിന്നു തിരിഞ്ഞു. കരിപിടിച്ച അടുക്കളയുടെ മേൽക്കൂരയിൽ മേഞ്ഞ നുറുമ്പിച്ച ഓലക്കീറുകൾക്കിടയിലൂടെ കർക്കടക സൂര്യ​ന്റെ വെയിൽ ചാണം തേച്ച തറയിൽ ഒരു വൃത്തമായി വീണുകിടന്നു.

‘‘എന്താ, തിന്നാണ്ട്?.. ഗുരു മനുഷ്യനല്ലേ?’’

അപ്പാപ്പൻ ശബ്ദമുയർത്തി. അരിവട്ടിയുമായി മുറ്റം കടന്നുപോകുന്ന അപ്പാപ്പനെ നോക്കിനിന്നപ്പോൾ അരുതായ്മകളുടെ ഇടവഴികളിലൂടെ തനിച്ചു സഞ്ചരിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചോർത്ത് അമ്മമ്മ ഉത്കണ്ഠപ്പെട്ടു. അമ്മമ്മക്കു തന്നെ തിരിച്ചറിയാനാവാത്ത ഒരു ഖേദം കർക്കടകമേഘമായി ഹൃദയത്തിൽ പെയ്ത്തു കാത്തുകിടക്കുന്നത് അമ്മമ്മ അറിഞ്ഞു.

പറവൂർ വെടിമറയിലെ ഒരു വീട്ടിലായിരുന്നു ഗുരു. അപ്പാപ്പൻ കോട്ടപ്പുറത്തെത്തിയപ്പോൾ ഇരുട്ടു കനത്തു പാതിരയായി. അപ്പാപ്പൻ കോട്ടപ്പുറത്തെ അങ്ങാടിയിൽ പലക നിരത്തി അടച്ചിട്ട കടമുറികളിലൊന്നിനു മുന്നിലെ ഇറയത്ത് പുലർച്ചവരെ മയങ്ങി. കിഴക്ക് ചുവപ്പു തെളിഞ്ഞപ്പോൾ അപ്പാപ്പൻ പുഴയിലേക്കിറങ്ങി. കോട്ടപ്പുറം ചന്തയുടെ കടവിൽനിന്ന് മറുകരയിലേക്ക് നീന്തുമ്പോൾ അപ്പാപ്പൻ തലകീഴായി മറിയുന്ന പുഴയിലെ കുത്തൊഴുക്കറിഞ്ഞു. മുതലയെപ്പോലെ കാലിൽ പിടിച്ചു ഞെരിക്കുന്ന ജലത്തി​ന്റെ ക്രൗര്യമറിഞ്ഞു. മീൻ ചെകിളകൾപോലെ ത​ന്റെ ശ്വാസകോശങ്ങളുടെ വികാസമറിഞ്ഞു. പുഴയിലെ ഉപ്പ് ജീവ​ന്റെ ഉപ്പാണെന്ന അറിവി​ന്റെ ഊഷ്മളതയിൽ അപ്പാപ്പ​ന്റെ ശരീരകോശങ്ങൾ ത്രസിച്ചു.

അടിമുടി നനഞ്ഞു കുതിർന്ന ശരീരവുമായി കരയണഞ്ഞപ്പോഴും നനയാതെ ഉയർത്തിപ്പിടിച്ച കൈതോലവട്ടിയിലെ അരി അപ്പാപ്പനെ നോക്കി ചിരിച്ചു. കടവിലെ ആൽമരച്ചുവട്ടിൽ വെയിൽകാഞ്ഞ് അപ്പാപ്പൻ മുണ്ടും കുപ്പായവും ശരീരവുമുണക്കി.

വെടിമറയിലെ വീട്ടിലെത്തിയപ്പോൾ ഗുരു തളത്തിലുണ്ട്. വീട്ടുമുറ്റത്ത് ഒരുകൂട്ടം ആളുകൾ അടക്കിപ്പിടിച്ച് സംസാരിച്ചുകൊണ്ട് ഗുരുവിനെ കാണാൻ ഊഴം കാത്തുനിൽക്കുന്നു.

ത​ന്റെ ഊഴമെത്തിയപ്പോൾ അപ്പാപ്പൻ അരി ദക്ഷിണയായി ഗുരുവി​ന്റെ മുന്നിൽവെച്ച് തളത്തിലെ മണലിൽ സാഷ്​ടാംഗം പ്രണമിച്ചു.

‘‘എന്താ പേര്?’’, ഗുരു ചോദിച്ചു.

‘‘കോന്നൻ കുമാരൻ.’’

‘‘എന്താണ് ജോലി?’’

‘‘ചകിരിപ്പണിയാണ്’’, അപ്പാപ്പ​ന്റെ ശബ്ദമിടറി.

‘‘ഈ വട്ടിയിലെന്താ?’’

ഗുരുവിന്റെ ചോദ്യത്തിലൊരു കൗതുകമുണ്ടായിരുന്നു.

‘‘ഇത്തിരി റേഷനര്യാണ്...’’

ഗുരു ഭക്തിയുടെ പാരമ്യത്തിലും പെട്ടെന്ന് പൊട്ടിയടർന്ന അപകർഷതയിൽ അപ്പാപ്പ​ന്റെ വാക്കുകൾ വിറകൊണ്ടു.

നിലത്തു വിരിച്ച കൈതോലപ്പായയിലിരിക്കുന്ന ഗുരു വട്ടിയിലേക്ക് ത​ന്റെ ഇരുകൈകളും നീട്ടി​െവച്ചു. അപ്പാപ്പ​ന്റെ ഹൃദയമപ്പോൾ വഞ്ചിപ്പാട്ടിലേക്കൊന്ന് തെന്നി. കുചേല​ന്റെ മുഷിഞ്ഞ അവിൽപ്പൊതിയിലേക്ക് ഭഗവാൻ ആർത്തിയോടെ കൈനീട്ടുന്നത് അപ്പാപ്പൻ കണ്ടു.

‘‘കുമാരാ’’, ഗുരു വിളിച്ചു.

‘‘സന്യാസിമാർക്കും അരി മുഖ്യംതന്നെ.’’

അരിവട്ടിയിൽ തൊട്ട് ഗുരു പറഞ്ഞു. ഗുരുവിന്റെ കണ്ണുകളപ്പോൾ കാലാതീതമായൊരു തീവ്രദുഃഖത്തിലെന്നവണ്ണം സജലങ്ങളായി.

അപ്പാപ്പനന്ന് ഗുരുസന്നിധിയിലാണ് രാത്രിയുറങ്ങിയത്. പിറ്റേ ദിവസം യാത്ര പറഞ്ഞപ്പോൾ ഗുരു അപ്പാപ്പ​ന്റെ ശിരസ്സിൽ ത​ന്റെ വലതുകൈ ​െവച്ചു.

‘‘എന്നും നല്ലതേ വരൂ...’’ ഗുരു അനുഗ്രഹിച്ചു.

ത​ന്റെ മൂർധാവിൽ പതിഞ്ഞ വിരലുകളുടെ കനൽചൂടിൽ പൊള്ളലേറ്റ ഒരാഘാതത്തിൽ അപ്പാപ്പനൊന്നു പിടഞ്ഞു. കണ്ണുകൾ ഒരു നിർവൃതിയിലാണ്ടു. ഒരു കടൽക്കാഴ്ചയുടെ സ്വച്ഛന്ദതയിൽ അപ്പാപ്പ​ന്റെ ഹൃദയം കൂമ്പി.

‘‘കുമാരാ...’’ ഗുരു വിളിച്ചു.

‘‘എന്തോ’’ ഒരു പുലരിയുറക്കത്തിൽനിന്നെന്നപോലെ

അപ്പാപ്പൻ വിളികേട്ടു.

‘‘കുമാരാ, മൂത്ത മകന് എത്രയായി വയസ്സ്?’’

‘‘പന്ത്രണ്ട്.’’

‘‘അവൻ പള്ളിക്കൂടത്തിൽ പോണില്ലാ അല്ലേ?’’

അപ്പാപ്പൻ തലയാട്ടി.

‘‘കുമാരാ, കുട്ടികൾ അക്ഷരം പഠിക്കണം. അക്ഷരമറിഞ്ഞവനേ ഈ ലോകത്തെ തിരുത്താനാവൂ.’’

ഗുരു മന്ത്രിച്ചു.

തിരിച്ചുവരുമ്പോൾ അപ്പാപ്പൻ പറവൂർ ചന്തയിലിറങ്ങി. ഒരണക്ക് ട്രൗസർ. ഒരണക്ക് ഒരു കുപ്പായം. വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ പുതുവസ്​ത്രങ്ങളുടെ പശമണം അപ്പാപ്പ​ന്റെ വിയർപ്പിൽ നനഞ്ഞ വസ്​ത്രങ്ങളെ പൊതിഞ്ഞുനിന്നു. അപ്പാപ്പൻ പുതിയ ട്രൗസറും കുപ്പായവും പന്ത്രണ്ടു വയസ്സുകാരൻ മകൻ ബാലകൃഷ്ണനെ ഇടുവിച്ചു.

‘‘അച്ഛാ നമ്മള് പാണാട്ടമ്പലത്തില് ഉടുക്ക് കൊട്ടി പാടാൻ പോവ്വ്വാണോ?’’ പുതിയ ഉടുപ്പിൽ ബാലകൃഷ്ണൻ തെളിഞ്ഞു.

‘‘നടക്ക്...’’

അപ്പാപ്പൻ മക​ന്റെ കൈപിടിച്ചു. ഇറയത്ത് അപ്പാപ്പ​ന്റെ ഭ്രാന്ത് കണ്ടുനിന്ന അമ്മമ്മ മുറ്റത്തേക്കിറങ്ങി കുറുകെനിന്നു.

‘‘നിങ്ങള് ചെക്കനേംകൊണ്ട് എങ്ങോട്ടാണ്?’’

അപ്പാപ്പൻ മിണ്ടിയില്ല. അമ്മമ്മയുടെ ചോദ്യത്തെ അവഗണിച്ച് ബാലകൃഷ്ണ​ന്റെ കൈപിടിച്ച് അപ്പാപ്പൻ അകംപാടത്തെ നടവഴിയിലൂടെ നടന്നു.

‘‘കുമാരേട്ടാ, ഈ വെയിലത്ത് അച്ഛനും മോനും എവിടേക്കാണ്?’’

മുന്നിൽ കഴിഞ്ഞ ദിവസം കൊളംബിൽനിന്നെത്തിയ തറയിലെ ബാലൻ. അയാളുടെ മുഖത്ത് കുട പിടിച്ചുനിൽക്കുന്ന കൗതുകം.

അപ്പാപ്പൻ ആകാശത്തേക്ക് കണ്ണയച്ചു. ശിരസ്സിന് മുകളിൽ വെയിലി​ന്റെ പുടവ. വെയിലി​ന്റെ തീവെളിച്ചത്തിൽ കണ്ണുകൾ തുറക്കാൻ വയ്യ. അപ്പാപ്പനപ്പോൾ ഗുരുവിനെ ഓർത്തു.

‘‘കുട്ടികൾ അക്ഷരം പഠിക്കണം. അക്ഷരം പഠിച്ചവർക്കേ ഈ ലോകത്തെ തിരുത്താനാവൂ.’’

ഗുരുവചനത്തി​ന്റെ തീയിൽ വെന്ത് അപ്പാപ്പൻ ഉരുവിട്ടു. അടുത്തനിമിഷം മക​ന്റെ കൈപിടിച്ച് ഒരു കൊടുങ്കാറ്റുപോലെ അപ്പാപ്പൻ അകമ്പാടത്തി​ന്റെ ഇടവഴികളിലൂടെ കടന്നുപോയി.

പെരിഞ്ഞനത്തെ മാമൻ ചോവ​ന്റെ ഓർമപ്പുസ്​തകത്തിൽ 1950 ലെ ആദ്യ റിപ്പബ്ലിക് ദിനത്തിൽ പുലർച്ചെ മുതൽ തോരാതെ പെയ്തുനിന്ന പെരുമഴയെക്കുറിച്ച് പരാമർശമുണ്ട്. ആ മഴ നനഞ്ഞ് തണുത്ത് വിറച്ചാണ് ഒരു തലച്ചുമട് കയറുമായി അപ്പാപ്പൻ കാക്കാത്തുരുത്തി കടവിലെത്തുന്നത്.

ചത്തു മരവിച്ച നിശ്ശബ്ദതയിലായിരുന്നു കടവ്. കടവോരത്ത് നിർത്തിയിട്ട കശുവണ്ടിനെയ്യ് തേച്ച് മിനുക്കിയ തോണിയുടെ അരപ്പലകയിൽ തുറിച്ച കണ്ണുകളുമായി കടത്തുകാരൻ വേലായുധൻ ഇരുന്നു. ഒരു പ്രതിമപോലെ വിറങ്ങലിച്ചിരുന്ന വേലായുധനെ കണ്ട മാത്രയിൽ അപ്പാപ്പൻ എന്തോ അപകടം മണത്തു. വേലായുധന് കളിയില്ല. ചിരിയില്ല.

‘‘വേലായുധാ, എന്താടാ കുഴപ്പം?’’

വേലായുധൻ ഒന്നിളകി. പിന്നെ രോഷം കടിച്ചമർത്തി വടക്കോട്ട് വിരൽ ചൂണ്ടി.

‘‘കുമാരേട്ടാ, സർദാറിനെ ആ പന്നി ഇടിയൻ നമ്പ്യാര് കൊന്നു.’’

‘‘എപ്പ്വൊ?’’ അപ്പൻ ഞെട്ടി. ഒരു വിറയൽ അപ്പാപ്പ​ന്റെ പെരുവിരലിൽ സ്​തംഭിച്ചു.

‘‘കുമാരേട്ടൻ അറിഞ്ഞില്ലേ? ഇന്നലെ മതിലകത്ത് ഞങ്ങട ജാഥണ്ടാർന്നു. അപ്പോഴാ സർദാറിനെ പിടിച്ചത്. പിന്നെ വലപ്പാട് കൊണ്ടുപോയി തല്ലിക്കൊന്നു. പാതിരാത്രീല് അഞ്ചാംപരത്തി കടപ്പുറത്ത് കുഴിച്ചിട്ടു.’’

വേലായുധൻ നിന്നു കത്തുകയാണ്.

അപ്പാപ്പൻ കോൺഗ്രസുകാരനാണ്. അടിപറമ്പിൽ രാമനാണ് അപ്പാപ്പ​ന്റെ നേതാവ്. തറവാടി​ന്റെ ചുമരിൽ ഗുരുവായൂരപ്പ​ന്റെ ചിത്രത്തിനൊപ്പം ഗാന്ധിയുടെ പടവും അപ്പാപ്പൻ തൂക്കിയിട്ടിട്ടുണ്ട്. ഈയടുത്ത കാലത്തുകൂടി നാട്ടികയിൽ ചകിരി വാങ്ങാൻ പോയപ്പോൾ അപ്പാപ്പൻ കമ്യൂണിസ്റ്റുകാരനായ സർദാറിനെ ഒരു ചായപ്പീടികയിൽ ​െവച്ചു കണ്ടിരുന്നു. ആറരയടി ഉയരം. എഴുന്നുനിൽക്കുന്ന മീശയാണ് ആ ചെറുപ്പക്കാര​ന്റെ പ്രധാന സവിശേഷത. മുഖത്താകെയൊരു ചിരിയാണ്.

ആറേഴു വർഷം മുമ്പ് എടമുട്ടത്ത് ​െവച്ച് ജാപ്പു വിരുദ്ധജാഥയിൽ മൂപ്പർ പ്രസംഗിക്കുന്നത് അപ്പാപ്പൻ കേട്ടിട്ടുണ്ട്. അന്നാണ് അപ്പാപ്പൻ സർദാറിനെ ആദ്യമായി കാണുന്നത്. നേതാജിയെ വിമർശിച്ചായിരുന്നു പ്രസംഗം. അത് അപ്പാപ്പന് ഇഷ്​ടപ്പെട്ടില്ല.

പിന്നീട് അപ്പാപ്പൻ സർദാറിനെപ്പറ്റി ഒരുപാട് കേട്ടു. പൊന്നാനി താലൂക്കിൽ കോൺഗ്രസുകാരെയൊക്കെ കമ്യൂണിസ്​റ്റാക്കുന്ന പണിയാണ് അയാൾക്ക് മുഖ്യം. സ്​കൂളിലെ മാഷാണെന്ന് പറയുന്നതിൽ കാര്യമൊന്നുമില്ല.

അടിപറമ്പിൽ രാമൻ പറയും, ‘‘ഇതൊരു ഭ്രാന്തുപിടിച്ച കാലമാണ് കുമാരാ.’’

കാക്കാത്തുരുത്തി പുഴക്കു മുകളിൽ മഴ കനത്തുകൊണ്ടിരുന്നു. വേലായുധൻ ഇനിയുമനക്കാത്ത വഞ്ചിയിൽ ഓലക്കുട ചൂടി അപ്പാപ്പൻ മറുകര നോക്കി ഇരുന്നു.

‘‘മൂന്ന് ദിവസം മുമ്പ് ഞാൻ കണ്ടിരുന്നു’’ ഒരു സ്വപ്നം ഏറ്റുപറയുന്നതുപോലെ

വേലായുധൻ പറഞ്ഞു.

പാതിരാത്രിയിൽ കൂക്കിവിളി കേട്ടപ്പോൾ സഞ്ചിയുമായി ചെന്നു. മുഖം പൊതിഞ്ഞിരുന്ന തോർത്തുമുണ്ടഴിച്ചപ്പോൾ സർദാറാണ്. രണ്ടു ദിവസമായി ഭക്ഷണമൊന്നും കഴിച്ചിട്ടില്ല എന്നു തോന്നി. ഞാൻ കുടിലിലേക്ക് വിളിച്ചപ്പോൾ ഒരു കുട്ടിയെപ്പോലെ പിറകെ വന്നു. വെള്ളത്തിലിട്ടു​െവച്ചിരുന്ന പഴഞ്ചോറ് മുറ്റത്ത് നിന്നൊരു ഇലവെട്ടി വിളമ്പി. മുഴുവൻ വാരിവലിച്ചു തിന്നു. എന്നിട്ടും വിശപ്പാറിയില്ല എന്ന് തോന്നി.’’

വേലായുധനൊന്നു പൊട്ടി. പിന്നെ ഇരുകൈകളുമുയർത്തി മുഖം പൊത്തി. വേലായുധ​ന്റെ നെഞ്ച് താഴുകയും ഉയരുകയും ചെയ്തപ്പോൾ അയാൾ വിങ്ങിവിങ്ങിക്കരയുകയാണെന്ന് അപ്പാപ്പനറിഞ്ഞു.

അപ്പാപ്പൻ എന്തോ ഓർമിച്ചു നിന്നു. പിന്നെ വഞ്ചിയിൽ നിന്നിറങ്ങി കയറി​ന്റെ ചുമടെടുത്ത് വഞ്ചിപ്പുരയിൽ വെച്ചു.

‘‘വേലായുധാ, ഞാനിന്ന് ചന്തേല് പോണില്ല്യാ’’, അപ്പാപ്പൻ പറഞ്ഞു.

‘‘കുമാരേട്ടാ, കുമാരേട്ടാ...’’

തിരിഞ്ഞു നടക്കുന്നതിനിടയിൽ അപ്പാപ്പൻ കടത്തുകാര​ന്റെ ആവർത്തിച്ചുള്ള ചിലമ്പിച്ച വിളികേട്ടു. മടക്കത്തിൽ അപ്പാപ്പൻ കാറ്റിനൊപ്പം ആർത്തുവിളിക്കുന്ന മഴയറിഞ്ഞു. പഞ്ചാരമണലിൽ മഴ പൊഴിയുമ്പോൾ പുറ്റുകൾ തകർന്ന് തലനീട്ടുന്ന മണ്ണിരകൾ. നേരം എത്രയായിട്ടുണ്ടാകും? മഴ കൂടുതൽ കൂടുതൽ കനക്കുന്നു. ഭൂമിയിലെ വെളിച്ചം മുഴുവൻ മറഞ്ഞുപോകുകയാണ്.

വീട്ടിലെത്തിയപ്പോൾ ഇനിയും പുലരിയെത്താത്ത ഇറയത്ത് അമ്മമ്മ കത്തിച്ചു​െവച്ച ചിമ്മിനിവിളക്കി​ന്റെ വെട്ടം അപ്പാപ്പൻ കണ്ടു. അടുക്കളയിൽ കഞ്ഞിവേവുന്ന മണവും അടുപ്പിലെ തിളക്കവുമുണ്ട്. അപ്പാപ്പൻ അടുക്കളയിൽ ടൈലർ ആണ്ടി തയ്ച്ചുതന്ന തുണിസഞ്ചി തിരഞ്ഞു. പിന്നെ അരിപ്പാട്ട വലിച്ചു നീക്കി അതിലെ മുഴുവനരിയും കയ്യിലെ സഞ്ചിയിലേക്ക് ചരിഞ്ഞു.

‘‘ബാലാ’’

അപ്പാപ്പൻ വിളിച്ചു.

അപ്പാപ്പ​ന്റെ ശബ്ദം നിലച്ചുപോയ നിമിഷത്തിൽ മുന്നിൽ മൂത്തമകൻ ബാലകൃഷ്ണൻ ഹാജരായി.

‘‘ബാലാ, കമ്പൗണ്ടർ ശേഖരൻ എവിടെയുണ്ട്?’’

അപ്പാപ്പൻ ചോദിച്ചു.

ബാലകൃഷ്ണ​ന്റെ മീശകുരുത്ത മുഖത്ത് പരിഭ്രമം നിഴലിച്ചു. ഒരു പ്രതിമയെപ്പോലെ അയാൾ ചുണ്ടുകൾ പൂട്ടി.

അപ്പാപ്പൻ വളർന്നു വലുതായ മകനെ നോക്കി. കാലം പുഴയെപ്പോലെ നിശ്ശബ്ദം തീവ്രവേഗത്തിലാണ് പായുന്നതെന്ന് അപ്പാപ്പനറിഞ്ഞു. അപ്പാപ്പൻ മകനിൽനിന്ന് ഉത്തരം പ്രതീക്ഷിച്ചില്ല. കമ്യൂണിസ്​റ്റ്് നേതാവായ കമ്പൗണ്ടർ എവിടെയാണെന്ന് കോൺഗ്രസുകാരനായ തന്നോട് മകൻ പറയില്ലെന്ന് അപ്പാപ്പനറിയാം. അപ്പാപ്പൻ ചകിരിനാരിലുരസി തഴമ്പിച്ച വിരലുകൾ മടക്കി. പിന്നെ നിവർത്തി.

അപ്പാപ്പനും മകനുമിടയിൽ ഒരു മൗനം നിമിഷങ്ങളോളം വളർന്നു.

‘‘കമ്പൗണ്ടർ എവിടെയുണ്ടെന്ന് എനിക്കറിയാം’’ നിർവികാരനായി അപ്പാപ്പൻ പറഞ്ഞു. പിന്നെ ത​ന്റെ കയ്യിലെ അരിസഞ്ചി മകനു നേരെ നീട്ടി.

‘‘ഇത് കൊണ്ടുപോയി കമ്പൗണ്ടർക്ക് കഞ്ഞി​െവച്ചു കൊടുക്ക്. അയാൾ ഭക്ഷണം കഴിച്ചിട്ട് ദിവസം മൂന്നായിക്കാണണം.’’

ശബ്ദം ഇടറുന്നതറിയാതിരിക്കാൻ അപ്പാപ്പൻ ഒന്നു ചുമച്ചു. പിന്നെ മാമൻ ചോവൻ പരാമർശിച്ച ആദ്യ റിപ്പബ്ലിക് ദിനത്തിലെ തുള്ളിക്കൊരു കുടം പേമാരിയിലേക്ക് ത​ന്റെ ശിരസ്സിലെ കനലുകൾ കെടുത്താനായി അപ്പാപ്പനിറങ്ങിപ്പോയി.

Tags:    
News Summary - Madhyamam weekly short story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-29 05:30 GMT
access_time 2025-12-29 04:30 GMT
access_time 2025-12-22 06:00 GMT
access_time 2025-12-22 05:30 GMT
access_time 2025-12-15 05:45 GMT
access_time 2025-12-15 03:45 GMT
access_time 2025-12-08 06:00 GMT
access_time 2025-12-01 05:30 GMT
access_time 2025-12-01 03:45 GMT
access_time 2025-11-24 04:30 GMT
access_time 2025-11-17 04:30 GMT