മോഹന്‍ദാസ് കരംചന്ദ്ഗാന്ധി രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റിന് ക്യൂവില്‍ നില്‍ക്കുന്നു

ഞാനൊരു ഇന്ത്യക്കാരനാണ്
(ഇന്ത്യക്കാരന്‍ എന്ന് പറയരുത്. ഭാരതീയന്‍ എന്നു പറ.
ഭരതന്‍ ഭരിച്ച രാജ്യം ഭാരതം)
എന്‍െറ ഉപ്പയും ഉപ്പാപ്പയും ഇന്ത്യക്കാരനാണ്.
ഉപ്പ ഒരു സ്വാതന്ത്ര്യസമര സേനാനി.
അന്ന് പാക്കിസ്ഥാനെ എതിര്‍ത്ത ദേശീയ മുസ്ലിം.
(ദേശീയ മൃഗം മാത്രമല്ല ദേശീയ മുസ്ലിമുമുണ്ട്)
അതുകൊണ്ടൊന്നും കാര്യമില്ല.
ഇപ്പോള്‍ രാജ്യസ്നേഹം തെളിയിച്ചേ പറ്റൂ.
രാജ്യസ്നേഹിയാണെന്ന് കാര്യാലയത്തില്‍നിന്ന്
സര്‍ട്ടിഫിക്കറ്റ് വാങ്ങണം.
അങ്ങനെയാണ് ഈ ക്യൂവില്‍ എത്തിയത്.
ഈ ക്യൂവില്‍ നിറയെ ദളിതര്‍.
മുസ്ലിംകള്‍.
എല്ലാവര്‍ക്കും രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വേണം.
മുന്നില്‍ കാവിയില്‍ പൊതിഞ്ഞൊരു രൂപം
സിംഹാസനത്തില്‍.
അരികെ നാഥുറാം ഗോഡ്സെയുടെ ഫോട്ടോ.
അദ്ദേഹമാണ് വിചാരണക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്.
എന്‍െറ തൊട്ടുപിന്നില്‍ ഒരു വൃദ്ധന്‍.
പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു.
കൈയില്‍ ഒരു ഊന്നുവടിയും
മുഖത്ത് കണ്ണടയുമുണ്ട്.
ദൈവമേ, ഞാനീ മനുഷ്യനെ അഞ്ഞൂറു രൂപയുടെ നോട്ടിന് മുകളില്‍ കണ്ടിട്ടുണ്ടല്ളോ.
‘പേര്?’ ഞാന്‍ ചോദിച്ചു.
‘മോഹന്‍ദാസ് കരംചന്ദ്ഗാന്ധി. അച്ഛന്‍െറ പേര് കരംചന്ദ് ഉത്തംചന്ദ് ഗാന്ധി. അമ്മ പുത്തലി ഭായ്’
ഇനിയെന്തെങ്കിലും വിശദീകരണം വേണോ എന്ന മട്ടില്‍ ഗാന്ധി മോണകാട്ടി ചിരിച്ചു.
‘താങ്കള്‍ ഇവിടെ’ ഞാന്‍ ചോദിച്ചു.
‘രാജ്യം ദ്രോഹക്കുറ്റത്തിന്’
‘ഓ! പാകിസ്ഥാന് സിന്ദാബാദ് വിളിച്ചോ?’
‘അല്ല പാകിസ്ഥാന് കൊടുക്കാനുള്ള അഞ്ഞൂറുകോടി കൊടുക്കണമെന്ന് പറഞ്ഞ് വിഭജനാനന്തരം നിരാഹാരം കിടന്നു’
‘ഇപ്പോള്‍ രാജ്യസ്നേഹം തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം’ ഗാന്ധി പറയുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു. തണുപ്പകറ്റാന്‍ ഒരു മൂവര്‍ക്കൊടി പോലും ആ ദേഹത്തില്ല.
മറ്റൊരു കുട്ടി ദയനീയമായി എന്നെ നോക്കുന്നു.
അവന്‍ പറഞ്ഞു: ‘വിദ്യാര്‍ഥിയാണ്. ധീര വിയറ്റ്നാം സിന്ദബാദ് എന്ന് വിളിച്ചിരുന്നു.’
എല്ലാവരും ക്യൂവിലാണ്.
കാവി പുതച്ച ആളില്‍നിന്നും രാജ്യസ്നേഹത്തിന്‍െറ സര്‍ട്ടിഫിക്കറ്റ് കിട്ടിയേ തീരൂ.
അല്ളെങ്കില്‍ എല്ലാവരും ജയിലിലേക്ക് പോകേണ്ടിവരും. റോഡില്‍ കാണാവുന്ന അകലത്ത് പൊലീസ് വേനുകള്‍ കാത്തിരിപ്പുണ്ട്.
ആയുധങ്ങളുമായി പൊലീസ് സൈന്യവുമുണ്ട്.
വല്ലാതെ ദാഹിക്കുന്നുണ്ട്.
കുടിക്കാനൊന്നുമില്ല.
വെള്ളം ചോദിച്ചപ്പോള്‍ ക്യൂവില്‍ ആളെ നിര്‍ത്തുന്ന വളന്‍റിയര്‍ പറഞ്ഞു:
‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കൂ. ദാഹവും വിശപ്പും മാറും.’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.