വെള്ളച്ചോറ്

‘ഇന്ത്യ അല്ല, ഭാരതം. മഹാഭാരതത്തിൽ നിന്നുണ്ടായ പേര്. ഭരതൻ ഭരിച്ച നാട്’. ആരോ ചൊല്ലിപ്പഠിപ്പിച്ചത് കിളിയെപ്പോലെ പാടുന്ന മകനെ  നോക്കി, വായിച്ചുകൊണ്ടിരുന്ന പത്രം മുഖത്തിനുമുന്നിൽ നിന്ന് നീക്കാതെ ചരിത്രാധ്യാപകനും ശ്രീരാമനുമായ ഞാൻ പറഞ്ഞു: ‘‘രണ്ടും പറയും. രണ്ടിന് പിന്നിലുമുണ്ട് ചരിത്രം. രണ്ടും നമ്മുടെ സംസ്കാരത്തെ സൂചിപ്പിക്കുന്നു’’. പറഞ്ഞത് ലേശം കട്ടി കൂടുതലുള്ള ഭാഷയിലായിപ്പോയോ എന്ന് ശങ്കിക്കവേ കൗമാരക്കാർക്ക് സ്വതേ ഉള്ള പുച്ഛ സ്വരത്തിൽ അടുത്ത ചോദ്യം വന്നു.

‘ദേശീയ മൃഗം’?
‘‘കടുവ’’. ഞാൻ
‘‘പശു. ഗോമാതാ’’. അവൻ.
ഞാൻ  വിരലറ്റം മുതൽക്ക് വിറകൊണ്ടു. പത്രം നിലത്തേക്കിട്ടു.
‘രാഷ്​ട്ര പിതാവ് ’? അവനെന്നെ വെല്ലുവിളിച്ചു നിന്നു .
‘‘ഗാന്ധിജി’’  ഞാൻ പല്ലു ഞെരിച്ചു.
‘‘ഗോദ്​സെ ...’’ അവനലറി.

ഇക്കാലമത്രയും പഠിക്കുകയും പഠിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചരിത്രത്തി​​​െൻറ  മുഴുവൻ ചാരിത്ര്യവും ചോർന്നുപോകുന്നത് കണ്ട വെപ്രാളത്തിൽ മുറിവേറ്റ് ഞാൻ പിടഞ്ഞെണീറ്റു. ദീർഘ സ്വാതന്ത്ര്യ ചരിത്രം ആവേശഭരിതമായ ഒരൊറ്റ ഞൊടിക്കാഴ്ചയായി മുന്നിലൂടെ കടന്നുപോകവേ, ഹിന്ദു ^മുസ്​ലിം വർഗീയവാദം എന്ന അധ്യായത്തിൽ പൊടുന്നനെ കണ്ണുകളൊട്ടി.

ഒറ്റയടിക്ക്​ മക​​​െൻറ വർഗീയ ചിന്തകളെ ഞാൻ അടിച്ചുനിലത്തേക്കു വീഴ്ത്തി .
സുഖകരമല്ലാത്ത ശബ്​ദങ്ങൾ കേട്ട് ഭാര്യ ഫാത്തിമ ഓടിവന്നു. അന്തംവിട്ട് രണ്ടു പേരെയും നോക്കി.
‘‘ഭാരത് മാതാ കീ ജയ്’’ അവൻ അവിടെ കിടന്നലറി. പല്ലിറുമ്മിക്കൊണ്ട് ഉമ്മയെ  നോക്കി മുരണ്ടു, ‘‘ചലോ പാകിസ്​താൻ’’
അവൾ അവിടെത്തന്നെ തറഞ്ഞു. ഞങ്ങൾ ഞെട്ടലോടെ പരസ്പരം നോക്കി. ഫാത്തിമ തിരിഞ്ഞുനടന്നു.

അവളന്ന് അടുപ്പ് കത്തിച്ചില്ല. ഉച്ച കഴിഞ്ഞപ്പോൾ നിയന്ത്രണമില്ലാതെ നിലവിളിച്ചുതുടങ്ങിയ വയറും തലയിണയിൽ ഞെരുക്കി അവളുടെ ഭാഗം ജയിപ്പിക്കാൻ ഞാൻ കമഴ്ന്നുകിടന്നു. ഏതു നേരവും വിശപ്പുള്ള മകൻ എന്ത് ചെയ്യുന്നു ആവോ എന്ന് ഞാനിടക്ക് ഉള്ളിലാധിപ്പെട്ടു. ഒരു മയക്കത്തിലേക്കങ്ങ് നിരങ്ങി വീഴവെ, അടുക്കള പാത്രങ്ങളുടെ കലമ്പൽ. അവനാണ്. സ്വപ്നമല്ല. സ്വപ്നത്തിനു പുറത്താണ്.

‘‘ഉമ്മാ’’
അവൾ തിരിഞ്ഞില്ല .
‘‘അച്ഛാ’’
ഞാൻ അവളുടെ തീരുമാനം നടക്കട്ടെ എന്ന മട്ടിൽ മുഖംതിരിച്ചു .
‘‘പ്ലീസ് ഉമ്മാ ഞാനിപ്പോ വെശന്ന് ചത്തു പോകും ’’.
പരിക്ഷീണിതനായ അവൻ നിലവിളിക്കാൻ തുടങ്ങി. ഫാത്തിമ ചാടിയെണീറ്റ്​ അവ​​​െൻറ കരണത്തൊന്ന് പൊട്ടിച്ചു. എന്നിട്ട് ഒച്ചയടക്കി ചോദിച്ചു,

‘‘തരാലോ പാകിസ്​താൻ ചോറോ ഇന്ത്യൻ ചോറോ’’?
വിശന്നൊട്ടിയ നാവ് വലിച്ച് ചെക്കൻ നിലവിളിച്ചു.
‘‘ഒന്നും വേണ്ടുമ്മാ... ഇത്തിരി വെള്ളച്ചോറ് ’’

Tags:    
News Summary - Vellachoru-short story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.