കശ്മലകാക്കയുടെയും പൂച്ചയുടെയും വഴക്ക്

ഉച്ചക്ക് ചിന്നുവും പപ്പിയും പൂച്ചയും കശ്മല കാക്കയും കൂടി വട്ടമിട്ടിരുന്ന് വര്‍ത്തമാനം പറയുകയായിരുന്നു. അപ്പോള്‍ പൂച്ച കശ്മല കാക്കയോട് ചോദിച്ചു: നീയെന്താണിങ്ങനെ കറുത്തിരിക്കുന്നത്? കശ്മലക്ക് സങ്കടമായി. പണ്ടു ദിവസവും നാലുനേരം മുങ്ങിക്കുളിച്ച് ഇഞ്ചയിട്ട് ഉരച്ചുനോക്കിയതാണ്. ‘കാക്ക കുളിച്ചാല്‍ കൊക്കാവില്ല’ എന്ന് മനസ്സിലാക്കിയതുമാണ്. കശ്മല തലയും താഴ്ത്തി മിണ്ടാതിരുന്നു.
പൂച്ച വെയിലത്ത് നീണ്ടുനിവര്‍ന്നുകിടന്ന് തന്നത്താല്‍ നക്കിത്തുവര്‍ത്തി വൃത്തിയാക്കിക്കൊണ്ടു പറഞ്ഞു: ‘‘ഞാന്‍ എത്ര വെളുത്തിരിക്കുന്നുവെന്ന് കണ്ടോ? എന്താ കാരണം? കഴിഞ്ഞ ജന്മം ഞാനൊരു മദാമ്മയായിരുന്നു. ഇംഗ്ളീഷേ പറയൂ. ഇംഗ്ളീഷിലേ സ്വപ്നം കാണൂ. ഇംഗ്ളീഷിലേ ഉറങ്ങൂ’’. 
പപ്പിയും ചിന്നുവും കശ്മല കാക്കയും വായും പൊളിച്ചിരുന്നുപോയി.
ഈ ഇംഗ്ളീഷ് എന്നുവെച്ചാല്‍ ഏതു ഭാഷയാ..? കാക്ക അന്വേഷിച്ചു. പപ്പി പറഞ്ഞു. ‘‘കം ഡിയര്‍’’ ‘‘സിറ്റ്’’ ‘‘ഗോ ഒൗട്ട്’’ ഇതാണ് ഇംഗ്ളീഷ്. ചിന്നു പറഞ്ഞു: ‘‘എബിസിഡി ഒരു ബീഡി’’ അത് ഇംഗ്ളീഷാ -ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്.
പൂച്ച എല്ലാം കേട്ട് പുച്ഛത്തോടെ ചിറി കോട്ടി. 
‘‘ഇതുവല്ലതും ഇംഗ്ളീഷാണോ?! ഞാന്‍ മദാമ്മയായിരുന്നപ്പോള്‍ വെള്ളച്ചാട്ടം പോലെ ഇംഗ്ളീഷ് പറഞ്ഞതിന് രാജാവ് എന്‍െറ നാക്കു  മുറിച്ചുകളഞ്ഞു.’’ 
‘‘എന്നിട്ട്?’’ 
എല്ലാവരും ഒരുമിച്ചു ചോദിച്ചു. ‘‘എന്നിട്ട്, ഞാന്‍ ദൈവത്തിനോട് പോയി പറഞ്ഞ് വെളുത്ത പൂച്ചയായി വന്നതാ’’.
അപ്പോള്‍ കശ്മല കാക്ക കാ! കാ! കാ! എന്നു ചിരിച്ചു. ‘‘എന്താ ചിരിക്കുന്നത്?’’ പൂച്ച നീരസത്തോടെ ചോദിച്ചു.
‘‘നിന്‍െറ നാക്ക് മുറിച്ചുകളഞ്ഞിട്ടും നീയിത്ര പൊങ്ങച്ചം പറയുന്നു. അപ്പോള്‍ നാക്ക് മുറിക്കാതിരുന്നെങ്കില്‍ എന്തെല്ലാം പറഞ്ഞേനെ!’’
കാക്കയുടെ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. പൂച്ച ചമ്മിപ്പോയി.
Tags:    
News Summary - story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.