ഇരുൾ വീണ ലോകത്തുനിന്ന് ഇബ്രാഹിം ലോഹിയുടെ നോവൽ

തേഞ്ഞിപ്പലം: ഇരുളടഞ്ഞ ലോകത്തുനിന്ന് ഇബ്രാഹിം ലോഹിയുടെ ‘മരിക്കാത്ത കണ്ണുകൾ’ എന്ന നോവൽ വെളിച്ചം കാണുന്നു. അവയവദാനത്തെക്കുറിച്ച് ജനത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ രചിച്ച പുസ്​തകമാണിത്. നോവലിന്‍റെ പ്രകാശനം ബുധനാഴ്ച ഉച്ചക്കുശേഷം രണ്ടിന് കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് നിർവഹിക്കും. സർവകലാശാല എജുക്കേഷൻ വിഭാഗം വിദ്യാർഥിയായ ഇബ്രാഹിം ലോഹി തനിക്ക് കാണാൻ കഴിയാത്ത ലോകമാണ് നോവലിൽ പകർത്തിയത്.

ജീവിതവഴിയിൽ കാഴ്ച നഷ്ടപ്പെട്ട പെൺകുട്ടിയുടെ കഥയാണ് നോവലിൽ. സമൂഹത്തിൽ പെൺകുട്ടി നേരിടുന്ന അവഗണനയും നിലനിൽപ്പിനുവേണ്ടി നടത്തുന്ന പോരാട്ടങ്ങളുമാണ് ഇതിവൃത്തം.ചെറുപ്പം മുതലേ ഇരുളടഞ്ഞതാണ് ഇബ്രാഹിമിെൻറ ലോകം. ഞരമ്പുകളുടെ ശക്തിക്ഷയമാണ് കാഴ്ച തടസ്സപ്പെടുത്തിയത്. കഠിനാധ്വാനത്തിലൂടെ ഡിഗ്രിയും രണ്ട് പി.ജിയും ജെ.ആർ.എഫും ഇദ്ദേഹം നേടി. തെൻറ നേട്ടങ്ങൾക്കിടയിലും കാഴ്ചയുടെ അനുഗ്രഹങ്ങൾ ലഭിക്കാതെ പോകുന്നവരുടെ നോവുകൾ അദ്ദേഹത്തെ അലട്ടി. ആ വേദനയാണ് കൃതിയിൽ. നാഷനൽ സർവിസ്​ സ്​കീം ഓപൺ യൂനിറ്റാണ് പരിപാടിയുടെ സംഘാടകരെന്ന് പ്രോഗ്രാം ഓഫിസർ ഡോ. എ.ബി. മൊയ്തീൻകുട്ടി പറഞ്ഞു.

മലപ്പുറം ജില്ലയിലെ ചെമ്മാട് സി.കെ നഗറിലാണ് ലോഹിയുടെ സ്വദേശം. മങ്കട ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽനിന്ന് പത്താം ക്ലാസ്​ പാസായശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ്​ ടുവിന് ചേർന്നു. ഫാറൂഖ് കോളേജിൽനിന്ന് ഡിഗ്രി നേടിയശേഷം ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽനിന്ന് സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.