പൂച്ചയുടെയും പപ്പിയുടെയും തർക്കം

ഒരു ദിവസം പൂച്ചയും പപ്പിയും തമ്മില്‍ ഒരു വഴക്കുണ്ടായി. പൂച്ച പുഴയില്‍ മുഖം നോക്കി മേലാസകലം നക്കിത്തുവര്‍ത്തി പറഞ്ഞു: ‘എന്‍െറ ഭംഗി കണ്ടോ! വാലിട്ടെഴുതിയ കണ്ണ്, ഇളം തവിട്ടു നിറമുള്ള രോമക്കുപ്പായം, തടിയന്‍ വാല്‍, മൃതുവായ കൈയും കാലും -നടക്കുമ്പോ ശബ്ദം കേള്‍ക്കുകയേ ഇല്ല, ഞാന്‍ ര്‍ര്‍ര്‍...ര്‍ര്‍ര്‍ എന്നു കുറുങ്ങിയാല്‍, ഒന്നുരുമ്മിയാല്‍ ആരും മയങ്ങും’.

പുഴക്കരികില്‍ കിടക്കുകയായിരുന്ന പപ്പി അതുകേട്ട് വിഷണ്ണനായി. പപ്പി പുഴയിലേക്കു ചാടി കുളിച്ചുകയറി മേലൊക്കെ ഒന്നു കുടഞ്ഞ് പൂച്ചയുടെ മുന്നില്‍ ചെന്നുനിന്നു പറഞ്ഞു: ‘എന്തുകാര്യം, നിന്‍െറ വാലിട്ടെഴുതിയ കണ്ണും തടിയന്‍ വാലും കൊണ്ട്? എന്‍െറ യജമാനന്‍ എന്നെ കാണാതെ ഒരു ദിവസംപോലും ഉറങ്ങുകയില്ല, ചിന്നുച്ചേച്ചിയോടു ചോദിക്ക്, അപ്പോഴറിയാം കാര്യം. എന്‍െറ വീണുകിടക്കുന്ന ചെവിയും ചെമ്പന്‍ കണ്ണുകളും നോക്ക്. പപ്പി രണ്ടുകാലില്‍ എഴുന്നേറ്റുനിന്നു പൂച്ചയെ വെല്ലുവിളിച്ചു. തര്‍ക്കം മൂത്തു ലഹളയായി. രണ്ടാളും തമ്മില്‍ത്തല്ലി തലകീറും എന്നായപ്പോള്‍ കശ്മല കാക്ക ഇടപെട്ടു. കശ്മല പറഞ്ഞു: ‘ഹായ്, ഹായ് കൂട്ടുകാരേ! നിങ്ങളിങ്ങനെ തമ്മില്‍ത്തല്ലി തല പിച്ചിക്കീറി മരിക്കാനാണോ ഭാവം? അപ്പോള്‍ പപ്പി ചോദിച്ചു. എങ്കില്‍ പറ, ഞങ്ങളിലാര്‍ക്കാ ഭംഗി? ‘അതെ’ പൂച്ചയും വെല്ലുവിളിച്ച് മുതുകുവില്ലുപോലെ വളച്ച് ചീറിക്കൊണ്ട് പറഞ്ഞു: ‘ഇന്നു തീര്‍പ്പാക്കണം. എനിക്കല്ല എന്നു പറഞ്ഞാല്‍ നിന്നെ ഞാന്‍ ശരിയാക്കും!’

ചിത്രീകരണം: പ്രശാന്തന്‍ മുരിങ്ങേരി
 


കശ്മലയുടെ കാര്യം പരുങ്ങലിയായി. പപ്പി ഒന്നും പറയുന്നില്ല. പക്ഷേ, പല്ലിളിച്ചാണ് നില്‍പ്. മുരളുന്നുമുണ്ട്. എന്തും ചെയ്യും? പപ്പി പാത്രത്തില്‍ ബാക്കിയിടുന്ന ചോറൊക്കെ കൊത്തിത്തിന്ന് വൃത്തിയാക്കുന്നത് കശ്മലയാണ്. എന്നും വയറുനിറച്ചു പപ്പി തരുന്നതുമാണ്. പൂച്ചയെ വിശ്വസിക്കാന്‍ വയ്യ. പിറകിലൂടെ ശബ്ദമില്ലാതെ വന്നു ചാടിപ്പിടിക്കാന്‍ ബഹുകേമിയാണ്. ഒടുവില്‍, കാക്ക തൊണ്ട ശരിയാക്കി ഇങ്ങനെ പറഞ്ഞു: ‘കൂട്ടരെ, ഈ ഭംഗി, ഭംഗീന്നു പറയുന്നതിലൊന്നും വലിയ അര്‍ഥമില്ല. ശരിക്കുള്ള സൗന്ദര്യം വാലിട്ടെഴുതിയ കണ്ണിലോ വീണുകിടക്കുന്ന ചെവിയിലോ ഒന്നുമല്ല...’
‘പിന്നെ? ’ പപ്പിയും പൂച്ചയും ഒരുമിച്ചു ചോദിച്ചു.

കശ്മലകാക്ക പറഞ്ഞു: ‘യഥാര്‍ഥ സൗന്ദര്യം ഇരിക്കുന്നത് ഹൃദയത്തിലാണ്. അങ്ങനെ നോക്കിയാല്‍ ഏറ്റവും സൗന്ദര്യം ചിന്നുവിനാണ്. ചിന്നുവിന്‍െറ ഹൃദയത്തിന്‍െറ സൗന്ദര്യമാണ് ആ കണ്ണുകളില്‍ കാണുന്ന ഭംഗി...’
പപ്പിക്കും പൂച്ചക്കും അതു സമ്മതമായി. അവര്‍ രണ്ടാളുംകുടി ചിന്നുവിന്‍െറ അടുത്തേക്ക് ഓടി.

കല്ലിന്‍റെ കഥ

ചിത്രീകരണം: പ്രശാന്തന്‍ മുരിങ്ങേരി
 


ഒരു ദിവസം പപ്പിയും പൂച്ചയും കളിക്കാന്‍ വന്നില്ല. പപ്പി കാട്ടില്‍ കുറുക്കന്‍െറ വീട്ടില്‍ വിരുന്നിനുപോയി. കുറുക്കന്‍െറ ‘ഹാപ്പി ബര്‍ത്ത്ഡേ’ ആഘോഷിക്കാന്‍. പൂച്ച ചോറും പാലും ഉണ്ടു മടുത്ത് ശകലം നോണ്‍വെജ് കഴിക്കണമെന്നു കൊതിച്ച് എലിയെ പിടിക്കാന്‍ പോയി. ചിന്നു ബോറടിച്ച് കല്ലുകളിക്കാന്‍ കുറെ കല്ലുകള്‍ പെറുക്കി എടുത്തു. അതിലൊരു കല്ലിന് നല്ല മുല്ലപ്പൂ മണം. ചിന്നു അതിനെയും കൊണ്ട് കഥയമ്മയുടെ അടുത്തുചെന്നു ചോദിച്ചു. ‘കഥയമ്മേ, കഥയമ്മേ ഈ ഒരു കല്ലിന് എങ്ങനെയാ ഇത്രേം മുല്ലപ്പൂ മണം?’ കഥയമ്മ പറഞ്ഞു; ‘ചിന്നുക്കുട്ടാ, ഇത്രേം നാള്‍ ഇതു മുല്ലച്ചെടിയുടെ ചുവട്ടിലല്ളേ കിടന്നത്? മുല്ലപ്പൂക്കള്‍ കൊഴിഞ്ഞുവീണു മൂടിക്കിടക്കുന്നതുകൊണ്ടാണ് കല്ലിനു മുല്ലപ്പൂവിന്‍െറ മണം.
‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം’ കഥയമ്മ പാടി. ‘എന്താ അതിന്‍െറ അര്‍ഥം?’ ചിന്നു ചോദിച്ചു. ‘നല്ല ആള്‍ക്കാരുമായി കൂട്ടുകൂടിയാല്‍ നമ്മളും നല്ലതാകും എന്നര്‍ഥം. അതുകൊണ്ട് കൂട്ടുകാരെ തെരഞ്ഞെടുക്കുന്നത് സൂക്ഷിച്ചുവേണം, കേട്ടോ..?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.