ആ ഞായറാഴ്ച മലമുകളിലെ ദേവാലയത്തിൽ നിന്നും ഞാൻ മടങ്ങുകയായിരുന്നു. ആരാധന കഴിഞ്ഞിരുന്നില്ല. എന്തൊക്കെയോ വേവലാതികളാൽ പീഡിതനായി പ്രാർഥനകൾക്കിടയിൽ ഞാൻ പള്ളിയിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. ഉരുളൻകല്ലുകൾക്കിടയിലെ, ഇരുവശവും കൈതപ്പൊന്തകൾ നിൽക്കുന്ന വഴിയിലൂടെ ഹൃദയം നുറുങ്ങി ഞാൻ പള്ളിപ്പറമ്പ് പിന്നിട്ട് താഴ്വാരത്തേക്ക് നടന്നു. മഴയോ വെയിലോ ഇല്ലാത്ത എന്നാൽ തികച്ചും മ്ലാനമായ അന്തരീക്ഷമായിരുന്നു ചുറ്റും. ആരാധനയ്ക്കിടയിൽ വെച്ചുതന്നെ വല്ലാത്ത ഒരു ദുഃഖം എന്നെ പിടികൂടിയിരുന്നു. വേദപുസ്തകവാക്യങ്ങൾ പുരോഹിതൻ വായിക്കുന്നത് പതിവിൽ കവിഞ്ഞ മുഴക്കത്തോടെ എെൻറ ചെവിയിൽ വീണു. മലമുടിയിലെ റബർ തോട്ടത്തിലൂടെ ഒരു കാറ്റ് തളിരിലകളെ വിറപ്പിച്ചു പോയി. വേദനിക്കാനോ, പേടിക്കാനോ യാതൊരു ജീവിതസാഹചര്യങ്ങളുമില്ലാതിരുന്നിട്ടും മനസ്സ് എന്തുകൊണ്ടായിരിക്കും പെട്ടെന്ന് ഇത്ര വിളറിപ്പോയത്. ചില നേരങ്ങളിൽ മനമങ്ങനെ കടുത്ത ആഴക്കിടങ്ങുകളിൽ വീണ് പ്രത്യാശരഹിതമായ മർമരങ്ങളും നിലവിളികളുമുണർത്താറുണ്ട്.
ചെറുതെങ്കിലും ഐശ്വര്യമുള്ള ദേവാലയം. ലില്ലിപ്പൂക്കളും കുന്തിരക്കത്തിൻ സുഗന്ധവുമുള്ള ആരാധനാലയം. മലമുകളിലെ പ്രശാന്തിക്ക് ഒരു ദൈവസാന്നിധ്യം പകരുന്ന അനുഭവം പള്ളിയങ്കണത്തിൽ വെറുതെ വന്നിരുന്നാൽ പോലുമുണ്ടാകാറുണ്ട്. ബദാം മരങ്ങൾ ഇരുവശത്തുമുണ്ട്. സെമിത്തേരിയിൽ റോസാപൂക്കളും കാറ്റാടിമരങ്ങളുമുണ്ട്. പളളിയുടെ മുന്നിൽ തന്നെയാണ് സെമിത്തേരി. ഇടവകക്കാർ കൂടുതലും തോട്ടം തൊഴിലാളികളും പാവങ്ങളുമാണ്. അതിനാൽതന്നെ പള്ളിയിലേക്ക് പോകാനോ വരാനോ നല്ല വഴിയില്ല. ഉരുളൻ കല്ലുകൾ ഓരോ ചുവടിലും വഴിയെ ദുർഘടമാക്കുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ഞാനിന്ന് വളരെ നേരത്തെ പള്ളിയിലെത്തിയതാണ്.
എെൻറ ചാർച്ചക്കാരും ഇടവകക്കാരുമായ ഓരോരുത്തരും വരുന്നത് നോക്കി ഞാൻ നിന്നതാണ്. പിന്നീട് പള്ളിയങ്കണത്തിൽ നിന്നാൽ കാണുന്ന സെമിത്തേരിയിലെ കല്ലറകളിലേക്ക് ഞാൻ ആരാധന തുടങ്ങുന്നതിനുമുമ്പ് നോക്കി നിന്നിരുന്നു. പതിവുപോലെ ഐവാൻ എന്നുപേരുള്ള ഒരു കൊച്ചുകുട്ടിയുടെ ശവക്കല്ലറയിലേക്ക് ഞാൻ കൂടുതൽ നേരം നോക്കിനിന്നിരുന്നുവോ? അറിയില്ല..അവൻെറ ശവക്കല്ലറയാണ് സെമിത്തേരിയിൽ ഏറ്റവും പഴയത്. 1962 ൽ മരിച്ച പത്തുവയസ്സുകാരൻ കുട്ടിയാണ് ഐവാൻ. ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഐവാൻ മധ്യവയസ്സ് പിന്നിട്ട് വാർധക്യത്തിലേക്ക് കടക്കുമായിരുന്നു. അക്കാലത്തെ ഇടവകവികാരിയുടെ മകനായിരുന്നതിനാൽ ഐവാൻെറ ശവക്കല്ലറ വളരെ ഭംഗിയായി ഒരു ചെറിയ കുടീരം പോലെയാണ് പണിതിരിക്കുന്നത്. കുരുവിക്കൂടുപോലെ മുടി ചൂടി, ചുണ്ടിൽ നേരിയ കുസൃതിയുമായി, തിളക്കമുളള പ്രതീക്ഷാഭരിതമായുളള കണ്ണുകളുമായുളള ഐവാെൻറ ഫോട്ടോ കുടീരത്തിൽ പതിച്ചുവെച്ചിട്ടുണ്ട്. HERE RESTS IVAN JOHN WITH HEAVENLY PEACE എന്ന വാചകം എത്രതവണ ഞാൻ വായിച്ചിട്ടുണ്ടെന്നറിയില്ല. 1962 ലെ ആ ദിവസം എങ്ങനെയായിരിക്കും ഈ സെമിത്തേരിയിൽ കടന്നുപോയിരിക്കുക. അന്ന് ഭൂമിയിലെ ഈ ചെറിയ സ്ഥലത്ത് മഴ പെയ്തിരുന്നോ, അതോ വെയിലായിരുന്നോ..? അതോ തണുപ്പായിരുന്നോ..? ഭാവനയിലൂടെ ആ ദിവസത്തെ പുനഃസൃഷ് ടിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് ആരാധനക്കായുളള ക്ഷണം തുടങ്ങിയത്.
മദ്ബഹയിൽ മെഴുകുതിരിക്കാലുകൾ തെളിഞ്ഞു. േത്രാണോസിൽ അപ്പവും വീഞ്ഞും തയാറായി. പാപത്തിനും പുണ്യത്തിനുമിടയിൽ ദൈവീ കാരാധനയുടെ നേരമായി. ഞാനപ്പോഴും 1962ലെ ആ ദിവസത്തിലും കുഞ്ഞ് ഐവാനിലുമായിരുന്നു. ആ ചുരുളൻ മുടി, കണ്ണുകൾ, നേരിയ പുഞ്ചിരി. അന്ന് ഇടവകവികാരിയായി ഫാദർ ജോൺ എങ്ങനെയായിരിക്കും കുഞ്ഞ് ഐവാൻെറ ശവസംസ്കാര ശുശ്രൂഷ നടത്തിയിട്ടുണ്ടാവുക...? അവൻെറ അമ്മ, ചാർച്ചക്കാർ, കരച്ചിൽ. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെന്നപോലെ ആ ദിവസം മനസ്സിൽ തെളിഞ്ഞപ്പോൾ ഞാൻ പുറത്തിറങ്ങി. കുറെനേരംകൂടി ഐവാെൻറ ശവകുടീരത്തിൽ വന്ന് നോക്കിനിന്നു.
ഞാനിപ്പോൾ താഴ്വാരമെത്തി.
വീട്ടിലേക്കുള്ള വഴിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.